National
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തി. 161 യാത്രക്കാരുമായി പോയ വിമാനം ഡൽഹി വിമാനത്താവളത്തിലാണ് ലാൻഡിംഗ് നടത്തിയത്. ഇതേത്തുടർന്ന് അധികൃതർ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോയിംഗ് 737 വിഭാഗത്തിൽപ്പെട്ട 6ഇ 579 എന്ന വിമാനമായിരുന്നു.
അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം രാവിലെ 10:54 ന് അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ റൺവേയിൽ സജ്ജരായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ വൻ ദുരന്തം ഒഴിവായി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തെത്തിച്ചതായും ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സിംഗപ്പൂരിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസിൽ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. 1.86 കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിൽ മറ്റൊരു യാത്രക്കാരന്റെ പങ്കും തെളിഞ്ഞു. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശും കൃത്യത്തിൽ ഉൾപ്പെട്ടതായി തെളിഞ്ഞു. സിംഗപ്പൂരിൽനിന്ന് വരുന്നതിനാൽ കസ്റ്റംസിന് സംശയം തോന്നാതിരിക്കാൻ തിരുവനന്തപുരത്ത് തന്റെ ബാഗേജ് ശേഖരിക്കാൻ ആനന്ദ് ലിബിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇരുവരും വുഹാൻ സർവകലാശാലയിൽ പഠിച്ച ഡോക്ടർമാരാണെന്നാണ് സൂചന. ലിബിൻ ദാസിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
District News
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിനും പോലീസ് സ്റ്റേഷനും സമീപത്തെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ടവർ വിവരമറിയിച്ചതോടെ വിമാനത്താവളത്തിലെ അഗ്നിരക്ഷാ വിഭാഗമെത്തി തീയണച്ചു.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. വേനൽ ശക്തമായതോടെ വിമാനത്താവള പ്രദേശത്ത് വ്യാപകമായി പുല്ല് ഉണങ്ങിയിട്ടുണ്ട്.
International
ദുബായ്: ദുബായ് വിമാനത്താവളത്തിനു നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനുൾപ്പടെ നാലു പേര്‍ക്ക് പരിക്ക്. ഇന്ത്യക്കാരനെക്കൂടാതെ രണ്ട് ഘാന പൗരന്മാര്ക്കും ഒരു ബംഗ്ലാദേശിക്കുമാണ് പരിക്കേറ്റത്.
രണ്ടു ഡ്രോണുകളാണ് വിമാനത്താവളത്തിന്റെ ഭാഗത്ത് പതിച്ചത്. സംഭവം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ ദുബായ് തീരത്ത് വടക്കുപടിഞ്ഞാറായി 50 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണ്.
അതേസമയം യുഎസിന്റെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തേക്ക് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയതായും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതായും വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു. സൗദി റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന് വര്‍ഷിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ എട്ട് ഡ്രോണുകള്‍ തകര്‍ത്തു. ഖത്തറിലും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ നീക്കം തകര്‍ത്തു. യുഎഇയിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ടെല്‍ അവീവ്, വെസ്റ്റ് ജറുസലേം, ഹൈഫ എന്നിവിടങ്ങളില്‍ ഇറാന് വ്യോമാക്രമണം നടത്തി.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന് അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്.
കൊച്ചിയിലേക്ക് അഞ്ചു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ഏഴു സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും നടന്നിരുന്നു.
ഇന്ന് രാവിലെ 9.55ന് റാസല്‍ഖൈമയിലേക്കാണ് കൊച്ചിയില്‍ നിന്നും ആദ്യ സര്‍വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്കറ്റില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ ആദ്യം എത്തുക. 6.40ന് ദുബായില്‍ നിന്നുള്ള വിമാനവും 6.45ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനവും 6.50ന് റിയാദില്‍ നിന്നുള്ള വിമാനവും 7.25ന് റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.
ദുബായ്, മസ്കറ്റ്, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍. മസ്കറ്റിലേക്ക് മൂന്നു വിമാനങ്ങള്‍ ഇന്ന് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഹോട്ടലുകളും അപ്പാര്‍ട്ട്മെന്റുകളും ലക്ഷ്യമിട്ട് ഇറാന് ആക്രമണം നടത്തി. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ മിസൈല്‍ അക്രമണം ഉണ്ടായി.
NRI
ഷാർജ: സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി നിർത്തിവച്ചിരുന്ന ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവള അഥോറിറ്റിയാണ് നിയന്ത്രണങ്ങളോടെ സർവീസുകൾ വീണ്ടും തുടങ്ങിയ വിവരം അറിയിച്ചത്.
വിമാനക്കമ്പനികളുമായും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് കൃത്യമായി നിശ്ചയിച്ച പുതിയ പ്രവർത്തന ഷെഡ്യൂൾ അനുസരിച്ചായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഷാർജ മീഡിയ ബ്യൂറോ വ്യക്തമാക്കി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രാ സമയം കൃത്യമായി സ്ഥിരീകരിക്കണം. ടിക്കറ്റ് കൺഫർമേഷൻ ലഭിക്കാതെ വിമാനത്താവളത്തിൽ എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സേവനങ്ങൾ കാര്യക്ഷമമായി ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ദുബായ് വിമാനത്താവളവും ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷത്തിൽ പരിക്കേറ്റ് ജഹ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രതിരോധമന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് സന്ദർശിച്ചു
മെഡിക്കൽ സംഘത്തിൽ നിന്ന് പരിക്കേറ്റവരുടെ ആരോഗ്യനിലയും നൽകുന്ന ചികിത്സയും സംബന്ധിച്ച് വിശദമായ വിവരങ്ങൾ മന്ത്രി കേട്ടറിഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി തുടർച്ചയായി നിരീക്ഷിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
പരിക്കേറ്റ എല്ലാവർക്കും വേഗത്തിലുള്ള സൗഖ്യവും ദീർഘായുസും ആരോഗ്യസൗഖ്യവും ആശംസിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണം നടന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുവൈറ്റ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.
സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് എൻജിനിയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹിനൊപ്പമാണ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് വിമാനത്താവളത്തിൽ എത്തിയത്.
പാസഞ്ചർ ടെർമിനലിന്റെ കേടുപാടുകൾ തീർക്കാനും പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
നിലവിലെ സാഹചര്യം ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെ അദ്ദേഹം പ്രശംസിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഫർവാനിയ ഗവർണർ ഷെയ്ഖ് അദ്ബി നാസർ അൽ-സബാഹ് സന്ദർശിച്ചു.
ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ-റഷീദി, ഫർവാനിയ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലി അൽ-മുതൈരി എന്നിവരുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ ഗവർണറെ സ്വീകരിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും അവർക്ക് നൽകുന്ന ചികിത്സകളെക്കുറിച്ചും ഡോക്ടർമാർ ഗവർണർക്ക് വിശദീകരിച്ച് നൽകി. പരിക്കേറ്റവർക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
യുദ്ധസമാനമായ സാഹചര്യത്തിലും മാനുഷികവും പ്രഫഷണലുമായ കടമകൾ കൃത്യമായി നിർവഹിക്കുന്ന മെഡിക്കൽ സംഘത്തിന്റെ കഠിനാധ്വാനത്തെയും സന്നദ്ധതയെയും ഗവർണർ അഭിനന്ദിച്ചു.
പരിക്കേറ്റവർക്ക് എല്ലാവിധ പിന്തുണയും സഹായവും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈറ്റിനെയും ഭരണാധികാരികളെയും ജനങ്ങളെയും എല്ലാവിധ വിപത്തുകളിൽ നിന്നും ദൈവം സംരക്ഷിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ കുടുങ്ങി. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിൽ കുടുങ്ങിയിരിക്കുന്നത്. അസർബൈജാനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ കുവൈറ്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
യുദ്ധ സാഹചര്യത്തെ തുടർന്നു ഇവർ സഞ്ചരിച്ച വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. നോർക്ക റൂട്ട്സ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. കൊളംബോ വഴി ഇവരെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.
International
ദുബായി: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായി വിമാനത്താവളത്തിന് നേരെ നടന്ന ഇറാന്റെ ആക്രമണത്തിൽ വിമാനത്താവളത്തിൽ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.
വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
അതേസമയം യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.
National
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസനത്തിന്റെ ഭാഗമായി വിമാനത്താവള പരിസരത്തെ 32 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പകരം ശാസ്ത്രീയമായി മാറ്റി നടാൻ വനംവകുപ്പ് അനുമതി നൽകി.
വിമാനത്താവളത്തിലെ ഏപ്രൺ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ മേഖലകളുടെ വികസനത്തിനായാണ് ഈ നടപടി. ഡൽഹി പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് (1994) പ്രകാരമാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
34 മരങ്ങൾ മുറിക്കാനോ മാറ്റി നടാനോ ആയിരുന്നു അപേക്ഷ നൽകിയിരുന്നതെങ്കിലും പരിശോധനയ്ക്ക് ശേഷം 32 മരങ്ങൾ മാറ്റി നടനാണ് അനുമതി ലഭിച്ചത്. മാറ്റി നടുന്ന ഓരോ മരത്തിന് പകരമായി 10 പുതിയ തൈകൾ വീതം നടണം. ഇതുപ്രകാരം 320 തൈകൾ നടാൻ ഉത്തരവിട്ടു.
നടുന്ന ഓരോ മരവും തൈയും ജിയോ ടാഗ് ചെയ്യും. കൂടാതെ എല്ലാ മരങ്ങളുടെയും തൈകളുടെയും വിശദാംശങ്ങൾ വനം വകുപ്പിന്റെ പോർട്ടലിൽ ഉൾപ്പെടുത്തും. മരങ്ങൾ മാറ്റി നടുന്നതിനും അവയുടെ പരിപാലനത്തിനുമായി അപേക്ഷകർ 18.24 ലക്ഷം രൂപ വനംവകുപ്പിൽ കെട്ടിവച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനികമായ പുതിയ ടെർമിനൽ (ടി2) പദ്ധതി നിർമാണത്തിന്റെ 81.14 ശതമാനവും പൂർത്തിയായതായി ഗവൺമെന്റ് പെർഫോമൻസ് മോണിറ്ററിംഗ് ഏജൻസി അറിയിച്ചു.
2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിലും കാര്യക്ഷമതയിലും പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
National
ബംഗളൂരു: കൊറിയൻ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വിമാനത്താവള ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 19ന് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ അഫാൻ അഹമ്മദാണ് പിടിയിലായത്.
ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ യുവതിയുടെ ബാഗേജ് പരിശോധിച്ചത് അഫാൻ അഹമ്മദായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ നിന്നും ബീപ് ശബ്ദം കേട്ടതോടെ കൂടുതൽ പരിശോധന നടത്തണമെന്ന് അഫാൻ ആവശ്യപ്പെട്ടു.
തുടർന്ന് പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് ലൈംഗികാതിക്രമ ശ്രമമുണ്ടായെന്നും യുവതി പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി സുമിത് അമർപാൽ പൻവീർ ആണ് പിടിയിലായത്.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് സിഐഎസ്എഫ് എസ്ഐ സുമിതിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈ വിമാനത്താവളത്തിൽ ജോലിനോക്കുന്ന കാലയളവിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സമീപകാലത്താണ് സുമിത് അമർപാൽ പൻവീർ സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തെത്തിയത്. ഇതിനിടെ പ്രതി മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്ന് ഇവർ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ വലിയതുറ പോലീസിലും തുടർന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ മാർഗം മുംബൈയിലേക്കു കൊണ്ടുപോയി.
Kerala
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം പറന്നത് ഒരു കോടിയിലധികം യാത്രക്കാര്‍. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഒരു കോടിയിലധികം യാത്രക്കാര്‍ സിയാല്‍ - കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വഴി സഞ്ചരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി കൊച്ചി മാറി.
1.25 കോടി യാത്രക്കാരാണ് 2025ല്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സിയാല്‍ വഴി പറന്നത്. ഇതില്‍ 55.17 ലക്ഷം പേര് രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേര് ആഭ്യന്തര യാത്രക്കാരുമാണ്. 2024ല്‍ 1.09 കോടി ആയിരുന്നു യാത്രക്കാരുടെ എണ്ണം. 2024നെ അപേക്ഷിച്ച് 2025ല്‍ 4.85 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
5.33 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്. 74,689 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 2024ല്‍ 75,074 വിമനങ്ങള്‍ ആയിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര് യാത്ര ചെയ്തത്. 11.07 ലക്ഷത്തോളം പേര് യാത്ര ചെയ്തു.
ജനുവരിയില്‍ 10.44 ലക്ഷം പേരും ഡിസംബറില്‍ 10.06 ലക്ഷം പേരും സിയാല്‍ വഴി പറന്നു. അതേസമയം, സുരക്ഷാ പരിശോധനയുടെ ഭാഗമായി ഫുള്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കാനും ഡിജിറ്റൈസേഷനും ആധുനിക സുരക്ഷാസംവിധാനങ്ങളും നടപ്പാക്കാനും സിയാല്‍ പദ്ധതിയിടുന്നുണ്ട്.
National
ന്യൂഡല്‍ഹി: റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍.
യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു.
ഇൻഡിഗോയിൽ ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീഫണ്ട് പ്രക്രിയയില്‍ എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിര്‍ദേശം പാലിക്കാതെ വരികയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
റദ്ദാക്കിയതോ തടസപ്പെട്ടതോ ആയ എല്ലാ വിമാന സര്‍വീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി എട്ടോടെ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
അതേസമയം, സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നതും ഇരുട്ടടിയായി. അവസരം മുതലാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: ഇന്നും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പല യാത്രക്കാരും വലയുകയാണ്. കൊച്ചിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.
വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.
പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ കാരണം.
National
ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത്. അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാംഗ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിന് പിന്നാലെയാണ് ചൈനീസ് പ്രസ്താവന.
എത്ര നിരാകരിച്ചാലും അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ സ്വദേശിനിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് നിയമം. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.
സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
Kerala
തിരുവനന്തപുരം: വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ "ബോംബ്' എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിപരത്തിയ ഡ്രൈവര്‍ അറസ്റ്റില്‍.
കോഴിക്കാട് വടകര സ്വദേശി സുജിത്ത് ആണ് പിടിയിലായത്. സിഐഎസ്എഫിന്റെ പരാതിയില്‍ വലിയതുറ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലെ സ്വകാര്യ കരാര്‍ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയര്‍സൈഡിലുള്ള സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയില്‍ പഴങ്ങള്‍ ഉള്‍പ്പെട്ട പൊതിയുണ്ടായിരുന്നു.
ഇത് പരിശോധിക്കുന്നതിനിടെ "ബനാന ഈസ് നോട്ട് എ ബോംബ്' എന്ന് സുജിത് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുവച്ച് അടിയന്തര സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി കൂടി.
തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടെത്തി. അതേസമയം, ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയതിനെത്തുടര്‍ന്ന് ഇയാളെ തടഞ്ഞുവച്ച് വലിയതുറ പോലീസിന് കൈമാറി. ഇയാള്‍ക്കെതിരേ കേസെടുത്തതായി വലിയതുറ എസ്എച്ച്ഒ വി. അശോക് കുമാര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ഡൽഹി വിമാനത്താവള അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ വിമാനകമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ മാർഗനിർദേശം പുറത്തിറക്കി.
National
ന്യൂഡൽഹി: പരിമിത സർവീസുകളുമായി നോയിഡ രാജ്യാന്തര വിമാനത്താവളം ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ പകൽ മാത്രമുള്ള ആഭ്യന്തര സർവീസുകളാണ് നടത്തുക. ക്രമേണ രാത്രിയും സർവീസ് തുടങ്ങും. അന്താരാഷ്ട്ര സർവീസുകൾ 2026 മധ്യത്തോടെയാണ് തുടങ്ങുകയെന്ന് വിമാനത്താവളത്തിന്റെ സിഇഒ ക്രിസ്റ്റോഫ് ഷ്നെൽമാൻ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് തുടക്കത്തിൽ സർവീസുകൾ നടത്തുന്നത്. വിമാനത്താവളത്തിന്റെ സർട്ടിഫിക്കേഷനു വേണ്ടിയുള്ള പരിശോധനകൾ ഡിജിസിഎ ആരംഭിച്ചിട്ടുണ്ട്. റണ്‍വേ ഉൾപ്പെടെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തനസജ്ജത പരിശോധിച്ച് തിട്ടപ്പെടുത്തും.
പ്രവർത്തന ലൈസൻസ് ലഭിക്കാനുള്ള അവസാന പ്രക്രിയയാണ് ഈ പരിശോധനകൾ. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന് പ്രതിവർഷം 1.2 കോടി യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുണ്ട്. ആദ്യവർഷത്തിൽ 65 ലക്ഷത്തോളം പേർ ഈ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.