പാലക്കാട്: പാലക്കാട് വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി വി.കെ. ശ്രീകണ്ഠൻ എംപി. പദ്ധതിക്കായി കേന്ദ്ര സർക്കാർ വ്യോമയാന മന്ത്രാലയം വഴി സാധ്യതാപഠനത്തിന് ഉത്തരവിട്ടെന്ന് അറിയിച്ചുകൊണ്ടാണ് വിമർശകർക്കുള്ള മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്.
പാലക്കാട് വിമാനത്താവളം വേണമെന്ന ആവശ്യം താൻ പാർലമെന്റൽ ഉന്നയിച്ചപ്പോൾ പലരും പരിഹസിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമിച്ചപ്പോഴും സമാനമായ രീതിയിലുള്ള പരിഹാസങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്ര സർക്കാർ പാലക്കാടിനായി പ്രഖ്യാപിച്ച പുതിയ വ്യാവസായിക ഇടനാഴി വിമാനത്താവളം വരുന്നതോടെ വലിയ വികസന സാധ്യതകൾക്ക് വഴിതുറക്കും. കാർഷിക മേഖലയാൽ സമൃദ്ധമായ പാലക്കാട് ജില്ലയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത് വലിയ രീതിയിൽ തുണയാകും. പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും എംപി കൂട്ടിച്ചേർത്തു.
Tags : Palakkad Airport feasibility V.K. Srikandan