നിർദിഷ്ട ആറന്മുള വിമാനത്താവളം പദ്ധതി വിഭാവനം ചെയ്ത സ്ഥലം.
പത്തനംതിട്ട: ആറന്മുള വിമാനത്താവളം പദ്ധതി പൊടിതട്ടിയെടുത്ത് മൗണ്ട് സിയോൺ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി വിശാലമായ ആറന്മുള പുഞ്ചയിൽ ഡ്രോൺ സർവേ നടന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന, ആലുവ ആസ്ഥാനമായ കാനറി ഡിജിറ്റൽ എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. രണ്ടാം ഘട്ട സർവേയ്ക്കായി അവർ വീണ്ടും എത്തുമെന്ന് ഭൂഉടമയും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാനുമായ ഏബ്രഹാം കലമണ്ണിൽ പറഞ്ഞു.
തന്റെ കൈവശം 400 ഏക്കർ ഭൂമി നിലവിലുണ്ടെന്നും 600 ഏക്കർ കൂടി ലഭിച്ചാൽ പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങാമെന്നുമാണ് ഏബ്രഹാം കലമണ്ണിൽ പറയുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് അനുകൂലമായ നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൗണ്ട് സിയോൺ ഗ്രൂപ്പ്. 2028 ഓടെ ഇതു യാഥാർഥ്യമാകുമെന്നും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ പിന്തുണ ഉണ്ടെന്നും ഏബ്രഹാം കലമണ്ണിൽ അവകാശപ്പെട്ടു.
എന്നാൽ പുതിയ ഒരു പദ്ധതിയെയും അനുകൂലിക്കില്ലെന്ന നിലപാടിലാണ് ആറന്മുളയിലെ സമരസമിതി. ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
Tags : Aranmula Airport Drone survey