Kerala
പത്തനംതിട്ട: ആറന്മുള വിമാനത്താവളം പദ്ധതി പൊടിതട്ടിയെടുത്ത് മൗണ്ട് സിയോൺ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി വിശാലമായ ആറന്മുള പുഞ്ചയിൽ ഡ്രോൺ സർവേ നടന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന, ആലുവ ആസ്ഥാനമായ കാനറി ഡിജിറ്റൽ എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. രണ്ടാം ഘട്ട സർവേയ്ക്കായി അവർ വീണ്ടും എത്തുമെന്ന് ഭൂഉടമയും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാനുമായ ഏബ്രഹാം കലമണ്ണിൽ പറഞ്ഞു.
തന്റെ കൈവശം 400 ഏക്കർ ഭൂമി നിലവിലുണ്ടെന്നും 600 ഏക്കർ കൂടി ലഭിച്ചാൽ പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങാമെന്നുമാണ് ഏബ്രഹാം കലമണ്ണിൽ പറയുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് അനുകൂലമായ നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൗണ്ട് സിയോൺ ഗ്രൂപ്പ്. 2028 ഓടെ ഇതു യാഥാർഥ്യമാകുമെന്നും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ പിന്തുണ ഉണ്ടെന്നും ഏബ്രഹാം കലമണ്ണിൽ അവകാശപ്പെട്ടു.
എന്നാൽ പുതിയ ഒരു പദ്ധതിയെയും അനുകൂലിക്കില്ലെന്ന നിലപാടിലാണ് ആറന്മുളയിലെ സമരസമിതി. ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
District News
കോട്ടയം: പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായുള്ള കുടുംബാരോഗ്യ സര്‍വേ ജില്ലയില്‍ പുരോഗമിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ ആരോഗ്യ കേന്ദ്രം (ജെഎകെ) സംവിധാനത്തിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്.
ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരാണ് സര്‍വേക്കായി വീടുകളിലെത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ കുടുംബാരോഗ്യ രജിസ്റ്റര്‍ തയാറാക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി രോഗനിര്‍ണയം, തുടര്‍ചികിത്സാ പദ്ധതികള്‍ എന്നിവ ആസൂത്രണം ചെയ്യാനും ഉപയോഗിക്കും.
ജില്ലയില്‍ വീടുകളുടെ സര്‍വേ 97ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യക്തികളുടെ വിവരശേഖരണമാണ് നടന്നു വരുന്നത്. സര്‍വേ സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ അറിയിച്ചു. കൈമാറുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷിതമായിട്ടായിരിക്കും കൈകാര്യം ചെയ്യുകയെന്നും ഡിഎംഒ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിലെ മദ്യ ഉപയോഗം രണ്ടു വർഷത്തിനിടെ മൂന്നു ശതമാനം വർധിച്ചെന്നു കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേരളത്തിലെ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 2023-24 വർഷം 22.7 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്-6) ചൂണ്ടിക്കാട്ടുന്നു.
2019-21 വർഷത്തിലെ 19.9 ശതമാനത്തിൽനിന്ന് മൂന്നു ശതമാനത്തിനടുത്താണ് രണ്ടു വർഷത്തിനിടെ വർധിച്ചിരിക്കുന്നത്. കേരളത്തിൽ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള സ്ത്രീകളാകട്ടെ 2019-21 വർഷം 0.2 ശതമാനമായിരുന്നത് 2023-24 വർഷം 0.3 ശതമാനമായി വർധിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ ആരോഗ്യ സർവേയായി കണക്കാക്കുന്ന എൻഎഫ്എച്ച്എസ്-6 റിപ്പോർട്ടിൽ കേരളത്തിലെ മദ്യ ഉപയോഗം ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. സർവേയനുസരിച്ച് രാജ്യത്ത് 2023-24 വർഷം മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 18.9 ശതമാനമാണ്.
അതേസമയം, ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരുടെ ശതമാനം കേരളത്തിൽ രണ്ടു വർഷത്തിനിടെ കുറഞ്ഞിട്ടുണ്ട്. 2019-21 വർഷത്തിൽ പുകയില ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 16.9 ശതമാനമായിരുന്നെങ്കിൽ 2023-24ൽ ഇത് 15.9 ശതമാനമായി കുറഞ്ഞു.
Kerala
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വഴിതെറ്റി വനത്തിൽ കാണാതായ ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയും കണ്ടെത്തി.
കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഏഴംഗ സംഘത്തെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സർവേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും വനഭൂമി സർവേയ്ക്ക് പൂഴിത്തോട് നിന്ന് പുറപ്പെട്ടത്.
വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം കിട്ടാതായി. വഴി തെറ്റിപ്പോയ സംഘം രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല.
വഴിതെറ്റി കാട്ടിൽ കുടുങ്ങിയ സംഘത്തെ വനംവകുപ്പ് സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. എല്ലാവരേയും വയനാട് പടിഞ്ഞാറേത്തറയിൽ എത്തിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടയിലും ഇടതുമുന്നണിക്ക് ആശ്വാസമായി വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകൾ. ഭരണത്തുടർച്ചയ്ക്ക് വെല്ലുവിളികൾ നേരിടുമ്പോഴും, വ്യക്തിപരമായ ജനപ്രീതിയിൽ പിണറായി വിജയൻ ബഹുദൂരം മുന്നിലാണെന്നും പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
എക്സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം ഇത്തവണ എൽഡിഎഫ് 50 മുതൽ 60 വരെ സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്. ഇത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഇടതുപക്ഷത്തിന് കരുത്തേകുന്നതാണ്.
2021-ൽ യുഡിഎഫിന് ലഭിച്ചത് വെറും 41 സീറ്റുകളായിരുന്നു. എന്നാൽ ഇത്തവണ ഭരണം നഷ്ടപ്പെട്ടേക്കാം എന്ന പ്രവചനങ്ങൾക്കിടയിലും എൽഡിഎഫിന് 50-ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നത് പാർട്ടിയുടെ വോട്ട് ബാങ്ക് തകർന്നിട്ടില്ല എന്നതിന്റെ സൂചനയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33% പേർ പിണറായി വിജയനെ പിന്തുണയ്ക്കുമ്പോൾ വി.ഡി. സതീശന് 21% പിന്തുണയേയുള്ളൂ. ഇത് വ്യക്തമാക്കുന്നത് ഭരണത്തോടുള്ള അതൃപ്തിയേക്കാൾ വലിയ സ്വാധീനം പിണറായി എന്ന നേതാവിന് ജനങ്ങൾക്കിടയിൽ ഉണ്ടെന്നാണ്.
സർവേ ഫലങ്ങൾ യാഥാർത്ഥ്യമാകുകയാണെങ്കിൽ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 71 എന്ന സംഖ്യയിലേക്ക് യുഡിഎഫ് എത്തുമ്പോൾ എൽഡിഎഫിന് മികച്ച സീറ്റ് നിലയോടെ ശക്തമായ പ്രതിപക്ഷമാകാൻ സാധിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേരിട്ട വലിയ പരാജയത്തേക്കാൾ ഭേദപ്പെട്ട നിലയിൽ തങ്ങളുടെ അടിത്തറ നിലനിർത്താൻ എൽഡിഎഫ് നേതൃത്വത്തിലുള്ള മുന്നണിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്.അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോഡ്കാസ്റ്റിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബേപ്പൂരില്‍ അന്‍വര്‍ ജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു. മലമ്പുഴയില്‍ എസ്. സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും അൻവറിന്റെ സര്‍വേയില്‍ കാണിക്കുന്നു.
പേരാമ്പ്രയിലും ബാലുശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മലബാറില്‍ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അന്‍വര്‍ പറഞ്ഞു. ധര്‍മടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയന് പരാജയപ്പെട്ടാലും ഞെട്ടണ്ടെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രീ പോൾ സർവേകൾ പെയ്ഡാണ്. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേകൾ ശ്രമിക്കുന്നത്.
സർക്കാരിനെതിരായ ജന വികാരം ശക്തമാണ്. സർക്കാർ പരാജയപ്പെട്ടിടത്ത് ബദൽ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. അതിന് സമഗ്രമായ തയാറെടുപ്പ് യുഡിഎഫ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിടുകയാണ്. അതിലൊന്നും യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് സതീശൻ വ്യക്തമാക്കി.
വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ എസ്ഡിപിഐ, പിഡിപി പിന്തുണ തേടുന്നു. എസ്ഡിപിഐ തീവ്രവാദ സംഘടനായാണെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ പറയുന്നത്. മുഖ്യമന്ത്രി അത് വായിച്ചിട്ടില്ലെങ്കില്‍ താന്‍ അയച്ചുതരാം. അവരുമായിട്ടാണ് ഇപ്പോള്‍ സിപിഎം തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Kerala
കൊല്ലം: കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന ‘കേര’പദ്ധതിയുടെ ഭാഗമായി വിപുലമായ കാര്‍ഷിക പരിശീലനാവശ്യകതാ സര്‍വേ സംസ്ഥാന വ്യാപകമായി ആരംഭിച്ചു.
നിലവിലെ കൃഷിരീതികളെക്കുറിച്ചും നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, പ്രിസിഷന്‍ ഫാമിംഗ്, ഡ്രോണ്‍ സാങ്കേതികവിദ്യ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കര്‍ഷകര്‍ക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസിലാക്കുക എന്നതാണ് ഈ സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടു രീതികളിലായാണ് വിവരശേഖരണം നടക്കുന്നത്. സര്‍വേ പ്രതിനിധികള്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളില്‍ നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റു പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി സര്‍വേയില്‍ പങ്കുചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കാലാവസ്ഥാ അതിജീവന കൃഷിരീതികള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങള്‍ നേരില്‍ കണ്ട് പഠിക്കുന്നതിനുള്ള അവസരവും ഈ പരിശീലനത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭിക്കും. ഇതിനു പുറമെ, വിദേശ രാജ്യങ്ങളിലെ നൂതന കാര്‍ഷിക മാതൃകകള്‍ സന്ദര്‍ശിച്ച് മനസിലാക്കുന്നതിനുള്ള അവസരങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
Kerala
തിരുവനന്തപുരം: നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ കാലാവധി നീട്ടി. ഫെബ്രുവരി 28 ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണു മാർച്ച് 31 വരെ നീട്ടി ഉത്തരവിറക്കിയത്.
വീടു സന്ദർശിക്കുന്ന വോളന്റിയർക്ക് 7.50 രൂപ സർക്കാർ നൽകും. രണ്ടു പേര് ഒരുമിച്ചാണെങ്കില്‍ പത്തു രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. 20 കോടി രൂപ ചെലവിട്ട് നവകേരള സർവേ നടത്താനുള്ള സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പിന്നീട് സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെയാണ് കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം വീട് സന്ദർശനത്തെ പ്രതിപക്ഷം വിമർശിച്ചു. സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള തന്ത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ ഭൂരിഭാഗം ഇന്ത്യൻ വംശജരും ഭരണകൂടത്തിന്റെ നയങ്ങളിൽ അതൃപ്തരാണെന്ന് റിപ്പോർട്ട്.
കാർണഗി എൻഡോവ്മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ "2026 ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേ' പ്രകാരമാണ് ഈ കണ്ടെത്തൽ.
29 ശതമാനം ഇന്ത്യൻ വംശജർ മാത്രമാണ് ട്രംപിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്. കുടിയേറ്റ നയത്തെ 64 ശതമാനം പേരും സാമ്പത്തിക നയം 68 ശതമാനം പേരും വ്യാപാര തീരുവകൾ 70 ശതമാനം പേരും കടുത്ത വിയോജ് രേഖപ്പെടുത്തി.
ഭരണകൂടം ഉഭയകക്ഷി ബന്ധം കൈകാര്യം ചെയ്യുന്ന രീതിയെ 55 ശതമാനം പേർ എതിർക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയോടുള്ള ആഭിമുഖ്യം 46 ശതമാനമായി കുറഞ്ഞു. റിപ്പബ്ലിക്കൻ അനുഭാവം 19 ശതമാനമായും സ്വതന്ത്ര നിലപാടുകാർ 29 ശതമാനമായും ഉയർന്നു.
വിലക്കയറ്റം 21 ശതമാനം, തൊഴിലില്ലായ്മ 17 ശതമാനം എന്നിവയാണ് ഈ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. പകുതിയോളം ഇന്ത്യൻ അമേരിക്കക്കാർ നിറത്തിന്റെയോ വംശത്തിന്റെയോ പേരിൽ വിവേചനം അനുഭവിക്കുന്നതായി സർവേ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങൾ വർധിക്കുന്നത് മൂന്നിലൊന്ന് ആളുകളെയും രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. എങ്കിലും, ഭൂരിഭാഗം പേരും തൊഴിലിനായി ഇപ്പോഴും അമേരിക്കയെത്തന്നെയാണ് ശുപാർശ ചെയ്യുന്നത്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മതപരമായ പരാമർശങ്ങൾ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. 1,000 പേരിലായി നടത്തിയ ഈ പഠനത്തിൽ സുമിത്രാ ബദ്രിനാഥൻ, ദേവേഷ് കപൂർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.