എംബപ്പെ
മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര് ടീമിന്റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.
കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന് ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.
മൊറോക്കോയെ സംബന്ധിച്ച് സ്ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന് ബോനുവിന്റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്നിന്നകറ്റി.
25-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന് ബോനു സ്പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.
രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.
മത്സരത്തിനു സാക്ഷ്യംവഹിക്കാനായി കൊളംബിയന്‍ പോപ് ഗായിക ഷക്കീറ ഗാലറിയില്‍ എത്തിയിരുന്നു. ഫോക്സ്ബറോയിലെ ഗില്ലെറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 63,811 കാണികള്‍. ഫ്രാന്‍സ് ആക്രമണം തുടർന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെയുടെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചുതെറിച്ചതോടെയാണ് ആദ്യ പകുതി അവസാനിച്ചത്.
60-ാം മിനിറ്റില്‍ ഗോളെത്തി. ഡെസിറെ ഡൂവെയില്നിന്നു പന്ത് ലഭിച്ച കിലിയന്‍ എംബപ്പെ, തന്നെ വളഞ്ഞ മൊറോക്കന്‍ താരങ്ങളെ കബളിപ്പിച്ച് വലയിലാക്കി. ക്യാപ്റ്റന്‍ അച്റഫ് ഹക്കീമി അടക്കമുള്ള അഞ്ച് മൊറോക്കന്‍ താരങ്ങള്‍ക്കു മധ്യത്തില്വച്ചായിരുന്നു എംബപ്പെയുടെ ക്ലിനിക്കല്‍ ഫിനിഷിംഗ് ഷോട്ട്. പന്ത് ഇടത് പോസ്റ്റിനെ തൊട്ടുരുമിയെന്നവണ്ണം ചെന്ന് വലയ്ക്കുള്ളില്‍. 1-0ന് ഫ്രാന്‍സ് മുന്നില്‍.
എംബപ്പെയുടെ 20-ാം ഫിഫ ലോകകപ്പ് ഗോള്‍. അതാകട്ടെ 20-ാം മത്സരത്തിലും.
എംബപ്പെയുടെ ഗോള്‍ പിറന്നതിന്റെ ആറാം മിനിറ്റ്. മൊറോക്കന്‍ പെനാല്‍റ്റി ഏരിയയ്ക്കു പുറത്തുവച്ച് എംബപ്പെ പന്ത് ഉസ്മാന് ഡെംബെലെയ്ക്കു മറിച്ചു. പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഡെംബെലെ ബോക്സിനുള്ളിലേക്കു കുതിച്ചു. ഡിഫെന്‍ഡേഴ്സിനെ കട്ട് ചെയ്ത് പെനാല്‍റ്റി ഏരിയയിലേക്കു കയറി ഡെംബെലെയുടെ ബ്രില്യന്റ് ഷോട്ട്. യാസിന് ബോനു ഡൈവ് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ കൈകള്‍ക്ക് എത്തിച്ചേരാനാകുന്നതിനും പുറത്തുകൂടി പന്ത് പോസ്റ്റിന്റെ വലത് മൂലയില്‍. 2-0നു ഫ്രാന്‍സ് മുന്നില്‍.
73-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഡായോട്ട് ഉപമെക്കാനോ സ്വന്തം വലയില്‍ പന്ത് നിക്ഷേപിക്കേണ്ടതായിരുന്നു. മൊറോക്കോയുടെ ഷെംസ്ഡിന്‍ തല്‍ബിയുടെ ഇന്‍സ്വിംഗ് ക്രോസ് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടപെട്ടപ്പോള്‍ പന്ത് നേരേ ഗോള്‍ പോസ്റ്റിലേക്ക്. ഭാഗ്യവശാല്‍ പന്ത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കാണ് പാഞ്ഞതെന്നു മാത്രം.
80 മിനിറ്റ് പിന്നിട്ടപ്പോള്‍ മൊറോക്കോ രണ്ട് ഗോള്‍ ശ്രമം നടത്തി. എന്നാല്‍, വല കുലുങ്ങിയില്ല. സ്റ്റോപ്പേജ് ടൈമിന്റെ തുടക്കത്തില്‍ ഫ്രാന്‍സ് ലീഡ് മൂന്നാക്കാന്‍ നടത്തിയ ഷോട്ടും വിഫലം. അതോടെ 2-0ന്റെ ജയവുമായി ഫ്രഞ്ച് മുത്ത് കിലിയന്‍ എംബപ്പെയും സംഘവും സെമിയിലേക്കു മാര്‍ച്ച് ചെയ്തു.
ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം സെമി ഫൈനല്‍. 2018, 2022 എഡിഷനുകളിലും ഫ്രാന്‍സ് സെമിയില്‍ പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് എഡിഷന്റെ സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത് ടീമാണ് ഫ്രാന്‍സ്. ജര്‍മനി, ബ്രസീല്‍ എന്നീ ടീമുകളാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ഈ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെയ്ക്ക് എട്ടും ഉസ്മാന് ഡെംബെലെയ്ക്ക് അഞ്ചും ഗോള്‍. ഒരു ലോകകപ്പ് എഡിഷനില്‍ സഹതാരങ്ങളായ രണ്ടു കളിക്കാര്‍ 5+ ഗോള്‍ നേടുന്നത് ചരിത്രത്തില്‍ ഇതുരണ്ടാം തവണ. 2002ല്‍ ബ്രസീലിന്റെ റൊണാള്‍ഡോ (8), റിവാള്‍ഡോ (5) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
Tags : FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Tennis Cricket Badminton France