തെലങ്കാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ജിറ്റാബോയിന
ഹൈദരാബാദ്: തെലങ്കാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ചെന്നുരു സ്വദേശിയായ ജിറ്റാബോയിനയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ബസ് സ്റ്റാൻഡിലെത്തിയ യുവാവ് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് തട്ടിയെടുത്തത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോയ ബസ് ജീവനക്കാർ താക്കോൽ ഊരിയെടുക്കാൻ മറന്നുപോയിരുന്നു. ബസിൽ താക്കോൽ കിടക്കുന്നത് കണ്ട ഇയാൾ ബസുമായി കടന്നു കളയുകയായിരുന്നു. സൂര്യപേട്ടയിലേക്കാണ് പ്രതി ബസ് ഓടിച്ച് പോയത്. 21 കിലോമീറ്ററോളം ഇയാൾ ബസ് ഓടിച്ചെന്നും വാഹനം സിംഗരാജുപള്ളി ടോൾ ഗേറ്റിൽ എത്തിയപ്പോൾ ഇടിച്ച് നിൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അസ്വാഭാവികമായി ബസ് കണ്ട ടോൾഗേറ്റ് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബസ് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.
Tags : Arrest DrunkMan Stealing Telangana GovernmentBus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash