പ്രതീകാത്മക ചിത്രം
ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയുടെ സഹോദരനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിൽ മാരക ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്വാരിയുടെ സഹോദരനായ നാനാ പട്വാരിക്ക് കേസിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത്.
രാജേന്ദ്ര നഗർ പോലീസ് നടത്തിയ പരിശോധനയിൽ 10.8 ഗ്രാം ബ്രൗൺ ഷുഗറുമായി ഇർഫാൻ ഖാൻ (ഗോലു ചന്ദേരി), റാണി ഭായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരിമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടവരിൽ പ്രധാനി നാനാ പട്വാരിയാണെന്ന് ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നരേന്ദ്ര റാവത്ത് പറഞ്ഞു.
നാനാ പട്വാരിക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി രംഗത്തെത്തി. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതെന്നും ബിജെപി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവൺമെന്റിനും മുഖ്യമന്ത്രി മോഹൻ യാദവിനും എതിരെ ശബ്ദമുയർത്തുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ജിതു പട്വാരി വ്യക്തമാക്കി.
Tags : PoliceCase DrugCase Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash