Kerala
ആറന്മുള: വയനാട്ടിൽ പറഞ്ഞ സമയത്തിനുള്ളില്‍100 വീടുകളുടെ നിർമാണം കോൺഗ്രസ് പൂർത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബിൻ വർക്കി. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി തിന്നവരാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്നും അബിൻ വർക്കി പറഞ്ഞു.
പണം പിരിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസ് അവതരിപ്പിച്ചത് വ്യക്തതയുള്ള കണക്കാണ്. ഡിവൈഎഫ്ഐ പിരിച്ച പണത്തില്‍ അവ്യക്തതയുണ്ട്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്ഐ അവതരിപ്പിക്കണമെന്നും അബിൻ വർക്കി വ്യക്തമാക്കി.
തങ്ങൾ സ്വന്തം കൈയിൽ പണം മുടങ്ങി സ്ഥലം വാങ്ങി പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് തങ്ങള്‍ പറഞ്ഞു. അത് ചെയ്യുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
District News
കോഴഞ്ചേരി: ആറന്മുളയുടെ സമഗ്ര വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി. വലിയ ടൂറിസം സാധ്യതകള്‍ ആറന്മുളയിലുണ്ട്. ഗ്ലോബല്‍ ടൂറിസം മാപ്പില്‍ ആറന്മുളയ്ക്ക് ഇടം കണ്ടെത്തുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുമെന്നും തോട്ടപ്പുഴശേരി മണ്ഡലതല സ്വീകരണ പരിപാടിയുടെ ഉദ്ഘാടന യോഗത്തില്‍ അബിന്‍ വര്‍ക്കി പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്സണ് വിളവിനാല്‍ സ്ഥാനാര്‍ഥി സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു. കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ശിവപ്രസാദ്, ഡിസിസി ജനറല്‍ സെക്രട്ടറി ജെറി മാത്യു സാം, ടി.കെ. രാമചന്ദ്രന് നായര്‍, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഘോഷ് വി. സുരേഷ്, എല്‍സി ക്രിസ്റ്റഫര്‍, സണ്ണി പുവേലില്‍, ഹരിഹരന് നായര്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു,
Kerala
ആറന്മുളയിൽ മൂന്നാമൂഴത്തിനിറങ്ങിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ എതിരിടുന്നത് കോൺഗ്രസിന്റെ യുവശബ്ദം അബിൻ വർക്കിയും കേരളത്തിലെ ബിജെപിയുടെ തലതൊട്ടപ്പനെന്നു വിശേഷണം ചാർത്താവുന്ന കുമ്മനം രാജശേഖരനുമാണ്.
മാധ്യമ പ്രവർത്തനത്തിൽനിന്നും രാഷ്ട്രീയത്തിലിറങ്ങി കുറഞ്ഞ കാലം കൊണ്ട് മന്ത്രിയും സിപിഎം സംസ്ഥാന സമിതിയിൽ ക്ഷണിതാവും വരെയായി ഉയർന്ന വീണയ്ക്ക് രണ്ട് ടേം എന്ന നയമോ, മത്സരിക്കാനില്ലെന്ന കുടുംബത്തിന്റെ നിലപാടോ വിലങ്ങുതടിയായില്ല. സിപിഎം കോട്ടയൊന്നുമല്ലാത്ത ആറന്മുള 2016ല്‍ കോൺഗ്രസിൽനിന്നു പിടിച്ചെടുക്കുകയും 2021ൽ വർധിത ഭൂരിപക്ഷത്തോടെ ഇത് നിലനിർത്തുകയും ചെയ്ത സിറ്റിംഗ് എംഎൽഎയ്ക്ക് ഇത്തവണ കേരളത്തിന്റെ ആരോഗ്യമന്ത്രി എന്ന പദവികൂടി യുണ്ട് മത്സരത്തിന് മാറ്റ് കൂട്ടാന്‍.
സംസ്ഥാന സർക്കാർ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് ആരോഗ്യമേഖലയ്ക്കുണ്ടായ പുരോഗതിയും സർക്കാർ ആശുപത്രികളുടെ മുഖച്ഛായയിലുണ്ടായ മാറ്റങ്ങളുമാണ്. ആറന്മുളയിലും ഇതേ പ്രചാരണം ആവർത്തിക്കുന്പോൾ ആരോഗ്യരംഗം വെന്റിലേറ്ററിലെന്നതാണ് യുഡിഎഫ് ആരോപണം. പത്തുവർഷമായി പ്രതിപക്ഷത്തായിരുന്ന യുഡിഎഫിനെ പലവേദികളിലും പ്രതിരോധിച്ചു നിന്നിരുന്ന ശബ്ദമാണ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ്, അഖിലേന്ത്യ സെക്രട്ടറി കൂടിയായ അബിൻ വർക്കി കോടിയാട്ട് എന്ന കോലഞ്ചേരിക്കാരന്റെ കന്നി അങ്കം. സമരരംഗത്തും ചർച്ചകളിലുമായി നേതൃനിരയിലേക്ക് പൊടുന്നനെ ഉയർന്നുവന്ന അബിന്റെ സ്ഥാനാർഥിത്വം യുഡിഎഫ് അണികളിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ആറന്മുള തന്റെ പ്രവർത്തനമണ്ഡലമായിരുന്നെങ്കിലും ഇതാദ്യമായാണ് കുമ്മനം രാജശേഖരൻ ഇവിടെ സ്ഥാനാർഥിയാകുന്നത്. വിമാനത്താവളം സമരത്തിലൂടെ ആറന്മുളയുടെ നേതൃനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. മണ്ഡലത്തിലാകമാനം മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കുമ്മനം.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. വിസ്തൃതിയിലും പിന്നോക്കമല്ല. പഴയ പത്തനംതിട്ടയും ആറന്മുളയും സംയോജിപ്പിച്ച് 2008ലെ മണ്ഡല പുനഃക്രമീകരണ ഘട്ടത്തിൽ നിലവിൽ വന്നതാണ് ഇപ്പോഴത്തെ ആറന്മുള മണ്ഡലം. 12 ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും മണ്ഡലപരിധിയിലുണ്ട്. 2,14,575 വോട്ടർമാരാണ് നിലവിലുള്ളത്. 2021ൽ 2,28,468 വോട്ടർമാരുണ്ടായിരുന്നതിൽ 1,61,291 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്.
പത്തനംതിട്ട, ആറന്മുള മണ്ഡലങ്ങളുടെപഴയകാല ചരിത്രം പരിശോധിച്ചെങ്കിലും പുതിയ ആറന്മുളയുടെ രാഷ്ട്രീയ കാഴ്ചപ്പാട് കൃത്യമായി വിലയിരുത്താനാകൂ. എന്നാൽ, മണ്ഡല പുനഃക്രമീകരണത്തോടെ മാറ്റങ്ങളും പ്രകടമാണ്. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ. ശിവദാസൻ നായരാണ് വിജയിച്ചത്.
2016ൽ 7646 വോട്ടുകൾക്കും 2021ൽ 19,003 വോട്ടുകൾക്കും ശിവദാസൻ നായർ, വീണാ ജോർജിനോടു തോറ്റു. എന്നാൽ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്. 2009, 2014,2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ആറന്മുളയിൽ കോൺഗ്രസിലെ ആന്റോ ആന്റണിക്കായിരുന്നു ലീഡ്. 2019ൽ വീണാ ജോർജ് തന്നെയായിരുന്നു ആന്റോയുടെ എതിരാളി.
എന്നാൽ, നിയമസഭയിലേക്ക് യുഡിഎഫ് പിന്നിലാകുന്നതാണ് കണ്ടുവരുന്നത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മണ്ഡലപരിധിയിലെ ഒരു പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫ് ഭരണം. രണ്ടിടത്ത് ബിജെപി ഭരിക്കുന്നുണ്ട്. 2020 ൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും എൽഡിഎഫാണ് അധികാരത്തിലെത്തിയിരുന്നത്.
ആരോഗ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ അവരെ തളയ്ക്കുകയെന്നതാണ് ഇത്തവണ യുഡിഎഫിന്റെ ലക്ഷ്യം. പ്രതിപക്ഷ നേതൃനിരയോടടക്കം നിരവധി പോർമുഖങ്ങളിൽ വീണാ ജോർജിന് പോരടിക്കേണ്ടിവന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകരുമായുണ്ടായ സംഘർഷം അടക്കം വീണാ ജോർജ് -പ്രതിപക്ഷ പോരിന് കളമൊരുക്കിയ സംഭവങ്ങളാണ്. ആരോഗ്യമേഖലയിലെ തകർച്ച പ്രതിപക്ഷത്തിന്റെ പ്രധാന വിഷയമാകുന്പോഴും മറുപടി പറയേണ്ടത് മന്ത്രി തന്നെയാണ്.
പ്രതിരോധത്തോടൊപ്പം ആറന്മുളയുടെ വികസനംകൂടി എടുത്തുകാട്ടിയാണ് വീണാ ജോർജിന്റെ പ്രചാരണം. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ആശുപത്രികളുടെ വികസനം, കോഴഞ്ചേരി പാലം, പത്തനംതിട്ട അബാൻ മേൽപ്പാലം, റോഡുകൾ, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവ മന്ത്രിയുടെ നേട്ടപ്പട്ടികയിലുണ്ട്. ഇഴയുന്ന അബാൻ മേൽപ്പാലവും പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയ സംവിധാനങ്ങളും യുഡിഎഫ് പ്രചാരണ വിഷയമാക്കുകയാണ്.
വികസനവും വിവാദവും ഒന്നിച്ചു ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായി ആറന്മുള മാറിക്കഴിഞ്ഞു. ശബരിമലയുടെ നാട്ടിൽ സ്വർണക്കൊള്ള ഉന്നയിച്ച് ഇരുമുന്നണികളെയും നേരിടാനാണ് എൻഡിഎയുടെ ശ്രമം. മണ്ഡലത്തിൽ എൻഡിഎയ്ക്ക് ക്രമാനുഗതമായി വർധിച്ചുവരുന്ന വോട്ടുകൾ ഇത്തവണയും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിശ്വാസം.
ഇതിനൊപ്പം കുമ്മനം രാജശേഖരന്റെ വ്യക്തി ബന്ധങ്ങളിലും എൻഡിഎ പ്രതീക്ഷ അർപ്പിക്കുന്നു. ബിജെപി നേടുന്ന വോട്ടുകൾ ഇരുമുന്നണികളുടെയും സാധ്യതകളെ ബാധിക്കുമെന്നതിലും തർക്കമില്ല. ശക്തരായ മൂന്നു പേർ മത്സരരംഗത്തുള്ളപ്പോൾ ആറന്മുളയിലെ പോരാട്ടം പ്രവചനാതീതമാണ്.
Kerala
അമ്പലപ്പുഴ: ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തുകയുടെ ഒരു ഭാഗം കൈമാറി ഉഷ ജോസഫ്. കത്രിക വയറ്റിൽ കുടുങ്ങിയ പുന്നപ്രയിലെ ഉഷയാണ് അബിൻ വർക്കിക്ക് തുക കൈമാറിയത്.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരേയാണ് അബിൻ വർക്കി മത്സരിക്കുന്നത്. കെട്ടിവയ്ക്കാനുള്ള തുക ഉഷ ജോസഫിന്റെ കുടുംബത്തിന്റെ പക്കൽനിന്ന് കഴിഞ്ഞ ദിവസം അബിൻ വർക്കി ഏറ്റുവാങ്ങി.
കേരളത്തിന്റെ സിസ്റ്റം വർക്കാവുന്നില്ല എന്നുള്ളതിന്റെ തെളിവാണ് ഈ ശസ്ത്രക്രിയയെന്ന് തുക സ്വീകരിച്ച അബിൻ വർക്കി പറഞ്ഞു. ഇത് ഒരു തവണയാണ് സംഭവിച്ചതെങ്കിൽ മനസിലാക്കാം. കേരളത്തിനകത്ത് ഇത് ആവർത്തിക്കപ്പെട്ട സംഭവമാണ്.
സർക്കാർ സിസ്റ്റം മുഴുവൻ പരാജയമാണെന്ന് ആരോഗ്യവകുപ്പ് സമ്മതിച്ചു. സിസ്റ്റത്തിന്റെ ഇരയാണ് ഉഷയെന്ന അമ്മ. ഇത് കേരളത്തിലെ മുഴുവൻ അമ്മമാരുടെയും ശബ്ദമാണ്. ആരോഗ്യമേഖലയെ തകർത്ത സർക്കാരിനെതിരായുള്ള ശബ്ദമാണെന്നും അബിൻ വർക്കി പറഞ്ഞു.
District News
പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. പഴയ പത്തനംതിട്ടയുടെയും ആറന്മുളയുടെയും ഭാഗമായിരുന്ന ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ട പുതിയ മണ്ഡലം 2008ലാണ നിലവില്‍ വന്നത്. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ആറന്മുള എന്ന പേരില്‍ ഒരു മണ്ഡലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആറന്മുളയുടെ അതിര്ത്തികളായിരുന്നില്ല പഴയ മണ്ഡലത്തിന്.
പത്തനംതിട്ട മണ്ഡലം ഇല്ലാതായതോടെ പഴയ ആറന്മുളയുടെ ആസ്ഥാനം തന്നെ പത്തനംതിട്ടയിലായി. വിസ്തൃതിയിലും വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നിലുള്ള മണ്ഡലത്തില്‍ പ്രചാരണം കടുകട്ടിയാണ്. കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഓടിയെത്തണമെങ്കില്‍ സ്ഥാനാര്‍ഥികള്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.
ആറന്മുളയ്ക്കു സ്ഥിരമായ ഒരു രാഷ്ട്രീയ ചായ്വില്ല എന്നതു തന്നെയാണ് മുന്നണികളെ കുഴയ്ക്കുന്നത്. വോട്ടര്‍മാരുടെ മനം ഓരോ തെരഞ്ഞെടുപ്പിലും മാറിമറിയും. ഇതറിഞ്ഞു കരുക്കള്‍ നീക്കിയെങ്കിലേ കരകയറാനാകൂവെന്നതാണ് ചരിത്രം. 2,14,575 വോട്ടര്‍മാരാണ് നിലവിലെ പട്ടിക പ്രകാരം ആറന്മുളയിലുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലമായിരുന്നു ആറന്മുള. 2,37,351 വോട്ടര്‍മാരാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.
അതിര്‍ത്തി മാറിയ ആറന്മുളയില് 2011ല്‍ യുഡിഎഫ് വിജയിച്ചു. എന്നാല്‍ പിന്നീടു നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനായിരുന്നു വിജയം. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ മുന്‍തൂക്കം യുഡിഎഫ് നേടുകയും ചെയ്തുവരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശേരി, കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശേരി, ഇലന്തൂർ, ചെന്നീര്‍ക്കര, മെഴുവേലി എന്നീ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും യുഡിഎഫാണ് ഭരിക്കുന്നത്. ഓമല്ലൂരും നാരങ്ങാനവും ബിജെപിയും ഭരിക്കുന്നു. കുളനടയില്‍ മാത്രമാണ് എല്‍ഡിഎഫിനു ഭരണമുള്ളത്. ഇവയിലേറെയും നേരത്തേ എല്‍ഡിഎഫ് ഭരണത്തിന് കീഴിലായിരുന്നു.
ത്രികോണ പോരാട്ടം തന്നെ
എല്‍ഡിഎഫിന്റെ പുതുമുഖ സ്ഥാനാര്‍ഥിയായി 2016ല്‍ ആറന്മുളയില് മത്സരിച്ചു വിജയിക്കുകയും പ്രളയവും കോവിഡും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടെ മണ്ഡലമൊട്ടാകെ നിറഞ്ഞു നില്‍ക്കുകയും ചെയ്തതിലൂടെ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലെത്തിയ ആളാണ് വീണാ ജോര്‍ജ്.
ഇത്തവണ സംസ്ഥാന ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്താനാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. എന്‍ഡിഎയ്ക്ക് അടിസ്ഥാന വോട്ടുകളുള്ള മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നടന്നത്. ഇത്തവണയും ത്രികോണപ്പോരിനു തന്നെ ആറന്മുള സാക്ഷ്യമാകും.
യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുവരുന്നതോടെ മണ്ഡലത്തിന്റെ മത്സരചിത്രം വ്യക്തമാകും. വീണാ ജോര്‍ജിനെതിരേ ശക്തമായ ഒരു പോരാട്ടവും അന്തിമവിജയവും ലക്ഷ്യമിട്ടാണ് യുഡിഎഫ് ഇത്തവണ മത്സരിക്കാനെത്തുകയെന്നതിലും തര്‍ക്കമില്ല.
രാഷ്ട്രീയത്തിനൊപ്പം വ്യക്തിപ്രഭാവവും
രാഷ്ട്രീയത്തിനതീതമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വ്യക്തിപ്രഭാവം ആറന്മുളയിലെ വിജയത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. കൃത്യമായ ഒരു ചേരിതിരിവ് മണ്ഡലം പ്രകടിപ്പിക്കാറില്ല. നിലവിലെ ആറന്മുള മണ്ഡലത്തില്‍ 2011ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരുടെ മത്സരമായിരുന്നു. അന്നു പത്തനംതിട്ട എംഎല്‍എയായിരുന്ന കെ. ശിവദാസന്‍ നായര്‍ (കോൺ) ആറന്മുള എംഎല്‍എയായിരുന്ന കെ.സി. രാജഗോപാലിനെയാണ് നേരിട്ടത്. 6,511 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ശിവദാസന്‍ നായര്‍ വിജയിച്ചത്.
2016ല്‍ കന്നി അങ്കത്തില്‍ വീണാ ജോര്‍ജ് ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയതാകട്ടെ 7,646 വോട്ടുകള്‍ക്കാണ്. 2021ല്‍ എത്തിയപ്പോള്‍ ശിവദാസന്‍ നായര്‍ വീണാ ജോര്‍ജിനോടു പരാജയപ്പെട്ടത് 19,003 വോട്ടുകള്‍ക്കാണ്. ഇതേ വീണാ ജോര്‍ജ് 2019ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ ആറന്മുള മണ്ഡലത്തില്‍ 6,593 വോട്ടുകള്‍ക്ക് ആന്റോ ആന്റണിയേക്കാള്‍ പിന്നിലാകുകയും ചെയ്തു. ആറന്മുള, പത്തനംതിട്ട നിയമസഭാ മണ്ഡലങ്ങളുടെ പഴയകാല ചരിത്രവും വിജയികളുടെ പട്ടികയും പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ കാണാം. 1996ല്‍ സിഎംപി നേതാവ് എം.വി. രാഘവന് ആദ്യമായ പരാജയം അറിഞ്ഞ മണ്ഡലമാണ് ആറന്മുള. കവി കടമ്മനിട്ട രാമകൃഷ്ണനെ അന്ന് ആറന്മുള വിജയിപ്പിച്ചു.
സിപിഐയിലെ തോപ്പില്‍ ഭാസിയാണ് പത്തനംതിട്ടയെ ആദ്യം നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 1960ല്‍ സി.കെ. ഹരിശ്ചന്ദ്രന് നായരും 1963ല്‍ എം. രവീന്ദ്രനാഥും തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവ് വയലാ ഇടിക്കുള 1965ല്‍ പത്തനംതിട്ടയില്‍ വിജയിച്ചു. 1967 മുതല്‍ 2001 വരെയുള്ള തെരഞ്ഞെടുപ്പില്‍ കെ.കെ. നായരുടെ ഊഴമായിരുന്നു പത്തനംതിട്ടയിൽ. 1977ലെ തെരഞ്ഞെടുപ്പില്‍ മാത്രം അദ്ദേഹം പരാജയപ്പെട്ടു. ഇടതും വലതും സ്വതന്ത്രനുമൊക്കെയായി കെ.കെ. നായര്‍ പത്തനംതിട്ടയില്‍ വിജയിച്ചു. 2006ല്‍ വീണ്ടും സ്വതന്ത്രനായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്താകുകയും ചെയ്തു.
സ്ഥാനാര്‍ഥിയെ മാറ്റിയതും ചരിത്രം
2001ലെ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ നടന്ന സ്ഥാനാര്‍ഥി മാറ്റവും ചരിത്രത്തിന്റെ ഭാഗം. കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരെ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ചു.
അദ്ദേഹം പ്രചാരണരംഗത്തേക്ക് ഇറങ്ങിയതിനു പിന്നാലെയാണ് കെ. കരുണാകരന് തന്റെ അനുയായി കൂടിയായ മാലേത്ത് സരളാദേവിക്കുവേണ്ടി ശക്തമായി രംഗത്തുവരുന്നത്. പ്രചാരണരംഗത്തു നിന്ന് പാര്‍ട്ടി നിര്‍ദേശ പ്രകാരം കെ. ശിവദാസന്‍ നായര്‍ പിന്‍വാങ്ങുകയും മാലേത്ത് സരളാദേവി സ്ഥാനാര്‍ഥിയാകുകയും ചെയ്തു.
സിപിഎമ്മിലെ എ. പത്മകുമാറായിരുന്നു എതിരാളി. സരളാദേവി വോട്ടുകള്‍ക്ക് വിജയിച്ചു. 2006ലെത്തിയപ്പോഴേക്കും രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറി. ഡിഐസി, രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ട കെ. കരുണാകരനൊപ്പം മാലേത്ത് സരളാദേവിയും എംഎല്‍എ സ്ഥാനം രാജിവച്ച് പുറത്തുവന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഐസി യുഡിഎഫ് ഘടകകക്ഷിയാകുകയും മാലേത്ത് സരളാദേവി സ്ഥാനാര്‍ഥിയാകുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കെ.ആർ. രാജപ്പന് സ്ഥാനാര്‍ഥിയായി എത്തി. സിപിഎമ്മിലെ കെ.സി. രാജഗോപാല്‍ വിജയിച്ചു. 34,007 വോട്ട് രാജഗോപാലിനു ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ കെ.ആർ. രാജപ്പന് 19,387 വോട്ടാണ് ലഭിച്ചത്. 8,244 വോട്ടുകള്‍ മാത്രം ലഭിച്ച സിറ്റിംഗ് എംഎല്‍എ മാലേത്ത് സരളാദേവിക്ക് കെട്ടിവച്ച കാശും നഷ്ടമായി.
Kerala
പത്തനംതിട്ട: അബിൻ വർക്കിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. സമീപ ദിവസങ്ങളിൽ ആറന്മുളയിൽ സജീവമായിരുന്ന അബിൻ വർക്കിക്കെതിരെ മണ്ഡലത്തിലാകെ പോസ്റ്റർ. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തുൾപ്പടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ ഉയർന്നു.
ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ ആറന്മുളയിൽ സ്ഥാനാർഥി ആകാനുള്ള അബിൻ വർക്കിയുടെ നീക്കത്തിനു തിരിച്ചടി ഉയർന്നിരിക്കുകയാണ്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില് ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്. കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു.
പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്റെ കുട്ടികളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്. കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുട്ടികള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. തനിക്ക്് കണ്ണൂരിലേക്ക് പോകേണ്ടിവന്നു.
സാധാരണ നിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന് അവിടേക്ക് വരാമെന്നു പറഞ്ഞപ്പോള്‍ വരാനാണ് പറഞ്ഞത്. കണ്ണൂരിലേക്ക് താന്‍ കൂടെ പോയപ്പോള്‍ മക്കള്‍ ഏറെ പ്രയാസപ്പെട്ടു. അവിടെ എത്തിയശേഷം അവരെ ഫോണില്‍ വിളിച്ച് വീണയുമായി സംസാരിച്ചപ്പോഴാണ് ചെറിയ ആശ്വാസം തോന്നിയത്.
വീണതന്നെ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ ഇതിനിടെ സിപിഎം തീരുമാനം വന്നു. അപ്പോഴാണ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മക്കള്‍ പ്രായമായശേഷം ഇനി മത്സരിക്കാം എന്നതായിരുന്നു താത്പര്യം. പക്ഷേ പാര്‍ട്ടി തീരുമാനം മറിച്ചാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോകട്ടയെന്നും ജോര്‍ജ് പറയുന്നു.
Kerala
പത്തനംതിട്ട: ആറന്മുളയില് വീണാ ജോര്‍ജ് തന്നെ സ്ഥാനാര്ഥിയാകണമെന്നാവശ്യവുമായി സിപിഎം. മന്ത്രിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് മാറിനില്ക്കാന് കാരണമായി പറയുന്നതൈന്നാണ് സൂചന. കുടുംബാംഗങ്ങളില്‍ ചിലരും ഈ ആവശ്യത്തോടു യോജിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരും പരസ്യ പ്രതികരണത്തിനു തയാറായിട്ടുമില്ല.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെ സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ ആറന്മുളയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. രണ്ടുതവണ ആറന്മുള എംഎല്‍എയായ വീണയ്ക്ക് മൂന്നാമതൊരു ടേം കൂടി വേണ്ടെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മാസങ്ങള്‍ക്കുമുമ്പേ സിപിഎം നേതാക്കളെ അറിയിച്ചിരുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഇതു മുഖവിലയ്ക്കെടുക്കാതെയാണ് സിപിഎം നീങ്ങിയത്.
ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ആറന്മുളയില് വീണാ ജോര്‍ജ് തന്നെ മത്സരിക്കുമെന്ന സൂചനയും നല്കി. പിന്നീടു ജില്ലാ കമ്മിറ്റി ഔദ്യോഗികമായി നല്കിയ പട്ടികയിലും ആറന്മുളയില് ഒരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥാനാര്‍ഥിത്വത്തിന് അന്തിമ അനുമതി ആകുന്ന ഘട്ടത്തിലാണ് പുതിയ വിവാദങ്ങളുണ്ടായത്. ഇത് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ചിലര്‍ ഉന്നയിച്ചെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച പോലുമുണ്ടായില്ല.
വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടിരിക്കുകയാണ്. വീണാ ജോര്‍ജ് സംസ്ഥാന സമിതിയില്‍ ക്ഷണിതാവു കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ നിലപാട്. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരാലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളേ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമാണ്. കഴുത്തിന് കോളര്‍ ധരിച്ചാണ് യാത്രകള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നിയന്ത്രിച്ചിരുന്ന ടീമും ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
സംസ്ഥാന നേതാക്കള്‍ ഇടപെട്ട് വീണാ ജോര്‍ജിനെ തന്നെ രംഗത്തിറങ്ങുമെന്ന സൂചനയാണ് ജില്ലയിലെ സിപിഎം നേതാക്കളും നല്‍കുന്നത്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.
2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.
ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്റെ നിലപാട്.
മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില് മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.
2016ല്‍ ആറന്മുളയില് വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്റെ മന്ത്രിയുമായി.
രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.
വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.
എന്തായാലും വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.
യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു
വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.
സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.
Kerala
ആറൻമുള: പെൺകുട്ടികളെ ശല്യപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ഉദ്യോഗസ്ഥനെ കൈവിലങ്ങുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറൻമുള നാരങ്ങാനം വലിയകുളം സ്വദേശിയായ നെടിയമഞ്ഞപ്ര വീട്ടിൽ അജു(20) ആണ് പോലീസിനെ ആക്രമിച്ചത്.
പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിനെത്തിയ പെൺകുട്ടികളെ ശല്യപ്പെടുത്തിയ സംഭവത്തിലാണ് അജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറൻമുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആകേഷിനെയാണ് പ്രതി ആക്രമിച്ചത്.
അജുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അർജുൻ എന്ന യുവാവ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വാഹനത്തിന് പുറകിലിരുന്ന് അജു ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
തലയിൽ പരിക്കേറ്റ സിപിഒ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അജു നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ വീടിന് കാവലൊരുക്കി പോലീസ്. ആറന്മുളയിലെ വീടിനാണ് പോലീസ് സുരക്ഷ.
അറസ്റ്റിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് പോലീസ് നടപടി. വീട്ടിലേക്കുള്ള വഴികളെല്ലാം തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞ പോലീസ് വീടിന് പരിസരത്ത് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിയുടെ ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
District News
ആറന്മുള: ആറന്മുള എന്‍ജിനിയറിംഗ് കോളജിനടുത്ത് പൊതുജനങ്ങള്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ആറന്മുള പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നിര്‍മിച്ച തണലോര വിശ്രമകേന്ദ്രത്തിലെ രണ്ട് ഇരിപ്പിടങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ രാത്രിയില്‍ നശിപ്പിച്ചു. മുന്‍കാലങ്ങളില്‍ മാലിന്യം തള്ളുന്ന സ്ഥലമായിരുന്നു ഇവിടം.
ഇപ്പോള്‍ ഒരു വശത്ത് തണല്‍ മരങ്ങളും മറുസൈഡില്‍ ചെടികളുമാണ്. ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. സ്ഥലവാസികളും പുറത്തുനിന്നുള്ളവരും കുടുംബസമേതം ഇവിടം സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
District News
ആറന്മുള: ആറന്മുളയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ടൂറിസം കേന്ദ്രങ്ങളെപ്പറ്റി മനസിലാക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനുമുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി നിര്‍വഹിച്ചു.
ടൂറിസ്റ്റുകള്‍ക്ക് ആറന്മുള വള്ളംകളി, വള്ളസദ്യ, പള്ളിയോട നിര്‍മാണം, ആറന്മുള കണ്ണാടി നിര്‍മാണം, തിരുവോണത്തോണി വരവ്, പടയണി, കഥകളി എന്നിവ പ്രോജക്ടറില്കൂടി കാണുവാനുള്ള അവസരമൊരുക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍ അധ്യക്ഷത വഹിച്ചു. ദീപ എസ്. നായര്‍, ഉഷ രാജേന്ദ്രന്, രമാദേവി, പ്രസാദ് വേരുങ്കല്‍, ബിജു വര്‍ണശാല, പി.ഡി. മോഹനന്, ജോസ് തോമസ്, പി.ആര്. രാധാകൃഷ്ണന്, അശോകന് മാവുനില്‍ക്കുന്നതില്‍, സന്തോഷ് കുമാര്‍ പുളിവേലില്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ആറന്മുള യൂണിറ്റ് സെക്രട്ടറി ഗോപന് എന്നിവര്‍ പ്രസംഗിച്ചു.
Kerala
ആറന്മുള: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റീസ് കെ.ടി. ശങ്കരന് ആറന്മുളയിലെ സ്ട്രോംഗ് റൂമില്‍ പരിശോധന ആരംഭിച്ചു.
ഇന്നലെ രാവിലെ പത്തോടെയാണ് ജസ്റ്റീസ് കെ.ടി. ശങ്കരൻ ആറന്മുള ക്ഷേത്രത്തോടു ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന സ്ട്രോംഗ് റൂം പരിശോധിക്കാനെത്തിയത്. ശബരിമലയിലെ സ്വർണത്തിന്റെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ സന്നിധാനത്തു നടത്തിയ പരിശോധനയുടെ തുടർച്ചയാണ് ആറന്മുളയിലും നടന്നത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിക്കപ്പെട്ടതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റീസ് കെ.ടി. ശങ്കരനെ അമിക്കസ്ക്യൂറി യായി നിയോഗിച്ചത്. തുലാമാസ പൂജകള്‍ ആരംഭിക്കുന്നതിന് മുമ്പായി ശബരിമലയിലെ താത്കാലിക സ്ട്രോംഗ് റൂമില്‍ പരിശോധന ആരംഭിച്ചിരുന്നു.
തുലാമാസ പൂജകള്‍ ആരംഭിച്ചപ്പോള്‍ നിര്‍ത്തിവച്ച ശബരിമലയിലെ പരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയ ശേഷമാണ് അമിക്കസ് ക്യൂറി ആറന്മുളയിലെത്തിയത്. തിരുവാഭരണങ്ങളും ശബരിമലയിൽ വഴിപാടുകാര്‍ സമര്‍പ്പിച്ച സ്വർണം, വെള്ളി, ചെമ്പ് ഉരുപ്പടികളും പൂജാ പാത്രങ്ങളും സൂക്ഷിക്കുന്ന പ്രധാന സ്ട്രോംഗ് റൂമിലാണ് പരിശോധന നടന്നത്.
തിരുവാഭരണം കമ്മീഷണർ ആർ. റെജിലാൽ, ദേവസ്വം സ്മിത്ത്, ഹൈക്കോടതി നിയോഗിച്ച സ്മിത്ത്, വിജിലൻസ് എസ്പി ഡി. സുനിൽകുമാർ എന്നിവർക്കൊപ്പമായിരുന്നു പരിശോധനകൾ.
ആറന്മുള ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന 58 പവൻ സ്വർണാഭരണങ്ങൾ കാണാതായെന്ന് കഴിഞ്ഞയിടെ ഒരു ഭക്തൻ ആക്ഷേപം ഉന്നയിച്ചിരുന്നു.
ആറന്മുളയിലെ സ്ട്രോംഗ് റൂമിലെ രജിസ്റ്ററുകൾ, മഹസറുകൾ ഇവയും സ്റ്റോക്കുമായി ഒത്തുനോക്കിയായിരുന്നു പരിശോധന. പ്രത്യേക പട്ടിക തയാറാക്കി മൂല്യവും തൂക്കവും രേഖപ്പെടുത്തി.
പരിശോധന പൂർത്തിയാക്കിയ ശേഷം ജസ്റ്റീസ് കെ.ടി. ശങ്കരൻ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകും.
District News
ആറന്മുള: വിജ്ഞാനകേരളം ഹയര്‍ ദ ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള കോളജ് ഓഫ് എന്‍ജിനിയറിംഗ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ ഡിസ്ക്, കെകെഇഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ്മോന് അധ്യക്ഷത വഹിച്ചു.
അമ്പതോളം കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ 500ല്‍പരം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 110 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും 170 പേരെ അടുത്തഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയുമുണ്ടായെന്ന് ജില്ലാ മിഷന് മാനേജര്‍ ബി. ഹരികുമാര്‍ പറഞ്ഞു.
തുടര്മേളകള് 25ന് റാന്നി വൈക്കം ഗവ. സ്കൂൾ, പരുമല ഡിബി കോളജ്, കാരംവേലി എസ്എന്‍ഡിപിഎച്ച്എസ്എസ് എന്നിവിടങ്ങളിലും നവംബര്‍ ഒന്നിന് ഗവ. സ്കൂള്‍ കൈപ്പട്ടൂർ, ഗവ. ബോയ്സ് സ്കൂള്‍ അടൂര്‍ എന്നിവിടങ്ങളിലും നടക്കും.
കോളജ് ഓഫ് എന്‍ജിനിയറിംഗ് ആറന്മുള പ്രിന്‍സിപ്പല്‍ എസ്.ബി. റിനി ജോണ്‍സ്, വിജ്ഞാന പത്തനംതിട്ട ഡിഎംസി ബി. ഹരികുമാര്‍ , മുന്‍ എംഎല്‍എ എ. പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ആർ. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗം ജൂലി ദിലീപ്, സ്ഥിരംസമിതി അധ്യക്ഷന്‍ പോള്‍ രാജൻ,
ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ശിവൻ, വിശ്വന്, വിജ്ഞാന പത്തനംതിട്ട പിഎംയു അംഗം ജോര്‍ജ് വര്‍ഗീസ്, കോളജ് ഓഫ് എന്‍ജിനിയറിംഗ് ആറന്മുള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുവിന് സുന്ദര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍ പി., സിഡിഎസ് ചെയര്‍പേഴ്സണ്‍ സോമവല്ലി എന്നിവര്‍ പ്രസംഗിച്ചു.
Kerala
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്.
501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. അരലക്ഷത്തിൽപരം ആളുകൾ സദ്യയിൽ പങ്കാളികളാകും.
500ല്‍ പരം പാചകക്കാരാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്. അന്പലപ്പുഴ പാൽപ്പായസം അടക്കം നാല്പതിൽപരം വിഭവങ്ങളോടെയുള്ള സദ്യ ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് വിളന്പുന്നത്. സദ്യയിൽ പങ്കെടുക്കുന്നതിനായി ആറന്മുള കരയിലെ പള്ളിയോടങ്ങൾ രാവിലെ 11.30ഓടെ ജലഘോഷയാത്രയായി ക്ഷേത്രക്കടവിലെത്തും.
മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, വീണാ ജോർജ്, പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ പി. ഡി. സന്തോഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
Kerala
ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണിയാത്ര ഇന്ന്. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യം പേറുന്ന തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നു വൈകുന്നേരം പുറപ്പെടും.
മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയ്ക്കായി ഭട്ടതിരി ജലമാര്‍ഗം ആറന്മുളയ്ക്കു യാത്രതിരിച്ചു. പരന്പരാഗത വഴിയിലൂടെ ഇന്നലെ ആറന്മുളയിലെത്തി.
ഇന്നു രാവിലെ ആറന്മുളയില് നിന്നു പുറപ്പെട്ട് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഉച്ചപൂജയ്ക്കുംശേഷം ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടും. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി കൊളുത്തി നല്കുന്ന ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിക്കും. കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റും.
ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റു വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്തു തയാറാക്കിയവയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെ യാത്ര തിരിക്കുന്ന തിരുവോണത്തോണി അയിരൂര്‍ മഠത്തിലും മേലുകര വെച്ചൂര്‍ മനയിലും അടുപ്പിച്ച് ഉപചാരം സ്വീകരിക്കും.
പമ്പയെ പ്രകാശപൂരിതമാക്കിയുള്ള യാത്രയെ ഇരുകരകളിലും മണ്‍ചിരാതുകള്‍ തെളിച്ച് സ്വീകരിക്കും. പുലര്‍ച്ച ക്ഷേത്രക്കടവിലെത്തുന്ന തോണിയില്‍ നിന്ന് ഭദ്രദീപം ക്ഷേത്ര ശ്രീകോവിലില്‍ കൊളുത്തും. ഇന്നു രാത്രി പന്പയിലൂടെ യാത്ര ചെയ്ത് നാളെ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്പോള് ഭട്ടതിരിയെയും സംഘത്തെയും ആചാരപരമായ ചടങ്ങുകളോടെ സ്വീകരിക്കും.
തോണിയിലെത്തിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തില്‍ തിരുവോണ ദിവസം സദ്യ ഒരുക്കുന്നത്. സദ്യയ്ക്കുശേഷം പണക്കിഴിയും സമര്‍പ്പിച്ച് ഭട്ടതിരി മടങ്ങും. പന്പയെ പ്രകാശ പൂരിതമാക്കിയുള്ള യാത്രയുടെ സ്മരണയിലാണ് ഉത്തൃട്ടാതി നാളില്‍ പന്പാനദിയില്‍ പള്ളിയോടങ്ങള്‍ ജലഘോഷയാത്രയ്ക്കെത്തുന്നത്.