പത്തനംതിട്ട: ആറന്മുളയിൽ മൂന്നാം ഊഴം തേടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ യുവനേതാവ് അബിൻ വർക്കി അട്ടിമറി വിജയം നേടി. 18,985 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബിൻ വർക്കിയുടെ വിജയം. എൽഡിഎഫിന്റെ ഉറച്ച മേഖലകളിൽ പോലും മന്ത്രിക്ക് വോട്ടുകൾ നഷ്ടമായി. കുമ്മനം രാജശേഖരൻ മത്സരിച്ചിട്ടും ബിജെപിക്ക് മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.
ആരോഗ്യമന്ത്രി എന്ന നിലയിൽ നേരിട്ട വിവിധ ആരോപണങ്ങൾ വീണയ്ക്ക് തിരിച്ചടിയായി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം അടക്കമുള്ള പിഴവുകൾ യുഡിഎഫ് സജീവമായി പ്രചാരണ വിഷയമാക്കിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുമായുണ്ടായ സംഘർഷവും മന്ത്രിക്കെതിരെ വിചാരണ ചെയ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും ആറന്മുളയിൽ യുഡിഎഫിന് ഗുണകരമായി.
ശബരിമല സ്വർണക്കൊള്ള വിവാദം പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. റാന്നി, ആറന്മുള, അടൂർ മണ്ഡലങ്ങളിൽ ഇത് വലിയ സ്വാധീനം ചെലുത്തി. ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ സ്വന്തം സ്ഥാനാർത്ഥി ഇല്ലാതെ മത്സരിച്ച ബിജെപിക്ക് ഈ വിഷയം അനുകൂലമാക്കാൻ കഴിഞ്ഞില്ല. കോന്നി ഒഴികെയുള്ള ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫ് വിജയം കൈവരിച്ചു.