പത്തനംതിട്ട: ആറന്മുളയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്ന് അബിൻ വർക്കി എംഎൽഎ. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്രട്ടാതി വള്ളംകളിയും കണ്ണാടിയും മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകളും കൊണ്ട് ആറന്മുള പ്രദേശത്തിനുള്ള ഖ്യാതി വളരെ വലുതാണ്.ശബരിമലയിലെത്തുന്ന വിശ്വാസികളിൽ അഞ്ച് ശതമാനം പത്തനംതിട്ടയിലും ആറന്മുളയിലും എത്തിയാൽ ഈ നഗരങ്ങളിലെ സാമ്പത്തിക വളർച്ച വളരെ ഉയർന്ന തലത്തിലെത്തും. റോഡ്, ആരോഗ്യ മേഖലകളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി ഈ ലക്ഷ്യത്തിലെത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
പത്തനംതിട്ട അബാൻ മേൽപ്പാലം, കോഴഞ്ചേരി പാലം എന്നിവയുടെ പണികൾ പൂർത്തീകരിച്ചു തുറന്നു കൊടുക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചിട്ടുണ്ട്. ശുദ്ധജല ദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിഹാര നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ജനകീയപ്രശ്നങ്ങളിൽ എന്നും ജനങ്ങളോടൊപ്പം യുഡിഎഫ് സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ദാനിയേൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, കെപിസിസി നിർവാഹകസമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, സുനിൽ എസ്. ലാൽ, കെ.ജി. അനിത, അബ്ദുൾ കലാം ആസാദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Aim to introduce Aranmula