മത്സരശേഷം മെസി മൈതാനത്ത് നിരാശയോടെ ഇരുന്നപ്പോൾ
ഫിഫ ഫുട്ബോള്‍ 2026 സീസണില്‍ വന്‍ ആരാധക ശൃംഖലയുള്ള രണ്ട് താരങ്ങള്‍ നിശബ്ദമായി. രണ്ടു പേരും നായകന്മാരായി ടീമിനെ മുന്നില്‍ നിന്നു നയിച്ചവര്‍; അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെയും... 10 ഗോളും നാല് അസിസ്റ്റുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയാണ് കിലിയന്‍ എംബപ്പെ മടങ്ങിയത്.
ഹാട്രിക്ക് അടക്കം എട്ട് ഗോളുമായി മെസിയാണ് ഗോള്‍വേട്ടയില്‍ രണ്ടാമന്. നാല് അസിസ്റ്റും ചേരുമ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ പങ്കാളിത്തം 12. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുടിയ താരം (39), ലോകകപ്പ് ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായമുള്ള ഫീല്‍ഡ് കളിക്കാരന് തുടങ്ങിയ റിക്കാര്ഡുകളുമായാണ് മെസിയുടെ മടക്കം. എന്നാല്‍, ഇരുവരും സ്പെയിനിന്റെ കൂട്ടായ തന്ത്രത്തിനു മുന്നില്‍ നിശബ്ദമായി.
ഇടംകാല് നിശബ്ദം
ഫൈനലില്‍ സ്പെയിനിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ പ്രതീക്ഷയുടെ ഭാരം ലയണല്‍ മെസി എന്ന നായകന്റെ ഇടംകാലിലായിരുന്നു. മെസി ടീമിന് തുടര്‍ച്ചയായ രണ്ടാം ലോകകിരീടം സമ്മാനിക്കുമെന്ന് ഏവരും കരുതി. എന്നാല്‍, സ്പെയിന് മെസിയെ പൂട്ടി. അസാധ്യമായത് സാധ്യമാക്കുന്ന മെസിയുടെ ഇടം കാലിലേക്ക് പന്ത് എത്തിക്കാതിരിക്കുന്നതില്‍ സ്പാനിഷ് പട വിജയിച്ചു. ഫൈനലില്‍ മെസിക്ക് സ്പാനിഷ് ഗോള്‍ പോസ്റ്റിലേക്ക് ഒരു േഷാട്ട് പോലും ഉതിര്‍ക്കാനായില്ല.
എംബപ്പെ ഞെട്ടി
ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറര്‍ (22) എന്ന നേട്ടവുമായാണ് എംബപ്പെ മടങ്ങിയത്. ലയണല്‍ മെസിയുടെ (21) റിക്കാര്‍ഡ്, ലൂസേഴ്സ് ഫൈനലിലെ ഇരട്ടഗോളിലൂടെ എംബപ്പെ മറികടന്നു. എന്നാല്‍, സ്പെയിനിന് എതിരായ സെമി ഫൈനലില്‍ എംബപ്പെയുടെ കാലുകള്‍ നിശബ്ദമായി. സ്പെയിനോട് 2-0നു പരാജയപ്പെട്ട് ഫ്രാന്‍സ് പുറത്തായപ്പോള്‍ എംബപ്പെ തലകുനിച്ചു. ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ എംബപ്പെയ്ക്കും സാധിച്ചില്ല.
ബൈ മെസി
ഈ ലോകകപ്പിനിടെ 39 വയസ് പൂര്‍ത്തിയാക്കിയ ലയണല്‍ മെസി ഇനിയൊരു ലോകകപ്പ് വേദിയില്‍ എത്തുമോ..? വരില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍, 2030ലെ ലോകകപ്പിന്റെ സമയത്ത് മെസി 43ലെത്തും. 40-ാം വയസില്‍ ലോകകപ്പ് വേദിയില്‍ ആദ്യമായി എത്തി കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കി മടങ്ങിയ കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയെ മറക്കരുത്. അതുകൊണ്ട് 43-ാം വയസില്‍ മെസി വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ എത്തിയാല്‍ അദ്ഭുതമില്ല... അതിനായാണ് മെസിയുടെയും അര്‍ജന്റീനയുടെയും ആരാധക കാത്തിരിപ്പ്...
Tags : Messi Mbappe quiet FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights