Sports
നാം ജീവിക്കുന്നത് കാല്പ്പന്ത് ഭൂഗോളപ്പോരിലെ അണ്സ്റ്റോപ്പബിള് പ്രതിഭകളുടെ കാലത്ത്... 1958, 62, 70 ലോകകപ്പുകള് സ്വന്തമാക്കിയപ്പോള് ബ്രസീല് ഇതിഹാസം സാക്ഷാല് പെലെ ഇമ്മോര്ട്ടലായെന്ന് വിലയിരുത്തപ്പെട്ടു. ആദ്യമായി മൂന്നു ഫിഫ ലോകകപ്പ് നേടിയ, ഇന്നും ആ റിക്കാര്ഡില് മറ്റൊരവകാശിയില്ലാത്ത ഇമ്മോര്ട്ടല് ബ്രസീലിയന്; പെലെ.
കൈയില് ഗ്ലൗ അണിയാതെ ഗോള്കീപ്പര്മാര് വലകാത്ത കാലമായിരുന്നു അത്. പിന്നീട് 1986ല് അര്ജന്റൈന് ഇതിഹാസം ഡിയേഗോ മാറഡോണയുടെ രംഗപ്രവേശം. നൂറ്റാണ്ടിന്റെ ഗോളുമായി ആരാധകരുടെ ഹൃദയങ്ങളില് ചേക്കേറി മാറഡോണയും കടന്നുപോയി...
നയന്റീസും മില്ലേനിയവും ജെന്സിയും കടന്ന് ആല്ഫയിലേക്കെത്തുമ്പോള് ഫിഫ ലോകകപ്പ് ഹൃദയങ്ങളില് ലയണല് മെസിയും കിലിയന് എംബപ്പെയും മാത്രമായി ചുരുങ്ങുന്നു... അതെ, അണ്സ്റ്റോപ്പബിള് മെസിയും എംബപ്പെയും ഫിഫ ലോകകപ്പ് വേദിയില് റിക്കാര്ഡ് ഗോളടിമേളവുമായി അരങ്ങുതകര്ക്കുന്നു... പോര്ച്ചുഗല് ഇതിഹാസമായ, ക്രിസ്റ്റ്യാനോ റൊണാള്ഡോ നിറംമങ്ങുന്ന ലോക വേദി.
2018 ഫിഫ ലോകകപ്പില് ഫ്രാന്സിനെ കിരീടത്തിലെത്തിച്ചതു മുതല് കിലിയന് എംബപ്പെ, പെലെയുടെ സീറ്റിലേക്കുള്ള പരക്കംപാച്ചിലിലാണ്. 2022ല് ഫ്രാന്സ് ഫൈനല് കളിച്ചപ്പോള് മെസിയും എംബപ്പെയും തമ്മിലുള്ള നേര്ക്കുനേര് പോരാട്ടമായി അതുമാറി. ഫൈനലില് ഹാട്രിക് നേടി ചരിത്രംകുറിച്ചെങ്കിലും കിരീടത്തില് മെസിയുടെ മുത്തമായിരുന്നു. നാലു വര്ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പിന്റെ ചൂടില് ഭൂഗോളം തിളച്ചുനില്ക്കുമ്പോള് വീണ്ടും ഉയരുന്നത് മെസിയുടെയും എംബപ്പെയുടെയും പേരുകള്... കാരണം, ഫിഫ ലോകകപ്പ് വേദിയില് റിക്കാര്ഡ് ഗോളടിയുമായി ഇരുവരും മുന്നേറുന്നു.
2026 ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങള് പൂര്ത്തിയായപ്പോള് ഏറ്റവും കൂടുതല് ഗോള് നേടുന്ന താരത്തിനുള്ള ഗോള്ഡന് ബൂട്ട് പോരാട്ടത്തിലും മുന്നിലുള്ളത് മെസിയും (അഞ്ച്) എംബപ്പെയും (നാല്). ഒരു ഹാട്രിക്കും (അള്ജീരിയ) ഒരു ഇരട്ടഗോളുമായി (ഓസ്ട്രിയ) മെസി അഞ്ച് തവണ എതിര് വലയില് പന്ത് നിക്ഷേപിച്ചു. എംബപ്പെ രണ്ട് ഇരട്ടഗോള് (സെനഗല്, ഇറാക്ക്) നേട്ടവുമായി നാലു ഗോളിലുമെത്തി.
◄ റിക്കാര്ഡ് മെസി
അള്ജീരിയയ്ക്ക് എതിരായ ഹാട്രിക്കോടെ ഫിഫ ലോകകപ്പ് ചരിത്രത്തില് ഏറ്റവും കൂടുതല് ഗോള് എന്ന ജര്മന് മുന്താരം മിറോസ്ലാവ് ക്ലോസെയുടെ (16) റിക്കാര്ഡിനൊപ്പം മെസി എത്തിയിരുന്നു. ഓസ്ട്രിയയ്ക്ക് എതിരായ ഇരട്ടഗോളോടെ ഈ റിക്കാര്ഡ് മെസിക്കു (18) മാത്രം സ്വന്തം. 28 മത്സരങ്ങളില്നിന്നാണ് മെസി 18 ലോകകപ്പ് ഗോള് സ്വന്തമാക്കിയത്. 24 മത്സരങ്ങളില്നിന്നായിരുന്നു ക്ലോസെയുടെ 16 ഗോള് നേട്ടം. ക്ലോസെയ്ക്ക് ഒപ്പം കിലിയന് എംബപ്പെ എത്തി. ബ്രസീലിന്റെ റൊണാള്ഡോ നസാരിയൊയാണ് 15 ഗോള് തികച്ച മറ്റൊരു താരം.
◄ അമ്പമ്പോ എംബപ്പെ
ഭൂഗോളത്തെ അമ്പരിപ്പിക്കുന്ന ഗോളടിയുമായി ഫ്രഞ്ച് സൂപ്പര്താരം കിലിയന് എംബപ്പെ പുതിയ റിക്കാര്ഡില്. ഫിഫ ലോകകപ്പില് അതിവേഗം 15 ഗോള് നേടുന്ന താരമെന്ന റിക്കാര്ഡാണ് 27കാരനായ ഈ ഫ്രഞ്ച് താരം സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിലെ 16-ാം മത്സരത്തില് എംബപ്പെ 15 ഗോള് പിന്നിട്ടു. നിലവില് 16 മത്സരങ്ങളില്നിന്ന് 16 ഗോള്, ഒരു മത്സരത്തില് ഒരു ഗോള് എന്ന അദ്ഭുതാവഹമായ ശരാശരി. ഫിഫ ലോകകപ്പ് ചരിത്രത്തില് 15 ഗോള് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന നേട്ടവും എംബപ്പെയ്ക്കു സ്വന്തം.
◄ മെസിയെ പിന്തള്ളുമോ?
ഫിഫ ലോകകപ്പില് ഏറ്റവും കൂടുതല് ഗോള് എന്ന മെസിയുടെ റിക്കാര്ഡ്, നിലവിലെ ഫോം അനുസരിച്ച് കിലിയന് എംബപ്പെ തകര്ക്കുമെന്നുറപ്പ്. മെസിയുടെ 18 ഗോള് എന്ന റിക്കാര്ഡിലേക്ക് എംബപ്പെയ്ക്കുള്ളത് രണ്ട് എണ്ണത്തിന്റെ അകലം മാത്രം. ഈ ലോകകപ്പില് നിലവിലെ ഫോം തുടര്ന്നാല് മെസിയെ പിന്തള്ളാന് എംബപ്പെയ്ക്കു സാധിച്ചേക്കില്ല. പക്ഷേ, ഇരുവരും മത്സരിച്ച് സ്കോര് ചെയ്തു മുന്നേറുകയാണെന്നതാണ് ശ്രദ്ധേയം.
വിരമിച്ചില്ലെങ്കില്, മെസി ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന് എത്തിയാല് അന്ന് 42 വയസ് ഉണ്ടാകും. അതിന്റെ സാധ്യത എത്രമാത്രമെന്നു കണ്ടറിയണം. അതേസമയം, 27കാരനായ എംബപ്പെ മൂന്നു ലോകകപ്പ്കൂടി കളിക്കാന് സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള് മെസി കുറിക്കുന്ന റിക്കാര്ഡ് എംബപ്പെയുടെ കൈയിലായിരിക്കും വിശ്രമിക്കുക...
Sports
ഹൂസ്റ്റണ്: ഫിഫ 2026 ലോകകപ്പ് കാൽപന്താവേശം അഞ്ച് ദിനം പിന്നിടുന്പോൾ ആവേശം വാനോളം. ആറാം ലോകകപ്പ് മത്സരത്തിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കോംഗോയും തമ്മിലുള്ള സമനില പോരാട്ടത്തോടെ ആദ്യ റൗണ്ടിനു സമാപനം. ഗ്രൂപ്പ് എയിൽ ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെ രണ്ടാം റൗണ്ട് പോരാട്ട രാവുകൾക്ക് ഇന്ന് തുടക്കം.
അഞ്ച് ദിനം 21 മത്സരങ്ങൾ പിന്നിടുന്പോൾ ലയണൽ മെസി ഹാട്രിക്, എംബാപ്പെ ഡബിൾ ടച്ച്, എർലിംഗ് ഹാലണ്ടിന്റെ ഇരട്ട പ്രഹരത്തിൽ നോർവെ ജയം... ശക്തരുടെ കരുത്തും കുഞ്ഞൻമാരുടെ വീഴ്ചയും വന്പൻമാരുടെ വന്പും ഈ ദിനങ്ങളിലെ കാഴ്ച.
ബ്രസീൽ- മൊറോക്കോ കോട്ട
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പന്താവേശത്തിന് തുടക്കമിട്ടു. ഗ്രൂപ്പ് ഘട്ട ആദ്യ ശക്തരുടെ മത്സരം ബ്രസീൽ പടയെ പിടിച്ചുകെട്ടിയ മൊറോക്കോയുടെ ആരവമായിരുന്നു. ഗ്രൂപ്പ് സിയിൽ 14ന് ഏറ്റുമുട്ടിയപ്പോൾ (1-1) തുല്യത പാലിക്കപ്പെട്ടു. ആദ്യം കുലുങ്ങിയത് ബ്രസീൽ. 21-ാം മിനിറ്റിൽ ഇസ്മയിൽ സൈബരിയുടെ പ്രകന്പനം. 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു.
ജർമൻ ഗർജനം
ജർമൻ കരുത്തിന് മുന്നിൽ അരങ്ങേറ്റക്കാരും ലോകകപ്പിലെ കുഞ്ഞൻ രാജ്യക്കാരുമായ കുറസോവയുടെ പതനം കനത്തതായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോയ ജർമൻ പട ആധിപത്യം 7-1ന് ആഘോഷിച്ച് തിരിച്ചുവന്നു. ആറാം മിനിറ്റിൽ ഫെലിസ് നമെച്ചയിലൂടെ ജർമനി ലക്ഷ്യം കണ്ടു.
21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻഷ്യയിലൂടെ കുറസോവയുടെ തിരിച്ചടിയിൽ ജർമൻ ആരാധകർ സ്തപ്തരായി. എന്നാൽ ജർമൻ പടയുടെ ഗർജനം അവിടെ ആരംഭിച്ചു. 4-1ന് ആദ്യ പകുതി ജർമനി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 10 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഗോളുകൾ. ഇരട്ട ഗോൾ സ്വന്തമാക്കി കായ് ഹവേർട്സ് ജർമൻ ഗോൾ വേട്ട അവസാനിപ്പിച്ചു. ഫുട്ബോൾ ലോകത്തെ രണ്ടാം ദിനം ഈ രണ്ട് മത്സരങ്ങൾ വ്യത്യസ്ഥ ആവേശം വിതറി.
സ്പെയിനെ കുരുക്കി
റാങ്കിംഗിൽ മുൻനിരക്കാരായ സ്പെയിൻ സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത കുരുക്കിൽപ്പെട്ടു. ദുർബലരായ കേപ് വെർദോയോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയെന്നത് സ്പെയിന് അപായ സൂചനയാണ്. മൂന്നാം ദിനമായിരുന്നു ഈ മത്സരം.
ബെൽജിയം
നാലാം ദിനം ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ കിളിപറന്നു. ഈജിപ്ത് 1-1ന് മത്സര ഫലം അവസാനിപ്പിച്ചു. 20-ാം മിനിറ്റിൽ ഈജിപ്ത് ലക്ഷ്യം ഭേദിച്ചു. രണ്ടാം പകുതിയുടെ 66-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയിലൂടെയാണ് ബെൽജിയത്തിന് സമ്മർദം അവസാനിപ്പിക്കാനായത്.
ഗ്രൂപ്പ് ജിയിൽ തന്നെ യുദ്ധ കോലാഹലത്തിൽനിന്നെത്തിയ ഇറാൻ- ന്യൂസിലൻഡ് പോര് മുറുകി. ഇരു ടീമും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഒടുവിൽ 2-2 സമനില.
അഞ്ചാം ദിന ആവേശ രാവ്
കാൽപ്പന്താവേശം കൊടുമുടിയിലെത്തിയത് അഞ്ചാം ദിനമാണ്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ തകർത്ത് തരിപ്പണമാക്കിയത് നീണ്ട കണക്ക് തീർത്ത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വപ്ന സാക്ഷാത്കാരം നേടിയത് ചരിത്രം കുറിച്ച്. ഇതിഹാസ താരം ലയണൽ മെസിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്.
ലോകകപ്പ് ഗോൾ വേട്ടയിൽ (16) ഒന്നാമനെന്ന ചരിത്രവും പിറന്നു. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം. ലോകകപ്പിൽ ഗോൾ വല കുലുക്കിയ പ്രായം കൂടിയ താരമെന്ന റിക്കാർഡിനും മെസി തന്നെ ഉടമ. 2014ന് ശേഷം ടീം ജയത്തോടെ ടൂർണമെന്റ് തുടങ്ങുന്നത് ആദ്യം. അൽജീരിയയെ തകർത്ത തുടക്കം 3-0ന്റെ വന്പൻ ജയവുമായി.
ഫ്രാൻസ് ആകട്ടെ സെനഗലിനെ തകർത്തത് പതിറ്റാണ്ട് മുന്പ് സെമിയിൽ വിറപ്പിച്ചതിനുള്ള മറുപടി കണക്കുമായി. ജയം 3-1ന്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകൾ മനോഹാരിതയായി. ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ (58) നേടിയ താരമെന്ന റിക്കാർഡും എംബാപ്പെ പേരിൽ കുറിച്ചു.
ഹാലണ്ട് നോർവെ
എർലിംഗ് ഹാലണ്ടിന്റെ ഫിഫ ലോകകപ്പ് ഇരട്ട പ്രഹര അരങ്ങേറ്റത്തിൽ ഇറാക്കിനെ മുക്കി നോർവെ നേടിയത് വന്പൻ ജയം. 1998 ലോകകപ്പിനുശേഷം ആദ്യമായി വേദിയിലെത്തിയ നോർവെ സ്വന്തമാക്കിയത് 4-1ന്റെ ജയം.
ഗം ഇല്ല പോർച്ചുഗൽ
അഞ്ചാം ദിനം അവസാന മത്സരം. ഗ്രൂപ്പ് കെയിൽ ആറാം ലോകകപ്പിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആരവം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല തകർത്തു. 45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പോർച്ചുഗൽ ശ്രമങ്ങൾക്ക് കോംഗോ മതിൽകെട്ടിയതോടെ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു.
ഇനിയും ആവേശ നിമിഷങ്ങൾ അലതല്ലും. കിരീട പോരിന് 81 മത്സര അസുലഭ സുന്ദര നിമിഷങ്ങൾ. വന്പൻ പോരിനും പിരിമുറുക്കങ്ങളുടെ നിമിഷത്തിനും അയവില്ല. ഉയരട്ടെ ആരവം... ഉണരട്ടെ കാൽപ്പന്താവേശം...
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില് റയല് മാഡ്രിഡിനു ഹോം ജയം. സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്ണബ്യുവില് ആല്വെസിന് എതിരേ ഇറങ്ങിയ റയല് മാഡ്രിഡ് 2-1ന്റെ ജയം സ്വന്തമാക്കി. സൂപ്പര് താരങ്ങളായ കിലിയന് എംബപ്പെ (30), വിനീഷ്യസ് ജൂണിയര് (50) എന്നിവരായിരുന്നു റയല് മാഡ്രിഡിന്റെ ഗോള് നേട്ടക്കാര്.
32 മത്സരങ്ങളില്നിന്ന് 73 പോയിന്റുമായി റയല് മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 31 മത്സരങ്ങളില്നിന്ന് 79 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
Sports
പാരീസ്: ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ തകർത്ത് ഫ്രാൻസ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ 2-1 നാണ് ഫ്രഞ്ച് നിരയുടെ ജയം.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫ്രാൻസ് പത്തുപേരായി ചുരുങ്ങിയിട്ടും ബ്രസീലിന് ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. കിലിയൻ എംബാപ്പെയും ഹ്യൂഗോ എക്കിറ്റിഗെയുമാണ് ഫ്രാൻസിനായി വല കുലുക്കിയത്. ഗ്ലെയ്സൺ ബ്രെമറാണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. എന്നാൽ പത്തുപേരുമായി കളിച്ചിട്ടും തളരാത്ത ഫ്രഞ്ച് പട 65-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മൈക്കൽ ഒലീസ് ഒരുക്കിയ അവസരത്തിൽ നിന്ന് ഹ്യൂഗോ എക്കിറ്റികെയാണ് ഇത്തവണ വല കുലുക്കിയത്.
രണ്ടാം ഗോളും പിറന്നതോടെ ബ്രസീൽ തങ്ങളുടെ സർവസന്നാഹങ്ങളും ഉപയോഗിച്ച് പൊരുതിയെങ്കിലും വിജയം മാത്രം അകന്നു നിന്നു. തോൽവി നേരിട്ടെങ്കിലും മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയത്. 46 ശതമാനം സമയം പന്ത് കൈവശം വെച്ച ബ്രസീൽ 17 ഷോട്ടുകളും പായിച്ചു.
Sports
പാരീസ്: ബ്രസീല് സൂപ്പര് താരം നെയ്മര് ഇല്ലാത്ത ഫിഫ ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കാന് സാധിക്കുന്നില്ലെന്നു ഫ്രാന്സിന്റെ കിലിയന് എംബപ്പെ.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്മെയ്നില് നെയ്മറും എംബപ്പെയും ഒന്നിച്ചു കളിച്ചിരുന്നു. 2023 ഒക്ടോബറിലാണ് നെയ്മര് അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്.
ലോകകപ്പ് താരങ്ങളുടെ സംഗമവേദിയാണ്. നെയ്മര് വമ്പന് താരങ്ങളില് ഒരാളാണ്. നെയ്മര് ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് എനിക്കു ചിന്തിക്കാനാവില്ല- എംബപ്പെ പറഞ്ഞു.
Sports
മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല് മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബപ്പെയ്ക്കു പരിക്ക്. ടീം പരിശീലനത്തിനിടെ താരത്തിന്റെ കാല്മുട്ടിനു പരിക്കേറ്റതായി ക്ലബ് അറിയിച്ചു. 2025-26 സീസണില് റയല് മാഡ്രിഡിനായി മികച്ച പ്രകടനമായിരുന്നു എംബപ്പെ കാഴ്ചവച്ചത്.
വിവിധ കോമ്പറ്റീഷനുകളിലായി 24 മത്സരങ്ങളില്നിന്ന് 29 ഗോള് നേടുകയും അഞ്ച് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു. 27കാരനായ താരം ഈ സീസണ് ലാ ലിഗയില് 18 മത്സരങ്ങളില്നിന്ന് 18 ഗോള് സ്വന്തമാക്കി. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും എംബപ്പെയ്ക്കു വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്ട്ട്.
സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ഞായറാഴ്ച റയൽ ബെറ്റിസിന് എതിരേയാണ്. ഇന്ത്യൻ സമയം രാത്രി 8.45നാണ് മത്സരത്തിന്റെ കിക്കോഫ്. ലീഗിൽ 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ 42 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 46 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര് ക്ലബ്ബായ റയല് മാഡ്രിഡിന്റെ മുന് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ഗോളടി റിക്കാര്ഡിനൊപ്പം കിലിയന് എംബപ്പെ. ഒരു കലണ്ടര് വര്ഷത്തില് റയല് മാഡ്രിഡിനായി ഏറ്റവും കൂടുതല് ഗോള് എന്ന സിആര്7ന്റെ റിക്കാര്ഡിനൊപ്പം എംബപ്പെ എത്തി.
ലാ ലിഗ ഫുട്ബോളില് സെവിയ്യയ്ക്ക് എതിരായ ഹോം മത്സരത്തില് 86-ാം മിനിറ്റിലെ പെനാല്റ്റി ഗോളാക്കിയാണ് ഫ്രഞ്ച് സൂപ്പര് താരം പോര്ച്ചുഗീസ് ഇതിഹാസത്തിന്റെ ഒപ്പമെത്തിയത്. മത്സരത്തില് റയല് മാഡ്രിഡ് 2-0ന്റെ ജയം സ്വന്തമാക്കി. 38-ാം മിനിറ്റില് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിന്റെ ഗോളിലൂടെ റയല് മാഡ്രിഡ് ലീഡ് നേടിയിരുന്നു. 68-ാം മിനിറ്റില് മാര്കസ് ഡൊ നാസിമെന്റോ ചുവപ്പ് കാര്ഡ് കണ്ടതോടെ സെവിയ്യയുടെ അംഗബലം 10ലേക്കു ചുരുങ്ങി.
59 ഗോള്; സ്യൂ...
ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ഗോളാഘോഷമായ ‘സ്യൂ’ നടത്തിയാണ് അദ്ദേഹത്തിന്റെ റയല് മാഡ്രിഡ് റിക്കാര്ഡിനൊപ്പമെത്തിയത് കിലിയന് എംബപ്പെ ആഘോഷിച്ചത്. ലോക ഫുട്ബോളിലെ ഗോട്ടായി (ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം) ഹൃദയത്തില് സൂക്ഷിക്കുന്ന, തന്റെ ആരാധ്യതാരമായ റൊണാള്ഡോയുടെ റിക്കാര്ഡിനൊപ്പമെത്തിയതില് അതിയായ സന്തോഷവും കിലിയന് എംബപ്പെ പങ്കുവച്ചു.
റയല് മാഡ്രിഡിന്റെ ഇതിഹാസവും ലോകത്തിനു മുന്നിലെ റോള് മോഡലുമായ റൊണാള്ഡോയ്ക്ക് ഒപ്പമെത്താനായത് അതുല്യനേട്ടമാണെന്ന് എംബപ്പെ പറഞ്ഞു. സ്യൂ ആഘോഷം റൊണാള്ഡോയ്ക്കായി സമര്പ്പിക്കുന്നതായും ഫ്രഞ്ച് താരം വ്യക്തമാക്കി.
2025 കലണ്ടര്വര്ഷത്തില് റയല് മാഡ്രിഡിനായി 59 ഗോളുകള് എംബപ്പെ നേടി; 2013 കലണ്ടര് വര്ഷത്തില് 59 ഗോളുമായി റൊണാള്ഡോ കുറിച്ച റിക്കാര്ഡിനൊപ്പം. ഈ വര്ഷം റയലിന്റെ അവസാന മത്സരമായിരുന്നു സെവിയ്യയ്ക്ക് എതിരേ സാന്റിയാഗോ ബര്ണബ്യൂവില് നടന്നത്. ലാ ലിഗ 2025-26 സീസണില് 17 മത്സരങ്ങളില്നിന്ന് 18 ഗോള് എംബപ്പെ നേടിക്കഴിഞ്ഞു.
ഹാപ്പി ബെര്ത്ത് ഡേ
27-ാം ജന്മദിനത്തിലാണ് എംബപ്പെ റൊണാള്ഡോയുടെ മാഡ്രിഡ് ഗോള് റിക്കാര്ഡിനൊപ്പം എത്തിയതെന്നതും ശ്രദ്ധേയം. 1998 ഡിസംബര് 20നാണ് എംബപ്പെയുടെ ജനനം. 2025-26 സീസണില് വിവിധ കോമ്പറ്റീഷനുകളില്നിന്നായി 29 ഗോള് എംബപ്പെയ്ക്കുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്നിന്ന് 2024 ജൂലൈയിലാണ് എംബപ്പെ റയല് മാഡ്രിഡില് എത്തിയത്. റയലിന്റെ ജഴ്സിയില് ഇതുവരെ 83 മത്സരങ്ങളില്നിന്ന് 73 ഗോള് സ്വന്തമാക്കിയിട്ടുണ്ട്.
ലാ ലിഗയില് 18 മത്സരങ്ങളില്നിന്ന് 42 പോയിന്റുമായി റയല് രണ്ടാമതാണ്. 17 മത്സരങ്ങളില് 43 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്.
Sports
ഏഥൻസ്: യുവേഫ ചാമ്പ്യന്സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കുകളില് രണ്ടാം സ്ഥാനം കുറിച്ച് സ്പാനിഷ് ക്ലബ് റയല് മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബപ്പെ. ആറ് മിനിറ്റ് 42 സെക്കന്ഡിനിടെ മൂന്നു ഗോള് എതിര് പോസ്റ്റില് നിക്ഷേപിച്ചാണ് എംബപ്പെ ചരിത്രത്താളില് ഇടംനേടിയത്.
22, 24, 29 മിനിറ്റുകളിലായിരുന്നു റിക്കാര്ഡ് ബുക്കിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ ഹാട്രിക്. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാകസായിരുന്നു എതിരാളികള്. മത്സരത്തില് റയല് മാഡ്രിഡ് 4-3നു ജയം സ്വന്തമാക്കി. റയലിന്റെ നാലാം ഗോളും (59-ാം മിനിറ്റ്) എംബപ്പെയുടെ വകയായിരുന്നു എന്നതും ശ്രദ്ധേയം.
എംബപ്പെ = റൊണാള്ഡോ
ചാമ്പ്യന്സ് ലീഗ് ചരിത്രത്തില് റയല് മാഡ്രിഡിനായി ഒരു മത്സരത്തില് നാല് ഗോള് നേടുന്ന രണ്ടാമതു മാത്രം കളിക്കാരനായി എംബപ്പെ. പോര്ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയാണ് മുമ്പ് (2015ല് മാള്മോയ്ക്ക് എതിരേ) ഈ നേട്ടത്തിലെത്തിയത്. ചാമ്പ്യന്സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കില് ലിവര്പൂളിന്റെ ഈജിപ്ഷ്യന് താരം മുഹമ്മദ് സലയാണ് ഒന്നാമത്; ആറ് മിനിറ്റ് 12 സെക്കന്ഡ്.
പീരങ്കി ശബ്ദിച്ചു...
ലണ്ടന്: ഇംഗ്ലീഷ് ക്ലബ് ആഴ്സണല് എഫ്സി തങ്ങളുടെ ആധികാരികത തുടരുന്നു. യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളില് ഹോം ഗ്രൗണ്ടില്വച്ച് പീരങ്കിപ്പട 3-1ന് ജര്മന് കരുത്തരായ ബയേണ് മ്യൂണിക്കിനെ കീഴടക്കി. ഇതോടെ 2025-26 സീസണില് ആദ്യ അഞ്ച് മത്സരങ്ങളില് തോല്വി ഇല്ലാത്ത ഏകടീമായി ആഴ്സണല് മാറി. 2005-06 സീസണിനുശേഷം ആദ്യമായാണ് ചാമ്പ്യന്സ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ആഴ്സണല് ജയിക്കുന്നതെന്നതും ശ്രദ്ധേയം.
ചാമ്പ്യന്സ് ജയം
പാരീസ്: വിറ്റിഞ്ഞയുടെ ഹാട്രിക്കിലൂടെ യുവേഫ ചാമ്പ്യന്സ് ലീഗില് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ഹോം മത്സരത്തില് 5-3ന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്ഹാം ഹോട്ട്സുപുറിനെ കീഴടക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന് ക്ലബ് ഇന്റര് മിലാന് എവേ പോരാട്ടത്തില് സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-1നു പരാജയപ്പെട്ടു. സീസണില് ഇന്ററിന്റെ ആദ്യ തോല്വിയാണ്.
15 പോയിന്റുമായി ആഴ്സണല് ഒന്നാമതുണ്ട്. 12 പോയിന്റ് വീതമുള്ള പിഎസ്ജി, ബയേണ് മ്യൂണിക്, ഇന്റര് മിലാന്, റയല് മാഡ്രിഡ് ടീമുകളാണ് യഥാക്രമം തുടര്ന്നുള്ള സ്ഥാനങ്ങളില്.