ഗവൺമെന്റ് പ്ലീഡർ നിയമനം, കെഎസ്യു പ്രതിഷേധത്തിൽ അയയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മുൻ എസ്എഫ്ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച നടപടി പിൻവലിക്കണമെന്ന കെഎസ്യുവിന്റെ ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. നിയമനം മാറ്റാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി സാഹചര്യത്തിൽ ഇനി സർക്കാരുമായി ഏറ്റുമുട്ടലിലേക്കില്ലെന്ന നിലപാടിലാണ് കെഎസ്യു നേതൃത്വം.
തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ. പ്രവർത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ലോയേഴ്സ് കോൺഗ്രസിന്റെയും എംപി ഡീൻ കുര്യാക്കോസിന്റെയും ശുപാർശ കൂടി പരിഗണിച്ചാണ് ഈ നിയമനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരേ ചടങ്ങിൽ വെച്ച് തന്നെ അവഗണിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന്, കെപിസിസി. പ്രസിഡന്റിന്റെ ഇടപെടലോടെയാണ് മുഖ്യമന്ത്രി അലോഷ്യസ് സേവ്യർക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. എന്നാൽ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ തർക്കം തുടരേണ്ടതില്ലെന്ന് കെഎസ്യു തീരുമാനിക്കുകയായിരുന്നു.
Tags : Kerala Chief Minister VD Satheesan SFI KSU Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash