കയ്പമംഗലം (തൃശൂർ): നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വഴിതിരിച്ചുവിടുന്ന ഭാഗത്തായിരുന്നു ചരക്കുലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം. ഇവിടെ ആവശ്യത്തിനു വെളിച്ചമോ വ്യക്തമായ ദിശാബോര്‍ഡുകളോ ഉണ്ടായിരുന്നില്ല.
ദേശീയപാതയിൽ ചരക്കുലോറി നിര്‍ത്തിയിട്ടതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്നു കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രതീഷ് കുമാര്‍ പറഞ്ഞു.
സുഗമമായ യാത്ര ഉറപ്പാക്കുന്ന വിശാലമായ പാതയിലൂടെ അമിതവേഗത്തിലെത്തിയ കാറിന് വഴിതിരിച്ചുവിടുന്നതു സൂചിപ്പിക്കുന്ന ബോര്‍ഡിനു തൊട്ടുമുന്നില്‍ നിർത്തിയിട്ടിരുന്ന ലോറി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണു സൂചന. ദേശീയപാതയിൽ റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി നിർത്തിയിടുന്നതു പതിവാണെന്നു നാട്ടുകാർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാർ, മതിലകം സിഐ വി.വി. വിമൽ, കയ്പമംഗലം എസ്ഐ രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തിയാണു തുടർനടപടികൾ സ്വീകരിച്ചത്.
അപകടത്തിൽ മരിച്ച സന്തോഷ് പുതിയ കാർ വാങ്ങിയതിന്റെ ആഘോഷത്തിനായാണു സംഘം കേരളത്തിലേക്കു വന്നത്. എന്നാൽ മറ്റൊരു കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. ഈ കാർ വാങ്ങിയിട്ടും അധികനാൾ ആയിട്ടില്ലെന്നാണു വിവരം. ദിണ്ടിഗലിൽനിന്നു കോയന്പത്തൂരിലെത്തിയശേഷം എറണാകുളം ഭാഗത്തേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
കുട്ടികൾ കേരളത്തിലേക്കു പോയവിവരം പലരുടെയും കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നു പൊലിസ് പറഞ്ഞു.
Tags : Kaipamangalam RoadAccident Lorry Car Speed Reasons Tragedy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash