പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അധികവില നൽകാൻ തയാറായിട്ടും പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ തുടർച്ചയായി വരും ദിവസങ്ങളിലും പീക്ക് സമയത്ത് നിയന്ത്രണമുണ്ടായേക്കുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.
മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിരുന്നു. ഇതിനു പുറമെ പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലുണ്ടായ കുറവും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന അറിയിപ്പ് നേരത്തേ സംസ്ഥാനത്തിനു ലഭിച്ചിരുന്നു.
എന്നാൽ, കൂടുതൽ വില നൽകി വൈദ്യുതി എത്തിക്കാനുള്ള ശ്രമവും വിഫലമായതോടെ ഇക്കഴിഞ്ഞ ആഴ്ചയിൽതന്നെ വൈകുന്നേരം ആറ് മുതൽ അർധരാത്രി 12 വരെയുള്ള സമയത്ത് സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെയും സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക നിയന്ത്രണമുണ്ടായി. വരും ദിവസങ്ങളിലും വൈദ്യുതി ലഭ്യത കുറഞ്ഞാൽ സംസ്ഥാനം പവർകട്ടിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മഴ കുറഞ്ഞതോടെ ആഭ്യന്തര ഉത്പാദനത്തിലും കുറവുണ്ടായി. അതിനു പുറമെ ഉപയോഗം വർധിച്ചതും തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്ന പ്രതിദിന ഉപയോഗമാണ് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
Tags : Faces PowerCrisis KSEB Keralam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash