പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ പരിശോധിച്ചതില്‍ ഈ ഇടപാടുസംബന്ധിച്ചുള്ള സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നു റിപ്പോര്‍ട്ട്.
കായിക വകുപ്പ് സ്പെഷല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് നല്കിയ, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് കായിക വകുപ്പ് തുടര്‍നടപടികള്‍ക്കായി ആഭ്യന്തര വിജിലന്‍സ് വകുപ്പിന് കൈമാറി.
മെസിയെ കേരളത്തില്‍ എത്തിക്കുന്നതിനായി സ്വകാര്യ സ്പോണ്‍സറും കഴിഞ്ഞ സര്‍ക്കാരും നടത്തിയ ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചതില്‍നിന്നും മെസിയുടെ വരവിലൂടെ സംസ്ഥാനത്ത് വിവിധ മാര്‍ഗങ്ങളിലൂടെ ലഭിക്കുമായിരുന്ന വരുമാനത്തിന്റെ സ്വതന്ത്ര മൂല്യനിര്‍ണയമോ മത്സരാധിഷ്ഠിത നടപടിക്രമമോ സംബന്ധിച്ച് യാതൊരു വിവരങ്ങളും സര്‍ക്കാരിന്റെ കൈകളില്‍ ഇല്ലെന്നതാണ് പ്രധാന പരാമര്‍ശം.
മെസിയെ കേരളത്തിലെത്തിച്ച് സൗഹൃദമത്സരം നടത്താനായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷനെ ഒഴിവാക്കി നടപടികള്‍ മുന്നോട്ടു പോയതില്‍ അവ്യക്തതയുണ്ടെന്നും റിപ്പോര്‍ട്ടിൽ ഉണ്ട്. ഇത്തരത്തില്‍ ഒരു സൗഹൃദ മത്സരംകൊണ്ട് സംസ്ഥാനത്തിന് ഉണ്ടാവുന്ന ധനകാര്യ വാണിജ്യ ഗുണങ്ങളും എന്താണെന്നതില്‍ വ്യക്തതയില്ല.
ഏതൊക്കെ വാണിജ്യ അവകാശങ്ങളും അവസരങ്ങളും സ്വകാര്യ സ്പോണ്സര്ക്ക് കൈമാറിയതെന്നും പറയുന്നില്ല. ആര്‍ബിസിയെ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്പോണ്‍സറായി തെരഞ്ഞെടുത്തതെന്നും ഈ ഇടപാടില്‍ സര്‍ക്കാരിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്താണെന്നും വ്യക്തതയില്ലെന്നു കായിക സ്പെഷല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഇടപാടു മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തികമോ അല്ലാത്തതോ ആയ ബാധ്യതകള്‍ എന്തൊക്കെയാണെന്നും അത് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നതിലും അവ്യക്തത നിലനില്ക്കുന്നു. ഒപ്പം വിദേശനാണ്യ വിനിമയത്തില്‍ ഉള്‍പ്പെടെ (ഇന്‍കംടാക്സ്, ജിഎസ്ടി) ബാധ്യതകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അന്വേഷിക്കാമെന്നു സർക്കാരിനു നിയമോപദേശം
കൊച്ചി: മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുമെന്നതിന്റെ പേരില്‍ നടന്നതു അടിമുടി നിയമലംഘനമാണെന്നും പൊലിസിനുപുറമെ ഇഡി, എസ്എഫ്ഐഒ അന്വേഷണത്തിനും സാധ്യതയുള്ള കേസാണെന്നും സര്‍ക്കാരിനു നിയമോപദേശം.
അഴിമതി നിരോധന നിയമം മുതല്‍ കമ്പനിനിയമം വരെയുള്ളവയുടെ ലംഘനം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിനു നഷ്ടമുണ്ടായില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി നല്കിയ നിയമോപദേശത്തില്‍ പറയുന്നു.
Tags : FinancialTransactions MessiName Deepl Mysterious Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash