തിരുവനന്തപുരം: എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ തൃശൂർ കയ്പമംഗലത്തെ വാഹനാപകടത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരിന്റെ മേൽ കുറ്റം ചുമത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
ദേശീയപാത നിർമാണം കേന്ദ്ര സർക്കാരിന്റെ ചുമതലയാണെങ്കിലും ദേശീയപാതയിൽ പട്രോളിംഗ് നടത്തുക, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുക എന്നിവ സംസ്ഥാന പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച വരുത്തിയതിന്റെ പരിണിതഫലമാണ് എട്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
റോഡിന്റെ പ്രധാന ഭാഗത്ത് വലിയ വാഹനം അനധികൃതമായി പാർക്ക് ചെയ്തിട്ടും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിൽ സംസ്ഥാന ട്രാഫിക് സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
Tags : Kaipamangalam Accident Rajeev Chandrasekhar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash