പ്രതീകാത്മക ചിത്രം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ പ്രളയത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം വലിയ നാശം വിതച്ചത്. പ്രവിശ്യയുടെ മേയർ അടക്കമുള്ള പ്രമുഖരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്.
ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും 80-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള നൂറിസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്.
നദിക്കരയിലുണ്ടായിരുന്ന കടകളും കെട്ടിടങ്ങളും ഹോട്ടലുകളും പൂർണ്ണമായും ഒലിച്ചുപോയി. മുൻപ് വിപണികളും കടകളും സജീവമായിരുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ചെളി മാത്രമാണ് ശേഷിക്കുന്നത്. പ്രളയത്തിൽ നഗരസഭാ കാര്യാലയം പൂർണമായും തകർന്നുപോയതായി പ്രാദേശിക സന്നദ്ധ സംഘടനയായ 'ഷ്പൂൾ' വ്യക്തമാക്കി.
കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വിദൂര വടക്കുകിഴക്കൻ മലയോര മേഖലയായതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
Tags : Afghanistan Floods Death Missing search