പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നഗരസഭയിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വ്യാജ ഒപ്പ് വിവാദം കത്തുന്നു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നിട്ടും ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് അയോഗ്യതയിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ കന്റോൺമെന്റ് എസിപി അന്വേഷണം നടത്തും.
വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്ട്രറിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുക്കാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിൽ വ്യാജമായി ഒപ്പിടുകയായിരുന്നുവെന്ന് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആരോപിച്ചു.
ഫെബ്രുവരി മുതൽ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ആറുമാസം യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ ചട്ടപ്രകാരം കൗൺസിലർ സ്ഥാനം നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് വ്യാജ ഒപ്പിട്ടതെന്നാണ് സിപിഎം വാദം. മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ ഒപ്പിട്ട് രജിസ്റ്റർ സൂക്ഷിച്ചതെന്നും സുഗതനെ സംരക്ഷിക്കാൻ ബിജെപിയും ആർഎസ്എസും ബോധപൂർവം ക്രമക്കേട് നടത്തിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടു. എന്നാൽ ഇല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും തെളിവുകൾ ബോധപൂർവം മറച്ചുവെക്കുകയാണെന്നും എസ്.പി. ദീപക് കൂട്ടിച്ചേർത്തു. ഈ ഗുരുതര ക്രമക്കേടിൽ പൊലീസ് കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ യുഡിഎഫും സർക്കാരും ശക്തമായ ഇടപെടൽ നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
Tags : SignatureForgery Sugathan Corporation Bjp CantonmentACP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews