ഇടത്ത് പബ്ലിക് പ്രോസിക്യൂട്ടറും ജില്ലാ പോലീസ് മേധാവിയും വലത്ത് ഡിവൈഎസ്പി എൻ. മുരളീധരൻ.
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ സംഭവം നടന്ന് ഒന്നര വർഷത്തിനു ശേഷമാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (നാല്) വിധി പറഞ്ഞത്.
കൊലപാതകം മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച്
2019 ഓഗസ്റ്റ് 31 നാണ് ചെന്താമര ആദ്യത്തെ കൊലപാതകം നടത്തിയത്. തന്റെ അയൽവാസിയായ തിരുത്തംപാടം ബോയൻ ഉന്നതിയിലെ സജിതയെ (35) വീട്ടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സജിതയുടെ ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയമാണു കൊലപാതകത്തിലേക്കെത്തിച്ചത്. മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും അടിമയായിരുന്നു ചെന്താമര.
നീണ്ട മുടിയുള്ള ഒരു സ്ത്രീയാണു കുഴപ്പങ്ങൾക്കു കാരണമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് സജിതയോടു ചെന്താമരയ്ക്കു പക തോന്നിയത്. ഇതിനു സുധാകരൻ കൂട്ടുനിന്നതായും അയാൾ വിശ്വസിച്ചു. തന്റെ ജീവിതം ഇല്ലാതാക്കിയവരെ തീർക്കുക എന്ന പകയോടെയാണു ചെന്താമര പ്രവർത്തിച്ചത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണു ജാമ്യത്തിലിറങ്ങി 2025 ജനുവരി 27ന് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരനും മകൾ അഖിലയും നെന്മാറ പോലീസിൽ പരാതിനൽകിയിരുന്നു.
നാട്ടുകാരും പരാതി നൽകി. കേസെടുത്ത് കോടതിയെ അറിയിച്ചെങ്കിലും ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇതാണ് ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ചത്. സ്കൂട്ടറുമായി വീട്ടിൽനിന്നിറങ്ങിയ സുധാകരനെ തന്റെ വീടിനു മുന്നിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സുധാകരൻ സംഭവസ്ഥലത്തുവച്ചും ലക്ഷ്മി ആശുപത്രിയിൽവച്ചും മരണപ്പെട്ടു.
ആശ്വാസം, പോത്തുണ്ടിയിലെ വീട്ടിലേക്കു മടങ്ങും:പുഷ്പ
ചെന്താമരയ്ക്കു വധശിക്ഷ ലഭിച്ചതിൽ സന്തോഷവും ആശ്വാസവുമുണ്ടെന്നു കേസിലെ പ്രധാന സാക്ഷിയും സുധാകരന്റെയും ചെന്താമരയുടെയും അയൽവാസിയുമായ പുഷ്പ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതുവരെ പുറത്തിറങ്ങാൻ ഭയമായിരുന്നു. ഇനി പോത്തുണ്ടിയിലെ വീട്ടിലേക്കു തിരിച്ചുപോകും.
മൂന്നു കൊലപാതകങ്ങൾ നടത്തിയതോടെ ജീവഭയത്താലാണു ചെന്താമരയുടെ ലിസ്റ്റിലുണ്ടായിരുന്ന പുഷ്പ നാടുവിട്ടത്. പുഷ്പയെ കൊല്ലാൻ കഴിയാത്തതിന്റെ നിരാശ ചെന്താമര പോലീസിനോടു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് പുഷ്പ കഴിയുന്നത്.
ഹൈക്കോടതിയെ സമീപിക്കും: പ്രതിഭാഗം
ചെന്താമരയ്ക്കു വധശിക്ഷ വിധിച്ച സാഹചര്യത്തിൽ വിചാരണക്കോടതിയുടെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു പറഞ്ഞു. കേസിൽ പ്രതിഭാഗത്തുനിന്നു യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കോടതി തെളിവുകൾ വിലയിരുത്തിയതിൽ ഗുരുതരമായ പോരായ്മ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകൾ കോടതി സമഗ്രമായി വിശകലനം ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളൊന്നും കുറ്റം തെളിയിക്കുന്ന തരത്തിൽ ഹാജരാക്കിയിട്ടില്ലെന്നും ജേക്കബ് മാത്യു കൂട്ടിച്ചേർത്തു.

കോടതിവിധിയില് സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. കോടതിയില് വിശ്വാസമുണ്ടായിരുന്നു. നീതി ലഭിക്കുമെന്ന പ്രതീക്ഷയാണു യാഥാർഥ്യമായത്.
കേസിന്റെ വിചാരണയിലുടനീളം അയാളിൽ ഭയമോ പശ്ചാത്താപമോ കണ്ടിരുന്നില്ല. ഇപ്പോഴും ഒരു മാറ്റവും തോന്നുന്നില്ല. ചെയ്ത കുറ്റത്തിന് അനുയോജ്യമായ ശിക്ഷ അനുഭവിക്കണമെന്നാണ് ആഗ്രഹം.
പ്രതി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവനു ഭീഷണിയുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അതുകൂടി പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചതെന്നാണു വിശ്വാസമെന്നും അതുല്യയും അഖിലയും പറഞ്ഞു.
Tags : DoubleMurder Pothundi shocked Court chenthamara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash