കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ മുഹമ്മദ് അന്‍സാർ
കൊച്ചി: കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ മുഹമ്മദ് അന്‍സാറിനെതിരെ (24) വീണ്ടും കേസ് എടുത്തു. ഓഗസ്റ്റ് 22ന് പടമുഗളില്‍ വച്ച് കാര്‍ തടഞ്ഞ സംഭവത്തില്‍ തൃക്കാക്കര പൊലിസ് ആണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ കച്ചേരിപ്പടിയില്‍ പ്രവാസി മലയാളിയുടെ കാര്‍ തടഞ്ഞതില്‍ നോര്‍ത്ത് പൊലിസ് കേസ് എടുത്തിരുന്നു.
കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതിന് പകരം ബസ് ഉടമയെ മാത്രം വിളിപ്പിച്ചു വരുത്തി പിഴ അടപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് തൃക്കാക്കര പൊലിസ് കേസ് എടുത്തത്. അന്‍സാറിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് പൊലിസിന്റെ നീക്കം.
അതേസമയം, നോര്‍ത്ത് പൊലിസ് എടുത്ത കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്‍സാറിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നോര്‍ത്ത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥന്‍ ആക്രമണത്തിന് ഇരയായിട്ടും പ്രതിയോട് പൊലിസ് മൃദുസമീപനം സ്വീകരിച്ചതില്‍ സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് ഒമ്പതിന് കച്ചേരിപ്പടിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ വധഭീഷണി മുഴക്കിയ കേസിലാണ് നോര്‍ത്ത് എഎസ്‌ഐ സുനില്‍ പി. ജലീലും സിപിഒ അജിലേഷും പ്രതിയെ പിടികൂടാനെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളം കച്ചേരിപ്പടി ജംഗ്ഷനില്‍ വച്ച് മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു നിര്‍ത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ബസില്‍ വച്ച് എഎസ്‌ഐ സുനിലിന്‍റെ മുഖത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിക്കുകയും നിലത്തേക്ക് വലിച്ചിടുകയും ചെയ്ത ശേഷമാണ് പ്രതി കീഴടങ്ങിയത്.
പൊലിസുകാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കര്‍ശനമായ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും കേരള പൊലിസ് ആക്ട് 117(ഇ) എന്ന നിസാരമായ ജാമ്യവകുപ്പ് മാത്രമാണ് നോര്‍ത്ത് പൊലിസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയത്. ഇത് പ്രതിക്ക് സ്റ്റേഷനില്‍ നിന്ന് തന്നെ വളരെ എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കി.
പ്രതിക്കെതിരെ 2024ല്‍ ബൈക്ക് മോഷണം, മൊബൈല്‍ ഫോണ്‍ മോഷണം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സ്ഥിരം കുറ്റവാളിയായ വ്യക്തിയോട് നോര്‍ത്ത് പൊലിസ് ഇത്തരം വിചിത്രമായ മൃദുസമീപനം സ്വീകരിച്ചതാണ സേനയ്ക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.
Tags : Case Bus Employee Threatened