National
ഹൈദരാബാദ്: മദ്യലഹരിയിൽ സ്റ്റാന്‍ഡിൽ കിടന്ന ബസുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. പാലകുർത്തി മണ്ഡലിലെ ചെന്നൂര്‍ സ്വദേശി ജിട്ടബോയിന വെങ്കണ്ണയാണ് പോലീസിന്റെ പിടിയിലായത്. ജങ്കാവ് ബസ് സ്റ്റാൻഡിൽ നിന്ന് ആർടിസി ബസ് ആണ് മോഷ്ടിച്ച് 21 കിലോമീറ്ററോളം ഇയാൾ ഓടിച്ചത്. ഒടുവിൽ ടോൾ പ്ലാസയിൽ ഇടിച്ചാണ് വാഹനം നിർത്തിയത്.
മദ്യലഹരിയിലായിരുന്ന വെങ്കണ്ണ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ആർടിസി ബസുമായി കടന്നുകളയുകയായിരുന്നു. ഡ്രൈവർ ബസിന്റെ താക്കോൽ ബസിനുള്ളിൽ തന്നെ മറന്നുവച്ച് പോയിരുന്നുവന്ന് പോലീസ് പറഞ്ഞു. ആ സാഹചര്യത്തിലാണ് ഇയാൾ ബസുമായി കടന്നുകളഞ്ഞത്.
ബസുമായി പ്രതി സൂര്യപേട്ട് ഭാഗത്തേയ്ക്ക് ആണ് സഞ്ചരിച്ചത്. ഏകദേശം 21 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം ദേവരുപ്പള മണ്ഡലിലെ സിംഗരാജുപള്ളി ടോൾ ഗേറ്റിൽ എത്തുകയും, അവിടെയുള്ള സിമന്റ് ബ്ലോക്കിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ടോൾ ഗേറ്റ് ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Kerala
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 അധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുന്പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില്‍ നിന്നും കണ്ടക്ടര്‍ മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര്‍ അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോര്‍ അറിയാതെ തുറന്നതാവാം കണ്ടക്ടര്‍ താഴെ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
National
ബംഗളൂരു: ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) ബസ് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ഓടിച്ച സംഭവത്തിൽ ഡ്രൈവർ അടക്കം മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ബസിന്റെ ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 15 ദിവസമായി ബസിന്റെ ഹെഡ്ലൈറ്റ് പൊട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.
ലൈറ്റ് പൊട്ടി രണ്ട് ആഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ സർവീസ് തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. കലബുറഗി- ചിൻചോലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് കാട്ടുകയും ഈ വെളിച്ചത്തിൽ ബസ് യാത്ര തുടരുകയുമായിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ സർവീസ് നടത്തിയതിനാണ് അധികൃതർ നടപടി സ്വീകരിച്ചത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും കോർപ്പറേഷന്റെ ചട്ടങ്ങൾ ലംഘിച്ചതിനുമാണ് നടപടിയെന്ന് കെകെആർടിസി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബസുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ ഡിപ്പോ മാനേജർമാർക്കും സാങ്കേതിക ജീവനക്കാർക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് കാലപ്പഴക്കത്തെത്തുടർന്ന് പൊളിച്ചുനീക്കണമെന്ന് വിജിലൻസ് ആർപ്പൂക്കര പഞ്ചായത്തിന് നോട്ടീസ് നൽകിയതിനെത്തുടർന്ന് താത്കാലിക വിശ്രമകേന്ദ്രം ഒരുക്കി. നിലവിലുള്ള ബസ് സ്റ്റാൻഡിന് എതിർവശത്തായാണ് വിശ്രമകേന്ദ്രം ഒരുക്കിരിക്കുന്നത്.
എന്നാൽ നിലവിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടം അടച്ചുകെട്ടാത്തതിനാൽ യാത്രക്കാർ പഴയ കെട്ടിടത്തിലാണ് ബസ് കാത്ത് നിൽക്കുന്നത്. സ്റ്റാൻഡ് അപകടാവസ്ഥയിലാണെന്നും ഇവിടെ യാത്രക്കാർ നിൽക്കരുതെന്നും ഫ്ലെക്സ് പതിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ഇത് ശ്രദ്ധിക്കാറില്ല.
കാലപ്പഴക്കത്തെ തുടർന്ന് സ്റ്റാൻഡിന്റെ ഭിത്തികൾ പൊട്ടിക്കീറിയ നിലയിലാണ്. മുകൾ ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിത്തകർന്ന നിലയിലാണ്. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരുമാണ് ദിവസേന ഈ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നത്.
വിജിലൻസിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡ് പൊളിക്കാൻ ടെൻഡർ ക്ഷണിച്ച് കരാർ നൽകിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാൻ പറഞ്ഞു.സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാനത്തിലാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്‍ക്കടവ് സ്വദേശി അരുണ്‍കുമാറിന് (46) അഞ്ച് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.
അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
2024 സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില്‍ പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവത്തില്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ബസില്‍ സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Leader Page
മൊട്ടുസൂചി ഇടപാടില്‍ പോലും കമ്മീഷനടിക്കുന്നുവെന്നു പേരുദോഷമുള്ള കെഎസ്ആര്‍ടിസി, ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതികൊണ്ട് രക്ഷപ്പെടുമോ? കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ സ്ത്രീകളെ കുത്തിനിറച്ച് ഓടുന്നതു കാണുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്ത്രീകളുടെ കൂട്ടയിടിയാണ്.
സൗജന്യയാത്ര എന്ന ഒറ്റക്കാരണത്താല്‍ സ്ത്രീകളുടെ കൂടെയുള്ള ആണ്‍കുട്ടികളും പുരുഷന്മാരും പ്രിയദര്‍ശിനി ബസുകളില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്ത്രീകളുടെ തള്ളിക്കയറ്റം കെഎസ്ആര്‍ടിസിയുടെ ഖജനാവ് നിറയ്ക്കുമോ? സൗജന്യയാത്രയ്ക്ക് പ്രതിമാസം സര്‍ക്കാര്‍ കോടികള്‍ കൊടുത്താല്‍പോലും കെഎസ്ആര്‍ടിസിക്ക് അത് അത്ര ആശ്വാസമാവില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അത്രമാത്രം ഭാരിച്ച ചെലവുകളുമായാണ് കെഎസ്ആര്‍ടിസി കിതച്ചു നീങ്ങുന്നത്. സൗജന്യയാത്ര സ്ത്രീകള്‍ക്ക് ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും കനത്ത ബാധ്യത ഒഴിവാക്കാന്‍ ടിക്കറ്റ് വരുമാനത്തോടൊപ്പം ഇതര വരുമാനസമ്പാദന മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും ഒടുവില്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,065.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സാമ്പത്തികസഹായമായി നല്‍കിയെന്നാണ്. 2021-22 വര്‍ഷത്തില്‍ 2,037.51 കോടി രൂപയും നല്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടിവന്നത് 2023-24ലാണ്. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് സര്‍ക്കാരിനു നേട്ടമാണ്. അതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഇരട്ടിപ്പിക്കുകയാണ്.
പരസ്യമാകണം ബസുകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 3,87,66,151 രൂപ. 2021 മുതല്‍ കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങി. അതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നു. 2021ല്‍ 1.31 കോടിയായിരുന്നു പരസ്യവരുമാനം. 2022ല്‍ ഇത് 8.53 കോടിയായും 2024ല്‍ 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.
ഈ വര്‍ഷം ഏപ്രിലില്‍ ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 227.63 കോടി രൂപയാണ്. 2025-26 സാമ്പത്തികവര്‍ഷം ടിക്കറ്റിതര വരുമാനമാര്‍ഗമായി 330.96 കോടി രൂപയും ലഭിച്ചു. ഈ വിധത്തിലുളള വരുമാനത്തിനൊപ്പം പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി പ്രകാരമുള്ള കോടികള്‍ ലഭിച്ചാലും നിലവിലുള്ള ചെലവുകള്‍ കണക്കാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് അത് കാര്യമായി ആശ്വാസമേകില്ല. 2021 മുതലാണ് കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയത്. അന്നുമുതലുള്ള വരുമാനം ചുവടെ:
2021: 1,31,21,564 രൂപ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വര്‍ഷം, സര്‍ക്കാര്‍ കത്തിച്ചത് 13,522.95 കോടി
2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 13,522.95 കോടി രൂപയാണ്. സാമ്പത്തികവര്‍ഷം, ലഭിച്ച തുക (കോടി രൂപയില്‍) എന്നിവ യഥാക്രമം ചുവടെ:
2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07
Kerala
കൊച്ചി: എറണാകുളത്ത് ഡ്രൈവിംഗ് ലൈസന്‍സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സ്വകാര്യ ബസുടമകളുടെ പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ ജില്ലാ കളക്ടര്‍, റൂറല്‍ എസ്പി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്കി.
ഇക്കഴിഞ്ഞ മെയ് 27ന് ചെറായി പാടത്ത് നിയന്ത്രണം വിട്ടു പാടത്തേക്ക് ചാടിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് പരിശോധിച്ചപ്പോള്‍ വ്യാജന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അപകടം നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പറവൂരില്‍ ഇറങ്ങിയ ശേഷം ബാങ്ക് സംബന്ധമായ ഒരു അത്യാവശ്യ ഇടപാടിനായി പോയ സമയത്ത് താല്‍ക്കാലികമായി ഓടിക്കാന്‍ ഏല്‍പ്പിച്ചതാണ് പുതിയ ഡ്രൈവറെ. പല സ്വകാര്യ ബസുകളിലും ഇയാളെ ഡ്രൈവറായി കണ്ടു പരിചയമുള്ളതിനെ തുടര്‍ന്നാണ് ഇയാളെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കാന്‍ കാരണമെന്നാണ് ബസുടമയുടെ വാദം.
എന്നാല്‍ അപകടത്തിന് ശേഷം ലൈസന്‍സ് പരിശോധിച്ചപ്പോള്‍, കൊടുങ്ങല്ലൂര്‍ ആനാപ്പുഴ സ്വദേശിയുടെ പേരിലുള്ള നമ്പറിലെ ലൈസന്‍സ് ഏതോ ആപ്പ് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തൃശൂരില്‍ നിന്നും ലൈസന്‍സ് എടുത്തതാണെന്നും പിന്നീട് കൊച്ചിയില്‍ നിന്നാണെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ പോലീസ് ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയില്ലെന്നാണ് ആരോപണം. മാത്രമല്ല ഈ സംഭവത്തിന് ശേഷം ചില ഡ്രൈവര്‍മാരെ ഡ്യൂട്ടിക്കായി വിളിച്ചിട്ടും ഇവര്‍ ബസില്‍ കയറാന്‍ തയാറാകാതെ വന്നതോടെയാണ് വ്യാജ ലൈസന്സുകാര് വിലസുന്നുണ്ടെന്നുള്ളതായ സംശയം ബലപ്പെട്ടത്. വ്യാജ ലൈസന്‍സ് ഉണ്ടാക്കി കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ചില ബസുടമകളുടെ ആരോപണം.
National
ബംഗളൂരു: ബംഗളൂരുവിൽ കെ. ആർ. സർക്കിളിന് സമീപം ബസുകൾ കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കറ്റു. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബിഎംടിസി ബസിന് പിന്നിൽ മറ്റൊരു ഇലക്ട്രിക് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്നും അത്തിബെലെയിലേക്ക് പോവുകയായിരുന്ന ബിഎംടിസി ബസ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്ക് മറ്റൊരു ഇലക്ട്രിക് ബസ് ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
പരിക്കേറ്റ യാത്രക്കാരെയും ഡ്രൈവറെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എല്ലാവരുടെയും പരിക്കുകൾ നിസാരമാണെന്നും ഡ്രൈവറുടെ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
അപകടമുണ്ടാക്കിയ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് രണ്ട് ക്രയിനുകൾ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ബസുകൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.
National
ദുബായി: ദുബായിലെ ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് സാരമായതും നിസാരവുമായ പരിക്കുകളുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായി പോലീസ് അറിയിച്ചു.
റോഡിന് നടുവിൽ വച്ച് ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും വഴിയിൽ നിന്നുപോവുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന കാറിനും മറ്റ് രണ്ട് ബസുകൾക്കും പെട്ടെന്ന് ബ്രേക്ക് ചെയ്ത ബസിനെ വെട്ടിച്ച് മാറ്റാൻ സാധിക്കാതെ വരികയും ഇതേത്തുടർന്ന് വാഹനങ്ങൾ പിന്നിലിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു.
ദുബായി ട്രാഫിക് പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
Kerala
ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ബംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു തീപിടുത്തം.
ബസിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടായത് പുക ഉയർന്നതോടെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കാരണം വ്യക്തമല്ല.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 40 പേർ മരിച്ചു. എട്ടു പേർക്കു പരിക്കേറ്റു.
ബലൂചിസ്ഥാനിലെ ക്വെറ്റയിൽനിന്നു പെഷവാറിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 48 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായതിനെത്തുടർന്നു ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്കു പതിക്കുകയായിരുന്നുവെന്നാണു പ്രാഥമിക വിലയിരുത്തൽ.
ദുർഘട പർവതമേഖലകളും മോശം കാലാവസ്ഥയും മൂലം ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ വാഹനാപകടങ്ങൾ പതിവാണ്.
National
ചെന്നൈ: തമിഴ്നാട് സർക്കാർ ഗതാഗത കോർപ്പറേഷനുകൾ ഇനിമുതൽ എയർ കണ്ടീഷൻഡ് ബസുകൾ മാത്രം വാങ്ങിയാൽ മതിയെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിർദേശിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിബൻ. സാധാരണക്കാരായ യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ മികച്ച യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രപരമായ തീരുമാനം. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ വിദൂര ഗ്രാമങ്ങളെപ്പോലും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ബസ് ശൃംഖല കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വരും ദിവസങ്ങളിൽ പുതിയ റൂട്ടുകൾ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കോണുകളിലേക്കും പൊതുഗതാഗത സൗകര്യം എത്തിക്കുക എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നടപടി.
നിലവിൽ കാലാവധി കഴിഞ്ഞ പഴയ ബസുകൾ ഘട്ടംഘട്ടമായി നിരത്തിൽ നിന്ന് മാറ്റുകയാണ്. പുതിയതായി വാങ്ങുന്ന ബസുകളെല്ലാം യാത്രക്കാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾ നൽകുന്ന എസി ബസുകളായിരിക്കും. കൊടുംചൂടിൽ നിന്നും യാത്രാക്ലേശങ്ങളിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഈ തീരുമാനം സഹായിക്കുമെന്നും, പരിസ്ഥിതി സൗഹൃദവും ആധുനികവുമായ ഗതാഗത സംവിധാനത്തിലേക്ക് തമിഴ്നാട് മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ച് പൊട്ടിക്കുകയും ചെയ്ത മൂന്ന് വനിതാ യാത്രക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന 'പ്രിയദർശിനി' ബസിലാണ് നാടകീയ സംഭവങ്ങൾ.
ബസിൽ കയറിയ ശേഷമാണ് തങ്ങൾ മാറി കയറിയതാണെന്ന വിവരം സ്ത്രീകൾ മനസിലാക്കിയത്. തുടർന്ന് ബസ് ഉടൻ തന്നെ നിർത്തണമെന്ന് ഇവർ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ സ്റ്റോപ്പിലല്ലാതെ വഴിമധ്യേ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ തർക്കം രൂക്ഷമാകുകയായിരുന്നു.
വാക്കേറ്റം അതിരുകടന്നതോടെ പ്രകോപിതരായ സ്ത്രീകൾ ബസിനുള്ളിലെ ബെൽ വലിച്ച് പൊട്ടിച്ചു. ഇതോടെ സർവീസ് തടസപ്പെടുകയും ബസ് ജീവനക്കാർ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സംഘം പൊതുമുതൽ നശിപ്പിച്ചതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
Kerala
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് കേസിൽ പിടിയിലായത്. സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. എസ്പി ഓഫീസിന് 50 മീറ്റർ അകലെ നടന്ന മോഷണം പോലീസിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ ജൂൺ ഏഴിന് ഫാസിൽ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് ഇന്ന് പാലക്കാട് എത്തിയ പ്രതി പിടിയിലാകുകയായിരുന്നു. ഇയാളെ ഇരുചക്രവാഹനത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിച്ച സുഹൃത്തിനായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലയം സ്വദേശി അജിൻ, സനുഷ് എന്നിവരാണ് മരിച്ചത്. കാട്ടാക്കട പൊട്ടൻകാവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
പൊന്‍കുന്നം: ദേശീയ പാതയില്‍ വാഴൂര്‍ 19ാം മൈലിനു സമീപം കെഎസ്ആര്‍ടിസി ബസിന് മുന്പിലേക്കു ചാടിയ യുവാവിന് ദാരുണാന്ത്യം. കോട്ടയം ആര്‍പ്പൂക്കര കോലേട്ടമ്പലം ശ്രീരമ്യയില് ടി.എന്‍. ശശിധരന്റെ മകന് ടി.എസ്. രാജേഷ് (47)ആണ് മരിച്ചത്. ഇരുപതാംമൈലിനും പത്തൊന്‍പതാം മൈലിനും ഇടയില്‍ കടുക്കാമല വളവിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45ാടെയാണ് അപകടം നടന്നത്.
പൊന്‍കുന്നം ഭാഗത്തുനിന്നു റോഡിലൂടെ നടന്നുവന്ന യുവാവ് ബസിന് മുന്‍പിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. കോട്ടയത്തുനിന്നു കുമളിക്ക് പോയതാണ് ബസ്. വാഹനത്തിന്റെ അടിയിലേക്കു വീണ യുവാവിന്റെ തലയിലൂടെ ചക്രം കയറിയിറങ്ങി. നടന്നുവരുന്ന വഴി മറ്റൊരു വാഹനത്തിന്റെ മുന്‍പിലും ഇയാള്‍ ചാടാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇയാളുടെ പക്കല്‍നിന്നു ലഭിച്ച ആധാര്‍ കാര്‍ഡില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പൊന്‍കുന്നം, മണിമല പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടമുണ്ടായത്. ഇരു സ്റ്റേഷനുകളില്നിന്നുമുള്ള പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കൊടുക ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഉധരം (39), രെഖരം (35), വിഷ്ണാരം (29), ജൊഗാരം (31) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടൊ കാർ രാജസ്ഥാൻ റോഡ്വെയ്സിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോലിയാൻ ഫാന്റയ്ക്ക് സമീപമാണ് അപകടം നടന്നത്.
രണ്ട് പേർ സംഭവസ്ഥലത്തും രണ്ട് ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
District News
തലയോലപറമ്പ്: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ് തലയോലപ്പറമ്പിൽ മധുര പലഹാര വിതരണവും സമ്മേളനവും നടത്തി.
തലയോലപ്പറമ്പ് ബസ് ടെർമിനലിൽഎത്തിച്ചേർന്ന സൗജന്യ യാത്രാ ബസിലെ യാത്രികർക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം ചെയ്തുകൊണ്ടായിരുന്നു ആഹ്ലാദം പങ്കുവെച്ചത്. തുടർന്ന് യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് മഹിളാ കോൺഗ്രസ് നടത്തിയ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. സാന്റിടീച്ചർ, ലീല ചെറുകുഴി,അനിത സുഭാഷ്, ബിന്ദുമുരളി, സി.എസ്. ചന്ദ്രിക, അമ്പിളിമായാത്മജൻ, നിർമ്മല മാർട്ടിൻ, ഫെബിന നിസാർ,ശില്പ സാജു, വി..സി. ജോഷി ,പ്രമോദ് സുഗുണൻ,ജോൺ തറപ്പേൽ, റോയ് ഇറുമ്പയം എന്നിവർ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: പന്തളത്ത് സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ബസുകൾ ഇടിപ്പിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ദുർഗ എന്ന പേരിലുള്ള സ്വകാര്യ ബസ് രാഖി എന്ന ബസിൽ മനഃപൂർവം ഇടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് എംവിഡിയുടെ മുന്നറിയിപ്പ്.
രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല. പണി വരുന്നുണ്ട് അവറാച്ചാ... എന്ന സിനിമ ഡയലോഗ് ഉൾപ്പെടുത്തിയുള്ള കടുത്ത കുറിപ്പോടെയാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എംവിഡി പങ്കുവെച്ചിരിക്കുന്നത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം ഗുണ്ടായിസം റോഡിൽ അനുവദിക്കില്ലെന്ന കർശന മുന്നറിയിപ്പും അധികൃതർ നൽകി.
റോഡിൽ വെച്ച് രാഖി എന്ന ബസിൽ ദുർഗ എന്ന ബസ് മനഃപൂർവം മുട്ടിക്കുന്നതും തുടർന്ന് മുന്നോട്ട് എടുത്ത ശേഷം പെട്ടെന്ന് റിവേഴ്സ് വന്ന് ശക്തമായി ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ ഡ്രൈവർമാരുടെ ലൈസൻസും ബസുകളുടെ പെർമിറ്റും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് പന്തളം മെഡിക്കൽ മിഷൻ കവലയ്ക്ക് സമീപമായിരുന്നു സംഭവം. സമയക്രമം തെറ്റിച്ച് ഓടിച്ചതിന്റെ പേരിൽ ദുർഗ ബസിനെതിരേ രാഖി ബസിന്റെ ഉടമ നൂറനാട് പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരത്തിലാണ് രാഖി ബസിലേക്ക് ദുർഗാ ബസ് കൊണ്ടിടിപ്പിച്ചതെന്നാണ് പരാതി.
ബസ് ഇടിപ്പിച്ച സംഭവത്തിൽ ദുർഗ ബസിലെ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിച്ച സംഭവത്തിൽ കർശന നടപടി. ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി.
സൂപ്പർഫാസ്റ്റ് ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ് വിൻ രാജ് എന്നിവരെയാണ് നീക്കിയത്. ഡ്രൈവർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.
ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതോടെയാണ് ബസ് വന്ന വഴി തിരികെ ഓടിച്ചതെന്നാണ് ജീവനക്കാർ നൽകിയ വിശദീകരണം. ഈമാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ച് ഓടിക്കുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് ബസ് ഓടിച്ചിരുന്നു.
District News
വണ്ടിപ്പെരിയാർ: ആനക്കുഴി റൂട്ടിൽ ഓടുന്ന മുബാറക് ബസ് ഡൈമുക്ക് ചിട്ടിപ്പുരയ്ക്കു സമീപം അപകടത്തിൽപ്പെട്ടു.
ബസിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടകാരണം. ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.
Kerala
ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽപ്പെട്ടവർ ദുബായിലെ മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റോഡിൽ നിന്നുപോയ ട്രക്കിനു പിന്നിലേക്ക് ഇവർ സഞ്ചരിച്ച മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരുക്കേറ്റ് ചികിത്സയിലുള്ള എട്ട് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായ് പോലീസ് അറിയിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ സ്വകാര്യ ബസ് റെയിൽവേ മേൽപ്പാലത്തിലിടിച്ച് മറിഞ്ഞു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പെനുബല്ലി മണ്ഡലിലെ കൊത്ത ലങ്കപ്പള്ളി ഗ്രാമത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ട്രാവൽ ബസ് റെയിൽവേ മേൽപ്പാലത്തിലിടിച്ച് മറിയുകായിരുന്നു.
ചെക്കപ്പള്ളി ടൗണിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിൽ ശക്തമായി ഇടിച്ച ശേഷം റോഡരികിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ സമീപവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനും നടത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.
അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഇത് കാണാം. അഫാനെ ഉടൻ ആശപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടക കൊപ്പ സ്വദേശി രാധ (49) ആണ് അറസ്റ്റിലായത്.
പെരുമ്പാവൂർ പോലീസ് ആണ് രാധയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്ന് പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പഴ്സാണ് യുവതി മോഷ്ടിച്ചത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് മോഷണം നടത്തിയത്.
അയ്മുറിയിൽ നിന്നും പെരുമ്പാവൂർക്ക് വരികയായിരുന്നു ബസ്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്.
Sports
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ കളിക്കാരും സഹപരിശീലകരും സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു.
ബസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ബസിനുള്ളിൽ പുക പടർന്നു. ഇതോടെ യാത്രക്കാരെ മുഴുവൻ വാഹനത്തിൽനിന്നും പുറത്തിറക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.
അധികൃതർ മറ്റൊരു ബസ് ക്രമീകരിക്കുകയും ഹോട്ടലിലേക്ക് യാത്ര തുടരുകയും ചെയ്തു.
National
മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ സൈക്കിളിൽ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. സഹോദരനൊപ്പം സൈക്കിളിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന രൂപേഷ് ധോത്രെ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ദിലീപ് ഗംഗാദിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
സമീപത്തുള്ള മുത്തശിയുടെ വീട് സന്ദർശിച്ച് സഹോദരനൊപ്പം രൂപേഷ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവരുടെ സൈക്കിളിനെ മറികടന്നുപോയ ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും റോഡിലേക്ക് വീഴുകയും രൂപേഷിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയും ചെയ്തു.
ഈ സമയം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രൂപേഷിന്റെ പിതാവ് അപകടം നേരിട്ട് കണ്ടു. ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അശ്രദ്ധമായി വാഹനമോടിച്ചതിന് ദിലീപിനെതിരെ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: പറവൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ചെറായി റോഡിൽ പെരുമ്പടന്ന പാടത്തേക്കാണ് ബസ് മറിഞ്ഞത്.
പാടത്ത് കക്ക വാരിക്കൊണ്ടിരുന്നയാൾ ബസിനടിയിൽ പെട്ടു. പെരുമ്പടന്ന പടവില താഴത്തെ ഗോപിയുടെ (77) കാല് ബസിന്റെ അടിഭാഗത്ത് കുടുങ്ങി പോവുകയായിരുന്നു.
ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് അരമണിക്കൂറിലധികം സമയം എടുത്താണ് ബസ് പൊക്കി ഗോപിയെ രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്കും റോഡരികിൽ നിന്നിരുന്നവർക്കും പരിക്കേറ്റു. ഗോപിയുടെ കാലിന് സാരമായി പരിക്കുണ്ട്.
സമീപത്ത് തന്നെ കുടയും മഴക്കോട്ടും വിൽപ്പന നടത്തിയിരുന്നയാളും മകനും ഉണ്ടായിരുന്നെങ്കിലും ഇവർക്ക് കാര്യമായ പരിക്കില്ല. ബസിൽ 25 ഓളം യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ പലർക്കും പരിക്കുണ്ടെങ്കിലും സാരമല്ലെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ ഏഴിക്കര പഞ്ചായത്ത് അംഗം വീണ അശ്വനി കുമാർ പറഞ്ഞു.
എറണാകുളത്തു നിന്നും പറവൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ദോസ്ത് എന്ന സ്വകാര്യ ബസ് ആണ് പാടത്തെ ചതുപ്പിലേക്ക് പതിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു സ്വകാര്യ ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്ന്ന പാടത്തേക്ക് പതിക്കുകയായിരുന്നു.
പുഴയുടെ അരികു ഭിത്തിയിൽ പുറകു വശത്തെ ചക്രം തടഞ്ഞതിനെ തുടർന്നാണ് ബസ് നിന്നത്. ബസ് അമിതവേഗതയിൽ ആയിരുന്നു എ ത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എതിരെ വന്ന ബസിനും സാരമായ കേടുപാടുകളുണ്ട്. വീതിയില്ലാത്ത ഈ റോഡിൽ നിരന്തരം അപകട ങ്ങൾ സംഭവിക്കാറുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ആഗ്ര-ലക്നോ എക്രപ്രസ്വേയിലാണ് അപകടം നടന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ഡൽഹിയിൽ നിന്ന് ബിഹാറിലേയ്ക്ക് പോവുകയായിരുന്നു ബസ്. ഗുരുതരമായി പരിക്കേറ്റവരെ ലക്നോ ട്രോമാ സെന്ററിലേയ്ക്ക് മാറ്റി. മറ്റുള്ളർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് അപകട സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചവർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Kerala
കോട്ടയം: രാമപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരം അല്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം രാമപുരം പാലാ റോഡില്‍ ബോയ്സ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ആറ് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ബെർഹാംപൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലാണ് ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ രാജ്ഘട്ടിൽ ബസ് ഡിവൈഡറിലിടിച്ചു. ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വലിയൊരു ദുരന്തം ഒഴിവാക്കാൻ ഡ്രൈവർ വാഹനം ഡിവൈഡലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സരയ് കാലെ ഖാനിൽ നിന്നു രാജ്ഘട്ടിലേക്ക് പോവുകയായിരുന്ന ബസായിരുന്നു അപകടത്തിൽപ്പെട്ടത്.
സംഭവം നടക്കുന്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
മലപ്പുറം: കോട്ടയ്ക്കലിൽ സ്വകാര്യ ബസ് യാത്രക്കാരന്റെ പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി നിസാർ (ജോയ് - 62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെയാണ് കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്.
കഴിഞ്ഞ ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹജ്ജ് യാത്രയ്ക്കായി മാറ്റിവച്ച തുകയായിരുന്നു ഇത്. കോട്ടയ്ക്കൽ സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് കൈയിലുണ്ടായിരുന്ന കവർ ബ്ലേഡ് ഉപയോഗിച്ച് കീറി പണം മോഷ്ടിച്ച വിവരം യാത്രക്കാരൻ അറിയുന്നത്.
പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. ബസ് സഞ്ചരിച്ച പാതയിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
എസ്ഐമാരായ അനീഷ് ചാക്കോ, സുരേഷ്, സിപിഒമാരായ സജീഷ്, സുജിത്, മുഹന്നതി, രതീഷ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തി നശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ശ്രീകണ്ഠപുരം വളക്കൈയിൽ വച്ചുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
എൻജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തളിപ്പറമ്പ് - ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന തേലക്കാടൻ എന്ന ബസിനാണ് തീപിടിച്ചത്. തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
അപ്പോഴേക്കും ബസ് പൂർണമായി കത്തിത്തീർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് തളിപ്പറമ്പ് - ഇരിട്ടി റൂട്ടിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ സ്വകാര്യ ആഡംബര ബസ് ടാങ്കറിൽ ഇടിച്ച് തീപിടിച്ച് നാല് യാത്രക്കാർ വെന്തുമരിച്ചു. 10 പേർക്ക് പൊള്ളലേറ്റ്.
സുരേന്ദ്രനഗർ ജില്ലയിൽ ചോട്ടില-രാജ്കോട്ട് ദേശീയപാതയിലെ സംഗാനി ഗ്രാമത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് സംഭവം. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.എസ്. ഭഡോരിയ പറഞ്ഞു.
അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് പോകുകയായിരുന്നു ബസ്. ടാങ്കറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണം. ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടയുടൻ ബസ് ടാങ്കറിന്റെ പിന്നിൽ ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാല് യാത്രക്കാർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു. ചോട്ടില-രാജ്കോട്ട് ദേശിയപാതയിൽ സാംഗാനിക്ക് സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
അഹമ്മദാബാദിൽ നിന്നു രാജ്കോട്ടിലേക്ക് പോവുകയായിരുന്നു ബസ്. മുന്നിൽ പോവുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു. കൂട്ടിയിടിക്ക് പിന്നാലെ ബസിലേക്ക് തീ പടരുകയായിരുന്നു. അപകടസമയത്ത് ബസിൽ ഏകദേശം 40 പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.
പരിക്കേറ്റ 10 പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കോട്ടയം: സ്വകാര്യ ബസിടിച്ചു വീഴ്ത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയില്‍. നട്ടാശേരി എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട സി.ഡി. റോസി (69) നാണ് പരിക്കേറ്റത്.
ഇന്നു രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാന്‍ഡിലാണ് സംഭവം. പുല്ലാടന്‍ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ ക്രോസ് ചെയ്തപ്പോള്‍ മുന്നോട്ട് എടുത്ത ബസ് റോസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ റോസിനെ ഉടന്‍ തന്നെ സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കോട്ടയത്ത് ഹാന്റ്ക്സ് സ്ഥാപനത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ് റോസ്.
ഇന്നു രാവിലെ ജോലിയ്ക്കു വരുമ്പോഴാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജിലെ റെഡ് സോണ്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ച റോസിനെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചുവരികയാണ്.
Kerala
കൊച്ചി: ആലുവയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേര്‍ക്ക് പരിക്ക്. എടത്തല എട്ടേക്കര്‍ പള്ളിക്ക് സമീപത്തുവച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആലുവയില്‍ നിന്നും കിഴക്കമ്പലം ഭാഗത്തേക്ക് പോയ സെന്റ്തോമസ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബസിന്റെ ഡ്രൈവിംഗ് സീറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയും ടാങ്കർ ലോറിയുടെ ഡ്രൈവറും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.
ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വരികയാണ്.
Kerala
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ ലോറിയുടെ പിന്നില്‍ ബസ് ഇടിച്ച് അപകടം. വൈറ്റിലയ്ക്കും ഇടപ്പള്ളി സിഗ്നലിനും ഇടയിലാണ് അപകടമുണ്ടായത്.
ചെന്നൈയില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ദീര്‍ഘദൂര ബസാണ് അപകടത്തില്‍ പെട്ടത്. വേഗത്തില്‍ എത്തിയ ബസ് മുന്നില്‍ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബസ് സ്ഥലത്ത് നിന്നും മാറ്റാന്‍ സാധിക്കാത്തതിനാല്‍ വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് റിക്കവറി വാന്‍ എത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
മുന്‍വശം മാത്രമാണ് തകര്‍ന്നതെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു ബസ്. ഏറെ തിരക്ക് ഉണ്ടാവുന്ന റോഡ് ആയതിനാല്‍ ബസ് റോഡിന് നടുവില്‍ കിടന്നത് വലിയ ഗതാഗത തടസത്തിന് കാരണമായി.
International
പാരീസ്: ഫ്രാൻസിൽ ബസ് നദിയിലേക്കു പതിച്ചു. തലസ്ഥാനമായ പാരീസിനടുത്ത് സെൻ നദിയിലേക്കാണു ബസ് വീണത്. ഡ്രൈവർ അടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി.
മെക്കാനിക്കൽ തകരാറോ പ്രതികൂല കാലാവസ്ഥയോ ആയിരിക്കം അപകടത്തിനു കാരണമെന്നു കരുതുന്നു.
National
റാഞ്ചി: ജാർഖണ്ഡിലെ ഗിരിദിഹിൽ കാർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ബംഗാലി ഹാദി (70), കുങ്കുമ് കുമാരി (24) എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. ഏഴ് പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സബർകാന്തയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. അമിതവേഗത്തിൽ വരികയായിരുന്ന ബസ് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
കാറ്ററിംഗ് തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോഡാസയിൽ നിന്ന് ഹമ്മത്നഗറിലേയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ. കാറിലുണ്ടായിരുന്ന ആറ് സ്ത്രികളാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് സമരാനുകൂലികൾ. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്.
വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന് ഇവർ പറയുന്നു. ബസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പത്തനംതിട്ട അടൂരിലും ബസുകൾ തടഞ്ഞു. എന്നാൽ മറ്റു ജില്ലകളിലൊന്നും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിലും വിവിധ ദളിത് സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തത്.
Kerala
കണ്ണൂർ: ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിന്റെ പരിശോധന.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
National
ബംഗളൂരു: കർണാടകയിലെ യാദ്ഗിരിൽ കാറും സ്വകാര്യ ബസും കൂട്ടിയിച്ച് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ദേവാപൂരിനടുത്താണ് അപകടമുണ്ടയാതെന്ന് പോലീസ് പറഞ്ഞു.
യാദ്ഗിറിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞു പോയ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കൊയിലാണ്ടിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
Kerala
കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയറിംഗിനിടെ ജാക്കി നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു.
ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്. ബസിന്റെ അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബ്രയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ, പിന്നിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിന്റെ മുൻചക്രത്തിനടിയിൽ കുടുങ്ങുകയും ബൈക്ക് യാത്രികരെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു.
അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ബുദാവുനിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിലേക്ക് കൊയ്ത്തുയന്ത്രം കയറ്റിയ വാഹനം ഇടിച്ച് കയറി രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. സജീത് (25), ഫർഹാൻ (12) എന്നിവരാണ് മരിച്ചത്. ബുദാവുൻ-ഡൽഹി റോഡിൽ ഞായറാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
ഉസാഹൈതിൽ നിന്നും മുജരിയായിലെ കോൽഹയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയവരായിരുന്നു ബസിലുണ്ടായിരുന്നത്. അമിതവേഗത്തിൽ വന്ന വാഹനം ബസിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ റോഡിലേയ്ക്ക് തെറിച്ചുവീണു. സജീതും ഫർഹാനും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും നില ഗുരുതരമായി തുടരുകയാണ്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം പുനഃസ്ഥാപിക്കാനായി രാത്രിയിൽ തന്നെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തതായി പോലീസ് പറഞ്ഞു.
Kerala
തിരുവന്തപുരം: പറശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു. വെഞ്ഞാറമൂട് വച്ചാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
രാവിലെ ഒന്‍പതോടെയാണ് സംഭവം. എസി സ്ലീപ്പര്‍ ബസിന്റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്. പുക പടര്‍ന്നതോടെ ഡ്രൈവര്‍ ബസ് ഉടൻ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടർന്നു അഗ്നി ശമന സേന എത്തി തീ അണച്ചു.
ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചിരുന്നു. ബസിൽ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Kerala
കോഴിക്കോട്: സന്ധിചെയ്യാതെ പോരാടുന്ന നേതാക്കളെ ബിജെപി വേട്ടയാടുമ്പോൾ കേരള മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കാത്തത് പരിശോധിച്ചാൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം മനസിലാക്കാനാകുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തനിക്കെതിരേ നാൽപതോളം കേസുകളുണ്ട്. അഞ്ചു ദിവസം ഇഡി തന്നെ ചോദ്യം ചെയ്തുവെന്നും രാഹുൽ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും ഇന്ദിര ഗാരന്റി ബസ് ഉദ്ഘാടനവും ഓണ്‍ ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രണ്ട് മുന്നണികളാണു മത്സരരംഗത്തുള്ളത്. ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയും വിഭജനരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും എൽഡിഎഫും ഒന്നിക്കുന്ന മറ്റൊരു മുന്നണിയും. ബിജെപിയോ സിപിഎം നേതൃത്വമോ ചോദ്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം പോലും ഇവരുടെ നേതാക്കള്‍ക്കു മനസിലാക്കാനാകുന്നില്ല. കള്ളക്കേസുകൾ എടുത്ത് എതിർപക്ഷത്തെ നിശബ്ദമാക്കാനാണ് അവർ ശ്രമിക്കുന്നത്.
കേരളത്തിനുവേണ്ടി യുഡിഎഫ് ഇന്ദിര ഗാരന്റി എന്ന പേരിൽ പ്രഖ്യാപിച്ച എല്ലാ ഗാരന്റിയും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Kerala
തൃശൂർ: ദേശീയപാതയിൽ മുടിക്കോട് വച്ച് ബസ് യാത്രക്കാരനിൽ നിന്നു രേഖകളില്ലാതെ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി. ഇന്നു രാവിലെയാണു സംഭവം. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ കെ. ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്.
സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണു യുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തൃശൂർ എക്സൈസ് ആൻഡ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. റോയ്, ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
National
മൽക്കാൻഗിരി (ഒഡിഷ): ഒഡീഷയിൽ തീപിടിച്ച ബസിൽനിന്ന് എംഎൽഎയും ഒപ്പമുണ്ടായിരുന്ന 36 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോൺഗ്രസ് എംഎൽഎ മംഗു ഖിലയും സഹയാത്രികരും ഭൂവനേശ്വറിൽനിന്ന് നബ്രംഗ്പുരിലേക്കു യാത്രചെയ്യുന്നതിനിടെ രാമബ്രഹ്മപുരത്തുവച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അത്യാഹിതം.
ബസിന്റെ പിൻചക്രം പഞ്ചറായതിനു പിന്നാലെ തീപിടിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനുമുന്പ് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
മുഴുവൻ യാത്രക്കാരും ഉറങ്ങുകയായിരുന്നുവെന്ന് ചിത്രകോണ്ഡ മണ്ഡലത്തിലെ എംഎൽഎ പറഞ്ഞു. ഡ്രൈവറുടെ മനസാന്നിധ്യമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
ബസ് നിർത്തിയശേഷം ജനലുകൾ തുറക്കുകയും യാത്രക്കാരെ വിളിച്ചുണർത്തുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Viral
വീസ്ബാഡൻ: തന്റെ പ്രണയിനിയെ സ്കൂളിലെത്തിക്കാൻ ഒരു കൗമാരക്കാരൻ നടത്തിയ അതിസാഹസം ഒരു നാടിനെത്തന്നെ മുൾമുനയിലാക്കി. പതിനാലുകാരിയായ കാമുകി ബസ് കാത്തുനിന്നു കയറി വിഷമിക്കേണ്ടെന്നു കരുതിയാകും അവളെ സ്കൂളിലെത്തിക്കാൻ ഒരു ബസ് തന്നെ പയ്യൻ കൊണ്ടുവന്നു. കാമുകൻ കൊണ്ടുവന്ന ബസിൽ അവൾ കയറി.
പിന്നെ ഒരു പറക്കലായിരുന്നു വീസ്ബാഡനിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള കാൾസ്റൂഹെയിലേക്ക്. തിരക്കേറിയ റോഡിലൂടെ ബസുമായി ഇരുവരും പോയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മയിൻസ് സ്വദേശിയായ പതിനഞ്ചുകാരനായിരുന്നു കഥയിലെ നായകൻ.
വെള്ളിയാഴ്ച പുലർച്ചെ വീസ്ബാഡനിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ ഡിപ്പോയിൽനിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഇന്ധനം പൂർണമായും നിറച്ചിരുന്ന ബസ് കാണാതായത് രാവിലെ ആറോടെയാണ് കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
എന്നാൽ, പതിവായി എത്തുന്ന ഡ്രൈവർമാരിൽ ആരെങ്കിലും മാറി കൊണ്ടുപോയതാകാമെന്ന നിഗമനത്തിലായിരുന്ന അധികൃതർ. എന്നാൽ, ഉച്ചയായിട്ടും ബസിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ പന്തുകേടു തോന്നിയ അധികൃതർ പോലീസിനെ അറിയിച്ചു. അപ്പോഴേക്കും കാൾസ്റൂഹെ പോലീസ് പട്രോളിംഗ് സംഘം ബസ് കണ്ടെത്തിയിരുന്നതായി ഡോയ്ഷെ വെല്ലെ റിപ്പോർട്ട് ചെയ്തു.
ബലപ്രയോഗം കൂടാതെ വാതിൽ തുറന്ന കുട്ടി, ഒരു മാസ്റ്റർ കീ ഉപയോഗിച്ചാണ് വണ്ടി സ്റ്റാർട്ട് ചെയ്തതെന്നു പറയുന്നു. 14 വയസുകാരിയായ കാമുകിയെ കാൾസ്റൂഹെയിലുള്ള സ്കൂളിൽ എത്തിക്കുന്നതിനൊപ്പം കാമുകിക്കൊരു സർപ്രൈസ് കൊടുക്കുക എന്ന ലക്ഷ്യവും പയ്യനുണ്ടായിരുന്നു.
പെൺകുട്ടി യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്നെന്നും 150 കിലോമീറ്ററോളമാണ് കുട്ടി ബസ് ഓടിച്ചെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് കേടുപാടുകൾ കൂടാതെ അധികൃതർക്കു കൈമാറി. ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ പിന്നീടു രക്ഷിതാക്കൾക്കു വിട്ടുനൽകി.
NRI
ബെർലിൻ: മധ്യ ജർമനിയിലെ ഹെസെ സംസ്ഥാനത്തിലെ വീസ്ബാഡൻ നഗരത്തിൽ നിന്ന് 15 വയസുകാരൻ പൊതുഗതാഗത ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞു. തന്റെ 14 വയസുകാരിയായ കാമുകിയെയും ഒപ്പം കൂട്ടിയാണ് കൗമാരക്കാരൻ 150 കിലോമീറ്റർ ദൂരം ബസ് ഓടിച്ച് മറ്റൊരു സംസ്ഥാനമായ ബാഡൻ-വുർട്ടെംബർഗിലെ കാൾസ്റൂഹെയിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ വൈസ്ബാഡനിലെ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഇന്ധനം നിറച്ച ബസാണ് കുട്ടി കടത്തിയത്. ബസുകളുടെ മാസ്റ്റർ കീ ഉപയോഗിച്ചാണ് പത്താം ക്ലാസുകാരൻ വണ്ടി സ്റ്റാർട്ട് ചെയ്തത്.
ഇത്രയും ദൂരം പിന്നിട്ട ബസ് കാൾസ്റൂഹെയിൽ വച്ച് പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു. പരിശോധനയിലാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 15 വയസുകാരനാണെന്ന് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.
രാവിലെ തന്നെ ബസ് ഡിപ്പോയിൽ നിന്ന് കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ഡ്രൈവർ മാറി എടുത്തതാകാം എന്ന നിഗമനത്തിലായിരുന്നു അധികൃതർ. ഉച്ചയോടെയാണ് ബസ് മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതും പോലീസിൽ വിവരമറിയിച്ചതും.
ബസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബസ് തിരികെ ഡിപ്പോയിൽ എത്തിച്ചു. കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ മാതാപിതാക്കളെ ഏൽപ്പിച്ചു.
ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കുട്ടിക്ക് എതിരേ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിക്ക് മാസ്റ്റർ കീ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
Kerala
തൃശൂര്‍: കുന്നംകുളത്ത് സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി പിടിയില്‍. കഞ്ചാവുമായെത്തിയ രേണു ബഹറ (45) യാണ് ആണ് പിടിയിലായത്.
കുന്നംകുളം പോലീസും തൃശൂർ ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി ഏകദേശം നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ശനി ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു അറസ്റ്റ്.
ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗം തൃശൂരില്‍ ഇറങ്ങിയ യുവതി അവിടെ നിന്നാണ് സ്വകാര്യ ബസില്‍ കയറിയത്. യുവതിയെ ഷാഡോ പോലീസ് പിന്തുടര്ന്നിരുന്നു. കുന്നംകുളം സ്റ്റാന്റിൽ വന്നിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഡാന്‍സാഫ് എസ്ഐ വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതി വടക്കേക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ പരൂരില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒഡീഷയില്‍ നിന്നും സ്ഥിരമായി കഞ്ചാവ് എത്തിച്ച് കുന്നംകുളം, വടക്കേക്കാട് മേഖലകളില്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് പോലീസ് നല്കുന്ന സൂചന.
Kerala
കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്.
അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം നടന്നത്. ലോറിയിൽ ഇടിച്ച് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
Kerala
കൊച്ചി: മന്ത്രി കെ.ബി. ഗണേഷ്കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടേയെന്നു ഹൈബി ഈഡൻ എംപി. പറഞ്ഞാൽ പറഞ്ഞതു ചെയ്യുന്ന മന്ത്രിയാണ് ഗണേഷ്കുമാർ. അതുകൊണ്ടാണ് എറണാകുളം കെഎസ്ആർടിസി ബസ്സ്റ്റാൻഡ് മികച്ച രീതിയിൽ നവീകരിക്കാനായത്.
പറയേണ്ടതു പറയേണ്ടവരോട് മുഖത്തു നോക്കി പറയുന്ന മന്ത്രിയാണ് അദ്ദേഹം. മറ്റു മന്ത്രിമാരോടുപോലും കാര്യങ്ങൾ തുറന്നു പറയുന്നതിൽ അദ്ദേഹത്തിനു മടിയില്ല. വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്നതിൽ ഗണേഷ്കുമാറിന്റെ നേതൃത്വം വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രതിസന്ധിയിലായ കെഎസ്ആർടിസിയിൽ കൃത്യമായി ശന്പളം നൽകുന്ന സ്ഥിതിയിലേക്കു മാറ്റിയത് അദ്ദേഹത്തിന്റെ മികവാണെന്നും ഹൈബി പറഞ്ഞു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയെ ഹൈബി പ്രശംസിച്ചത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. പുലർച്ചെ നാലിനാണ് വാനും ഡബിൾ ഡക്കർ ബസും കൂട്ടിയിടിച്ചത്.
ഡൽഹിയിൽ നിന്ന് രാജസ്ഥാനിലെ ധോൽപൂരിലേക്ക് പോവുകയായിരുന്ന വാനിൽ 13 യാത്രക്കാർ ഉണ്ടായിരുന്നത്. നോയിഡയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോവുകയായിരുന്നു ഡബിൾ ബസ്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിക്കെയാണ് ആറ് പേർ മരിച്ചത്. പരിക്കേറ്റ മറ്റ് യാത്രക്കാർ ഇപ്പോൾ ചികിത്സയിലാണ്. വാനിന്റെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.