തൃശൂര്‍: കുന്നംകുളത്ത് സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി പിടിയില്‍. കഞ്ചാവുമായെത്തിയ രേണു ബഹറ (45) യാണ് ആണ് പിടിയിലായത്.
കുന്നംകുളം പോലീസും തൃശൂർ ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി ഏകദേശം നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ശനി ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു അറസ്റ്റ്.
ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗം തൃശൂരില്‍ ഇറങ്ങിയ യുവതി അവിടെ നിന്നാണ് സ്വകാര്യ ബസില്‍ കയറിയത്. യുവതിയെ ഷാഡോ പോലീസ് പിന്തുടര്ന്നിരുന്നു. കുന്നംകുളം സ്റ്റാന്റിൽ വന്നിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഡാന്‍സാഫ് എസ്ഐ വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പ്രതി വടക്കേക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ പരൂരില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒഡീഷയില്‍ നിന്നും സ്ഥിരമായി കഞ്ചാവ് എത്തിച്ച് കുന്നംകുളം, വടക്കേക്കാട് മേഖലകളില്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് പോലീസ് നല്കുന്ന സൂചന.
Tags : odisha lady arrested ganja bus