ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് കാലപ്പഴക്കത്തെത്തുടർന്ന് പൊളിച്ചുനീക്കണമെന്ന് വിജിലൻസ് ആർപ്പൂക്കര പഞ്ചായത്തിന് നോട്ടീസ് നൽകിയതിനെത്തുടർന്ന് താത്കാലിക വിശ്രമകേന്ദ്രം ഒരുക്കി. നിലവിലുള്ള ബസ് സ്റ്റാൻഡിന് എതിർവശത്തായാണ് വിശ്രമകേന്ദ്രം ഒരുക്കിരിക്കുന്നത്.
എന്നാൽ നിലവിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടം അടച്ചുകെട്ടാത്തതിനാൽ യാത്രക്കാർ പഴയ കെട്ടിടത്തിലാണ് ബസ് കാത്ത് നിൽക്കുന്നത്. സ്റ്റാൻഡ് അപകടാവസ്ഥയിലാണെന്നും ഇവിടെ യാത്രക്കാർ നിൽക്കരുതെന്നും ഫ്ലെക്സ് പതിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ഇത് ശ്രദ്ധിക്കാറില്ല.
കാലപ്പഴക്കത്തെ തുടർന്ന് സ്റ്റാൻഡിന്റെ ഭിത്തികൾ പൊട്ടിക്കീറിയ നിലയിലാണ്. മുകൾ ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിത്തകർന്ന നിലയിലാണ്. ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരുമാണ് ദിവസേന ഈ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നത്.
വിജിലൻസിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡ് പൊളിക്കാൻ ടെൻഡർ ക്ഷണിച്ച് കരാർ നൽകിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാൻ പറഞ്ഞു.സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാനത്തിലാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Tags : nattu vishesham Medical College bus state of emergency