മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ സൈക്കിളിൽ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. സഹോദരനൊപ്പം സൈക്കിളിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന രൂപേഷ് ധോത്രെ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ദിലീപ് ഗംഗാദിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
സമീപത്തുള്ള മുത്തശിയുടെ വീട് സന്ദർശിച്ച് സഹോദരനൊപ്പം രൂപേഷ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവരുടെ സൈക്കിളിനെ മറികടന്നുപോയ ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും റോഡിലേക്ക് വീഴുകയും രൂപേഷിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയും ചെയ്തു.
ഈ സമയം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രൂപേഷിന്റെ പിതാവ് അപകടം നേരിട്ട് കണ്ടു. ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അശ്രദ്ധമായി വാഹനമോടിച്ചതിന് ദിലീപിനെതിരെ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.