കൊച്ചി: ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് മുനമ്പം പോലീസ്. പറവൂര്‍-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ എന്ന ബസിന്‍റെ ഡ്രൈവര്‍ക്കെതിരേയാണ് കേസ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം 4.26ന് ചെറായി പള്ളി ബസ്‌സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്. സ്റ്റോപ്പ് എത്തുംമുമ്പേ ഡ്രൈവര്‍ ബസിന്‍റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് സ്റ്റോപ്പില്‍ ഇറങ്ങാന്‍ തയാറായി നിന്ന വിദ്യാര്‍ഥി ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പറവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ചെറായി പെട്ടിക്കാട്ടില്‍ സുബിയുടെ മകന്‍ സായന്ത് (12) ആണ് വീണത്.
കുട്ടിയെ പിന്നീട് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താടിയെല്ലിനും മുഖത്തും കണ്ണിന്‍റെ ഭാഗത്തും പരിക്കുണ്ട്. സംഭവത്തിന് ശേഷം ബസ് നിര്‍ത്തിയെങ്കിലും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ കടന്നുകളഞ്ഞതും സംഭവം പോലീസില്‍ അറിയിക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് പറഞ്ഞു.