കൊച്ചിയിൽ അടിത്തറ ഉയര്‍ത്തുന്നതിനിടെ ചെരിഞ്ഞ ഇരുനിലക്കെട്ടിടം
കൊച്ചി: എംജി റോഡില്‍ വുഡ്‌ലാന്‍ഡ് ജംഗ്ഷനു സമീപം അടിത്തറ ഉയര്‍ത്തുന്നതിനിടെ ചെരിഞ്ഞ ഇരുനിലക്കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും. മേല്‍ക്കൂരയിലെ ഷീറ്റുകളും തിങ്കളാഴ്ച ഇളക്കി മാറ്റിയിരുന്നു. സമീപത്തെ കെട്ടിടത്തെ തട്ടിനില്‍ക്കുന്ന കെട്ടിട ഭാഗങ്ങളാണ് ആദ്യ ഘട്ടത്തില്‍ മുറിച്ചു മാറ്റുന്നത്.
അപകട സാധ്യത മുന്നില്‍ക്കണ്ട് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചു. ഗ്രാമീണ്‍ ബാങ്കിന്‍റെ എറണാകുളം എംജി റോഡ് ശാഖയും ഭീമ ജ്വല്ലറിയുടെ വെള്ളി ആഭരണശാലയുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ്‍ ബാങ്ക് കടവന്ത്രയിലെ ശാഖയിലേക്ക് മാറ്റി. എംജി റോഡ് ശാഖയിലെ ഇടപാടുകാര്‍ക്ക് കടവന്ത്ര ശാഖയെ സമീപിക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടിത്തറ ബലപ്പെടുത്തുന്ന പണികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ചെരിഞ്ഞു നില്‍ക്കുന്ന കെട്ടിടത്തിന്‍റെ അടിത്തറയും മുകള്‍ഭാഗത്തും ഉള്ളില്‍ കട്ട കെട്ടിയാണ് ബലപ്പെടുത്തിയത്. ഏഴു മുതല്‍ പത്തു ദിവസത്തിനകം കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റാനാണ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ജൂലൈ ഏഴിന് ആയിരുന്നു അടിത്തറ ഉയര്‍ത്തുന്നതിനിടെ ജാക്കി തെന്നിമാറി കെട്ടിടം ചെരിഞ്ഞത്. സ്ഥലം സന്ദര്‍ശിച്ച കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
Tags : Demolition Leaning Building Kochi