യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ.
ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പ്രതികാരം ചെയ്യേണ്ട ലോകനേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാൻ ഔദ്യോഗിക പത്രം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുൾപ്പെടെ പതിമൂന്ന് ആഗോള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ റിപ്പോർട്ട് ആണ് ഇറാൻ തലസ്ഥാനത്തുനിന്നു പ്രസിദ്ധീകരിക്കുന്ന കൺസർവേറ്റീവ് ദിനപത്രമായ, ഹംഷാഹ്രി ഓൺലൈനിലൂടെ പുറത്തുവിട്ടത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ് കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് കണക്കുചോദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹിറ്റ് ലിസ്റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പ്രതികാരം തങ്ങളുടെ രാജ്യത്തിന്റെ ആവശ്യമാണെന്നും ലിസ്റ്റിലുള്ള കുറ്റവാളികൾക്കു സമാധാനപരമായ മരണം ഉണ്ടാകില്ലെന്നും ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കുശേഷം നൽകിയ സന്ദേശത്തിൽ മുജതബ വ്യക്തമാക്കിയിരുന്നു. ട്രംപിനും നെതന്യാഹുവിനും പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ, പത്രം പുറത്തുവിട്ട ഈ ലിസ്റ്റിന് ഇറാന്റെ ഔദ്യോഗിക ഭരണകൂടത്തിന്റെ അംഗീകാരമുണ്ടോ എന്നതു വ്യക്തമല്ല.
തങ്ങളുടെ രാജ്യത്തിനുനേരേ നടന്ന ആക്രമണങ്ങളെ അപലപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറായില്ലെന്നും യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത തുറന്നുനൽകി അവർ ആക്രമണത്തിനു കൂട്ടുനിന്നെന്നും യുദ്ധത്തിനിടയിൽ ഇറാൻ ആരോപിച്ചിരുന്നു. ഖമനയ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം മുജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
Tags : DonaldTrump BenjaminNetanyahu US-IranWar AyatollahAliKhamenei Iran US Mojtaba Khamenei