സിബി മലയിൽ.
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം, മികച്ച പൊതുജന സേവനത്തിനുള്ള ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി അവാര്‍ഡ്-2026 പ്രശസ്ത ചലച്ചിത്ര സംവിധായകന് സിബി മലയിലിന് സമ്മാനിക്കും.
18ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അവാര്‍ഡ് സമര്‍പ്പിക്കും. ഫൗണ്ടേഷന് ചെയര്മാന് ജസ്റ്റീസ് സിറിയക് ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണപ്രസംഗം നടത്തും.
ചടങ്ങില്‍ നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന് ട്രസ്റ്റിയും മന്ത്രിയുമായ മോന്‍സ് ജോസഫിനെ ആദരിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റിയും മുന്‍ എംപിയുമായ തോമസ് ചാഴികാടന്, പ്രഫ. മേരി രമണി തറയില്‍, ഷെവ. അഡ്വ. ജോയ് ജോസഫ് കൊടിയന്തറ എന്നിവര്‍ പ്രസംഗിക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സിറിയക് ചാഴികാടന്, ഡോ. ജോസഫ് സണ്ണി കുന്നശേരി എന്നിവര്‍ അറിയിച്ചു.