Kerala
കോട്ടയം: കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ യുവദീപ്തി-എസ്എംവൈഎം ഏര്‍പ്പെടുത്തിയ 13-ാമത് ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന്-2026 അവാര്‍ഡിനു അപേക്ഷിക്കാം.
ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥ സേവനം നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. വ്യക്തിക്കു സ്വയമോ മറ്റുള്ളവര്‍ക്ക് നാമനിര്ദേശമായോ സമര്‍പ്പിക്കാം. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10.
വിലാസം: പ്രസിഡന്റ്, യുവദീപ്തി- എസ്എംവൈഎം, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, കടുവാക്കുളം, കൊല്ലാട് പി.ഒ. കോട്ടയം. ഫോണ്‍: +91 7907518846,+91 96052 40273,+91 98465 65905.
Kerala
കൊച്ചി: ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ ജൂറിസ് സ്കോളര്‍ പുരസ്കാരം അഡ്വ. ജോര്‍ജ് ജെ. ഇട്ടന്കുളങ്ങരയ്ക്ക് ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍ സമ്മാനിച്ചു.
അക്കാദമിക്, പ്രഫഷണല്‍ മികവിനാണ് പുരസ്കാരം. അസോസിയേഷന് പ്രസിഡന്റ് അഡ്വ. പിയൂസ് എ. കൊറ്റം അധ്യക്ഷത വഹിച്ചു.
വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ജോര്‍ജ് ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ സ്വദേശിയാണ്.
District News
കോട്ടയം: എസ്എഇ എ-ബാഹായുടെ ദ്രോണാചാര്യ അവാര്‍ഡ് സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗിലെ അസിസ്റ്റന്റ് പ്രഫ. ലെവിന്‍ റോബി ഏബ്രഹാം കരസ്ഥമാക്കി. വിദ്യാര്‍ഥികള്‍ക്ക് സ്വയം നിയന്ത്രിതവും ഡ്രൈവറില്ലാത്തതുമായ ഓള്-ടെറൈന്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രക്രിയയില്‍ മാര്‍ഗനിര്‍ദ്ദേശം നല്കുന്ന ഫാക്കല്‍റ്റി അഡ്വൈസര്‍മാരെ ആദരിക്കുന്നതിനാണ് എ-ബാഹ വിഭാഗത്തില്‍ ദ്രോണാചാര്യ അവാര്‍ഡ് നല്‍കുന്നത്.
നേതൃപാടവം, സാങ്കേതിക മാര്‍ഗനിര്‍ദേശം, പ്രതിസന്ധി ഘട്ടങ്ങളിലെ മാനേജ്മെന്റ് എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. ചെന്നൈയിലെ ശ്രീ സൈറാം എന്‍ജിനിയറിംഗ് കോളജ് നടന്ന മത്സരത്തില്‍ ലെവിന്‍ നയിച്ച സെന്റ്ഗിറ്റ്സിലെ 30 വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ടീം ഇക്വിനോക്സാണ് നേട്ടം കരസ്ഥമാക്കിയത്.
Business
കൊച്ചി: റീട്ടെയ്ൽ ജൂവലര്‍ ഇന്ത്യ അവാര്‍ഡ്സ് 2026-ല്‍ ഗ്ലോ ബൈ കീര്‍ത്തിലാല്‍സിന് കളേര്‍ഡ് ജെംസ്റ്റോണ്‍ റിംഗ് പുരസ്കാരം ലഭിച്ചു.
വര്‍ണക്കല്ലുകള്‍, നാച്ചുറല്‍ ഡയമണ്ട്സ്, ആധുനിക ഡിസൈനുകള്‍ എന്നിവ സമന്വയിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യവും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങള്‍ നിര്‍മിക്കുന്നതു കണക്കിലെടുത്താണ് അംഗീകാരം.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിഐഎ പ്രസിഡന്റ് ആന്‍ഡ് സിഇഒ പ്രിതേഷ് പട്ടേലില്‍നിന്നു കീര്‍ത്തിലാല്‍സ് ഹെഡ് മര്‍ച്ചന്‍ഡൈസിംഗ് സുബ്രഹ്മണി അവാര്‍ഡ് ഏറ്റുവാങ്ങി.
District News
നിലന്പൂർ: ജോണ്സണ് ഐരൂർ സ്മാരക വേദി ഏർപ്പെടുത്തിയ സംസ്ഥാനതല മനഃശാസ്ത്ര ലേഖന പുരസ്കാരം ഡോ. പി.കെ. റഹീമുദ്ദീന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ സമ്മാനിച്ചു. കോഴിക്കോട് ഗവണ്മെന്റ് മെന്റൽ ഹെൽത്ത് സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന്റെ "കുട്ടികൾക്ക് ബിഹേവിയറൽ വാക്സിൻ നൽകിയോ?’ എന്ന ലേഖനത്തിനാണ് പുരസ്കാരം. ചടങ്ങിൽ ചിൻമയ വിശ്വവിദ്യാപീഠം അസോസിയറ്റ് പ്രഫസർ ഡോ. സതീഷ് വർമ മുഖ്യാതിഥിയായിരുന്നു.
District News
ചങ്ങനാശേരി: സെന്റ് ബെര്‍ക്ക്മാന്‍സ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വകുപ്പ് അസോസിയേ ഷനായ ബെര്‍ക്ക്-സ്വരയുടെ 2026-27 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനച്ചടങ്ങില്‍ സാമൂഹിക സേവന പ്രവര്‍ത്തനരംഗത്ത് സജീവമായി ഇടപെട്ട് പുതിയ ചുവടുവയ്പുകള്‍ നടത്തുന്ന കുടമാളൂര്‍ ആശാകേന്ദ്ര സോഷ്യല്‍ വെല്‍ഫെയര്‍ സെന്ററിനെ ആദരിച്ചു.
എസ്ബി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോസ് ജേക്കബ് പുരസ്കാരം സമ്മാനിച്ചു. ചങ്ങനാശേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ ദീപ്തി ജോസ് എസ്ഡി പുരസ്കാരം ഏറ്റുവാങ്ങി.
District News
ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷവും വാദ്യകലാപുരസ്കാര സമര്‍പ്പണവും നടന്നു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച 25പേര്‍ക്ക് ആദരവുംനല്കി. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
വീണാവിദ്വാന്‍ എ. അനന്തപദ്മനാഭന് അധ്യക്ഷനായി. ഗുരുവായൂര്‍ എസിപി സുരേന്ദ്രന് പ്രതിഭകളെ ആദരിച്ചു. മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന്, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്, രവി ചങ്കത്ത്, പ്രഭാകരന് മണ്ണൂര്‍, ശശി വാറണാട്ട്, ബാലന് വാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. വാദ്യപുരസ്കാരങ്ങള് കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്,ജ്യോതിദാസ് ഗുരുവായൂര്‍, രഘു പെങ്ങാമുക്ക്, എം.കെ. നാരായണന് എന്നിവര്‍ ഏറ്റുവാങ്ങി.
Kerala
പാലാ: കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷക ഉത്പാദക കമ്പനിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പാലാ രൂപതയുടെ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക്. കാര്‍ഷിക സംരംഭക രംഗത്തെ മാതൃകാപരവും സംയോജിതവും സമഗ്രവുമായ സുസ്ഥിര പ്രവര്‍ത്തനം പരിഗണിച്ചാണ് പുരസ്കാരം.
പാലാ രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം അനുവദിച്ച കര്‍ഷക ഉത്പാദക കമ്പനിയാണ് പാലാ സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി.
കഴിഞ്ഞ വര്‍ഷം ജൂലൈ 14 ന് കമ്പനിയുടെ പ്രധാന സംരംഭം എന്ന രീതിയില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന നിര്‍്മാണ യൂണിറ്റ് സാന്തോം ഫുഡ് ഫാക്ടറി എന്ന പേരില്‍ മുണ്ടുപാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു.
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലത്താണ് ഫാക് ടറി ആരംഭിച്ചത്. പ്രാദേശികമായി ലഭ്യമായ കാര്‍ഷിക വിഭവങ്ങളെയും കാര്‍ഷിക വിളകളെയും സംഭരിച്ച് സംസ്കരിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റി ആഭ്യന്തര വിപണിയിലും വിദേശ രാജ്യങ്ങളിലേക്കും എത്തിക്കുന്ന ഒരു കര്മ്മപരിപാടിക്കാണ് സാന്തോം ഫുഡ് ഫാക് ടറി പ്രാമുഖ്യം കൊടുക്കുന്നത്.
പാലനോവ എന്ന ബ്രാൻഡ് നെയിമിലാണ് പാലാ സാന്തോം ഉത്പന്നങ്ങള്‍ വിപണിയിലുള്ളത്. ഫാക് ട റിയോടനുബന്ധിച്ച് ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും ഉല്‍പ്പാദിപ്പിക്കുന്ന അഗ്രിമ സെന്‍ട്രല്‍ നേഴ്സറിയും ഫ്രൂട്ട് വില്ലേജുമുണ്ട്.
Kerala
തിരുവനന്തപുരം: കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡിന് കേരള കാർഷിക സർവകലാശാലയിലെ ഡോ. ഹസീന ഭാസ്കർ അർഹയായി. മികച്ച കൃഷി ഓഫീസറായി വാഴയൂർ കൃഷിഭവനിലെ മുഹമ്മദ് മുനീർ ബിലാൽ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച കർഷക വിദ്യാർഥിയായി ചേർത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.എ. ആദിത്യനും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി കൊല്ലം പള്ളിമണ്‍ സിദ്ധാർഥ സെൻട്രൽ സ്കൂളും സ്പെഷൽ സ്കൂളായി അടിമാലി കാർമൽ ജ്യോതിയും അവാർഡുകൾ നേടി. മികച്ച കൃഷിക്കൂട്ടങ്ങൾക്കുള്ള പുരസ്കാരം നീലേശ്വരം അഗ്രോസർവീസ് സെന്ററും പോരുവഴി കാർഷിക കർമസേനയും പങ്കിട്ടു.
പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കണ്ണൂർ സെൻട്രൽ പ്രിസണും സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിക്കും ലഭിച്ചു. കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഇത്തവണ നാമനിർദേശം ലഭിച്ചിട്ടില്ല.
കർഷകഭാരതി മാധ്യമ അവാർഡുകൾ അച്ചടി വിഭാഗത്തിൽ മലയാള മനോരമയിലെ ജിതിൻ ജോസിനും നവ മാധ്യമ വിഭാഗത്തിൽ കൽപ്പറ്റ സ്വദേശി അഭിലാഷ് കരിമുളയ്ക്കലിനും ദൃശ്യ മാധ്യമ വിഭാഗത്തിൽ കിസാൻ കൃഷിദീപം അസിസ്റ്റന്റ് ഡയറക്ടർ എസ്. മനോജിനും ലഭിച്ചു.
പൈതൃക കൃഷി, വിത്ത് സംരക്ഷണം എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ രാജ നാരായണൻ, കെ.കെ സേവ്യർ, പാലക്കാട്ടെ ഗോട്ടിയാർകണ്ടി ഉന്നതി എന്നിവർ പങ്കിട്ടു. പഴ വർഗ സംസ്കരണത്തിനും മൂല്യവർധനവിനുമുള്ള പുരസ്കാരം മലപ്പുറം തിരുവാലിയിലെ ജൂസ്ക്രഷ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി കരസ്ഥമാക്കി.
District News
കൊളത്തൂർ: മങ്കട ഉപജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് സ്കൂളിനുള്ള അവാർഡ് കൊളത്തൂർ നാഷണൽ ഹൈസ്കൂൾ ഏറ്റുവാങ്ങി. മലപ്പുറം പ്ലാനിംഗ് സെക്രട്ടറിയറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാതല ചടങ്ങിലാണ് മങ്കട ഉപജില്ലയിൽ ഒന്നാമതെത്തിയ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിനുള്ള അവാർഡ് പ്രധാനാധ്യാപകൻ പ്രകാശൻ ഏറ്റുവാങ്ങിയത്.
ഫസൽ തങ്ങൾ, അനുപമ ഉണ്ണികൃഷ്ണൻ, ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രതിനിധികൾ, പ്രധാനാധ്യാപകർ പങ്കെടുത്തു.
NRI
ന്യൂയോർക്ക്: മതസൗഹാർദ്ദം, മനുഷ്യസ്നേഹം, മതസ്വാതന്ത്ര്യം, അന്തർമത സംവാദം, ലോകസമാധാനം എന്നിവയ്ക്കായി ദേശീയ-അന്തർദേശീയ തലങ്ങളിൽ നൽകിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് ഫൊക്കാനയുടെ (Federation of Kerala Associations in North America – FOKANA) ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന് സമ്മാനിക്കും.
ഫൊക്കാന പ്രസിഡന്റ് ഡോ. സാജിമോൻ ആന്റണിയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. 2026-ലെ ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ Kalahari Resorts & Convention Center-ൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
മതപരവും വംശീയവുമായ സംഘർഷങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളിൽ സമാധാനപരമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടി ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഫാ. ജോസഫ് വർഗീസ് വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും സൗഹൃദവും വളർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ന്യൂയോർക്കിലെ Institute for Religious Freedom and Tolerance (IRFT)-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന Religions for Peace-ന്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും National Council of Churches (NCC-USA)-ന്റെ ഇന്റർ-റിലീജിയസ് ഡയലോഗ് കോ-കൺവീനറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Holy Sophia Coptic School of Theology-യിൽ അഡ്ജങ്ട് പ്രൊഫസറായും പ്രവർത്തിച്ചുവരുന്നു. അമേരിക്കയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര അതിരൂപതയിലെ അഭിഷിക്ത വൈദികനുമാണ്.
ഒരു പതിറ്റാണ്ടിലേറെക്കാലം ജോർദാൻ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിലെ അഭയാർഥികൾക്കിടയിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, ഐഎസ്ഐഎസ് ആക്രമണങ്ങളിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായവും ആശ്വാസവും നൽകി.
പാക്കിസ്ഥാൻ, സിറിയ, മാൻമർ എന്നിവിടങ്ങളിലെ മതപീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചും പ്രവർത്തിച്ചിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധകാലത്ത് സമാധാനത്തിനായുള്ള അന്തർമത പ്രാർത്ഥനാ ദൗത്യത്തിന്റെ ഭാഗമായി കീവ് സന്ദർശിക്കുകയും ലോകസമാധാനത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്തു.
2014 മുതൽ National Council of Churches-ന്റെ Interreligious Relations Convening Table-ൽ അംഗമായും പിന്നീട് കോ-കൺവീനറായും പ്രവർത്തിച്ച അദ്ദേഹം ഹിന്ദു, ബൗദ്ധ, സിഖ് മതനേതാക്കളുമായുള്ള ദേശീയ സംവാദങ്ങൾക്ക് നേതൃത്വം നൽകി.
മതപീഡനം, അസഹിഷ്ണുത, സാമൂഹിക നീതി, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
Parliament of the World’s Religions, ഐക്യരാഷ്ട്രസഭ, National Council of Churches എന്നിവയുടെ വിവിധ വേദികളിലും ഫാ. ജോസഫ് വർഗീസ് സജീവ സാന്നിധ്യമായിരുന്നു.
Federation of Indian American Christian Organizations of North America (FIACONA)-യുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചുവരുന്നു.
മനുഷ്യത്വം, മതസൗഹാർദ്ദം, സമാധാനശ്രമങ്ങൾ, മതപീഡിതരുടെ സംരക്ഷണം, അന്തർദേശീയ സാമൂഹിക സേവനം എന്നിവയിൽ നൽകിയ അസാധാരണ സംഭാവനകളെ അംഗീകരിച്ചാണ് ഫൊക്കാനയുടെ ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന് നൽകുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.
District News
തൃശൂർ: സിറ്റി പോലീസ് നടപ്പാക്കിയ ഡിജിറ്റലൈസ്ഡ് വാഹന പാർക്കിംഗ് സംവിധാനമായ "വഴികാട്ടി’ക്ക് ദേശീയ സ്കോച്ച് അവാർഡ്. ഭരണനിർവഹണത്തിലും സാങ്കേതികവിദ്യയിലുമുള്ള മികവിനാണ് പുരസ്കാരം. തൃശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വമാണ് പദ്ധതിയുടെ വിജയത്തിനു പിന്നിൽ.
വിവിഐപി സുരക്ഷാ ബന്ദവസുകൾ, തൃശൂർപൂരം പോലെയുള്ള വലിയ ഉത്സവങ്ങൾ, കലാകായികമേളകൾ എന്നിവ നടക്കുന്പോൾ പൊതുജനങ്ങൾക്ക് പാർക്കിംഗ് സൗകര്യം എളുപ്പമാക്കാനും മടക്കയാത്രയിൽ വാഹനം വേഗത്തിൽ കണ്ടെത്താനും സഹായിക്കുന്ന ക്യുആർ കോഡ് അധിഷ്ഠിത ലൊക്കേഷൻ ഫൈൻഡർ സംവിധാനമാണു വഴികാട്ടി.
വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്പോൾ ലഭിക്കുന്ന ഗൂഗിൾ മാപ്പ് ലിങ്ക് വഴി വാഹനം കൃത്യമായി കണ്ടെത്താം. കൂടാതെ, ഓരോ പാർക്കിംഗ് കേന്ദ്രങ്ങളിലെയും തത്സമയ ഒഴിവുകൾ ഡിജിറ്റലായി അറിയാനും സുരക്ഷാ പരിശോധനകൾക്കും കുറ്റകൃത്യ അന്വേഷണങ്ങൾക്കും ഈ ഡാറ്റാബേസ് ഉപയോഗിക്കാനും സാധിക്കും.
തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ ബോബി ചാണ്ടിയാണ് സംവിധാനം രൂപകൽപ്പന ചെയ്തത്. കാഴ്ചകേൾവി പരിമിതർക്കായുള്ള "ബഡ്ഡി സീബ്ര’, ബ്രീത്ത് ആൽക്കോമീറ്റർ എന്നിവയും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളാണ്.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് എംഎസ്എംഇ ആക്ടിവിറ്റീസ് 2026-27, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ വിഭാഗം നാഷണല്‍ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് ഗ്രേസ് റെജി വിശിഷ്ടാതിഥിയായിരുന്നു.
തൊഴിൽ അന്വേഷിക്കുന്നവരില്‍നിന്ന് തൊഴില്‍ സൃഷ്ടിടിക്കുന്നവരായി മാറുന്ന മനോഭാവമാണ് കേരളത്തിലിന്ന് ഏറ്റവും വലിയ മാറ്റം സൃഷ്ടിക്കുന്നതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. കെഎംഎ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു.
എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച വനിതാ സംരംഭകയ്ക്കും എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനും ഈ വര്‍ഷം മുതല്‍ പുരസ്കാരം നല്‍കുമെന്ന് കെഎംഎ ഭാരവാഹികള്‍ അറിയിച്ചു.
District News
പാലക്കാട്: ഗ്രീൻഫീൽഡ് ഫൗണ്ടേഷന്റെ ‘ഗ്രീൻഫീൽഡ് കാർഷികപ്രതിഭ പുരസ്കാരം-2026’ന് നല്ലേപ്പിള്ളി സ്വദേശിയായ മാതൃകാകർഷകൻ സി.ജെ. സ്കറിയാപിള്ളയെ തെരഞ്ഞെടുത്തു.
പ്രശംസാപത്രവും 10,001 രൂപയുടെ പുരസ്കാരവും ഉൾപ്പെടുന്നതാണ് അവാർഡെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.സി. പ്രീത് പത്രസമ്മേളനത്തിൽ അറിയിച്ചു.
സമ്മിശ്രകൃഷി, സംയോജിത കൃഷി, മത്സ്യകൃഷി, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മൂല്യവർധിത ഉത്പന്ന നിർമാണം, ബ്രാൻഡിംഗ്, വിപണനം, ഫാം ടൂറിസം തുടങ്ങിയ മേഖലകളെ സമഗ്രമായി സംയോജിപ്പിച്ച് കാർഷികരംഗത്ത് ശ്രദ്ധേയമായ മാതൃക സൃഷ്ടിച്ചതാണ് സ്കറിയാപിള്ളയെ പുരസ്കാരത്തിന് അർഹനാക്കിയത്. 2025ലെ സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം നേടിയിട്ടുള്ള സ്കറിയാപിള്ള ‘തനിമ ഫാം ലൈഫ്’ എന്ന സംരംഭത്തിലൂടെ കാർഷിക മേഖലയ്ക്ക് പുതിയ ദിശാബോധം നൽകിയ വ്യക്തിയാണ്.
ചെലവുകുറഞ്ഞ കാലിത്തീറ്റ വിതരണംവഴി ക്ഷീരകർഷകരെ സഹായിക്കുന്നതിനൊപ്പം, എം.എസ്. സ്വാമിനാഥൻ സ്മാരക കർഷക പരിശീലനകേന്ദ്രം മുഖേന സ്മാർട്ട് ഫാമിംഗ് പരിശീലനവും ‘ഹരിത കൃതം’ പദ്ധതിയിലൂടെ വിദ്യാർഥികൾക്കും ഗവേഷകർക്കും മാർഗനിർദേശവും നൽകിവരുന്നു. കുടുംബകൃഷിയും അഗ്രോബിസിനസും സംയോജിപ്പിച്ച മാതൃകയും അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രഥമ നെൽകതിർ അവാർഡ് ജേതാവ് ടി.എ. വിശ്വനാഥൻ, ഡോ.എൻ. ശുദ്ധോദനൻ, കെ.സി. പ്രീത് എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് സ്കറിയാപിള്ളയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.സി. പ്രീത്, സ്വാഗതസംഘം ജനറൽ കണ്‍വീനർ സനു എം. സനോജ്, ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ- ഓർഡിനേറ്റർ പി.ആർ. പ്രജയ്, ക്ലബ് സിഇഒ എൻ. ദിനേഷ് എന്നിവർ പങ്കെടുത്തു.
District News
അങ്കമാലി: സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി സ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നടത്തിയ പ്രവർത്തന വിലയിരുത്തലിൽ മികച്ച കണ്ടക്ടറായി അങ്കമാലി യൂണിറ്റിലെ തുറവൂർ തലക്കോട്ടുപറമ്പ് സ്വദേശി കെ.വി. ഷാജു തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വരുമാനം, പ്രതിദിന ഹാജർ, സമയകൃത്യത, യാത്രക്കാരോടുള്ള പെരുമാറ്റം, കൃത്യമായ ഡ്യൂട്ടി നിർവഹണം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.
District News
ആലുവ: ഡോ. ടോണി ഫെർണാണ്ടസിന്റെ പത്നി ഡോ. യുവോൺ ഫെർണാണ്ടസിന്റെ സ്മരണാർഥമുള്ള പുരസ്കാരവും ഇരുപത്തയ്യായിരം രൂപയുടെ കാഷ് അവാർഡും ജനസേവ ഉഡാൻ അക്കാഡമിക്ക്. ആലുവയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡയറക്ടർ ഡോ. സുനിൽ ജോസിന് പുരസ്കാരം സമ്മാനിച്ചു. ചേരിപ്രദേശങ്ങളിൽ നിന്നുള്ള ആയിരത്തോളം കുട്ടികൾ ജനസേവ ഉഡാൻ അക്കാഡമിയിൽ വിദ്യാഭ്യാസം നേടുന്നുണ്ട്.
District News
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ കൂര്മല് എഴുത്തച്ഛന് പുരസ്കാരത്തിന് അംബികാസുതന്‍ മാങ്ങാട് അര്‍ഹനായി. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 26നു വൈകുന്നേരം ആറിന് നടക്കുന്ന തിരുവോണാഘോഷ പരിപാടിയില്‍ മുന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ എ. അശോകന്, പി.വി. ഉണ്ണികൃഷ്ണന്, ജി.കെ. ഗോകുല്‍, എം.വി. രാഘവന്, എം. സുനില്‍, എം.വി. ദിലീപ് എന്നിവര്‍ പങ്കെടുത്തു.
District News
കുഴിക്കാട്ടുശേരി: ഭാഷയേയും ഭാവുകത്വത്തേയും നവീകരിക്കുന്നതാണ് വിവർത്തന സാഹിത്യമെന്നും പൊതുമണ്ഡലത്തെ നിരന്തരം നവീകരിക്കാനും പ്രതിരോധസജ്ജമാക്കാനും അതുസഹായകമാകുമെന്നും കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
പ്രമുഖ വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 21-ാം ചരമ വാർഷികത്തിൽ കുഴിക്കാട്ടുശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദിവാകരൻ പോറ്റിയുടെ പേരിലുള്ള വിവർത്തന പുരസ്കാരം അദ്ദേഹം തുന്പൂർ ലോഹിതാക്ഷനു സമ്മാനിച്ചു. പോറ്റി മാഷിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് 20, 000 രൂപയും സ്മൃതിഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. ഗ്രാമിക ആരംഭിക്കുന്ന ഇ.കെ. ദിവാകരൻ പോറ്റി സ്മാരക വായനശാല ആൻഡ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും കെജിഎസ് നിർവഹിച്ചു. കവി പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷനായി.
ഇന്ത്യൻ ഭരണഘടനയും പൗരത്വസങ്കല്പവും എന്ന വിഷയത്തിൽ അഡ്വ.വി.എൻ. ഹരിദാസ് സ്മാരകപ്രഭാഷണവും പ്രഫ. കുസുമം ജോസഫ് അനുസ്മരണപ്രസംഗവും നടത്തി. വടക്കേടത്ത് പത്മനാഭൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ആശ എടമന പ്രശസ്തിപത്രം വായിച്ചു. ഡോ. ടി.എം.സോമലാൽ, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, സെക്രട്ടറി എൻ.പി. ഷിന്റോ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി ഗവ. പിഎംജി കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
Kerala
തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ദയാബായിയുടെ പേരിലുള്ള ദയാബായി ഫൗണ്ടേഷൻ അവാർഡ് തമിഴ്നടൻ സൂര്യക്ക്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് അടക്കം നൽകുന്ന സേവനങ്ങൾ മുൻനിർത്തിയാണ് സൂര്യയെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. അടുത്ത മാസം അവാർഡ് വിതരണം ചെയ്യും.
ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം 6.30ന് തിരുവനന്തപുരം ശ്രീ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ദയാബായിയുടെ മാനവിക ദർശനവും സേവന പാരന്പര്യവും തലമുറകളിലേക്കു പകരാനും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.
സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നു ദയാബായി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്കും മറ്റ് അവഗണിക്കപ്പെട്ട സമൂഹങ്ങൾക്കും പുനരധിവാസം ഉറപ്പാക്കും.
NRI
ന്യൂജഴ്സി: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ നാമത്തിന്റെ എക്സലൻസ് അവാർഡ് സമ്മേളനത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നേതൃത്വം, സംരംഭകത്വം, പൊതുസേവനം, സമൂഹ വികസനം, കലാ-സാഹിത്യ രംഗങ്ങളിലെ മികവുകളെ ആദരിക്കുകയും ആഗോള മലയാളി സമൂഹത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
വി.വി. രാജേഷിന്റെ സാന്നിധ്യം അവാർഡ് വേദിയെ കൂടുതൽ ശ്രദ്ധേയമാക്കുമെന്നും പ്രസിഡന്റ് പ്രദീപ് മേനോൻ, മുഖ്യരക്ഷാധികാരി മാധവൻ നായർ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് അബ്രാഹം എന്നിവർ പറഞ്ഞു.
District News
അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകപ്പും പോപ്പുലർ ഗ്രൂപ്പും സംയുക്തമായി നടത്തിയ സുരക്ഷിത് മാർഗ് ജില്ലാ പുരസ്കാരം അറവുകാട് ഹൈസ്കൂളിനു ലഭിച്ചു. ഫലകവും 50,000 രൂപയുടെ കാഷ് പ്രൈസും അടങ്ങിയതാണ് പുരസ്കാരം. മികച്ച അധ്യാപക പുരസ്കാരം ഇതേ സ്കൂളിലെ പി.കെ. ഉമാനാഥന് ലഭിച്ചു. ഫലകവും 20,000 രൂപ ക്യാഷ് പ്രൈസുമാണ് പുരസ്കാരം.
മന്ത്രി ഷിബു ബേബി ജോണിൽ നിന്നു പ്രധാനാധ്യാപിക പി.കെ. സജീന, സ്കൂൾ മാനേജർ ബിനീഷ് ബോയ്, പിടിഎ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ, തുടങ്ങിയവർ ചേർന്ന് പുര സ്കാരം ഏറ്റുവാങ്ങി.
District News
ചാലക്കുടി: സോഷ്യലിസ്റ്റ് കർഷകനേതാവ് എം.സി. ആഗസ്തി മോറേലിയുടെ സ്മരണാർഥം അനുസ്മരണ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള ഏഴാമത് അവാർഡ് സിനിമാ സംവിധായകനും സാമൂഹിക പ്രവർത്തകനുമായ ഡോ. ഷൈസൺ പി.ഔസേഫിന് നൽകും. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് 16ന് 10ന് മോതിരക്കണ്ണിയിൽചേരുന്ന അനുസ്മരണസമ്മേളനത്തിൽ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എംഎൽഎ സമ്മാനിക്കുമെന്ന് ജോർജ് വി.ഐനിക്കൽ, പോൾ പുല്ലൻ എന്നിവർ അറിയിച്ചു.
അവാർഡ് ജേതാവ് ഷൈസൺ പി. ഔസേഫ് സംവിധാനംചെയ്ത ദി ഫെയ്സ് ഓഫ് ദി ഫെയ്സലെസ് എന്ന ബഹുഭാഷ ചിത്രം ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടംനേടുകയും 125ലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ കേന്ദ്രമാക്കി സാമൂഹികസേവന പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. ഷൈസൺ പി.ഔസേഫിന് ഐക്യരാഷ്ട്രസഭയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Movies
ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രമായ നരിവേട്ടയ്ക്ക് അംഗീകാരം. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഓഡിയൻസ് അവാർഡ് കാറ്റഗറിയിലാണ് പുരസ്കാരം സ്വന്തമാക്കിയത്. പ്രേക്ഷകരുടെ പിന്തുണയോടെ 'ദി ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ' എന്ന പുരസ്കാരമാണ് ചിത്രം നേടിയെടുത്തത്. ഫെസ്റ്റിവലിൽ ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹറിനാണ് പുരസ്കാരം സമ്മാനിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ടോവിനോ തോമസ്, ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡും ടോവിനോ തോമസ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടോവിനോ ഈ നേട്ടം കൈവരിച്ചത്.
District News
ഇടുക്കി: അബുദാബിയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ശക്തി തിയറ്റേഴ്സ് ഏര്‍പ്പെടുത്തിയ അബുദാബി ശക്തി പ്രത്യേക പുരസ്കാരം മാധ്യമ പ്രവര്‍ത്തകനും കവിയുമായ കെ.ടി. രാജീവിന് ലഭിച്ചു. മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം. മണിയുടെ ജീവിതചരിത്രം സഹ്യനില്‍ പടര്‍ന്ന സമരജ്വാല മണിയാശാന് എന്ന പുസ്തകമാണ് പുരസ്കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന അവാര്‍ഡ് ഓഗസ്റ്റ് 22ന് തലശേരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്മാന് പി. കരുണാകരന്, കവി പ്രഭാ വര്‍മ എന്നിവര്‍ അറിയിച്ചു.
മഹാകവി വെണ്ണിക്കുളം കവിത അവാര്‍ഡ്, സ്റ്റേറ്റ്സ്മാന് അവാര്‍ഡ്, പി.ഗോവിന്ദപ്പിള്ള അവാര്‍ഡ്, ഗുരു കുടമാളൂര്‍ കരുണാകരന്‍നായര്‍ കവിത അവാര്‍ഡ്, പി.കെ.ഗോപാലന് നായര്‍ പുരസ്കാരം, സര്‍ഗഭൂമി, സര്‍ഗവീഥി കവിതാ അവാര്‍ഡുകള്‍ തുടങ്ങി 29 അവാര്‍ഡുകള്‍ കെ.ടി. രാജീവിന് ലഭിച്ചിട്ടുണ്ട്. സഹ്യാദ്രിയില്നിന്നു മടക്കയാത്ര, ഇടുക്കി മണ്ണും മനുഷ്യരും, കാലം സാക്ഷി, പശ്ചിമഘട്ടസംരക്ഷണംഅറിഞ്ഞതും അറിയേണ്ടതും, അടയാളങ്ങള്‍ വേവുകാലം, ചരിത്രം ചരിത്രത്തോട് പറഞ്ഞത് (കവിതാസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
District News
നെയ്യാറ്റിന്‍കര: നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. അബ്ദുൾകലാം പുരസ്കാരം സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സണും ദേശീയ ക്ഷയരോഗ നിർമാർജന പ്രോഗ്രാം പ്രിൻസിപ്പൽ അഡ്വൈസറുമായ ഡോ. സൗമ്യ സ്വാമിനാഥനു സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെയും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധ മീന സ്വാമിനാഥന്റെയും മകളാണ് ഡോ. സൗമ്യ സ്വാമിനാഥൻ. ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ ചീഫ് സയന്റിസ്റ്റായി സേവനമനുഷ്ഠിച്ച സൗമ്യ സ്വാമിനാഥൻ കോവിഡ്-19 മഹാമാരിയുടെ കാലത്ത് ആഗോളതലത്തിൽ വാക്സിൻ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.
പൊതുജനാരോഗ്യ രംഗത്തും ക്ഷയരോഗം, എച്ച്ഐവി എന്നിവയുടെ ഗവേഷണങ്ങളിലും അന്താരാഷ്ട്രതലത്തിൽ നിർണായക സംഭാവനകൾ നൽകിയ സൗമ്യ സ്വാമിനാഥൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറലായും ഭാരത സർക്കാരിന്റെ ഹെൽത്ത് റിസർച്ച് സെക്രട്ടറിയായും പ്രവർത്തിച്ചു.
District News
നാലുകോടി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച ബാങ്ക് അംഗങ്ങളുടെ മക്കളെയും തുടര്‍ച്ചയായി 12 വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച പായിപ്പാട് സെന്റ് ജോസഫ്സ് ഹൈസ്കൂളിനെയും തുടര്‍ച്ചയായി 10 വര്‍ഷം 100ശതമാനം വിജയം കൈവരിച്ച പായിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനേയും നാലുകോടി സര്‍വീസ് സഹകരണ ബാങ്ക് ആദരിക്കുന്നു.
ഇന്ന് 2.30ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ജെയിംസ് വേഷ്ണാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതകുമാരി ആര്. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിംസണ്‍ വേഷ്ണാല്‍, ഗ്രാമപഞ്ചായത്ത് മെംബർ മാരായ ജോസഫ് തോമസ്, റ്റീനാമോള്‍ റോബി, ടോജി സെബാസ്റ്റ്യന്‍, എല്‍സമ്മ മാര്ട്ടിന്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോഷി സെബാസ്റ്റ്യന്‍, പോത്തന് ജോസഫ്, ബേബി മാത്യു എന്നിവര്‍ പ്രസംഗിക്കും.
District News
ചാവക്കാട്: ഒരുമനയൂര്‍ മാധവിക്കുട്ടി കള്‍ച്ചറല്‍ ഫോറം വായനശാല കൂട്ടായ്മയുടെ രണ്ടാംവാര്ഷികാഘോഷവും വൈജ്ഞാനികസംഗമവും നടന്നു. വനിത ആക്ടിവിസ്റ്റ് പുരസ്കാരം ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാഷ്റ മുഹമ്മദിനും മാധവിക്കുട്ടി ആര്‍ട്ടിസ്റ്റിക് പുരസ്കാരംഎഴുത്തുകാരി ജീജ ഷെരീഫിനും നല്കി. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിബു പുരസ്കാരസമര്‍പ്പണവും നടത്തി.
പഞ്ചായത്ത് അംഗം ഹിഷാം കപ്പല്‍ അധ്യക്ഷനായി. ഡോ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണംനടത്തി. വി.എം. ഷാഹിദ്, കെ.ജെ. ചാക്കോ, ഷക്കീര്‍ രായംമരയ്ക്കാര്‍, പി.കെ. കബീര്‍, അഫ്സത് അഷറഫ്, വാര്‍ഡ് മെമ്പര്‍ അന്സിത അസ്ലം എന്നിവര്‍ പ്രസംഗിച്ചു.
District News
ചന്പക്കുളം: ഫാ. ജോര്‍ജ് വലിയവീട്ടില്‍ സ്മാരക പുരസ്കാരം സിബി മുക്കാടന്‍. ആലപ്പുഴ തത്തംപ്പള്ളി സെന്റ് മൈക്കിള്‍ ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകനാണ്. 15,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എംജി സർവകലാശാല സെനറ്റ് അംഗം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍വാഹക സമിതിയംഗം, ചെറുപുഷ്പം മിഷൻ ലീഗ് അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ്, പൗരസ്ത്യ ഭാഷാധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ റിസോഴ്സ് പേഴ്സൺ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2017-ല്‍ ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും അർഹനായി.
ഫാ. ജോര്‍ജ് വലിയവീട്ടില്‍ അനുസ്മരണം ഇന്ന്
ചമ്പക്കുളം: ഫാ. ജോര്‍ജ് വലിയവീട്ടില്‍ അനുസ്മരണവും അവാർഡ് സമർപ്പണവും രാവിലെ 11ന് കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്ററിൽ നടക്കും. മാവേലിക്കര രൂപത ബിഷപ് എമരിറ്റസ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. റെജി ചെറിയാന് എംഎല്‍എ മുഖ്യാതിഥിയാകും. സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ലിജോ കുഴിപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
സി.വി. രാജീവ്, പി.സി. മോനിച്ചൻ, ഔസേപ്പച്ചന് വെമ്പാടന്തറ, ഷൈന്‍ വലിയപറമ്പില്‍, ആര്. രാജേന്ദ്രകുമാര്‍, അഡ്വ. ജേക്കബ് എബ്രഹാം, ജോണി പത്രോസ്, ഡി. പ്രസന്നകുമാര്‍, നൈനാന് തോമസ് മുളപ്പാമഠം, കെ.ജെ. ജെയിംസ് കൊച്ചുകുന്നേല്‍, ജേക്കബ് സാണ്ടർ, സാജന് സെബാസ്റ്റ്യന്‍, ലാലി ഇളപ്പുങ്കല്‍, ബാബു കുട്ടന്‍ചിറ, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര എന്നിവർ പ്രസംഗിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായിക അധ്യാപകർക്ക് കേരളാ സ്പോർട്സ് കൗണ്‍സിൽ നൽകുന്ന ജി.വി. രാജ അവാർഡിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർദേശം നൽകി.
അവാർഡ് നിർണയത്തിലെ അപാകത സംബന്ധിച്ച് കായിക അധ്യാപകർ നൽകിയ നിവേദനത്തിലാണ് നടപടി. 2022 -2023, 2023-2024, 2024-2025 വർഷങ്ങളിൽ കോളജ് വിഭാഗത്തിലെ അവാർഡ് നിർണയത്തിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചത്.
അവാർഡ് നിർണയത്തിനായി ഏഴംഗ കമ്മിറ്റിയെ രൂപീകരിച്ചെങ്കിലും കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട റാങ്ക് ലിസ്റ്റോ മറ്റു രേഖകളോ സ്പോർട്സ് കൗണ്‍സിലിൽ ഇല്ലെന്ന് പരാതിക്കാർ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിൽ പറയുന്നുണ്ട്.
District News
ഗുരുവായൂർ: കോഴിക്കോട് ആസ്ഥാനമായ മൊഴി പബ്ലിക്കേഷൻസിന്റെ കതിർ പുരസ്കാരത്തിന് എഴുത്തുകാരൻ തുളസിദാസ് കോട്ടപ്പടി അർഹനായി. തുളസീദാസിന്റെ നീലക്കണ്ണുള്ള പാവക്കുട്ടി എന്ന ചെറുകഥാ സമാഹാരമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പ്രത്യേകം തയാറാക്കിയ ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് അവസാനവാരം ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
International
റോം: പരിസ്ഥിതിസംരക്ഷണ രംഗത്തും സാമൂഹികക്ഷേമത്തിലും വേറിട്ട സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിൽ അന്താരാഷ്ട്ര ബഹുമതി പ്രഖ്യാപിച്ചു.
അമേരിക്കയിലെ പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാല ഏർപ്പെടുത്തിയ "പോപ്പ് ലെയോ പതിനാലാമൻ സസ്റ്റൈനബിലിറ്റി മെഡൽ' അടുത്ത ഒക്ടോബറിൽ റോമിൽ നടക്കുന്ന ചടങ്ങിൽ മാർപാപ്പതന്നെ നേരിട്ട് വിജയിക്കു സമ്മാനിക്കും.
ഒക്ടോബർ 12 മുതൽ 15 വരെ റോമിലെ പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് അഗസ്റ്റീനിയാനത്തിലും മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗാണ്ടാൾഫോയിലെ ലൗദാത്തോ സീ ഉദ്യാനത്തിലുമായാണ് അന്താരാഷ്ട്ര പരിസ്ഥിതിസമ്മേളനം നടക്കുന്നത്. ഒക്ടോബർ 13ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
ലെയോ പതിനാലാമൻ മാർപാപ്പ അംഗമായ അഗസ്റ്റീനിയൻ സന്യാസസഭ 1842ൽ സ്ഥാപിച്ചതാണ് വില്ലനോവ സർവകലാശാല. ലെയോ മാർപാപ്പ പഠിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനംകൂടിയാണിത്.
1977ൽ ഇവിടെനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് 2014ൽ സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകിയിരുന്നു. സർവകലാശാലയുടെ ഈ മുൻ വിദ്യാർഥിയോടുള്ള ആദരസൂചകമായാണ് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ആദ്യ പുരസ്കാരജേതാവിനെ സെപ്റ്റംബറിൽ പ്രഖ്യാപിക്കും. ഏതു മേഖലയിലുള്ളവർക്കും പരിസ്ഥിതി-സാമൂഹിക സുസ്ഥിരതയ്ക്കായി നൽകിയ സംഭാവനകൾ മുൻനിർത്തി പുരസ്കാരത്തിന് അർഹതയുണ്ടായിരിക്കും.
District News
പുളിങ്കുന്ന്: ചങ്ങനാശേരി അതിരൂപതയിലെ വൈദികനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനത്തിലും നിറസാന്നിധ്യവുമായിരുന്ന ഫാ. ജോര്‍ജ് വലിയവീട്ടിലിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സ്മാരക പുരസ്കാരം 15001 രൂപയും പ്രശസ്തിപത്രവും ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍ ഹൈസ്കൂള്‍ മുന്‍ പ്രധാന അധ്യാപകന് സിബി മുക്കാടന്‍ ലഭിച്ചു.
നാളെ രാവിലെ 11ന് കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന ഫാ. ജോര്‍ജ് വലിയവീട്ടില്‍ അനുസ്മരണ സമ്മേളനത്തില്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അവാര്‍ഡ് സമ്മാനിക്കും.
Business
കൊച്ചി: സൗത്ത് ഇന്ത്യ വിമൻ അച്ചീവേഴ്സ് അവാർഡ്സിൽ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം ഡോ. മഞ്ജു അദിനിരുവിന്.
വിദ്യാഭ്യാസം, സാഹിത്യം, പ്രസാധനം, വായനാസംസ്കാരം, യുവജന വികസനം എന്നീ മേഖലകളിലെ സംരംഭക മികവിനാണു പുരസ്കാരം.
എൻജിനിയറിംഗും ഇംഗ്ലീഷ് ഭാഷാപഠനവും ഉൾപ്പെടെ 100 ലധികം അക്കാദമിക് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഡോ. മഞ്ജു, പഠനരീതികളെ ലളിതമാക്കി വിദ്യാർഥികളുടെ അക്കാദമിക വളർച്ചയ്ക്കു സഹായകമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
വൺസ് അപ്പോൺ എ ടൈം ബുക്ക്ഷോപ്പ്, ലൈബ്രറി, പബ്ലിഷിംഗ് ഹൗസ് എന്നിവയുടെയും അദിനീരു ഇംഗ്ലീഷ് അക്കാദമിയുടെയും സ്ഥാപകയാണ്.
District News
കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ കോൺഗ്രസ് ഏഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 നടത്തി. മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ആശാവർക്കർക്കും ഹരിതകർമസേന അംഗങ്ങൾക്കും ആദരവും എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡും ചടങ്ങിൽ സമ്മാനിച്ചു. വാർഡ് പ്രിസിഡന്റ് സി.ടി. സന്തോഷ് അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ബാലസാഹിത്യകാരന്മാരുടെ സംഘടനയായ കേരള ബാലസാഹിത്യ അക്കാദമി 2026 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഉല്ലല ബാബു സ്മാരക ബാലസാഹിത്യ പുരസ്കാരത്തിന് സന്തോഷ് ഏച്ചിക്കാനവും (കൃതി-മിസാറു) പി.ഐ ശങ്കരനാരായണൻ സ്മാരക ബാല സാഹിത്യ പുരസ്കാരത്തിന് കെ. സച്ചിദാന്ദനും(കൃതി-പുഴുവായിരുന്നു ഞാൻ) അർഹരായി.
കെ.വി രാമനാഥൻ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ശ്രീജിത്ത് പെരുന്തച്ചനും (കൃതി-പഴമൊഴി പുതുമ) അർഹനായി. 20001 രൂപയും പ്രശസ്തിപ ത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
District News
തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പുല്ലൂരാംപാറ ആക്കാട്ടമുണ്ടക്കൽ ജോഷി ബെനഡിക്റ്റ് നാടിന് അഭിമാനമായി. ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത "ടച്ച്ഡ് ആസ് വാട്ടർ'നാണ് ഇത്തവത്തെ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ സ്നേഹം, നഷ്ടം, പരിവർത്തനം എന്നീ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ലളിതമായ അവതരണശൈലിയും ശക്തമായ വികാരപ്രകടനവും കൊണ്ട് പ്രേക്ഷകരുമായി ആത്മബന്ധം സ്ഥാപിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് ജോഷിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. 2024ൽ ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത "എ കോക്കനട്ട് ട്രീ' എന്ന അനിമേഷൻ ചിത്രത്തിനും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. തുടർച്ചയായി രണ്ട് തവണ ദേശീയ പുരസ്കാരം സ്വന്തമാക്കിയതോടെ മലയാള അനിമേഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ജോഷി ബെനഡിക്റ്റ് മാറിയിരിക്കുകയാണ്.
District News
അലപ്പുഴ: മികച്ച പൊതുപ്രവർത്തകനുള്ള പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അർഹനായി. 25,000 രൂപയും പ്രശസ്ത്രിപത്രവും ശില്പവും അടക്കങ്ങുന്നതാണ് പുരസ്കാരം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപത്തിനുള്ള അവാർഡ് പാലാ ബ്രില്യന്റിനും മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ന്യൂസ് 24 മാനേജിംഗ് ഡയറക്ടർ ആർ. ശ്രീകണ്ഠൻനായർക്കും കാരുണ്യ പുരസ്കാരം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിലിനും നൽകും.
പ്രവാസി വ്യവസായി പുരസ്കാരം സഫറോൻ ഗ്രൂപ് മാനേജിംഗ് ഡയറക്ടർ ഹാരിസ് രാജയ്ക്കും ഇൻഷ്വറൻസ് മേഖലയിൽ പ്രീമിയം സമാഹരണത്തിൽ സൗത്ത് ഇന്ത്യയിൽ തുടർച്ചയായി ഒന്നാം സ്ഥാനംനേടിയ മലയാളി ഷിബു വി. ജോസഫ്, കേരളത്തിലെ ടൂറിസം വ്യവസായത്തിന് മികച്ച സംഭാവനകൾ നൽകിയ യുവ വ്യവസായി ജോബിൻ അക്കരക്കളം എന്നിവർക്കാണ് മറ്റ് അവാർഡുകൾ.
ഓഗസ്റ്റ് ആദ്യവാരം പാലായിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേനത്തിൽ ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ഭാരവാഹികളായ ദിനേശൻ ഭാവന, ജോണി മുക്കം, റോയി പി. തിയോച്ചൻ, ടോമി പുലിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
District News
തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയമായി മുട്ടം ടെക്നിക്കല്‍ ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങി വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്. തിരുവനന്തപുരത്ത് മന്ത്രി എന്‍. ഷംസുദ്ദീന് ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാര്‍ഡ്. പുരസ്കാരത്തുകയ്ക്ക് പുറമേ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകള്‍ക്ക് വിതരണം ചെയ്തു.
Kerala
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകുന്ന 2026-ലെ സംസ്ഥാന-ജില്ലാതല അവാർഡുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ വിതരണം ചെയ്യും. ഇന്നു രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്.
സംസ്ഥാനത്തെ 2,284 സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബുകൾ കുട്ടികളുടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ശൃംഖലയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങൾ, സാമൂഹിക ഇടപെടലുകൾ, സ്കൂൾ വിക്കി, ഡിജിറ്റൽ മാഗസിൻ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 2.5 ലക്ഷം രൂപ, 2 ലക്ഷം രൂപ, 1.5 ലക്ഷം രൂപ വീതം ലഭിക്കും.ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തിന് 30,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനലിലും കൈറ്റിന്റെ വെബ് പ്ലാറ്റ്ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും.
Kerala
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം, മികച്ച പൊതുജന സേവനത്തിനുള്ള ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി അവാര്‍ഡ്-2026 പ്രശസ്ത ചലച്ചിത്ര സംവിധായകന് സിബി മലയിലിന് സമ്മാനിക്കും.
18ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അവാര്‍ഡ് സമര്‍പ്പിക്കും. ഫൗണ്ടേഷന് ചെയര്മാന് ജസ്റ്റീസ് സിറിയക് ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണപ്രസംഗം നടത്തും.
ചടങ്ങില്‍ നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന് ട്രസ്റ്റിയും മന്ത്രിയുമായ മോന്‍സ് ജോസഫിനെ ആദരിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റിയും മുന്‍ എംപിയുമായ തോമസ് ചാഴികാടന്, പ്രഫ. മേരി രമണി തറയില്‍, ഷെവ. അഡ്വ. ജോയ് ജോസഫ് കൊടിയന്തറ എന്നിവര്‍ പ്രസംഗിക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സിറിയക് ചാഴികാടന്, ഡോ. ജോസഫ് സണ്ണി കുന്നശേരി എന്നിവര്‍ അറിയിച്ചു.
District News
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യസമരസേനാനിയും സിപിഐ നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ ടി.എൻ. നന്പൂതിരിയുടെ പേരിലുള്ള പുരസ്കാരം മുടിയേറ്റ് കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന്. മുടിയേറ്റ് എന്ന ക്ലാസിക്കൽകലയുടെ അതിജീവനത്തിനും പരിപോഷണത്തിനുംവേണ്ടി ചെയ്യുന്ന സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന ് തെരഞ്ഞെടുത്തതെന്ന് ടി.എൻ. സ്മാരകസമിതി പ്രസിഡന്റ് ഇ. ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു. 18ന് ടി.എൻ. നന്പൂതിരിയുടെ 48ാം ചരമവാർഷികദിനത്തിൽ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.
Education
തൃശൂർ: 2025-26 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) പരീക്ഷകളിൽ എ പ്ലസ്, എ വണ്‍ കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽനിന്നും ഭിന്നശേഷിക്കാരുടെ മക്കളിൽനിന്നും വിദ്യാഭ്യാസ പുരസ്കാരത്തിന് കെഡിഎഡബ്ല്യുഎ സംസ്ഥാന കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
28നു വൈകുന്നേരം അഞ്ചിനുമുന്‍പായി രക്ഷിതാക്കൾ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ്, യുഡിഐഡി കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കൂൾ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ മാർക്ക്ലിസ്റ്റ്, രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും ആധാർകാർഡിന്റെ കോപ്പി എന്നിവ സഹിതം കാദർ നാട്ടിക, ജനറൽ സെക്രട്ടറി, കെഡിഎഡബ്ല്യുഎ സംസ്ഥാനകമ്മിറ്റി. പി.ഒ. കിഴക്കുമുറി-680571, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9446627871, 7510906395.
Kerala
തൃശൂർ: പാടും പാതിരി എന്നറിയപ്പെടുന്ന ചേതന ഗാനാശ്രമം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. പോള്‍ പൂവത്തിങ്കലിന് ഇഗ്നേഷ്യസ് സ്മാരക ടോംയാസ് പുരസ്കാരം.
ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി, പിതാവ് തൈക്കാട്ടില്‍ ഇഗ്നേഷ്യസിന്റെ അന്‍പതാം ചരമവാര്‍ഷികത്തിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയടങ്ങുന്ന പുരസ്കാരം.
ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 3.30നു പേരാമംഗലം ടോംയാസ് ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദും കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്സ് മാനേജിംഗ് ഡയറക്ടര്‍ കെ. ഭവദാസനും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും.
Kerala
കൊച്ചി: സീറോമലബാർ സഭയുടെ പൗരസ്ത്യരത്നം 2026 അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി.
സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിനിടയിൽ ആഴമേറിയ അവബോധം വളർത്തുന്നതിലും മാർ തോമസ് ഇലവനാൽ നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ചാണു പുരസ്കാരം.
50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ സമാപനസമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മാനിക്കും.
പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഉന്നത പുരസ്കാരമാണിത്.
തലശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രഫസറുമായിരുന്ന ഫാ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് അവാർഡ് ഏർപ്പെടുത്തിയത്.
ആരാധനക്രമ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കമ്മീഷൻ എപ്പിസ്കോപ്പൽ അംഗങ്ങളായ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ബിഷപ് മാർ ജോസഫ് കൊടക്കല്ലിൽ, സീറോമലബാർ സഭ കൂരിയ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ആരാധനക്രമ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജിഫി മേക്കാട്ടുകുളം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.
International
ഫിലാഡൽഫിയ: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് അമേരിക്കയുടെ പരമോന്നത ലിബർട്ടി മെഡൽ പുരസ്കാരം സമ്മാനിച്ചു.
ലോകമെമ്പാടും മതസ്വാതന്ത്ര്യം, മനുഷ്യന്റെ മനഃസാക്ഷിക്കും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി യുഎസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററാണ് പുരസ്കാരം നൽകിയത്.
അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഫിലാഡെൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന പങ്കെടുത്തുകൊണ്ട് മാർപാപ്പ പുരസ്കാരം ഔദ്യോഗികമായി സ്വീകരിച്ചു.
പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ അദ്ദേഹം തന്റെ ജന്മനാടിന്റെ ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിന് ആശംസകൾ നേർന്നു.
അമേരിക്കയുടെ ചരിത്രത്തിൽ കുടിയേറ്റക്കാർ നൽകിയ വലിയ സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ള ജനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് അമേരിക്കയുടേതെന്നും അവരുടെയും അവരുടെ മക്കളുടെയും കഠിനാധ്വാനമാണ് ഈ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുത്തതെന്നും ഓർമിപ്പിച്ചു.
കഴിഞ്ഞ ഏപ്രിലിൽ വത്തിക്കാനിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിൽ യുഎസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽനിന്നുള്ള പ്രതിനിധിസംഘം നേരിട്ടെത്തി മാർപാപ്പയ്ക്ക് പുരസ്കാരം കൈമാറിയിരുന്നു. അന്നു സമ്മാനിച്ച മെഡൽ അണിഞ്ഞുകൊണ്ടാണ് വെള്ളിയാഴ്ച നടന്ന ഔദ്യോഗിക പുരസ്കാരദാന ചടങ്ങിൽ മാർപാപ്പ വെർച്വലായി പങ്കെടുത്തത്.
NRI
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Kerala
തൃശൂർ: നവമലയാളി പുരസ്കാരം (ഒരു ലക്ഷം രൂപ) സാമൂഹികപ്രവർത്തകനും ചിന്തകനുമായ ഡോ. എം.പി. പരമേശ്വരനു സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന സ്ഥാപനങ്ങൾക്കുള്ള നവമലയാളി പുരസ്കാരം മതിലകം പഞ്ചായത്തിലെ കളരിപ്പറന്പ് ഗ്രാമീണ വായനശാലയ്ക്ക് (25,000 രൂപ) സമ്മാനിക്കും.
ഓഗസ്റ്റ് ഒന്പതിനു സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
International
വാർസോ: രണ്ടാം ലോക മഹായുദ്ധ കാലത്തെ സായുധസംഘത്തിന്റെ പേര് സൈനിക യൂ ണിറ്റിനു നല്‍കാനുള്ള യുക്രെയ്ൻ സർക്കാർ തീരുമാനം പോളണ്ടുമായി കടുത്ത നയതന്ത്ര ഭിന്നതയ്ക്കു വഴിയൊരുക്കി.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിക്കു നല്കിയ പോളണ്ടിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ വൈറ്റ് ഈഗിൾ’ റദ്ദാക്കിയതായി പോളിഷ് പ്രസിഡന്റ് കാരൾ നവ്റോസ്കി അറിയിച്ചു.
പോളണ്ട് സമ്മാനിച്ച ‘ഗോൾഡൻ ഓഫീസേഴ്സ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ്’ ബഹുമതി നിരാകരിക്കുന്നതായി സെലൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കിറിലോ ബുഡാനോവ് തിരിച്ചടിച്ചു.
യുക്രേനിയൻ ഇൻസർജന്റ് ആർമി (യുപിഎ) എന്ന സായുധസംഘത്തിന്റെ പേര് ഒരു സൈനിക യൂണിറ്റിനു നല്‍കാനുള്ള തീരുമാനമാണ് പ്രശ്നങ്ങളുടെ കാരണം. 1943-45 കാലത്ത് ഈ സംഘടന യുക്രെയ്നിലെ പോളിഷ് വംശജരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതായി ആരോപണമുണ്ട്.
സൈനിക യൂണിറ്റിന് സംഘടനയുടെ പേരു നല്‍കാനുള്ള തീരുമാനം അതിർവരന്പുകളുടെ ലംഘനമാണെന്ന് പോളിഷ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. റഷ്യൻ അധിനിവേശം മൂലം പലായനം ചെയ്ത യുക്രെയ്ൻ പൗരന്മാർക്ക് പോളണ്ട് അഭയം നല്‍കിയിരുന്നു.
യുക്രെയ്ന്റെ യൂറോപ്യൻ യൂണിയൻ മോഹങ്ങളെ പോളണ്ട് പിന്തുണയ്ക്കില്ല. അതേസമയം, റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നുള്ള പിന്തുണ പോളണ്ട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലൻസ്കിക്കു നല്കിയ ബഹുമതി റദ്ദാക്കിയത് മര്യാദകേടാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആന്ദ്രൈ സിബിഹ പ്രതികരിച്ചു.
Sports
തൃശൂർ: പ്രമുഖ ഫുട്ബോൾ താരവും കോച്ചും മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ടി.കെ. ചാത്തുണ്ണിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ടി.കെ ചാത്തുണ്ണി മെമ്മോറിയൽ എമർജിംഗ് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം (50,000 രൂപ) കേരള ടീം അംഗം ഷെറിൽ ഷാജി തോമസിന്. മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികദിനമായ ഓഗസ്റ്റ് 15നു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ യു.എസ്. അജയകുമാർ, സുഭാഷ് ചന്ദ്രദാസ്, പ്രഫ. കൃഷ്ണകുമാരി, സിൽവ സുനിൽകുമാർ, സഞ്ജയ് സുദർശൻ എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ഹൃദയം മറ്റൊരാൾക്കു പകുത്തു നൽകാൻ സന്നദ്ധത കാട്ടിയ ലത ശർമയ്ക്ക് മതമൈത്രി പുരസ്കാരം.
2015 ൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണ് അന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മാത്യു അച്ചാടനു നൽകിയത്.
ചാവറ കൾച്ചറൽ സെന്ററും കേരള ദർശനവേദിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ അന്നത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ലത ശർമയ്ക്കു പുരസ്കാരം സമർപ്പിച്ചത്.
ഹൃദയം മറ്റൊരാൾക്കു നൽകുന്നതും അതിനു സമ്മതം നൽകുന്ന കുടുംബവും നന്മയുടെ പ്രതീകമാണെന്ന് ഡോ. ജോസ് ചാക്കോ അഭിപ്രായപ്പെട്ടു. ആദ്യമായാണു ഒരു ഹൃദയം തിരുവനന്തപുരത്തുനിന്ന് വ്യോമമാർഗം കൊച്ചിയിലെത്തിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകാനും വിജയകരമാക്കാൻ സാധിച്ചതിലും അന്ന് അതിനു സമ്മതം നൽകിയ ലതാ ശർമ്മയെ നേരിൽ കാണാനും അവരെ ആദരിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരു ചരിത്രനിയോഗമാണ്. മറ്റുള്ള അനേകർക്ക് ഇതു പ്രചോദനമാണെന്നും ഡോ. പെരിയപ്പുറം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹറ, ഡോ. എം.സി. ദിലീപ് കുമാർ, കേരള ദർശനവേദി ചെയർമാൻ എ.പി. മത്തായി, കെഎസ്ആർടിസി മുൻ ഡയറക്ടർ സലിം പി. മാത്യു, ദർശനവേദി ഡയറക്ടർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി, ലത ശർമ എന്നിവർ പ്രസംഗിച്ചു.
District News
ചേർത്തല: ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ ംഗത്തെ മികവിന് ചേർത്തലയിലെ നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിന് അന്തർദേശീയ അംഗീകാരം. ദുബായ് ആസ്ഥാനമായുള്ള അറേബ്യൻ വേൾഡ് റെക്കോർഡ്സ് ഏർപ്പെടുത്തിയിരിക്കുന്ന ക്യാമൽ ഇന്റർനാഷണൽ അവാർഡ് 2026 ലെ മികച്ച ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരത്തിനാണ് നൈപുണ്യ അർഹമായത്.
ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസമേഖലയിലെ മികച്ച സംഭാവനകൾ, വിദ്യാർഥികളെ ആഗോള നിലവാരമുള്ള പ്രഫഷണലുകളാക്കി വളർത്തുന്നതിലുള്ള സമർപ്പണം, പരിശീലന രംഗത്തെ മികവ്, വ്യവസായ ബന്ധങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.
നൈപുണ്യയുടെ ദീർഘവീക്ഷണവും നൂതന വിദ്യാഭ്യാസ സമീപനങ്ങളും ആതിഥേയത്വ മേഖലയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകളും സ്ഥാപനത്തെ പുരസ്കാരത്തിന് അർഹമാക്കിയതായി കമ്മിറ്റി വിലയിരുത്തി. പുരസ്കാര സമർപ്പണ ചടങ്ങ് ഇന്നു വൈകുന്നേരം നാലിന് എറണാകുളം കുമ്പളം ലേക്ക് വ്യൂ റിസോർട്ടിൽ നടക്കും.
അന്തർദേശീയ തലത്തിൽ ഇതിനുമുമ്പും നൈപുണ്യക്ക് വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് പുട്ട്, ഓംലെറ്റ്, സദ്യ, മോജിറ്റോ എന്നിവ തയാറാക്കി സ്ഥാപനം നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. അക്കാദമിക മികവും പ്രായോഗിക പരിശീലനവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നൈപുണ്യ, ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്. ഈ പുതിയ അന്തർദേശീയ അംഗീകാരം സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിനും വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കുമുള്ള മറ്റൊരു അംഗീകാരമാണെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
NRI
മസ്കറ്റ്: മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ ഏറെ വലുതെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ റോയി. വെണ്ണിക്കുളത്തിന്റെ കവിതകൾ ഏറ്റവും ശ്രദ്ധേയമായിരുന്നു എന്നും ദീനാമ റോയി പറഞ്ഞു.
വെണ്ണിക്കുളത്തിന്റെ ജന്മദിനോടനുബന്ധിച്ച് നൽകിയ പുരസ്കാര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ദീനാമ റോയി. പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കറ്റ് ചാപ്റ്ററിന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം സാഹിത്യകാരനും നോവലിസ്റ്റുമായ അമൽ പിരപ്പൻകോടിന് ലഭിച്ചു. സാംസ- സാംസ്കാരിക സർവ്വാധിപതി എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
District News
കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജവഹർ പുരസ്കാരത്തിന് ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് അർഹനായി. നാളെ വൈകുന്നേരം കോട്ടയം സീസർപാലസിൽ നടക്കുന്ന പ്രതിഭാ സംഗമത്തിൽ പുരസ്കാരം ഏറ്റുവാങ്ങും.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്.ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
കോളമിസ്റ്റും കരിയർ വിദഗ്ധനുമായ ഡോ. ബ്രൂണോ ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ്, ഹിന്ദി ഒളിമ്പ്യാഡ് ഫൗണ്ടേഷൻ പ്രിൻസിപ്പൽ അവാർഡ്, കേരളീയം പുരസ്കാരം, അമർ ഉജാല ഭവിഷ്യ ജ്യോതി അവാർഡ്, ഡോ.ജോസഫ് ഫ്രാങ്ക് മെമ്മോറിയൽ അവാർഡ്, ഡോ. എപിജെ അബ്ദുൾ കലാം അവാർഡ്, ഗ്ലോബൽ എഡ്യുക്കേറ്റർ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
District News
അയര്‍ക്കുന്നം: ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്റെ പ്രഫ.കെ.എം. വെങ്കടരാമയ്യ അവാര്‍ഡിന് ഡോ.പി.ടി. ഏബ്രഹാം അര്‍ഹനായി. ‘മലയാള വ്യാകരണ വിചിന്തനങ്ങള്‍’ എന്ന രചനയ്ക്കാണ് പുരസ്കാരം.
പാട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ 18 മുതല്‍ നടക്കുന്ന ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞരുടെ 53-ാമത് അഖിലേന്ത്യാ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
Kerala
കോട്ടയം: സാഹിതീസഖ്യത്തിന്റെ എം.പി. പോള്‍ പുരസ്കാരം നിരൂപകനും പാരിസ്ഥിതിക ചിന്തകനുമായ ആഷാ മേനോന് സമ്മാനിക്കും. ജൂലൈ 18നു കോട്ടയം ദര്‍ശനയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
സമ്മേളനത്തില്‍ സാഹിതീസഖ്യം പ്രസിഡന്റ് ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം പുരസ്കാരം സമ്മാനിക്കും.
District News
വലപ്പാട്: കേരള മൾട്ടിപ്പിൾ ലയണ്‍സ് ഹ്യൂമാനിറ്റേറിയൻ അവാർഡ് കെ.എം. അഷറഫിനു സമ്മാനിച്ചു. അഡ്ലക്സ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ലയണ്‍സ് മൾട്ടിപ്പിൾ കണ്‍വൻഷനിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ പുരസ്കാരം കൈമാറി. സാമൂഹികസേവനരംഗത്തും ജീവകാരുണ്യമേഖലയിലുമുള്ള സമർപ്പിത ഇടപെടലുകൾ പരിഗണിച്ചാണു പുരസ്കാരം.
മണപ്പുറം ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്ന കെ.എം. അഷറഫ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസറുമാണ്. തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318ഡിയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറാണ്.
മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർപേഴ്സൺ രാജൻ നന്പൂതിരി, മുൻ ചെയർപേഴ്സൻ ടോണി ഏനോക്കാരൻ, ഏരിയ ലീഡർ അഡ്വ. വാമനകുമാർ, അഡ്വ.വി. അമർനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: ലയൺസ് കേരള യൂത്ത് ഐക്കൺ അവാർഡ് ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ 17-ാമത് വാർഷിക കൺവൻഷനിൽ പുരസ്കാരം സമ്മാനിക്കും.
NRI
മസ്കറ്റ്: പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കറ്റ് ചാപ്റ്ററിന്റെ 2025ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരൻ അമലിന്റെ സാംസ്കാരിക സർവാധിപതി എന്ന നോവലിന് ലഭിച്ചു.
ശനിയാഴ്ച രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് പാറക്കടവിൽ, ചങ്ങനാശേരി എൻഎസ്എസ് കോളജ് പ്രഫസർ ബി. രവികുമാർ, മാധ്യമപ്രവർത്തകൻ ഏബ്രഹാം തടിയൂർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്
Kerala
തിരുവനന്തപുരം: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2026 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് 25 വരെ അപേക്ഷ സമർപ്പിക്കാം.
പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ നൽകുന്നത്.
വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും http://schemes.envt.kerala.gov.in/ award/home സന്ദർശിക്കുക.
NRI
ദോഹ: ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിൽ നിന്ന് കണ്ടംപററി ഇസ്ലാമിക് സ്റ്റഡീസിൽ മാസ്റ്റർ ബിരുദം നേടിയ സന അബുല്ലൈസിന് ഉന്നതമായ ഒരു അക്കാദമിക് നേട്ടം കൈവരിച്ചിരിക്കുന്നു.
സനയുടെ മികച്ച അക്കാദമിക് പ്രകടനത്തിനുള്ള അംഗീകാരമായി ഈ അധ്യയന വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം അവർക്ക് ലഭിച്ചു.
ഖത്തർ അമീറിന്റെ സഹോദരിയും ഖത്തർ ഫൗണ്ടേഷൻ സിഇഒയുമായ ഹിസ് എക്സലൻസി ഷെയ്ഖ് ഹിന്ദ് ബിന്ത് ഹമദ് അൽ താനി ചടങ്ങിൽ വച്ച് സനയ്ക്ക് പുരസ്കാരവും ബിരുദ സർട്ടിഫിക്കറ്റും കൈമാറി.