കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗില് നിന്ന് സായ് കൃഷ്ണ ഇന്സ്പയര് മനാക് അവാര്ഡ്് ഏറ്റുവാങ്ങുന്നു.
കണ്ണൂർ: കേരളത്തിന് അഭിമാനമായി കണ്ണൂര് എടയന്നൂര് ജിവിഎച്ച്എസ്എസ് ഒന്പതാം ക്ലാസ് വിദ്യാര്ഥി ഇ.കെ. സായ് കൃഷ്ണ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണല് ഇന്നവേഷന് ഫൗണ്ടേഷനും ചേര്ന്ന് ദേശീയ തലത്തില് നല്കുന്ന ഇന്സ്പയര് മനാക് അവാര്ഡില് മൂന്നാം സ്ഥാനമാണ് കാനാട് സ്വദേശി സായ്കൃഷ്ണ സ്വന്തമാക്കിയത്. ഡല്ഹിയില് നടന്ന ദേശീയ ശാസ്ത്ര പ്രദര്ശനത്തില് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവാര്ഡ് സമ്മാനിച്ചു. ബോട്ടപകടങ്ങളില് രക്ഷാപ്രവര്ത്തനം വേഗത്തിലാക്കുന്നതിനുള്ള സ്മാര്ട്ട് അണ്ടര്വാട്ടര് ബോട്ട് അലാറമാണ് വിദ്യാര്ഥിയെ അവാര്ഡിന് അര്ഹനാക്കിയത്.
തെരൂര് യുപി സ്കൂളില് ആറാം ക്ലാസ് വിദ്യാര്ഥിയായിരിക്കെ സമര്പ്പിച്ച പ്രോജക്ടാണിത്. അഖിലേന്ത്യാടിസ്ഥാനത്തില് മത്സരിച്ച 790 എന്ട്രികളില് നിന്ന് ദേശീയതലത്തിലെത്തിയ 62 എണ്ണത്തില് സായ്കൃഷ്ണയുടേത് മികച്ച മൂന്നാമത്തെ പ്രോജക്ടായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സായ്കൃഷ്ണയ്ക്ക് നാലുലക്ഷം രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും.
ഗൈഡായ തെരൂര് സ്കൂളിലെ അധ്യാപകൻ പ്രസൂണിനും തെരൂര് യുപി സ്കൂളിനും പുരസ്കാരം ലഭിക്കും. കെഎസ്ഇബി ഡിവിഷണല് അക്കൗണ്ട്സ് ഓഫീസര് കാനാട്ടെ രാമകൃഷ്ണന് മനിയേരിയുടേയും എടയന്നൂര് ജഎച്ച്എസ് അധ്യാപിക ഇ.കെ.സിനിയുടേയും മകനാണ്.ബോട്ടുകളുടെ അമിതമായ ചരിവ് തിരിച്ചറിയാന് സഹായിക്കുന്ന "ടില്റ്റ് സെന്സിംഗ്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്മാര്ട്ട് അണ്ടര്വാട്ടര് ബോട്ട് അലാറം സംവിധാനം സായ് കൃഷ്ണ വികസിപ്പിച്ചത്. ബോട്ട് സുരക്ഷിത പരിധിയില് കൂടുതല് ചരിഞ്ഞാല് സംവിധാനം തനിയെ അലാറം മുഴക്കും.
ഒരു ഇലക്ട്രോമാഗ്നറ്റിക് സ്വിച്ചിന്റെയും അത്യാധുനിക കമ്യൂണിക്കേഷന് സാങ്കേതികവിദ്യയുടെയും സഹായത്തോടെ, അപകടസമയത്ത് തത്സമയ അടിയന്തര സന്ദേശങ്ങള് സമീപത്തുള്ള രക്ഷാപ്രവര്ത്തകര്ക്ക് കൈമാറാന് ഈ സംവിധാനത്തിലൂടെ സാധിക്കും. താനൂര് ബോട്ട് ദുരന്തമാണ് ഇത്തരമൊരു അലാറം വികസിപ്പിക്കുന്നതിന് പ്രേരണയായത്.
Tags : Award NattuVishesham DistrictNews