അപകടത്തിൽ തകർന്ന സ്കൂട്ടർ.
കുണ്ടറ: സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നാല് എൻജിനിയറിംഗ് വിദ്യാർഥികൾക്കു പരിക്ക്. ദേശീയപാതയിൽ നെടുമ്പായിക്കുളം ജംഗ്ഷന് സമീപം വളക്കടയ്ക്ക് മുന്നിൽ ഇന്നലെ രാത്രി എട്ടോടുകൂടി ആയിരുന്നു അപകടം. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.
എഴുകോൺ കരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളായ കോഴിക്കോട്, മലപ്പുറം സ്വദേശികൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വളക്കടയ്ക്ക് സമീപമായിരുന്നു സംഭവം. ഒരു ലോറിയെയും കെഎസ്ആർടിസി ബസിനെയും മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊല്ലം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു മൂന്നു വാഹനങ്ങളും.
അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ഉടൻതന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tags : Accident NattuVishesham DistrictNews