ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാര പ്രഖ്യാപനവും വിതരണവും മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
പേരൂർക്കട: ഗുണനിലവാരമുള്ള മരുന്നു കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ഗുണമേന്മയുള്ള മരുന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ. മുരളീധരൻ. പട്ടത്തെ ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ സംഘടിപ്പിച്ച ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്കാര പ്രഖ്യാപനവും വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയിൽ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ നേട്ടം കൈവരിച്ച 28 പഞ്ചായത്തുകൾക്കും നാലു നഗരസഭകൾക്കുമുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
അണ്ടൂർക്കോണം, പൂവാർ, നന്ദിയോട്, കല്ലറ പഞ്ചായത്തുകൾ സ്വർണ മെഡലും, പുല്ലമ്പാറ, വിതുര, വക്കം, ആനാട്, അരുവിക്കര എന്നിവ വെള്ളി മെഡലും കരസ്ഥമാക്കി. പോത്തൻകോട്, കിളിമാനൂർ, ഒറ്റശേഖരമംഗലം, അഴൂർ, കഠിനംകുളം, മാണിക്കൽ, വാമനപുരം, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, വെള്ളനാട്, അതിയന്നൂർ, കാഞ്ഞിരംകുളം, കരിങ്കുളം, ചിറയിൻകീഴ്, പനവൂർ, കടയ്ക്കാവൂർ, ബാലരാമപുരം, മാറനല്ലൂർ, കള്ളിക്കാട് എന്നീ പഞ്ചായത്തുകൾ വെങ്കല മെഡൽ നേടി. നഗരസഭവിഭാഗത്തിൽ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, വർക്കല, നെടുമങ്ങാട് എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഡിഎം എ. നിസ, ഡിഎംഒ ബിന്ദു മോഹൻ, ജില്ലാ ടിബി ഓഫീസർ രഞ്ജി കെ. രാജൻ, എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ അർണോൾഡ് ദീപക്, വാർഡ് കൗൺസിലർ മേരി പുഷ്പം എന്നിവർ പങ്കെടുത്തു.