പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്കര : കന്നിപ്പുറം പാലത്തിന്റെ നിര്മാണവുമായി ബന്ധപ്പെട്ട വാട്ടര് അഥോറിറ്റിയുടെ പ്രവൃത്തികള് ഈ മാസത്തിനകം പൂര്ത്തിയാക്കുമെന്ന് അധികൃതര് അറിയിച്ചു.
നെയ്യാറിനു കുറുകെ ഇരുന്പില് പ്രദേശത്തെ നെയ്യാറ്റിന്കര നഗരവുമായി ബന്ധിപ്പിക്കുന്ന കന്നിപ്പുറം പാലത്തിന്റെ നിര്മാണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നു പരക്കെ ആരോപണമുയർന്നിരുന്നു. പാലം 2027 ഏപ്രിലിനകം പൂര്ത്തിയാക്കണമെന്നതാണ് പദ്ധതി നിര്ദേശം. 2025 ഒക്ടോബര് ഒന്പതിനു നിര്മാണ പ്രവൃത്തികള് ആരംഭിച്ചു. 18 മാസം നിര്മാണ കാലാവധിയുള്ള പാലം പണി പകുതി പൂര്ത്തിയായിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് മാസം വരെ പാലം നിര്മാണ പ്രവൃത്തികള് സാവധാനമാണ് നടന്നിരുന്നതെന്നു സമീപവാസികള് ചൂണ്ടിക്കാട്ടി.
പാലം നിര്മാണ പ്രദേശത്തിലെ കെഎസ്ഇബിയുടെ പോസ്റ്റുകളും വാട്ടര് അഥോറിറ്റിയുടെ പൈപ്പുകളും മാറ്റാനെടുത്ത കാലതാമസം പാലം നിര്മാണത്തെ സാരമായി ബാധിച്ചു.
പാലത്തിന്റെ ഒരറ്റമായ ഇരുന്പില് ഭാഗത്തു നിര്മാണ പ്രവൃത്തികള് ഏറെക്കുറെ പൂര്ത്തിയായെങ്കിലും മറ്റേ അറ്റമായ നെയ്യാറ്റിന്കര കോടതിയുടെ ഭാഗത്തെ പ്രവൃത്തികള് അവശേഷിക്കുന്നു. ഇരുന്പിലില് റോഡ് നിര്മാണം കാര്യക്ഷമമായിരുന്നു. എന്നാല് നെയ്യാറ്റിന്കര കോടതി ഭാഗത്തെ റോഡ് പണികൾ ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ലായെന്നു നാട്ടുകാര് ആരോപിച്ചു.
കെഎസ്ഇബി യുടെ പോസ്റ്റുമാറ്റല് പ്രവൃത്തി ഇക്കഴിഞ്ഞ മാസമാണ് പൂര്ത്തിയായത്. വാട്ടര് അഥോറിറ്റിക്ക് പൈപ്പിടല് പ്രവൃത്തികള് പൂർത്തീകരിക്കാൻ നാലുദിവസംകൂടി വേണമെന്ന് അധികൃതര് അറിയിച്ചു. പ്രവൃത്തി ദിവസങ്ങളില് പൈപ്പിടല് സാധ്യമല്ല. സ്വാഭാവികമായും ഞായറാഴ്ചയും അവധി ദിവസങ്ങളിലും മാത്രമേ പൈപ്പ് സ്ഥാപിക്കല് പ്രവൃത്തികള് ഈ ഭാഗത്ത് നടത്താനാവുകയുള്ളൂവെന്നും വാട്ടര് അഥോറിറ്റി അധികൃതര് അറിയിച്ചു.