ഡെനിൻ ദാസ്
കുറ്റിച്ചൽ: നെട്ടുകാൽത്തേരി തുറന്ന ജയിലിനു സമീപം മുക്കോട്ടുമല എസ്റ്റേ റ്റിൽ കാട്ടുപോത്തിനെ വെടിവച്ചുകൊന്നു മാംസം കടത്തിയ കേസിലെ മുഖ്യപ്രതിയെ പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 26നു പുലർച്ചെ നടന്ന സംഭവത്തിൽ വെള്ളറട ജംഗ്ഷനിൽ ദാസ് ഹൗസിൽ ഡെനിൻ ദാസ് (44) ആണ് പിടിയിലായത്.
വെള്ളറട വിപിഎം ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ് ഇയാൾ. കേസിൽ കാട്ടാക്കട പൂവച്ചൽ കാക്കാമുകൾ സ്വദേശി സുകുമാരൻകുട്ടി നായർ (65), ചൊവ്വി നിവാസിൽ ചന്ദ്രദാസ് (65) എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ ജയിലിൽ റിമാൻഡിലാണ്. കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് നായാട്ട് നടത്തിവരുന്ന സംഘങ്ങളിലെ പ്രധാനിയാണ് ഡെനിൻ ദാസ്. കേരളത്തിൽ വേട്ടയാടുന്ന മൃഗങ്ങളുടെ മാംസം തമിഴ്നാട്ടിലെ ചില റിസോർട്ടുകളിലേക്കാണ് ഇവർ നൽകിവരുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇതു രണ്ടാം തവണയാണ് ഈ സംഘം നായാട്ട് നടത്തുന്നത്. ചില തമിഴ്നാട് സ്വദേശികളും ഈ നായാട്ടുസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
നായാട്ടുസംഘത്തിലെ മറ്റു പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ വിപിൻ ചന്ദ്രൻ വി. പറഞ്ഞു. റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ആർഎഫ്ഒ അനിൽകുമാർ, എസ്എഫ്ഒ അനിൽ, ബിഎഫ്ഒമാരായ റോയ്, റോഷ്ണി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.