ഡോ. തോമസ് കോശി
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം ഡോ. തോമസ് കോശിക്ക്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുൻ സീനിയർ ഗ്രേഡ് പ്രഫസറാണ് ഇദ്ദേഹം. കാർഡിയോ തൊറാസിക്, വാസ്കുലാർ അനസ്തേഷ്യ വിഭാഗത്തിലെ മികച്ച സേവനങ്ങളും മികവും പരിഗണിച്ചാണു പുരസ്കാരം.
50,000 രൂപയും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ നാലിന് കൊച്ചി ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണ, ഹൃദയ സംഗമ പരിപാടിയിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൃദയസംഗമം ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.
ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഹാർട്ട്കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലിസി ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ വിശിഷ്ടാതിഥിയാകും. ഡോ. ജോ ജോസഫ് ക്ലാസ് നയിക്കും.
Tags : DrThomasKoshy HeartCareFoundation Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash