ആക്രമണത്തിന്റെ സിസിടിവി ദൃശ്യം
തിരുവനന്തപുരം: വർക്കല പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. കുരയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലിയും (18), പ്രായപൂർത്തിയാകാത്ത യുവാവുമാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11ഓടെ സൗത്ത് ക്ലിഫ് നടപ്പാതയിലാണ് സംഭവം.
തഞ്ചാവൂരിൽനിന്ന് 14 സുഹൃത്തുക്കൾക്കൊപ്പമാണ് സുദർശൻ തിങ്കളാഴ്ച രാവിലെ വർക്കലയിൽ എത്തിയത്. രാത്രിയിൽ സുഹൃത്തുക്കളായ സതീശനും കുമുദനും ഒപ്പം സൗത്ത് ക്ലിഫ് നടപ്പാതയിലൂടെ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് കേട്ട് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സ്പീക്കറിൽ പാട്ട് വെച്ചതിനെ പ്രദേശവാസികളായ മൂന്ന് യുവാക്കൾ ചോദ്യംചെയ്തു. ഇത് പിന്നീട് വാക്കുതർക്കത്തിലും കൈയാങ്കളിയിലേക്കും നീങ്ങി. ഇതിനിടെയാണ് സുദർശന് കുത്തേറ്റത്. സുദർശന്റെ വയറിന്റെ വലതുഭാഗത്തും തോളിലും മുതുകത്തുമാണ് കുത്തേറ്റത്. ഇയാളെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Tags :