സുപ്രീംകോടതി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന സംഭാവന തട്ടിപ്പ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തോട് (എസ്ഐടി) സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. എസ്ഐടി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് പരിഗണിച്ചശേഷം കൂടുതല്‍ നിര്‍ദേശം നല്‍കുന്നത് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍, യുപി സര്‍ക്കാര്‍, ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് എന്നിവര്‍ക്കു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അന്വേഷണപുരോഗതി, അന്വേഷണസംഘത്തിലെ അംഗങ്ങള്‍ എന്നിവ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റീസിനു പുറമെ ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുമെന്ന് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയയ്ക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തെങ്കിലും ആവശ്യം കോടതി തള്ളി. ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിനു മുമ്പായി ക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണവും ഇതുവരെയുള്ള അന്വേഷണപുരോഗതിയും പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. നിയമപ്രകാരം അവസാനം ഹര്‍ജിക്കാര്‍ റിപ്പോര്‍ട്ട് കാണുമല്ലോയെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണത്തില്‍ നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സര്‍ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരിലൊരാളായ നരേന്ദ്ര കുമാര്‍ ഗോസ്വാമി ആവശ്യപ്പെട്ടു. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങള്‍ സിഎജി ഓഡിറ്റ് ചെയ്യണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര ട്രസ്റ്റിന്റെ കാര്യങ്ങളും ഭരണവും സാമ്പത്തിക ക്രമക്കേടുകളും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) അന്വേഷിക്കണമെന്ന് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അയോധ്യയിലെ വഴിപാടുകൊള്ളയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നശേഷം ജൂണ്‍ 13ന് യുപി സര്‍ക്കാർ എസ്ഐടി രൂപീകരിച്ചെങ്കിലും സംഭവത്തെക്കുറിച്ച് യുപി പോലീസ് എഫ്ഐആര്‍ പോലുമെടുത്തില്ല. എഫ്ഐആറോ പതിവ് ക്രിമിനല്‍ കേസോ രജിസ്റ്റര്‍ ചെയ്യാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി അന്വേഷണം ആരംഭിച്ചതെന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
ലക്നോ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത്, ഐജി എസ്. കിരണ്‍, ധനകാര്യ സ്പെഷല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരടങ്ങുന്നതാണ് അയോധ്യ ക്ഷേത്രക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി. എസ്ഐടി നിര്‍ദേശപ്രകാരം എട്ടുപേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ മാത്രം കേസെടുത്തിട്ടുണ്ട്. ഇവരില്‍നിന്നു 80 ലക്ഷത്തോളം രൂപയടക്കം കൊള്ളമുതലിന്റെ കുറച്ചു ഭാഗം കണ്ടെടുത്തിരുന്നു.
Tags : SupremeCourt report Ayodhya temple demolition SIT