National
ലക്നോ: അയോധ്യ ക്ഷേത്രക്കൊള്ളയിൽ അന്വേഷണം ഊർജിതമായിരിക്കേ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി. ഇരുപതിലേറെ ജീവനക്കാരാണു രാജിവച്ചത്. ഈ വിഭാഗത്തിൽ 40 ജീവനക്കാരാണുണ്ടായിരുന്നത്. ഇനി 15-20 പേരാണ് അവശേഷിക്കുന്നത്. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞയുടൻ ജീവനക്കാർ, സംഭാവന എണ്ണലിന്റെ മേൽനോട്ട ചുമതലയുള്ള എസ്ബിഐ ബ്രാഞ്ചിലെത്തിയാണു രാജി നല്‍കിയത്.
ക്ഷേത്രക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു രാജി. അന്വേഷണം തങ്ങളിലേക്ക് എത്തുമോ എന്ന ഭീതിയിലാണ് ജീവനക്കാർ എന്നാണു സൂചന. അതേസമയം, അമിതജോലിഭാരമാണ് രാജിവച്ചവർ കാരണമായി പറയുന്നത്.
നേരത്തേ രണ്ടു ഷിഫ്റ്റിലായിരുന്നു ജീവനക്കാർ ജോലി ചെയ്തിരുന്നത്. ഇപ്പോൾ അത് ഒറ്റ ഷിഫ്റ്റാക്കി മാറ്റി. മാത്രമല്ല, ഒന്‍പതു മുതൽ പത്തു മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും വേതനം വർധിപ്പിച്ചില്ലെന്നും രാജിവച്ചവർ പറഞ്ഞു. നേരത്തേ മേശകളിലും കസേരകളിലും ആയിരുന്നു കാണിക്ക എണ്ണിയിരുന്നത്. ഇപ്പോൾ തറയിലിരുന്ന് എണ്ണണം. സംഭാവനക്കൊള്ള പുറത്തുവന്നതിനു പിന്നാലെ കാണിക്ക എണ്ണുന്ന സ്ഥലത്ത് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്.
കാണിക്ക എണ്ണുന്ന സ്ഥലത്തേക്കു പ്രവേശിക്കുന്ന ജീവനക്കാരെ പല തവണ ദേഹപരിശോധനയ്ക്കു വിധേയരാക്കുന്നു. നഗ്നപാദരായി, മൊബൈൽഫോണുകളോ മറ്റു വസ്തുക്കളോ ഒഴിവാക്കി വേണം ജീവനക്കാർ അകത്തു പ്രവേശിക്കാൻ. ക്ഷേത്ര സമുച്ചയത്തിൽ വിവിധ സുരക്ഷാ ചെക്പോയിന്റുകളിൽ ജീവനക്കാരെ പരിശോധിക്കുന്നു. കാണിക്ക എണ്ണുന്നതിന്റെ മേൽനോട്ടത്തിനു മാത്രം നാലു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
അയോധ്യ ക്ഷേത്രക്കൊള്ളയിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. ഇവരെല്ലാം കാണിക്ക എണ്ണലുമായി ബന്ധമുള്ളവരാണ്.
National
അയോധ്യ: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത് റായിയുടെ രാജി ഇന്നലെ ചേർന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചു. രാമക്ഷേത്രത്തില്‍ ലഭിച്ച കോടിക്കണക്കിനു രൂപയുടെ സംഭാവന കൊള്ളയടിച്ചുവെന്ന വിവാദത്തെത്തുടര്‍ന്ന് വിഎച്ച്പി വൈസ് പ്രസിഡന്റുകൂടിയായ ചമ്പത് റായിയും ട്രസ്റ്റ് അനിൽ മിശ്രയും രാജിക്കത്ത് നൽകുകയായിരുന്നു.
രാമജന്മഭൂമി കോംപ്ലക്സിൽ ഇന്നലെ മൂന്നുമണിക്കൂർ നീണ്ട യോഗത്തിലാണ് ഇരുവരുടെയും രാജിക്കത്തിൽ അന്തിമതീരുമാനം എടുത്തത്. ചന്പത് റായിക്കു താത്പര്യമെങ്കിൽ ട്രസ്റ്റ് അംഗമായി തുടരാമെന്ന നിലപാടും യോഗം സ്വീകരിച്ചു.
മുൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ കൃഷ്ണമോഹനാണു ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല. അടുത്തിടെ ട്രസ്റ്റ് അംഗമായ കൃഷ്ണമോഹന്റെ ഭരണപാടവം പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയാണു യോഗത്തിലുണ്ടായിരുന്നത്.
അതേസമയം, ട്രസ്റ്റിന്റെ തലപ്പത്തേക്ക് ചന്പത് റായിക്കു പകരം വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്റംഗ് ബഗ്രയെ നിയമിക്കുമെന്നും സൂചനയുണ്ട്. പൊതുമേഖല സ്ഥാപനമായ നാല്‍കോയുടെ തലവനായിരുന്നു ബഗ്ര. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ പ്രഫഷണലിസം കൊണ്ടുവരാൻ ബജ്റംഗ് ബഗ്രയ്ക്കു കഴിയുമെന്നാണു കരുതുന്നത്.
രണ്ടുവര്‍ഷം കൂടുമ്പോള്‍ ചേരുന്ന വിഎച്ച്പി ദേശീയ എക്സിക്യൂട്ടീവ് അടുത്ത 19, 20 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്.
സംഘടനാ ചുമതലകള്‍ പുനഃക്രമീകരിക്കുന്ന ഈ യോഗത്തിൽ ബഗ്രയുടെ പേര് അംഗീകരിക്കുമെന്നാണു സൂചന. ഇതിനുശേഷം രാമക്ഷേത്ര ട്രസ്റ്റിന്റെ യോഗം 22 നു ചേരാനാണ് ഇന്നലെ തീരുമാനമായത്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദം കൊടുംപിരികൊണ്ട് നിൽക്കവേ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. യോഗത്തിൽ ചമ്പത് റായിയുടേത് ഉൾപ്പെടെയുള്ള രാജി അംഗീകരിക്കും.
ഇന്ന് വൈകിട്ട് മൂന്നിന് അയോധ്യയിലാണ് യോഗം. എന്നാൽ രാജിവച്ച പദവികളിലേക്ക് ആരെ നിയമിക്കുമെന്നതിൽ വ്യക്തതയില്ല. അതേസമയം ഇന്നത്തെ യോഗത്തില്‍ ചമ്പത് റായി പങ്കെടുത്തേക്കില്ല. ചമ്പത് റായിക്ക് ക്ഷേത്രക്കൊള്ളയില് വീണ്ടും കുരുക്ക് മുറുകയയാണ്.
അഞ്ച് കോടി വിലമതിക്കുന്ന സ്വർണത്തിൽ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
National
അയോധ്യ: അയോധ്യയിലെ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലേക്ക് ലഭിക്കുന്ന സംഭാവനകളിൽ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം, ദിവസവും ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരും ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.
തട്ടിപ്പ് പുറത്തുവന്നതോടെയാണ് സംഭാവന തുകയിൽ വൻ വ്യത്യാസം കണ്ടത്. തട്ടിപ്പ് കണ്ടെത്തുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതിദിനം ലഭിച്ചിരുന്നത്. എന്നാൽ, തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് ശേഷം ഇത് 24 മുതൽ 26 ലക്ഷം രൂപയായി വർധിച്ചു. ഈ കണക്കുകൾ പരിശോധിച്ചാണ് ദിവസവും 6-8 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നതായി അന്വേഷണ സംഘം നിഗമനത്തിലെത്തിയത്.
ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ എണ്ണുന്ന ചുമതലയുള്ള എസ്ബിഐ ജീവനക്കാരുടെ പങ്ക് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ച സ്വകാര്യ ഏജൻസിയെ പണം എണ്ണുന്നതുപോലെയുള്ള സുപ്രധാന കാര്യങ്ങൾ ഏൽപ്പിച്ചത് എന്തിനാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് പോലീസ് ചോദിച്ചിട്ടുണ്ട്.
എട്ടുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു പണം എണ്ണൽ. പണം മോഷ്ടിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെടുത്തിയ ജീവനക്കാരനോട്, "ദൈവം കാണുന്നുണ്ട്, നമ്മുടെ വീട്ടിൽ നിന്നൊന്നുമല്ലല്ലോ പോകുന്നത്" എന്ന് ഇയാൾ മറുപടി നൽകിയതായാണ് വിവരം.
ക്ഷേത്രത്തിന് സമീപമുള്ള ഒരു പാർക്കിൽ വെച്ചാണ് മോഷ്ടിച്ച പണം പ്രതികൾ പങ്കിട്ടിരുന്നതെന്ന് പ്രതി അവിനാഷ് ശുക്ല മൊഴി നൽകി. അന്വേഷണ സംഘം ഈ സ്ഥലം പരിശോധിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്ഐടി രണ്ടാം തവണയും ചോദ്യം ചെയ്തു. ഇവരുടെ സ്വത്തുവിവരങ്ങളും വരുമാന സ്രോതസ്സുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഇവർ തങ്ങളുടെ ട്രസ്റ്റ് പദവികളിൽ നിന്ന് രാജിവെച്ചിരുന്നു.
കൂടാതെ, ക്ഷേത്ര നിർമാണ സമയത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കമ്മീഷൻ ഇടപാടുകളും ഭൂമി വാങ്ങലിലെ അഴിമതികളും സംഘം പരിശോധിക്കുന്നുണ്ട്. ട്രസ്റ്റിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക രേഖകളും ഹാജരാക്കാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ വീണ്ടും ഓഡിറ്റ് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്. കേസിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
National
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവന കൊള്ളയടിച്ചുവെന്ന ആരോപണം ഹൈന്ദവസമൂഹത്തിന്റെ വിശ്വാസത്തിലും വികാരത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രെയ ഹൊസബാളെ. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കു കർശനമായ ശിക്ഷ ഉറപ്പാക്കണം.
സംഭവം മുതലെടുത്ത് ഹിന്ദു ധര്‍മത്തെയും സമൂഹത്തെയും അവഹേളിക്കാനുള്ള ഹിന്ദുവിരുദ്ധരുടെയും രാജ്യവിരുദ്ധ ശക്തികളുടെയും ഗൂഢാലോചനയില്‍ വീണുപോകാതെ ഹിന്ദുക്കള്‍ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അയോധ്യയിലെ കൊള്ള പുറംലോകം അറിഞ്ഞശേഷം ആദ്യമായാണ് ആർഎസ്എസ് ഉന്നത നേതൃത്വം അഭിപ്രായപ്രകടനം നടത്തുന്നത്.
ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥനപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഹൊസബാളെ പറഞ്ഞു. കൂടാതെ ആർഎസ്എസ് നിർദേശിച്ചപ്രകാരം നിയമനടപടികളും തുടങ്ങിയിട്ടുണ്ട്.
തട്ടിപ്പില്‍ കുറ്റക്കാര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ഏറ്റവും കടുത്ത ശിക്ഷ നല്‍കുമെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഹൈന്ദവസമൂഹത്തിന്റെ നിലപാടാണ് ആർഎസ്എസിനുള്ളത്.
അപലപനീയമായ ഈ സംഭവത്തെ പ്രത്യേക വിഷയമായി കണ്ട് നടപടികള്‍ സ്വീകരിക്കാനും ക്ഷേത്ര ഭരണത്തിലെയും നടത്തിപ്പിലെയും വീഴ്ചകള്‍ പരിഹരിക്കാനും ശ്രീരാമ ജന്മഭൂമി ട്രസ്റ്റിനു ബാധ്യതയുണ്ട്. ക്ഷേത്രത്തോടുള്ള രാമഭക്തരുടെ വിശ്വാസം മാറ്റമില്ലാതെ തുടരാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നു പറഞ്ഞ അദ്ദേഹം നിലവിലുള്ള ആശങ്കകളും അനിശ്ചിതത്വങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
National
അയോധ്യ: രാമക്ഷേത്ര സംഭാവനക്കൊള്ളകേസിൽ അറസ്റ്റിലായ ലവ്കുശ് മിശ്രയുടെ ഭാര്യക്ക് അനധികൃത നിർമാണത്തിന്റെ പേരിൽ അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി (എഡിഎ) നോട്ടീസ് അയച്ചു.
ബൻവീർപുർ ഗ്രാമത്തിലാണ് വീടു നിർമാണം നടക്കുന്നത്. ഭൂമി വാങ്ങിയത് ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിലാണ്. എഡിഎയുടെ അംഗീകാരമില്ലാതെയാണ് നിർമാണം.
ബുധനാഴ്ച പോലീസ് ലവ്കുശ് മിശ്രയുടെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. ഇയാളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ലവ്കുശിന്റെ വീട്ടിൽനിന്ന് 14.25 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
അവിനാശ് ശുക്ല (20.39 ലക്ഷം), കരുണേഷ് പാണ്ഡെ (18.07 ലക്ഷം), അനുകല്പ് മിശ്ര (16.82 ലക്ഷം), രാമശങ്കർ മിശ്ര (7.32 ലക്ഷം), രാമശങ്കർ യാദവ് (ഒരു ലക്ഷം) എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്തത്. 11 ഗ്രാം സ്വർണവും 375 ഗ്രാം വെള്ളിയും 1121 യുഎസ് ഡോളറും പോലീസ് പിടിച്ചെടുത്തു.
അയോധ്യയിലെ യോഗകേന്ദ്രത്തിൽനിന്ന് പേടിഎം ക്യു ആർ കോഡ് പതിച്ച രാമരാജ്യ കോശ് എന്ന പേരിലുള്ള ഭണ്ഡാരവും പിടിച്ചെടുത്തു. അവിനാശ് ശുക്ല കഴിഞ്ഞ പത്തു വർഷമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
National
അയോധ്യ: അയോധ്യയിലെ തന്റെ സേവനകാലം അവസാനിച്ചെന്ന് രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത് വൈസ് പ്രസിഡന്റുമായ ചന്പത് റായ്.
അയോധ്യയിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട ചന്പത് റായി തന്റെ അനുയായികളോടായാണ് ഇതു പറഞ്ഞത്. ഒപ്പമുള്ളവർ വിശ്വാസവഞ്ചന നടത്തി ഒറ്റപ്പെടുത്തിയെന്നും ഇത് വലിയ മനോവ്യഥയുണ്ടാക്കിയെന്നും ചന്പത് റായി പറഞ്ഞു.
ജൂലൈ ഒന്പതിനു ചേരുന്ന ട്രസ്റ്റ് അടിയന്തര യോഗത്തിൽ ചന്പത് റായിയുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജിക്കത്തിൽ തീരുമാനമുണ്ടാകും. ട്രസ്റ്റ് മാനേജ്മെന്റിന്റെ പ്രവൃത്തികളെക്കുറിച്ചും സംഭാവനകൾ ജീവനക്കാർ കൊള്ളനടത്തിയ രീതിയും ഉത്തർപ്രദേശ് സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വിവാദമായ കാണിക്കപ്പണം കൊള്ളയടിച്ച സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ക്ഷേത്രത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇഡി വിശദമായി പരിശോധിക്കും. പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ഏജൻസി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടത്തുക.
കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന കൊള്ളയുടെ ചുരുളഴിഞ്ഞത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച രണ്ട് മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിൽ, കോടിക്കണക്കിന് രൂപയുടെ മോഷണം പ്രതി സമ്മതിച്ചു.
കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം തങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നെന്ന് പ്രതികൾ വെളിപ്പെടുത്തി. ക്യാമറകളുടെ പരിധിയിൽ വരാത്ത 'ബ്ലൈൻഡ് സ്പോട്ടുകൾ' മുതലെടുത്താണ് പണം അപഹരിച്ചിരുന്നത്.
മോഷ്ടിച്ച പണം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം താൽക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു ഇവരുടെ രീതി. പിന്നീട് അവസരം ലഭിക്കുന്നതിനനുസരിച്ച് ഇത് സുരക്ഷിതമായി പുറത്തേക്ക് കടത്തുകയായരുന്നു.
സംഘത്തിലെ ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും ഒരു സുരക്ഷാ വലയം തീർത്ത് ക്യാമറകളുടെയും മറ്റു ജീവനക്കാരുടെയും നോട്ടത്തിൽ നിന്നും മറച്ചുപിടിച്ചു. ക്ഷേത്രത്തിനുള്ളിലെ ക്യാമറകൾ കൺട്രോൾ റൂം വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, സുരക്ഷാ ജീവനക്കാർ ഇവരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നത് പ്രതികൾക്ക് തുണയായി.
ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവരായതിനാൽ ആരും തങ്ങളെ സംശയിച്ചിരുന്നില്ലെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇത്തരത്തിൽ മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് പ്രതികൾ വലിയ തോതിൽ ഭൂമിയും വീടും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ഇപ്പോൾ ഇ.ഡിയും കേസ് ഏറ്റെടുക്കുന്നത്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയെ പോലീസ് ചോദ്യംചെയ്തു. ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് വൈസ് പ്രസിഡന്റുകൂടിയായ ചന്പത് റായി രാജിക്കത്തു നൽകിയിരുന്നുവെങ്കിലും ക്രമക്കേട് മറച്ചുവയ്ക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ചന്പത് റായിയെ ചോദ്യംചെയ്തുവെന്ന് സ്ഥിരീകരിക്കുന്ന പോലീസ് വിശദാംങ്ങൾ വെളിപ്പെടുത്തുന്നില്ല.
കഴിഞ്ഞമാസം ഏഴിന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്രക്കൊള്ളയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത്. അതിനു രണ്ടുദിവസം മുന്‍പ് ക്ഷേത്രം ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വസതിയിനിന്ന് പണമടങ്ങിയ ബാഗ് പിടിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭാവനയായി ലഭിച്ച തുകയായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. സംഭാവനയായി ലഭിച്ച തുക നഷ്ടമായ വിവരം അറിഞ്ഞിട്ടും പരാതിപ്പെടാൻ ചന്പത് റായി തയ്യാറായില്ല എന്ന ആരോപണം ശക്തമാണ്.
ട്രസ്റ്റ് അടിയന്തരയോഗം തിങ്കളാഴ്ച
ലക്നോ: സംഭാവനക്കൊള്ളയിൽ വൻ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം നേരത്തെയാക്കി. ഈ മാസം 11 നു ചേരാനിരുന്ന യോഗം തിങ്കളാഴ്ചതന്നെ അടിയന്തരമായി ചേരും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയുടെ രാജിക്കത്ത് ഉൾപ്പെടെ യോഗം ചർച്ച ചെയ്യും.അംഗങ്ങളായ 14 പേരും തിങ്കളാഴ്ച അയോധ്യയില്‍ ഉണ്ടാകണമെന്ന് ട്രസ്റ്റ് അധ്യക്ഷനായ മഹന്ത് നൃത്യ ഗോപാൽ ദാസ് നിർദേശിച്ചിരിക്കുന്നത്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന തലത്തില്‍ നിരീക്ഷിച്ച് സുതാര്യത ഉറപ്പുവരുത്താനുള്ള തീരുമാനം യോഗം എടുത്തേക്കും. ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ഗേവ് ഗിരിയുടെ പേരിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
National
റായ്പുർ: അയോധ്യയിലെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു നിയോഗിച്ചിരുന്ന ജീവനക്കാരെ മാറ്റണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നുമാസം മുന്‍പ് നിർദേശിച്ചിരുന്നതായി കോൺഗ്രസ്. പണം തിരിമറി പുറത്തുവന്നശേഷവും പ്രതികളെ ആരാണ് സംരക്ഷിച്ചതെന്നും എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര ചോദിച്ചു. എട്ടുപേരുടെ അറസ്റ്റിൽ കലാശിച്ച ഇപ്പോഴത്തെ സംഭവം തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. വലിയ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
അയോധ്യക്കൊള്ളയിൽ ആർഎസ്എസിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നേരേ ബുൾഡോസറുകൾ നടപടി ഉണ്ടാകുമോയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് അദ്ദേഹം ചോദിച്ചു. അതിനിടെ വിവരശേഖരണത്തിനായി കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് അയോധ്യ സന്ദർശിക്കും.
സംസ്ഥാന അധ്യക്ഷൻ അജയ് റായി, എംപിമാരായ കിഷോരി ലാൽ ശർമ, രാകേഷ് രാത്തോർ, ഉജ്വൽ രാമൻ സിംഗ്, തഞ്ജു പുനിയ എന്നിവരാണ് സംഘത്തിലുള്ളത്. മുതിർന്ന നേതാക്കളായ എസ്.പി. ഗൗതം, ദീപക് സിംഗ്, വീരേന്ദ്ര ചൗധരി, മിത ഗൗതം എന്നിവരും പ്രതിനിധിസംഘത്തിലുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍
ഫൈസാബാദ്: രാമക്ഷേത്രത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെയും വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ഫൈസാബാദ് ബാര്‍ അസോസിയേഷന്. ഏതെങ്കിലും അഭിഭാഷകർ വക്കാലത്ത് ഏറ്റെടുത്താൽ അഞ്ചുലക്ഷം രൂപ പിഴ ഈടാക്കാനും ബാർ അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം പാസാക്കിയ പ്രമേയത്തിൽ നിർദേശമുണ്ട്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ അഴിച്ചുപണിക്ക് നീക്കം. അഴിമതി ആരോപണങ്ങളെത്തുടർന്ന് രാജിവച്ച നിലവിലെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ മാറ്റി പകരം പുതിയ സെക്രട്ടറിയെ അടുത്ത മാസം 11-നകം പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ കേന്ദ്ര തലത്തിൽ ആരംഭിച്ചതായാണ് വിവരം.
പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്ണ മോഹൻ എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ, ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനായി രൂപീകരിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിയിലേക്ക് വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ആലോചനയുണ്ട്. സ്ഥാനം ഒഴിഞ്ഞ ചമ്പത് റായിയെ ഡൽഹിയിലെ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്ര ഓഫീസിലെ മറ്റേതെങ്കിലും ചുമതലയിലേക്ക് മാറ്റാനാണ് സാധ്യത.
ക്ഷേത്ര നിർമാണത്തിനായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ട്രസ്റ്റിൽ അടിയന്തര നടപടികളിലേക്ക് കടന്നത്. കേസിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 79 ലക്ഷത്തോളം രൂപ നേരത്തെ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നടത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു. തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്രയും തന്റെ പദവി ഒഴിഞ്ഞിട്ടുണ്ട്.
കേസിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അടിയന്തര രാജി പുറത്തുവന്നിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് എസ്ഐടി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ എട്ട് പേരിൽ ചമ്പത് റായുടെ അടുത്ത സഹായിയും ഡ്രൈവറുമായിരുന്ന രാംശങ്കർ യാദവ് എന്ന ടിന്നു യാദവും ഉൾപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാര പെട്ടികളുടെ താക്കോലുകൾ ഇയാളുടെ പക്കൽ നിന്നാണ് അന്വേഷണസംഘം കണ്ടെടുത്തത്.
പ്രതിഷ്ഠാ ചടങ്ങിന് ശേഷം 3,500 കോടി രൂപയുടെ പണത്തിന് പുറമെ വലിയ തോതിൽ സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്ന് എസ്ഐടി കണ്ടെത്തി.
ക്ഷേത്രത്തിൽ ജോലി ലഭിച്ചതിന് ശേഷം പ്രതികൾ അയോധ്യയിലും ലക്നോവിലും വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തട്ടിപ്പിൽ പങ്കാളികളായ അഞ്ച് ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, രാജിവെച്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടില്ല.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് പോലീസ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എട്ട് പേർക്കെതിരെയാണ് യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടിന്നു യാദവ്, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ടിന്നു യാദവിന്റെ പക്കൽനിന്ന് ഭണ്ഡാരത്തിന്റെ താക്കോലുകൾ കണ്ടെടുത്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും സംശയത്തിന്റെ നിഴലിലാണ്. സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
വിവാദങ്ങളെ തുടർന്ന് അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകി. സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കൈകാര്യം ചെയ്തതിൽ വൻ അഴിമതിയും വീഴ്ചയും നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭാവന കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു. ആരാണ് ഈ കൊള്ളയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടതായും വിഎച്ച്പി നേതാക്കൾ തുറന്നടിച്ചു. വിവാദങ്ങൾ കടുത്തതോടെ വിഎച്ച്പിയുടെ വാർഷിക യോഗം മാറ്റിവെച്ചിരിക്കുകയാണ്.
രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കാനുള്ള ശക്തമായ സാഹചര്യത്തെളിവുകൾ റിപ്പോർട്ടിലുണ്ട്. ചമ്പത് റായിയുമായി അടുത്ത ബന്ധമുള്ള ചില ക്ഷേത്ര ജീവനക്കാരുടെ വീടുകളിൽ നിന്ന് കാണാതായ ആഭരണങ്ങൾ കണ്ടെടുത്തതായും സൂചനയുണ്ട്. ട്രസ്റ്റ് അംഗം അനിൽ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റായി എന്നിവരടക്കം 17 പേർക്കെതിരെ കേസെടുക്കാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 150-ഓളം ക്ഷേത്ര ജീവനക്കാരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തിലെ ഭണ്ഡാരപ്പണവും സംഭാവനകളും ഭാരവാഹികൾ തന്നെ അപഹരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപിയും സംഘപരിവാറും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കും. കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ജനരോഷം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ബിജെപിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി സർക്കാരിന്റെയും നിലപാട് നിർണായകമാകും.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിഷയത്തിൽ സുപ്രീംകോടതി ഉടൻ ഇടപെടണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ. യുപി സർക്കാർ രൂപീകരിച്ച എസ്ഐടി ഇതുവരെ എഫ്ഐആറോ ക്രിമിനൽ കേസോ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
National
ലക്നോ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടി. പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ, ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
അയോധ്യയിലെ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന സമാനമായ സാമ്പത്തിക പരാതികളും ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങൾ.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി നിർദേശം.
ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയിൽ വൻ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. 200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വരെ ക്രമക്കേട് നടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മഹാകുംഭമേള കാലത്താണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ. സ്വർണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടികൾ നഷ്ടപ്പെട്ടതായും ആരോപണമുണ്ട്. മഹാകുംഭമേള കാലത്തെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേട് ആരോപണം ഉയർന്നതിന് പിന്നാലെ ജൂൺ 13ന് ആണ് എസ്ഐടിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടൻ കൈമാറുമെന്നാണ് വിവരം.
National
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വൻ തിരിമറിയും മോഷണവും നടന്നിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ സത്യം തുറന്നുപറയാൻ തനിക്ക് ഭയമാണെന്നും ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷ്നോഹർപൂരിലെ സ്വന്തം വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബ്രിജ് ഭൂഷൺ സിംഗ് കടുത്ത വെളിപ്പെടുത്തലുകൾ നടത്തിയത്. ക്ഷേത്രത്തിലെ ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാമെന്നും എന്നാൽ നിലവിൽ അത് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞാൻ വളരെ ദുർബലനായ ഒരു വ്യക്തിയാണ്. ഞാൻ സത്യം പറഞ്ഞാൽ വലിയ കുഴപ്പത്തിലാകും, കാരണം അവർ വളരെ ശക്തരായ ആളുകളാണ്. സത്യം തുറന്നുപറയാനുള്ള ധൈര്യം ഇപ്പോൾ എനിക്കില്ല. സമയം വരുമ്പോൾ ഞാൻ കാര്യങ്ങൾ വ്യക്തമാക്കാം."
എന്നാൽ താൻ ഉദ്ദേശിച്ച 'ശക്തരായ ആളുകൾ' ആരാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. രാമക്ഷേത്രത്തിലെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻ ബിജെപി എംപിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കാഷ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) എന്നയാളാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്' ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് ആരോപണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പ്രാദേശിക പോലീസിന് കൈമാറി.
ഇയാളുടെ അയോധ്യ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. താൻ അജ്മീറിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാൾ പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്.
ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അയോധ്യ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
National
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര്‍ പരിധിയില്‍ ജനുവരി ഒന്‍പത് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള മാംസാഹാര ഡെലിവറിയും പൂര്‍ണമായി നിരോധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമണ പാത ഉള്‍പ്പെടെയുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് മാംസാഹരത്തിന് നിരോധനം.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സോമാറ്റോ, സ്വിഗി തുടങ്ങിയവ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ക്ഷേത്ര നഗരിയുടെ പവിത്രതയും സാത്വിക സ്വഭാവവും നിലനിര്‍ത്താനാണ് ലക്ഷ്യം.
ഹോട്ടലുകൾ, ഹോംസ്റ്റേകള്‍, റെസ്റ്റോറന്റുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവയില്‍ അതിഥികള്‍ക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നല്‍കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പ് പാലിക്കുന്നുണ്ടോയെന്ന് അയോധ്യ ഭരണകൂടം നിരീക്ഷിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണര്‍ മനിക് ചന്ദ്ര സിംഗ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
പുര കലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.
സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സർക്കിൾ ഓഫീസർ (സിഒ) ശൈലേന്ദ്ര സിംഗ് വ്യക്തമാക്കി.
പോലീസ്, അഗ്നിശമന സേന, പ്രാദേശിക ഭരണ ഉദ്യോഗസ്ഥർ അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. എസ്കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. സ്ഫോടനം നടന്ന വീടിന് സമീപത്തെ മറ്റ് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
നാട്ടുകാരോട് സ്ഥലത്ത് നിന്ന് ദൂരേക്ക് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അഞ്ച് പേരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്താനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനവും സഹായ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.