അയോധ്യയിലെ രാമക്ഷേത്രം
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വിവാദമായ കാണിക്കപ്പണം കൊള്ളയടിച്ച സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ക്ഷേത്രത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇഡി വിശദമായി പരിശോധിക്കും. പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ഏജൻസി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടത്തുക.
കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന കൊള്ളയുടെ ചുരുളഴിഞ്ഞത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച രണ്ട് മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിൽ, കോടിക്കണക്കിന് രൂപയുടെ മോഷണം പ്രതി സമ്മതിച്ചു.
കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം തങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നെന്ന് പ്രതികൾ വെളിപ്പെടുത്തി. ക്യാമറകളുടെ പരിധിയിൽ വരാത്ത 'ബ്ലൈൻഡ് സ്പോട്ടുകൾ' മുതലെടുത്താണ് പണം അപഹരിച്ചിരുന്നത്.
മോഷ്ടിച്ച പണം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം താൽക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു ഇവരുടെ രീതി. പിന്നീട് അവസരം ലഭിക്കുന്നതിനനുസരിച്ച് ഇത് സുരക്ഷിതമായി പുറത്തേക്ക് കടത്തുകയായരുന്നു.
സംഘത്തിലെ ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും ഒരു സുരക്ഷാ വലയം തീർത്ത് ക്യാമറകളുടെയും മറ്റു ജീവനക്കാരുടെയും നോട്ടത്തിൽ നിന്നും മറച്ചുപിടിച്ചു. ക്ഷേത്രത്തിനുള്ളിലെ ക്യാമറകൾ കൺട്രോൾ റൂം വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, സുരക്ഷാ ജീവനക്കാർ ഇവരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നത് പ്രതികൾക്ക് തുണയായി.
ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവരായതിനാൽ ആരും തങ്ങളെ സംശയിച്ചിരുന്നില്ലെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇത്തരത്തിൽ മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് പ്രതികൾ വലിയ തോതിൽ ഭൂമിയും വീടും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ഇപ്പോൾ ഇ.ഡിയും കേസ് ഏറ്റെടുക്കുന്നത്.
Tags : Enforcement Directorate Ayodhya RamTemple Latest News