കോട്ടയം: ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപിക, സാമൂഹിക ക്ഷേമവും ജീവകാരുണ്യവും ലക്ഷ്യമിട്ടു ജൂബിലി വർഷത്തിൽ നടപ്പാക്കുന്ന "ദീപ്ത സ്പര്‍ശം'' പദ്ധതിയുടെ ഭാഗമായ "നന്മ മണ്ണില്‍ നല്ല വീട്'' പദ്ധതിയിൽ സുമനസുകൾക്ക് പങ്കാളികളാകാം.
സ്വന്തമായി ഒരുപിടി മണ്ണും തലചായ്ക്കാന്‍ ഇടവുമില്ലാത്ത കുടുംബങ്ങളെ സഹായിക്കാനാണ് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) യുടെ സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറവുമായി (കെഎസ്എസ്എഫ്) ചേര്‍ന്നു ദീപിക നന്മ മണ്ണില്‍ നല്ല വീട്'' എന്ന പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സ്ഥലമോ നിലവിലുള്ള ഉപയോഗയോഗ്യമായ ഭവനമോ ദാനം ചെയ്യാന്‍ താത്പര്യമുള്ളവരുടെ ഡാറ്റ ബാങ്ക് കേരള സോഷ്യല്‍ സര്‍വീസ് ഫോറം വഴി തയാറാക്കും. ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ദീപികയുടെ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താം. തങ്ങളുടെ ഭൂമിയോ വീടോ നിര്‍ധനരായ ഭവനരഹിതര്‍ക്ക് കൈമാറാന്‍ മനസുള്ളവർക്ക് യാതൊരു അലച്ചിലും ഉണ്ടാകാതെ നിയമപരമായ നടപടികള്‍ പൂർത്തിയാക്കാൻ പദ്ധതിവഴി സാധിക്കും.
ഇത്തരത്തിൽ നൽകുന്ന ഭൂമിയോ വീടോ കേരള സോഷ്യല്‍ സര്‍വീസ് ഫോറം അർഹരായവരുടെ കൈകളിൽ സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും എത്തിക്കും. ഇതിനായി കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ സാമൂഹ്യസേവന വിഭാഗങ്ങളിലൂടെ അന്വേഷണം നടത്തി മാനദണ്ഡങ്ങള്‍ക്കു വിധേയമായി അര്‍ഹത ഉറപ്പുവരുത്തും.
തുടർന്ന് ഓരോ പ്രദേശത്തും ഫോറത്തിന്റെ നിർദേശാനുസരണം രൂപത സോഷ്യൽ സർവീസ് സൊസൈറ്റികൾ പദ്ധതി നടപ്പിലാക്കും. ദാതാവിന് യാതൊരു പ്രയാസങ്ങളും ഉണ്ടാകില്ല. ദീപികയോ കെഎസ്എസ്എഫോ തങ്ങളുടെ പേരില്‍ വസ്തുവോ പണമോ സ്വീകരിക്കില്ല. ദാതാവില്‍നിന്നു നേരിട്ട് ഗുണഭോക്താവിനായിരിക്കും സഹായം ലഭിക്കുക. ഇരു കൂട്ടരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിശ്വസ്ത കണ്ണിയായി മാത്രമാണ് ദീപികയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും പ്രവര്‍ത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447417590 എന്ന നമ്പറിലും [email protected] എന്ന ഇ മെയിലിലും ബന്ധപ്പെടാം.
Tags : deepika deepika sparsam