മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതിലൂടെ വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട് ധന ബില്ലിൽ കാര്യങ്ങൾ ഒളിച്ചുകടത്തിയെന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പൂർണമായി തള്ളിപ്പറഞ്ഞു. 2021-ൽ തന്നെ വീര്യം കുറഞ്ഞ മദ്യവിൽപനയെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നുവെന്നും, ഇത് ബജറ്റിൽ പ്രഖ്യാപിച്ച കാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബജറ്റ് നിർദേശങ്ങൾ ധന ബില്ലിലാണ് വരികയെന്ന കാര്യം പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് അറിയാത്തതാണോ എന്നും വി.ഡി. സതീശൻ പരിഹസിച്ചു.
ചട്ടങ്ങളിൽ ഭേദഗതി വരുത്തി കാറ്റഗറി തിരിച്ചത് കഴിഞ്ഞ സർക്കാരാണെന്നും, ഓരോ കാറ്റഗറിക്കും നിശ്ചയിച്ചിട്ടുള്ള നികുതി മാത്രമാണ് ഈ സർക്കാർ ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വീര്യം കുറഞ്ഞ മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി നിരക്കാണ് കേരളത്തിലുള്ളത്. കേരളത്തിലെ മദ്യവിൽപനയുടെ കുത്തക പൂർണമായും ബെവ്കോയ്ക്കാണ്. യുഡിഎഫ് മുന്നണി ഇത്തരം മദ്യവിൽപന വേണ്ട എന്ന് തീരുമാനിച്ചാൽ ബെവ്കോ അത് വാങ്ങില്ലെന്നും, ബെവ്കോ വാങ്ങാതിരുന്നാൽ വിൽപന നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിന്റെ മഹിമ കെടുത്താൻ വേണ്ടി ചിലർ നിസാരമായ വിഷയം ഊതിപ്പെരുപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിലൊന്നും ഈ സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ പ്ലാനും വിഷനുമുള്ള സർക്കാരാണിതെന്നും നികുതിയിളവുകൾ പെട്ടെന്ന് നടപ്പാക്കാൻ വേണ്ടിയല്ല ബില്ല് പാസാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ല് പാസാക്കിയത് കൊണ്ട് മാത്രം വിൽപന ഉടനടി ആരംഭിക്കില്ലെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എക്സൈസ് വകുപ്പും ബിവറേജസ് കോർപ്പറേഷനുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Tags :