ഡിജിപി ഒപ്പുവെച്ച സർക്കുലർ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് കർശന നിർദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഡിജിപി പ്രത്യേക സർക്കുലർ പുറത്തിറക്കി. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് ഈ ഉത്തരവ് ബാധകമാണ്.
ചില പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുകയും, ഇതിന്റെ റീൽസുകളും ദൃശ്യങ്ങളും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഔദ്യോഗികമായ ക്രമസമാധാന പാലനത്തിന്റെ ഭാഗമായിട്ടല്ലാതെ, വ്യക്തിപരമായി ഇത്തരം ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പോലീസിന്റെ നിഷ്പക്ഷതയും ഔദ്യോഗിക പദവിയുടെ അന്തസും കാത്തുസൂക്ഷിക്കാൻ എല്ലാ ഉദ്യോഗസ്ഥരും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് ഡിജിപി അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകും.
Tags : Police DGP Circular Latest News