പേരൂര്‍ക്കട: വധശ്രമക്കേസിന്‍റെ വിചാരണയ്ക്കായി തിരുവനന്തപുരം നഗരസഭാ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുഗതനെ ഇന്നു നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടുകൂടിയാകും ഇദ്ദേഹത്തെ കോടതിയിലെത്തിക്കുന്നത്. ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് നെടുമങ്ങാട് കോടതി സുഗതനെതിരേ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സുഗതനെ വിയ്യൂരിലെ ജയിലില്‍ നിന്ന് ജൂണ്‍ 30ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കസ്റ്റഡിയിലുള്ള സുഗതനെ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും നെടുമങ്ങാട് കോടതിയിലേക്ക് കൊണ്ടുപോകുന്നത്. ഇക്കാരണത്താല്‍ തന്നെ ഇദ്ദേഹത്തെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കും.
നിലവില്‍ കാപ്പാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായ സുഗതന്‍ വിയ്യൂര്‍ ജയിലിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സുഗതനെ വെള്ളൈക്കടവിലെ ഒരു ക്ഷേത്രോത്സവത്തിനിടെ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റിലായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ രഹസ്യമായി എത്തിയ സുഗതനെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടിയത്.
കാപ്പ ചുമത്തിയതോടെയാണ് സുഗതനെ അറസ്റ്റുചെയ്ത് വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോകുന്നത്. സുഗതന്‍റെ അറസ്റ്റിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സിഐ വിപിന്‍റെ വസതിയിലേക്ക് മാര്‍ച്ചും പ്രതിഷേധ സമരവും നടത്തുകയും ഇത് അക്രമാസക്തമാകുകയും ചെയ്തിരുന്നു.
നഗരസഭയും ഈ സംഭവത്തില്‍ പ്രക്ഷുബ്ധമാകുകയുണ്ടായി. കസ്റ്റഡികാലാവധിക്ക് അപേക്ഷിച്ചശേഷമായിരിക്കും സുഗതനെ തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുന്നത്.
Tags : Councilor Sugathan Nedumangad court