ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്.
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനുശേഷം ആർഎസ്എസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്.
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി പൊതുജനങ്ങളിൽനിന്നും ഭക്തരിൽ നിന്നും ശേഖരിച്ച ഫണ്ടിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടന്നെന്ന കേസ് രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) കനത്ത പ്രഹരമാകുന്നു. സംഘടന രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ആളിക്കത്തിയ അഴിമതിയാരോപണവും ലോകമെന്പാടുമുള്ള ഹിന്ദുസമൂഹത്തിൽനിന്നും വിശ്വാസകളിൽനിന്നും ഉയർന്ന എതിർപ്പും ആർഎസ്എസിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുന്നു.
1948-ൽ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്നു നേരിടേണ്ടി വന്ന പ്രതിസന്ധിക്കുശേഷം സംഘടനയുടെ പ്രതിച്ഛായയ്ക്കും വിശ്വാസ്യതയ്ക്കും ഏൽക്കുന്ന ഏറ്റവും കനത്ത ആഘാതമായാണ് ഇപ്പോൾ അരങ്ങേറുന്ന അയോധ്യ സംഭവങ്ങളെ നോക്കിക്കാണുന്നത്. ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.
വിഷയത്തിൽ ജനരോഷവും ശക്തമാകുന്നതിനിടെ, പ്രതിരോധം തീർക്കാൻ ശ്രീരാമ ജന്മഭൂമി സേവാ സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്താനിരുന്ന നിർണായക വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. അരുന്ധതി ഭവനിൽ നടത്താനിരുന്ന വാർത്താസമ്മേളനം നിഷേധിച്ചത്തിനിടെത്തുടർന്ന് ഫൈസാബാദിൽ വാർത്താ സമ്മേളനത്തിനായി ശ്രമിച്ചെങ്കിലും അധികൃതർ അനുവാദം നൽകിയില്ല. ഇത് ആർഎസ്എസ് നേരിടുന്ന രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നു.
വിഷയത്തിൽ ഉത്തർപ്രദേശിൽ വൻ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. വിഷയം ജനങ്ങളിലെത്തിക്കാൻ അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കാനും പ്രതിഷേധിക്കാനും പുറപ്പെട്ട ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പോലീസ് വീട്ടുതടങ്കലിലാക്കി. പ്രതിപക്ഷ നേതാക്കളുടെ നീക്കങ്ങൾ തടയാൻ വലിയ പോലീസ് സന്നാഹമാണ് അയോധ്യയിലും പരിസരപ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നത്.
ആഗോളതലത്തിൽ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാൻ ആർഎസ്എസ് ഉയർത്തിക്കാട്ടിയ രാമക്ഷേത്ര നിർമാണം, ഇപ്പോൾ കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ നിഴലിലായത് സംഘടനയുടെ സുതാര്യതയെയും ധാർമികതയെയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആയോധ്യ തട്ടിപ്പു കേസ് ദേശീയ രാഷ്ട്രീയത്തിൽ വലിയ ഭൂകന്പങ്ങൾക്കു വഴിവച്ചേക്കും.
Tags : Ram temple Ayodhya scandal Mohan Bhagwat RSS Champat Rai Ayodhya Ram Janmabhoomi temple