കൊച്ചി: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സുധാകരന്‍ എംപി വിളിച്ച യോഗത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി യോഗത്തിന്‍റെ സംഘാടകര്‍ രംഗത്ത്. എംപിയെ തങ്ങള്‍ അങ്ങോട്ടു പോയി കണ്ടതാണ് എന്നാണ് സംഘാടകനായ എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതിയായ സുഹൈല്‍ ഷാജഹാന്‍ പറയുന്നത്.
മുമ്പ് ഗുണ്ടകള്‍ ആണെന്ന് കരുതി ആരെയും മാറ്റി നിര്‍ത്തരുത് എന്നാണ് സുഹൈല്‍ പറയുന്നത്. ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന്‍ എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞ് കാണാന്‍ വന്നത്. 20 പേര്‍ ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര്‍ ഉണ്ടായി.
എല്ലാവരും ഗണ്ടകളും പ്രതികളും ഒന്നുമല്ല. മാന്യമായി അഞ്ചു നേരം നിസ്‌കരിക്കുന്നവരും വിദ്യാര്‍ഥികളും എല്ലാവരും ഉണ്ടായിരുന്നു. ഇനി ഏതൊക്കെ കേസ്, ഗുണ്ട ആക്ട്, വെടിവയ്പ്പ് കേസ് എന്നു പറഞ്ഞാലും ഞങ്ങളുടെ കൂടെ വന്നവരെ ചേര്‍ത്തു പിടിക്കും. കേരളത്തിലെ 14 ജില്ലയില്‍ നിന്നുള്ളവരും ഞങ്ങളെ സമീപിച്ചിട്ടുണ്ട്.
അവര്‍ക്കും തൂഫാനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് നാടിനെ ലഹരി മുക്തമാക്കണമെന്നാണ് ആഗ്രഹം. അങ്ങനെ യുവാക്കള്‍ വരുമ്പോള്‍ കേസ് ഉണ്ടെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല. പോലീസിന്റെ സഹായം കൊണ്ട് മാത്രം എല്ലാം ക്ലീന്‍ ആക്കാന്‍ പറ്റില്ല. വീട്ടമ്മമാര്‍ വേണം, വിദ്യാര്‍ഥികള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, നാട്ടുകാര്‍, കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ എല്ലാം വേണം.
പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാനും തണ്ടറും ഒന്നും നടപ്പാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല എന്ന് സുഹൈല്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
Tags : Suhail Shahjahan K Sudhakaran Operation Toofan