എഫ്സിആർഎ ഭേദഗതിക്കെതിരെ സഭയിൽ പ്രമേയം അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി. സതീശനും
തിരുവനന്തപുരം: സന്നദ്ധ സംഘടനകൾക്കുള്ള വിദേശ ധനസഹായം നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രത്യേക പ്രമേയം പാസാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഭരണ-പ്രതിപക്ഷങ്ങൾ സംയുക്തമായി പിന്തുണച്ചപ്പോൾ, സഭയിലെ രണ്ട് ബിജെപി അംഗങ്ങൾ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേരാണ് എതിർത്തത്.
രാജ്യത്തെ സന്നദ്ധ സംഘടനകളെയും എൻജിഒകളെയും പൂർണമായി നിയന്ത്രിക്കാനും അവയുടെ പ്രവർത്തനം തടസപ്പെടുത്താനുമുള്ള കേന്ദ്ര നീക്കമാണ് ഈ നിയമഭേദഗതിക്ക് പിന്നിലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇത് ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാനുമുള്ള ശ്രമമാണെന്നും ഭേദഗതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രമേയത്തെ പിന്തുണച്ചു.
അതേസമയം, പ്രമേയത്തിൽ ഭേദഗതി നിർദേശിച്ചുകൊണ്ട് ബിജെപി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ബിജെപി സഭയിൽ വാദിച്ചു. എന്നാൽ ഈ ഭേദഗതി നിർദേശങ്ങൾ മുഖ്യമന്ത്രി പൂർണമായി നിരാകരിച്ചു. തുടർന്ന് നടന്ന വോട്ടെടുപ്പിലാണ് രണ്ടിനെതിരെ 111 വോട്ടുകൾക്ക് നിയമസഭ പ്രമേയം പാസാക്കിയത്.
Tags : FCRA Amendment Kerala Assembly VD Satheesan Pinarayi Vijayan Latest News