പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിലുണ്ടായ അയവിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവിലയിൽ വൻ കുറവ്. പൊതുമേഖലാ എണ്ണക്കമ്പനികൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ ശരാശരി 180 രൂപയുടെ കുറവ് വരുത്തി. ഇതോടൊപ്പം ആഭ്യന്തര സർവീസുകൾക്കുള്ള വിമാന ഇന്ധനത്തിന്റെ വില ലിറ്ററിന് അഞ്ച് രൂപയും കുറച്ചിട്ടുണ്ട്. എന്നാൽ വീട്ടുപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റമില്ല. പരിഷ്കരിച്ച നിരക്കുകൾ ജൂലൈ ഒന്നു മുതൽ നിലവിൽ വന്നു.
പൊതുമേഖലാ കമ്പനികൾക്ക് പുറമേ, രാജ്യത്തുടനീളം ഏഴായിരത്തിലധികം പമ്പുകളുള്ള പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ 'നയാര എനർജി'യും തങ്ങളുടെ ഉപഭോക്താക്കൾക്കായി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി കുറച്ചത്. മാർച്ച് 26-ന് യുദ്ധപ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ കമ്പനി ഇതേ അളവിൽ വില വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ ചർച്ചകൾ അനുകൂലമായതോടെ വിപണിയിൽ പഴയ വില നിലവാരം പുനഃസ്ഥാപിക്കാൻ സ്വകാര്യ മേഖലയും തയ്യാറായത് വരും ദിവസങ്ങളിൽ ചരക്കുനീക്ക കൂലിയിലും വിപണിയിലും അനുകൂല ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
Tags : Commercial LPG ATF Fuel Price Latest News