എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തുന്നു
കോട്ടയം: കോട്ടയം ചങ്ങനാശേരി ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ലഹരിക്കെതിരായ 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
എക്സൈസ് ഇന്റലിജൻസ് ഓഫീസർ ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് ഉദ്യോഗസ്ഥരും, ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഫാത്തിമാപുരം ജംഗ്ഷനിൽ പരിശോധന നടത്തിയത്.
32 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്. പ്രദേശത്ത് മുൻപെങ്ങും ഇത്തരത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുഭാഷ്, ബിനോയ്, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ സന്തോഷ്, ഗോപൻ, വിശാഖ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
Tags : excise excise department Cannabis plants excise intelligence