Kerala
പാലക്കാട്: പാലക്കാട് കെഎസ്ഇബിയുടെ പൊട്ടിക്കിടന്ന സ്റ്റേ വയറില്‍ തല കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പുത്തൂര്‍ സ്വദേശി ശശികുമാറിനാണ് പരിക്കേറ്റത്. കൊപ്പം ജംഗ്ഷനിൽ നിന്ന് പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പൊട്ടിക്കിടന്ന സ്റ്റേ വയറില്‍ തല കുടുങ്ങിയതോടെ ശശികുമാർ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ശശികുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി പൊട്ടിക്കിടന്ന സ്റ്റേ വയർ ശരിയാക്കിയെന്നാണ് വിവരം.
International
ടെഹ്റാൻ: ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഇന്ന് രാവിലെ 5.0 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഖുസെസ്ഥാനിലെ സലാൻഡ് പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.
അറേബ്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന മേഖലയിലാണ് ഇറാൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നായാണ് ഇറാനെ കണക്കാക്കുന്നത്.
ഈ പ്ലേറ്റുകളുടെ തുടർച്ചയായ ചലനമാണ് രാജ്യത്ത് ഇടയ്ക്കിടെ ഭൂചലനങ്ങൾക്കു കാരണമാകുന്നത്. ഖുസെസ്ഥാൻ, കെർമാൻഷാ, ഹോർമോസ്ഗാൻ തുടങ്ങിയ പടിഞ്ഞാറൻ, തെക്കൻ പ്രവിശ്യകളിലാണ് ഭൂകമ്പങ്ങൾ കൂടുതലായി രേഖപ്പെടുത്തുന്നത്.
National
കൊഹിമ: നാഗലൻഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്നുമരണം. മോൻ ജില്ലയിലാണ് അപകടമുണ്ടായത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.
തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരു കുട്ടിയെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച രാവിലെയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കാൻ അതിക്രമം കാട്ടിയ ക്രൈം റെക്കോഡ്സ് ബ്യൂറോ സിഐ യഹിയക്ക് സസ്പെൻഷൻ.
വെള്ളിയാഴ്ച ചുള്ളിമാനൂരില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത നാലു യുവാക്കളില്‍ രണ്ടു പേര് തന്റെ ബന്ധുക്കളാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യഹിയ സ്റ്റേഷനിലെത്തിയത്.
യഹിയയുടെ ആവശ്യം പോലീസ് തള്ളിയതോടെ ഇയാള്‍ സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സെല്ലിനുള്ളില്‍ തറയില്‍ കിടന്ന യഹിയയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു.
Kerala
ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ ലഹരിമരുന്ന് കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം സ്വദേശിയായ റിമാൻഡ് പ്രതിയാണ് ജയിലിനുള്ളിൽ ടോയ്ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക് മുതിർന്നത്.
സംഭവത്തെ തുടർന്ന് യുവാവിനെ ഉടൻ തന്നെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ജയിൽ അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലങ്കാനയിലെ മെഡിപ്പള്ളിയിൽ മുൻ ഐടി ജീവനക്കാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായ മാനസിക സമ്മർദത്തെത്തുടർന്ന് ബുദ്ധിഭ്രമം സംഭവിച്ച രീതിയിൽ പെരുമാറിയ 25-കാരിയായ തേജസ്വിനിയാണ് ദാരുണമായി മരിച്ചത്.
വിജയനഗരം സ്വദേശിയായ തേജസ്വിനി, ബംഗളൂരുവിലെ ഐടി ജോലി ഉപേക്ഷിച്ച് രണ്ട് മാസം മുമ്പാണ് അമ്മയോടൊപ്പം പീർസാദിഗുഡയിൽ താമസം തുടങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ 2:30-ഓടെ അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതി പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ യുവതി വസ്ത്രം ധരിക്കാതെ തെരുവിലൂടെ ഓടുന്നതായി വ്യക്തമായിട്ടുണ്ട്.
തുടർന്ന് 2:45-ഓടെ സമീപത്തെ ബീരപ്പ ക്ഷേത്രത്തിലെത്തിയ യുവതി വിഗ്രഹത്തിൽ സ്പർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പുലർച്ചെ 3:00 മണിയോടെ ക്ഷേത്രക്കുളത്തിലേക്ക് ചാടുകയായിരുന്നു. യുവതി കടുത്ത വിഷാദരോഗത്തിനും ഭയാശങ്കകൾക്കും അടിമയായിരുന്നുവെന്ന് അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തുടർച്ചയായ പേടിസ്വപ്നങ്ങളും പരിഭ്രാന്തിയും ഇവർക്ക് അനുഭവപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
Sports
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം തുടങ്ങുക. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനും ജയിച്ചിരുന്നു. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും കളത്തിലെത്തുക.
ട്വന്റി-20 പരമ്പര നഷ്ടം നികത്താനുള്ള അവസാന ശ്രമത്തിലാണ് ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിലുള്ള ടീം ഇന്ത്യ.
Kerala
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം. സ്വരാജ്. വി.എസിന്റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ലെന്നും വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക കാരണം കൊണ്ടാണെന്നും സ്വരാജ് പറഞ്ഞു.
വി.എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാരാന്തപ്പതിപ്പ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നും സ്വരാജ് വ്യക്തമാക്കി. "കള്ളൻ വിജയൻ' എന്ന ലേഖനം വാരാന്തപ്പതിപ്പിൽ ഇല്ലെന്നും പ്രചരിക്കുന്നതെല്ലാം അവാസ്തമായ കാര്യങ്ങളാണെന്നും സ്വരാജ് പറഞ്ഞു.
നാലു പേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് വി.എസിനെ അനുസ്മരിക്കുന്ന കെ.വി. സുധാകരന്റെ ലേഖനമുള്ളത്. അവസാന പേജും വി.എസിനെക്കുറിച്ചാണ്. വാരാന്തപ്പതിപ്പ് അച്ചടിച്ച് ഇന്നത്തെ പത്രത്തോടൊപ്പം വിതരണം ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്.
സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടില്ലെന്ന് ഇന്നത്തെ പത്രത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അർഥം വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്നല്ല. നാളത്തെ പത്രത്തോടൊപ്പം വാരാന്തപതിപ്പ് ഉണ്ടാകും. ഇന്ന് അച്ചടിക്കാൻ കഴിയാത്തത് സാങ്കേതിക കാരണങ്ങളാലാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളുമാണെന്നും സ്വരാജ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പകരം കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിന്റെ നീക്കം. യൂത്ത് കോൺഗ്രസ്, സേവാഭാരതി, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾക്ക് ഈ തീരുമാനം ബാധകമായിരിക്കും.
മന്ത്രിയുടെ നിലപാട് ധിക്കാരത്തിന്റേതാണെന്നും പൊതിച്ചോർ വിതരണത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും വി.കെ. സനോജ് തിരിച്ചടിച്ചു. പൊതിച്ചോറിന്റെ കാര്യത്തിൽ എന്തിനാണ് ശത്രുത മനോഭാവമെന്ന് ചോദിച്ച വി.കെ. സനോജ്, ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കി സംഘടനകളുമായി ചർച്ച നടത്തണമെന്നും അഭിപ്രായപ്പെട്ടു.
കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പാവില്ലെന്ന് പരിഹസിച്ച സുരേന്ദ്രൻ, ഈ വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്നും ആവശ്യപ്പെട്ടു. പൊതിച്ചോർ കഴിച്ചവർ വോട്ടു ചെയ്യുകയാണെങ്കിൽ രാഷ്ട്രീയ നേതാക്കളുടെ വിജയസാധ്യത മാറുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 19 വർഷമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്ഐയും ആശുപത്രികളിൽ നടത്തിവരുന്ന ഈ പദ്ധതി രാഷ്ട്രീയ ഭേദമില്ലാതെ വലിയ പിന്തുണ നേടിയിരുന്നു. എന്നിരുന്നാലും, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കർശന നിലപാടിലേക്ക് മാറിയതോടെയാണ് വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലംചെയ്തു. സിഎംഐ സന്യാസസമൂഹാംഗമാണ്.
ഇന്ന് ഉച്ചയ്ക്ക് 12.17നു രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയിൽ ജനിച്ച ബിഷപ് ഗ്രിഗറി, 1963 മേയ് 17നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1983 ഏപ്രിൽ 24നു മെത്രാനായി അഭിഷിക്തനായി. 2010 ജൂണിൽ രൂപതയുടെ ചുമതലകളിൽ നിന്നു വിരമിച്ചശേഷം, രാജ്കോട്ടിലെ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ദൈവശാസ്ത്ര പണ്ഡിതനായിരുന്നു ബിഷപ് ഗ്രിഗറി കരോട്ടമ്പ്രേൽ.
National
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ കക്ഷികൾ ഇറങ്ങിപ്പോയി. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിമത എംപിമാർ രൂപീകരിച്ച പുതിയ പാർട്ടിക്ക് യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രം ക്ഷണം നൽകിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരുടെ പുതിയ പാർട്ടിയായ 'നാഷണൽ സിറ്റിസൺ പാർട്ടി'യെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് യോഗത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ പിളർപ്പുണ്ടാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും, വിമതരെ അംഗീകരിക്കുന്നതിലൂടെ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനാണ് നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.
കുറച്ചു നേരത്തെ ബഹിഷ്കരണത്തിന് ശേഷം, പ്രതിപക്ഷ അംഗങ്ങൾ പിന്നീട് യോഗത്തിൽ തിരിച്ചെത്തി. എന്നാൽ, ഈ വിഷയം പാർലമെന്റിലും ചർച്ചയാകുമെന്നാണ് സൂചനകൾ. സമ്മേളനത്തിൽ നിർണായകമായ പല ബില്ലുകളും അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ഉൾപ്പെടെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
National
ന്യൂഡൽഹി: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ പ്രവർത്തനത്തിൽ സാങ്കേതിക തകരാർ. പ്രധാനമായും ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവരെയാണ് തകരാർ ബാധിച്ചിരിക്കുന്നത്.
വെബ്സൈറ്റ് സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ "അക്കൗണ്ട് താത്കാലികമായി ലഭ്യമല്ല" എന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. സൈറ്റിലുണ്ടായ സാങ്കേതിക തകരാർ കാരണമാണ് ഇതെന്നും ഉടൻ പരിഹരിക്കപ്പെടുമെന്നും ഫേസ്ബുക്ക് അറിയിക്കുന്നുണ്ട്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിന്റെ ഡെസ്ക്ടോപ്പ് പതിപ്പാണ് നിലവിൽ ലഭ്യമല്ലാത്തത്.
അൽപസമയത്തിനുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഔദ്യോഗികമായ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഇത്തരം തകരാറുകൾ സംഭവിക്കുമ്പോൾ ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകാറുള്ളത്.
Kerala
പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
യുഡിഎഫ് സർക്കാരിന്റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്കുള്ളിൽ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റേയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ല. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമായിരിക്കും ഇനി മുതൽ ആശുപത്രിക്കുള്ളിൽ ഭക്ഷണം ലഭ്യമാക്കുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ, ഏതൊക്കെ ഫീഡറുകളിൽ ഏത് സമയത്താണ് വൈദ്യുതി വിഛേദിക്കുകയെന്ന വിവരം തലേദിവസം തന്നെ ഉപയോക്താക്കളെ അറിയിക്കണമെന്ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.
മുൻകൂട്ടി അറിയിപ്പില്ലാതെ ക്രമരഹിതമായി ഏർപ്പെടുത്തുന്ന ലോഡ്ഷെഡിംഗ് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കമ്മീഷന്റെ ഈ ഇടപെടൽ.
ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യവും ലഭ്യമാകുന്ന വൈദ്യുതിയുടെ അളവും തലേദിവസം തന്നെ കൃത്യമായി കണക്കാക്കാൻ സാധിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഡേ എഹെഡ് മാർക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കാലാവസ്ഥാ വ്യതിയാനങ്ങളും തലേന്നുതന്നെ അറിയാനാകും.
തത്സമയ വിപണിയിലെ വൈദ്യുതി ലഭ്യതയിൽ മാത്രമാണ് നേരിയ അനിശ്ചിതത്വമുള്ളത്. അതുകൊണ്ട് തന്നെ ലോഡ് ഷെഡിംഗ് ആവശ്യമായി വരികയാണെങ്കിൽ, ഓരോ ഫീഡറിലെയും നിയന്ത്രണ സമയം തലേദിവസം വൈകുന്നേരം അഞ്ചോടെ തീരുമാനിച്ച് ഉപയോക്താക്കളെ അറിയിക്കണം. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് നിയന്ത്രണത്തിന്റെ ദൈർഘ്യം കുറയ്ക്കാനും കെഎസ്ഇബിക്ക് സാധിക്കും.
ഒരു ഫീഡറിൽ നിയന്ത്രണത്തിനായി ഒരു നിശ്ചിത സമയം നിശ്ചയിച്ചാൽ, അടുത്ത ഒന്നോ രണ്ടോ ആഴ്ചകളിൽ നിയന്ത്രണം വേണ്ടിവരുമ്പോഴെല്ലാം ഇതേ സമയക്രമം തന്നെ പാലിക്കണം. അടിക്കടി ലോഡ് ഷെഡിംഗ് സമയത്തിൽ മാറ്റം വരുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിയന്ത്രണങ്ങൾ കൂടുതൽ യുക്തിസഹമാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ ബോർഡ് അടിയന്തരമായി തയാറാകണമെന്നും റഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരിയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം മുതൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ ടൗണിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
പ്രളയക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി വാഹനങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരു സ്ത്രീയെ കാണാതായതായും പ്രദേശവാസികൾ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വിവിധ നദികളിലെ ജലനിരപ്പ് നിലവിൽ അപകടനിലയ്ക്കും മുകളിലാണ്.
പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തിങ്കളാഴ്ച നടത്തുന്ന പാർലമെന്റ് മാർച്ച് രാജ്യത്തിന്റെ ‘രണ്ടാം സ്വാതന്ത്ര്യസമര’മാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്.
അനീതിക്കും ഭയത്തിനുമെതിരെയുള്ള പോരാട്ടമാണിതെന്നും മാർച്ച് വൻ വിജയമാക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. നിലവിൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്ചുക്, ഭാര്യ ഗീതാഞ്ജലി ജെ. അംഗ്മോ മുഖേന എഴുതി നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്.
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള അനീതികളിൽനിന്നും, തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്നതുപോലെയുള്ള ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ് ഈ സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാംഗ്ചുക് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
Kerala
തിരുവനന്തപുരം: പാർട്ടിയുടെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം. പാർട്ടി മുഖപത്രമായ ദേശാഭിമാനി വിപുലമായ ആഘോഷങ്ങൾക്കും സ്മരണാഞ്ജലികൾക്കുമായി ഒരുങ്ങി. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ സ്മരണാഞ്ജലി വാരാന്തപ്പതിപ്പിൽ അച്ചടിക്കുകയും ചെയ്തു. എന്നാൽ, അവസാന നിമിഷം പത്രം കയ്യിലെടുത്ത വായനക്കാർക്ക് വാരാന്തപ്പതിപ്പ് കാണാനില്ല. പകരം കണ്ടത് 'സാങ്കേതിക പിഴവ്' എന്ന കുറ്റസമ്മതം മാത്രം!
സംഭവം ഇത്രയേയുള്ളൂ; വി.എസിനെ കുറിച്ചുള്ള ഓർമകൾക്കൊപ്പം അച്ചടിച്ചു വന്ന 'കള്ളൻ വിജയൻ' എന്ന പേരിലുള്ള ഒരു നാടക നിരൂപണമാണ് ദേശാഭിമാനി നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിയത്. പേര് കേട്ടപ്പോൾ തന്നെ ഉള്ളിലെന്തോ പന്തികേട് തോന്നിയ നേതൃത്വം, പത്രം അച്ചടിച്ച് കഴിഞ്ഞിട്ടും വിതരണം വേണ്ടെന്ന് വെക്കുകയായിരുന്നു. ആ പേര് വിവാദങ്ങൾക്ക് വഴിവെക്കുമെന്ന തിരിച്ചറിവാകാം 'സാങ്കേതിക പിഴവി'ലേക്ക് കാര്യങ്ങൾ എത്തിച്ചത്.
വി.എസിന്റെ സ്മരണകൾക്ക് നടുവിൽ ഇത്തരമൊരു തലക്കെട്ട് വന്നത് ആകസ്മികമാണോ അതോ ആരെങ്കിലും ബോധപൂർവം വെച്ചതാണോ എന്നത് പാർട്ടി ഓഫീസുകളിൽ ഇപ്പോൾ ചൂടേറിയ ചർച്ചയാണ്. എന്തായാലും വി.എസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ വായിക്കാൻ കാത്തിരുന്ന വായനക്കാർക്ക് ഇത്തവണ ലഭിച്ചത് ഒരു 'കള്ളൻ' കഥയുടെ സസ്പെൻസ് മാത്രം!
National
ഗുവാഹത്തി: സാമൂഹിക പ്രവർത്തകനും പരിസ്ഥിതി വാദിയുമായ സോനം വാംഗ്ചുക്കിന്റെ ചിത്രം പൊതുസ്ഥലങ്ങളിൽ വരച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പോലീസ്. അനുമതിയില്ലാതെയാണ് ചിത്രം വരച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
ദിബ്രുഗഡ് സ്വദേശിയായ നകുൽ മിലി, ഗുവാഹത്തി ദക്ഷിൺഗാവ് സ്വദേശിയായ ഗൗരവ് സിംഗ് എന്നിവരെയാണ് ദിസ്പുർ പോലീസ് അറസ്റ്റ് ചെയ്തത്. ബസിസ്ത ഫ്ലൈ ഓവറിനടിയിലും ജ്യോതി-വിഷ്ണു ഇന്റർനാഷണൽ ആർട്ട് തിയേറ്ററിന് സമീപവുമാണ് ഇവർ ചിത്രം വരച്ചത്. ഔദ്യോഗിക അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവർത്തികൾ ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരം ചെയ്ത് ആരോഗ്യനില മോശമായതിനെ തുടർന്ന് സോനം വാംഗ്ചുക്കിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസമാണ് ഗുവാഹത്തിയിൽ ഈ അറസ്റ്റ് നടന്നത്.
ഇവർക്കെതിരായ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സമാനമായ രീതിയിൽ സോനം വാംഗ്ചുക്കിന്റെ ചിത്രം മറ്റൊരു സ്ഥലത്തും വരച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇതിൽ ഉൾപ്പെട്ടവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനോട് ചേർന്നുള്ള മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം സ്വദേശി ബിജു (30) ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ വിളിച്ചുണർത്താൻ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന് പുറത്തായി നിർമിച്ച മുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും വയറിനുവശത്തുമായി ആഴത്തിലുള്ള വെട്ടേറ്റ പാടുകളുണ്ട്.
പരിസരത്ത് ലഹരി സംഘങ്ങൾ സജീവമായതിനാലും പോലീസ് നിരന്തരം നിരീക്ഷണം നടത്തുന്ന സ്ഥലമായതിനാലും, ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട ആരെങ്കിലും ബിജുവിനെ ആക്രമിച്ചതാണോ എന്ന് കുടുംബാംഗങ്ങൾ സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ചികിത്സയിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ അംഗ്മോ ഡൽഹി ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകി. സഫ്ദർജംഗ് ആശുപത്രിയിലെ വാംഗ്ചുക്കിന്റെ താമസം 'അനധികൃത തടങ്കലാണെന്ന്' ആരോപിച്ച അംഗ്മോ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു.
21 ദിവസമായി നിരാഹാര സമരം നടത്തിവന്ന സോനം വാംഗ്ചുക്കിനെ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ നിന്ന് പോലീസ് ബലംപ്രയോഗിച്ച് നീക്കി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷവും വാംഗ്ചുക്ക് നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ അംഗ്മോ വ്യക്തമാക്കി. എന്നാൽ വാംഗ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ അദ്ദേഹം ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആശുപത്രി അധികൃതർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവിടുന്നില്ലെന്നും അംഗ്മോ ആരോപിച്ചു. രക്തത്തിലെ പൊട്ടാസ്യം നില താഴ്ന്നതായി ആശുപത്രി അധികൃതർ പറയുമ്പോൾ, സ്വതന്ത്ര ലാബ് പരിശോധനയിൽ ഇത് സാധാരണ നിലയിലാണെന്നാണ് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്യുവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി.
മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന "രാജശീലം" മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസിക്ക് പരാതി നൽകി.
വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് കെഎസ്യു പ്രസിഡന്റ് സമയം തേടും. അതേസമയം, കെഎസ്യു പ്രവർത്തകരോട് പരസ്യപ്രതികരണം വേണ്ടെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിലെ ഈ ചേരിതിരിവിനെതിരെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചു. വി.എസിന്റെ ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തി അച്ചടിച്ച പതിപ്പാണ് ഒഴിവാക്കിയത്.
വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ ഓർമക്കുറിപ്പാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. എല്ലാ ഞായറാഴ്ചകളിലും പതിവായി ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ്, ഇന്നത്തെ പത്രത്തോടൊപ്പം ഉണ്ടായിരുന്നില്ല.
സാങ്കേതിക പിഴവ് മൂലമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്നാണ് പത്രത്തിൽ നൽകിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ്. വി.എസിന്റെ ഓർമക്കുറിപ്പ് അടങ്ങിയ പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണം വേണ്ടെന്ന തീരുമാനമുണ്ടായത് എന്നത് പാർട്ടി വൃത്തങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 സിറ്റിംഗുകളാണ് ഉണ്ടാവുക. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും നിറഞ്ഞതായിരിക്കും ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ സഭയിൽ അവതരിപ്പിക്കും. അതേസമയം, മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി ബിൽ തുടങ്ങിയ നിർണായക ബില്ലുകൾ തത്കാലം അവതരിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
അതേസമയം, സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സംയുക്ത നീക്കങ്ങൾ ആലോചിക്കുന്നതിനായി തിങ്കളാഴ്ച കോൺഗ്രസ് 'ഇന്ത്യാ' സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗത്തിൽ എത്ര പാർട്ടികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Kerala
കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീതാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാങ്ങാനം സ്വദേശിയായ സുഹൃത്ത് ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുത്തേറ്റ വിനീത് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവന തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിനു സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ലക്നോ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷൽ സെക്രട്ടറി (ഫിനാൻസ്) നീൽ രത്തൻ എന്നിവാണ് അന്വേഷണസംഘത്തിലുള്ളത്.
അതിനിടെ കേസിലെ അന്വേഷണം കൂടുതൽ പേരിലേക്കു നീളുന്നതായി സൂചന. എട്ടുപേരുടെ അറസ്റ്റോടെ മന്ദഗതിയിലായ അന്വേഷണം ക്ഷേത്രത്തിലെ ദൈനംദിന ചുമതലകൾ വഹിക്കുന്ന മുഴുവൻ പേരിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭാവനയായി ലഭിക്കുന്ന പണം എണ്ണിത്തിടപ്പെടുത്തുന്നതിന് അന്‍പതോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികളുടെയും അവരുമായി അടുപ്പമുള്ളവരുടെയും ശുപാർശയിലാണു ഭൂരിഭാഗവും ജോലിക്ക് കയറിയത്.
ഇവരുടെ മുൻകാല പശ്ചാത്തലവും ജോലി ലഭിച്ചശേഷമുള്ള സാന്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. മുതിർന്ന ഏതാനും ട്രസ്റ്റ് ഭാരവാഹികളെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ക്ഷേത്രം നിർമാണത്തിനിടെ ഇവർ നടത്തിയ സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ എട്ടു പേരിൽ ആറുപേരുടെയും പങ്ക് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പ്രത്യേക അന്വേഷണസംഘം വൃത്തങ്ങൾ സൂചിപ്പിച്ചു.
National
ബംഗളൂരു: സംസ്ഥാനത്തെ വരൾച്ച കണക്കിലെടുത്ത് തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക സർക്കാർ. വരൾച്ചാപ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങളിലേക്കെത്തുക.
നിലവിൽ ജലാശയങ്ങളിലെ വെള്ളം പൂർണമായും കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രം മാറ്റിവച്ചിരിക്കുകയാണ്. ഡാമുകളിൽ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടില്ല.
കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേൽ സമ്മർദം ചെലുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം നൽകുന്ന കാര്യം ആലോചിക്കൂവെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പുതിയ സെൻസസും മണ്ഡലപുനർനിർണയവും പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി വനിതാ സംവരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
വനിതാ സംവരണത്തിനായുള്ള ഭരണഘടനാ (128-ാം ഭേദഗതി) നിയമം പാസാക്കിയെങ്കിലും ഇതിന്റെ നടപ്പാക്കൽ നിയമനിർമാണത്തിനുശേഷമുള്ള ആദ്യ സെൻസസുമായും തുടർന്നുണ്ടാകുന്ന മണ്ഡലപുനർനിർണയവുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിയമം ഇപ്പോഴും ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
Kerala
ചേർത്തല: നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് ഇടിച്ചുകയറി. ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. അപകടം നടന്നയുടൻ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനത്തിനായി എത്തിച്ച ജെസിബിയിലാണ് ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
Kerala
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയാകും.
ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.
വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാം.
Sports
മയാമി: വെങ്കല മെഡലിനായുള്ള ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ 6-4ന് ഫ്രാൻസിനെ പരാജയപ്പെട്ടുത്തി ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ കാഴ്ചക്കാരായിനിന്ന് ഫ്രഞ്ചുപട രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഇംഗ്ലീഷ് കുതിപ്പിൽ അടിതെറ്റുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കകം മത്സരത്തിന്റെ 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് ഗോളുകൾ നേടി. ഈ ഗോളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം പത്തായി ഉയർന്നു. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എട്ട് ഗോളുകളുമായി തൊട്ടുപിന്നിലുള്ള അർജന്റീനൻ നായകൻ ലയണൽ മെസിയെ മറികടന്ന് എംബാപ്പെ ഒന്നാം സ്ഥാനത്തെത്തി. ഫ്രാൻസിന് വേണ്ടി 54-ാമത്തെ മിനിറ്റിൽ ബ്രാഡ്ലി ബർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്.
എന്നാൽ 87-ാം മിനിട്ടിൽ സാക്കാ തന്റെ മൂന്നാം ഗോൾ വലയിലാക്കിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് അഞ്ചായി ഉയർന്നു. തുടർന്ന് 90 + 6- ാം മിനിട്ടിൽ ഡെംബെലെ ഫ്രാൻസിനായി നാലാം ഗോൾ വലയിലാക്കിയെങ്കിലും 90 + 8 -ാം മിനിട്ടിൽ ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ ആറാം ഗോളുമായി ഫ്രഞ്ചുപടയെ പൂട്ടി. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങളാണ് രണ്ടാം പകുതിയിൽ ഫ്രാൻസിനെ ഗോൾ നേടാൻ സഹായിച്ചത്.
National
ന്യൂഡൽഹി: സോനം വാംഗ്ചുക്കിനെ ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് ബലമായി നീക്കിയതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണയ്ക്കാനെത്തി. സമാധാനപരമായ പ്രതിഷേധിച്ച വാംഗ്ചുക്കിനെ സമരപ്പന്തലിൽനിന്ന് നീക്കം ചെയ്ത നടപടി തെറ്റായെന്ന് രാഹുൽ പറഞ്ഞു.
അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ കാതലായ തത്വങ്ങളെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇതാദ്യമായാണ് സിജെപി സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ നൽകുന്നത്. അതേസമയം പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി വാംഗ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലിയും രംഗത്തെത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വാംഗ്ചുക്കിനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും ഏതു തരത്തിലുള്ള ചികിത്സയാണ് നൽകുന്നതെന്ന് അറിയിക്കുന്നില്ലെന്നും തങ്ങൾക്കിഷ്ടമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു. വാംഗ്ചുക്കിനെ ഇതുവരെ ശുശ്രൂഷിച്ച ഡോക്ടർമാരുടെ അഭിപ്രായം ആശുപത്രി അധികൃതർ കേൾക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
Sports
മയാമി: ഫിഫ ലോകകപ്പ് 2026ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ തേരോട്ടം. ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് നാലു ഗോളിന്റെ ലീഡാണ് നേടിയത്. നായകൻ ഹാരി കെയ്നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിന് ക്യാപ്റ്റൻ തൊപ്പി നൽകിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻതന്നെ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടി. ഫ്രാൻസിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കോൻസ ഇംഗ്ലണ്ടിന് വേണ്ടി 18-ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് രണ്ട് തവണ വല കുലുക്കി സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് 4-0 ആയി ഉയർത്തി.
സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ അക്രമണ ശൈലിക്ക് മുന്നിൽ ആദ്യ പകുതിയിൽ ഫ്രാൻസിന് ഒന്നും ചെയ്യാനായില്ല. ഫ്രഞ്ച് കോച്ചായിട്ടുള്ള ദിദിയർ ദെഷാംപ്സിന്റെ 14 വർഷം നീണ്ട കരിയറിലെ അവസാന മത്സരമാണിത്.
National
ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമയ്ക്ക് പൊൻതിളക്കം. ഭ്രമയുഗത്തിലെ അവിസ്മരണീയ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. ചന്ദു ചാമ്പ്യൻ എന്ന ഹിന്ദി ചിത്രത്തിലെ പ്രധാന നടൻ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവച്ചു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ആർട്ടിക്കിൾ 370 എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതമാണ് മികച്ച നടി. മികച്ച സിനിമയ്ക്കുള്ള അവാർഡും ആർട്ടിക്കിൾ 370 നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം തമിഴ് നടൻ ധനുഷിന് ലഭിച്ചു.
"അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ "അങ്ങ് വാന കോണില്‍ 'എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയായി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്ക്കാരം ഭ്രമയുഗത്തിലൂടെ ഷഹനാദ് ജലാൽ നേടി. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത "ഫെമിനിച്ചി ഫാത്തിമ’യാണ് മലയാളത്തിലെ മികച്ച സിനിമ. മികച്ച നടൻ ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇത്തവണ ലഭിച്ചത്.
തമിഴ് ചിത്രം"അമരൻ'സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ഈ സിനിമയിലൂടെ ആർ. കലൈവണ്ണൻ സ്വന്തമാക്കി. മികച്ച നോൺ ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ഭാൻഗാറിനും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് രാം-നമിക്കും ലഭിച്ചു.
മികച്ച നവാഗത സംവിധായകനുള്ള അവാർഡ് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം സംവിധാനം ചെയ്ത രൺദീപ് ഹൂഡ കരസ്ഥമാക്കി. 2024ൽ സെൻസർ ചെയ്ത ചിത്രങ്ങൾ പരിഗണിച്ച് ജൂറി അധ്യക്ഷൻ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിംഗ് സൊലൂഷൻ എന്നീ കന്പനികളിൽനിന്ന് 100 മെഗാവാട്ട് വീതം വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറിനാണ് അനുമതി ലഭ്യമായത്. ഇതോടെ യൂണിറ്റിന് 5.96 രൂപ നിരക്കിൽ അടുത്ത വർഷം ജൂലൈ 14 വരെ 200 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമാകും. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നൽകിയത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയാണ് 2025 ജൂലൈയെ അപേക്ഷിച്ച് ഈ ജൂലൈയിലുണ്ടായത്. മഴ കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞു.
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്നു മുതൽ സംസ്ഥാനത്തിന് കിട്ടിത്തുടങ്ങുക.
ഇതോടെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കരാറിന് അനുമതി നൽകിയ റെഗുലേറ്ററി കമ്മീഷൻ ലോഡ് ഷെഡിംഗ് സംബന്ധിച്ചും കെഎസ്ഇബിക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലോഡ് ഷെഡിംഗിന്റെ സമയം ഉപയോക്താളെ മുൻകൂട്ടി കൃത്യമായി അറിയിക്കണം. 15 മിനിറ്റ് ലോഡ് ഷെഡിംഗ് എന്നു പറഞ്ഞ ശേഷം അരമണിക്കൂറും ഒരു മണിക്കൂർ വരെയും നീട്ടരുതെന്നും കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.
National
ശ്രീഹരിക്കോട്ട: ബഹിരാകാശ മേഖലയിൽ പുതിയൊരു അധ്യായം കുറിച്ച് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ‘സ്കൈറൂട്ട് എയ്റോസ്പേസ്’നിർമിച്ച റോക്കറ്റ് ഇന്നലെ ഉച്ചയ്ക്ക് 12.05നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുതിച്ചുയർന്നത്.11.30ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം അഞ്ചു മിനിറ്റിനു മുന്‍പ് നാടകീയമായി മാറ്റിയത് ആശങ്കയുണ്ടാക്കിയിരുന്നു.
കാറ്റ് വീശുന്നതിനാലും ആകാശം മേഘാവൃതമായതിനാലും അവസാനഘട്ട പരിശോധന കാര്യക്ഷമമാക്കുന്നതിനാണ് കൂടുതൽ സമയമെടുത്തത്. തുടർന്ന് 11.45നാണ് കൗണ്ട്ഡൗൺ പുനരാരംഭിച്ചത്.
ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐഎസ്ആർഒയുടെ കീഴിൽ കേന്ദ്രസർക്കാർ രൂപീകരിച്ച നോഡൽ ഏജൻസിയായ ഇൻസ്പേസിന്റെ പിന്തുണയോടെയായിരുന്നു വിക്ഷേപണം.
ദൗത്യം വിജയിച്ചെന്ന് ഇൻസ്പേസിന്റെ ചെയർമാൻ ഡോ. പവൻ കുമാർ ഗോയങ്ക 12.25ന് അറിയിച്ചു. വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽവച്ച് പവൻ കുമാർ ഗോയങ്കയുടെ ഫോണിൽ വിളിച്ച് സ്കൈറൂട്ട് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എട്ടു മിനിറ്റോളം പ്രധാനമന്ത്രി ശാസ്ത്രസംഘവുമായി സംസാരിച്ചു.
ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ, മുൻ ചെയർമാന്മാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല എന്നിവർ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെത്തിയിരുന്നു.വിക്ഷേപിച്ച് കൃത്യം 15 മിനിറ്റുകൾക്കുള്ളിൽ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ വിക്രം-1-ന് സാധിച്ചു.
ബംഗളൂരു ആസ്ഥാനമായ സ്വകാര്യ സ്പെസ് ടെക് സ്റ്റാർട്ടപ്പായ ഗ്രഹ സ്പേസ് വികസിപ്പിച്ച സാങ്കേതിക പേലോഡ്, ബംഗളൂരുവിലെ മറ്റൊരു സ്വകാര്യ സ്പേസ് സ്റ്റാർട്ടപ്പായ കോസ്മോസെർവ് നിർമിച്ച പേലോഡ്, ജർമനിയിലെ സ്പേസ് കന്പനിയായ ഡിക്യൂബ്ഡിന്റെ പേലോഡ്, സ് കൈറൂട്ടിന്റെതന്നെ സ്വന്തം ശാസ്ത്രവിഭാഗമായ ‘സ്കോപ്പ്’വികസിപ്പിച്ചെടുത്ത സാങ്കേതിക പരീക്ഷണ യൂണിറ്റ് എന്നിവയാണ് വിക്രം 1 ബഹിരാകാശത്ത് എത്തിച്ചത്.
Leader Page
ഇത് ഭ്രമയുഗമാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം... ഇതു പറയുന്പോൾ കൊടുമൺപോറ്റിയുടെ മുഖത്ത് പടരുന്ന ഒരു ചിരി, അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ അതോ കൊലവിളി നടത്തുകയാണോ... പ്രേക്ഷകരെ ഭ്രമലോകത്തിലേക്കു കൊണ്ടുപോയ കൊടുമൺപോറ്റി. യാഥാർഥ്യമോ ഫാന്റസിയോ എന്ന് പകച്ചുപോകുന്ന നിമിഷങ്ങൾ. ഭ്രമയുഗത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മഹാനടൻ ദേശീയ പുരസ്കാരം നേടുന്പോൾ കൊടുമൺപോറ്റിയുടെ ആ ചിരി, അതായിരിക്കാം പുരസ്കാര ജൂറിയേയും ഭ്രമിപ്പിച്ചത്.പുരസ്കാരങ്ങൾ മമ്മൂട്ടിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. കരിയറിലുടനീളം അദ്ദേഹത്തിനു ലഭിച്ച ബഹുമതികൾക്ക് കണക്കില്ല. ഇതിനിടയിൽ മലയാളസിനിമ മാറി, അഭിനയശൈലിയും മാറി. ആ മാറ്റത്തിനൊപ്പമുള്ള സഞ്ചാരമായിരുന്നു മമ്മൂട്ടിയുടേത്. മാറുന്ന ശൈലിക്കൊപ്പം ഒരു പുതുമുഖ നടന്റെ ആകാംക്ഷയും ആവേശവും ഇന്നും കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് വീണ്ടും ദേശീയ പുരസ്കാരം ലഭിക്കുന്പോൾ അദ്ഭുതപ്പെടാനില്ല.
സിനിമയെ ഇത്രയെറെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്ന നടന്മാർ ചുരുക്കം. അദ്ദേഹത്തിന്റെ രൂപസൗകുമാര്യത്തെ പ്രായത്തിനു തോൽപിക്കാനാവില്ല. അഭിനയമികവിനെയും അങ്ങനെ തന്നെ. ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത മതിലുകൾ മുതൽ ഇപ്പോൾ ഭ്രമയുഗം വരെയുള്ളയുള്ള പകർന്നാട്ടങ്ങൾ ചലച്ചിത്രാസ്വാദകരെ സംബന്ധിച്ച് വിസ്മരിക്കാനാവില്ല. ബോൺ ആക്ടർ എന്നതിനേക്കാൾ പരിശ്രമത്തിലൂടെ ഉന്നതിയിലെത്തിയ നടൻ എന്നാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയും പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുണ്ട്. അത്തരമൊരു പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് അദ്ദേഹത്തിനു ലഭിച്ച നാലാമത്തെ ദേശീയ പുരസ്കാരം.
എൺപതുകളുടെ പകുതിയിലാണ് മമ്മൂട്ടി മലയാളത്തിലെ ജനപ്രിയതാരമായി ഉദിച്ചുയർന്നത്. അദ്ദേഹത്തിനു ലഭിച്ചതൊക്കെയും കച്ചവട സിനിമകളിലെ ഫോർമുല കഥാപാത്രങ്ങളായിരുന്നു. വാണിജ്യവിജയത്തിനായി ഒന്നിനുപിറകേ ഒന്നായി ഇത്തരം സിനിമകളിലഭിനയിക്കുന്പോഴും പരീക്ഷണങ്ങൾക്കും വ്യത്യസ്തകൾക്കും വേണ്ടിയുള്ള അന്വേഷണം എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയാണ് മതിലുകളും ഒരുവടക്കൻ വീരഗാഥയും വിധേയനും പൊന്തൻമാടയുമൊക്കെ രൂപപ്പെട്ടത്.
അടൂർഗോപാലകൃഷ്ണനെപ്പോലെ സമാന്തരസിനിമയിലെ പ്രമുഖൻ മമ്മൂട്ടിയെ നായകനാക്കിയതു തന്നെ മാറ്റത്തിനു തുടക്കമായി. 1989ൽ മതിലുകളിലെയും ഒരു വടക്കൻ വീരഗാഥയിലെയും കഥാപാത്രങ്ങളിലൂടെ ആദ്യ ദേശീയ പുരസ്കാരം . ഏറെ വിഭിന്നമായ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ ബഷീറിയൻ പകർന്നാട്ടം മമ്മൂട്ടിയുടെ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു. എംടി-ഹരിഹരൻ ടീമിന്റെ ഒരു വടക്കൻവീരഗാഥയിലെ ചന്തുവും വാണിജ്യപരമായും കലാപരമായും വൻ വിജയമായി.
വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലൂടെ 93ൽ വീണ്ടും മമ്മൂട്ടിയെത്തേടി ദേശീയപുരസ്കാരം എത്തി. ഇക്കാലയളവിൽ മമ്മൂട്ടിയുടെ കരിയർ പല പരീക്ഷണങ്ങളേയും നേരിടുകയായിരുന്നു. വാണിജ്യസിനിമകളിലെ ജയപരാജയങ്ങൾ അഭിനേതാക്കളുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന അക്കാലത്ത് വിധേയനും പൊന്തൻമാടയുമൊക്കെ അദ്ദേഹത്തിലെ നടനെ മറ്റൊരു തലത്തിലെത്തിച്ചു.
സക്കറിയയുടെ ഭാസ്കര പട്ടേലറും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയനിലെ ഭാസ്കര പട്ടേലറുടെ ക്രൂരതയും കൗടില്യവുമൊക്കെ ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് പ്രകടനങ്ങളിലൊന്നായി. ഈ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെത്തേടിയെത്തി.
ടി.വി. ചന്ദ്രന്റെ പൊന്തൻമാടയിലെ മാട എന്ന ദളിത് കർഷകന്റെ വികാര-വിചാരങ്ങൾ എത്ര സമർഥമായാണ് അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത്.
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം 98ൽ ഡോ. ബാബാസാഹിബ് അംബേദ്കറിലൂടെ വീണ്ടും രാജ്യത്തെ മികച്ച നടനായി മമ്മൂട്ടി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഈ സിനിമ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു.
98നുശേഷം ദേശീയ പുരസ്കാര നിർണയ സമയങ്ങളിൽ പലപ്പോഴും മമ്മൂട്ടിയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുകയും അവസാനം തള്ളപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ ന്യായാന്യായങ്ങൾ എന്തുമാകട്ടെ, മലയാളസിനിമ ആഗ്രഹിച്ച ആ പുരസ്കാരം ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെത്തേടി വീണ്ടുമെത്തുകയാണ്.
മതിലുകളിലെ ബഷീറിൽ നിന്ന് ഭ്രമയുഗത്തിലെ കൊടുമൺപോറ്റി വരെയുള്ള നീണ്ട കാലയളവിൽ മമ്മൂട്ടിയെന്ന നടനും ഏറെ രൂപപരിണാമങ്ങൾക്കു വിധേയനായി. അപ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ എന്തെങ്കിലുമൊരു വിസ്മയം സമ്മാനിക്കാൻ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. അത്തരം വിസ്മയങ്ങൾക്കായി സിനിമാ ആസ്വാദകർ ഇനിയും കാത്തിരിക്കുകയാണ്. അതിനായുള്ള അന്വേഷണങ്ങളിലാണ് മമ്മൂട്ടിയും.
National
ഗ്ലാമർ വേഷങ്ങളിൽ മാത്രം ഒതുങ്ങുന്ന നായികാസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ സുവർണസിംഹാസനം തീർത്ത നടി യാമി ഗൗതമിന് ദേശീയ ചലച്ചിത്ര അവാർഡ് തിളക്കം.
72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായാണ് യാമി ഗൗതമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
2024ൽ പുറത്തിറങ്ങി വലിയരീതിയിൽ ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ‘ആർട്ടിക്കിൾ 370’ലെ മികച്ച അഭിനയത്തിനാണ് ഈ പരമോന്നത പുരസ്കാരം താരത്തെ തേടിയെത്തിയത്.
യാമിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ആദിത്യ സുഹാസ് ജംഭാലെയാണ്. യാമിയുടെ ഭർത്താവും ‘ഉറി’ (ഉറി: ദ സർജിക്കർ സ്ട്രൈക്ക്) എന്ന ചിത്രത്തിന്റെ സംവിധായകനുമായ ആദിത്യ ധറാണ് ഈ ചിത്രം നിർമിച്ചത്.
ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ‘ആർട്ടിക്കിൾ 370’ റദ്ദാക്കിയതുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെയും അതിനുപിന്നിലെ രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
കാഷ്മീലെ തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്താനും ക്രമസമാധാനം ഉറപ്പാക്കാനും കേന്ദ്രസർക്കാർ നടത്തുന്ന രഹസ്യ നീക്കങ്ങളായിരുന്നു സിനിമയുടെ പ്രധാന ഇതിവൃത്തം.
ഹിമാചൽപ്രദേശ് സ്വദേശിനിയായ യാമി ചണ്ഡിഗഡിലാണു വളർന്നത്. ഒരു ഐഎഎസ് ഓഫീസറാകാൻ ആഗ്രഹിച്ച അവർ നിയമപഠനത്തിനിടയിലാണ് അപ്രതീക്ഷിതമായി മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.
Kerala
"അങ്ങ് വാനക്കോണിൽ’ വരെ ഉയർന്നുകേട്ട ആ ശബ്ദത്തെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരവും. ജീവിതത്തിന്റെ ഇരുളിനെ സംഗീതംകൊണ്ടു പ്രകാശമാക്കി മാറ്റിയ വൈക്കം വിജയലക്ഷ്മിയെ തേടി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരമെത്തുന്പോൾ അതു പ്രതിഭയ്ക്കും പരിശ്രമത്തിനും അതിരുകളില്ലെന്ന സന്ദേശംകൂടിയാണ് നൽകുന്നത്.
‘അജയന്റെ രണ്ടാം മോഷണ'ത്തിൽ (എആർഎം) മനു മഞ്ജിത്ത് എഴുതി ദിപു നൈനാൻ തോമസ് ഈണമിട്ട ഈ ഗാനം കൊച്ചുകുട്ടികൾ വരെ മൂളിനടന്ന ജനപ്രിയ ഗാനങ്ങളിലൊന്നായിരുന്നു. കുട്ടിക്കഥകളും പ്രകൃതിഭംഗിയും ചേർന്ന വരികളിലൂടെ കേൾവിക്കാരെ ശാന്തവും ഗൃഹാതുരവുമായ ലോകത്തേക്കു നയിക്കുന്ന ഈ താരാട്ടുപാട്ടിന്, ഹൃദയത്തിൽ വന്ന് കൂടുകൂട്ടുന്ന വൈക്കം വിജയലക്ഷ്മിയുടെ ആലാപനം കൂടിയായതോടെ ഗ്രാഫ് ഒന്നുകൂടി ഉയർന്നു.
ശാസ്ത്രീയസംഗീത അടിത്തറയുള്ളതിനാൽ ഗാനങ്ങളെ അനായാസമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നുവെന്നതാണ് വിജയലക്ഷ്മിയുടെ പ്രധാന പ്രത്യേകത. അതോടൊപ്പം അക്ഷരസ്ഫുടതയ്ക്കും ഉച്ചാരണശുദ്ധിക്കും മുൻതൂക്കം നൽകുന്നതിനാൽ പ്രേക്ഷകരിലേക്ക് അവയെ എളുപ്പം എത്തിക്കാനുമാകുന്നു.
വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി ചെറുപ്പം മുതൽതന്നെ സംഗീതരംഗത്തു പ്രത്യേക താത്പര്യം കാണിച്ചിരുന്നു.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ വെന്നിക്കൊടി പാറിച്ച അവർ "ഗായത്രിവീണ’എന്ന ഉപകരണവുമായി കേരളത്തിലെന്പാടും വേദികൾ കൈയടക്കി. "സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ "കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ...,"നടൻ' എന്ന ചിത്രത്തിലെ "ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ...', "ബാഹുബലി'യിലെ "ആരിവൻ ആരിവൻ...' തുടങ്ങിയ ഗാനങ്ങളുമായി ചലച്ചിത്ര ഗാനരംഗത്തു ശ്രദ്ധേയായി.
അഞ്ചര വയസുള്ളപ്പോഴാണ് വിജയലക്ഷ്മി സംഗീതപഠനം തുടങ്ങിയത്. കുട്ടിക്കാലത്തു കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ വിജയലക്ഷ്മി പഠിച്ചതു കണ്ട് അച്ഛൻ മുരളിയാണ് ഗായത്രിവീണയെന്ന ഒറ്റക്കമ്പി വീണ നിർമിച്ചുനൽകിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്കു ഗായത്രിവീണയെന്ന പേരു നൽകിയത് പ്രശസ്ത സംഗീതജ്ഞൻ കുന്നക്കുടി വൈദ്യനാഥനാണ്.
തന്റെ സംഗീത സപര്യയ്ക്കു വിജയലക്ഷ്മി ഏറെ കടപ്പെട്ടിരിക്കുന്നതും മാതാപിതാക്കളോടാണ്. തന്റെയുള്ളിലെ കഴിവിനെ തിരിച്ചറിഞ്ഞ് സംഗീതലോകത്തേക്ക് കൈപിടിച്ചുകയറ്റിയത് ഗായകൻകൂടിയായ അച്ഛനും അമ്മയുമാണ്. ചെറുപ്പത്തിലേ മുടങ്ങാതെ സാധകം ചെയ്യിക്കുമായിരുന്നു. തന്റെ കണ്ണുകളും കരുത്തും കരുതലും അവർ തന്നെയാണെന്ന് വിജയലക്ഷ്മി പറയുന്നു. വിജയദശമി നാളിൽ ജനിച്ചതിനാലാണ് വിജയലക്ഷ്മിയെന്ന പേരും നൽകിയത്. ഇനിയും ധാരാളം നല്ല പാട്ടുകൾ പാടണമെന്നതാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രയ്ക്കും സുജാതയ്ക്കും ശേഷം ഇതരഭാഷകളിൽ ഏറെ സ്വീകരിക്കപ്പെട്ട മലയാളി ഗായികയാണു വൈക്കം വിജയലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, സംസ്കൃതം എന്നീ ഭാഷകളിലെല്ലാം വിജയലക്ഷ്മിയുടെ ശബ്ദം പ്രേക്ഷകർ ശ്രവിച്ചു.
പ്രഥമ കേരളശ്രീ പുരസ്കാരം, കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, തമിഴ്നാട് സംസ്ഥാന പുരസ്കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തി. "വേലൈനു വന്തിട്ടാ വെള്ളക്കാരൻ' എന്ന ചിത്രത്തിലെ ‘ആരവല്ലി’ എന്ന ഗാനത്തിലൂടെയാണ് തമിഴകത്തെ പുരസ്കാരം വിജയലക്ഷ്മിക്കു ലഭിച്ചത്.
Kerala
വൈക്കം: മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിക്കും മലയാളത്തിന്റെ പൂങ്കുയിൽ വൈക്കം വിജയലക്ഷ്മിക്കും ദേശീയ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദ നിറവിലാണ് ജന്മനാടായ വൈക്കം.
നാടകത്തിലൂടെയാണ് മമ്മൂട്ടി സിനിമയിലെത്തിയത്. വൈക്കം ഭാരത് കോളജിൽ പഠിക്കുമ്പോൾ മലയാള പ്രഫഷണൽ നാടകത്തിലെ ഷോമാൻ എന്നറിയപ്പെടുന്ന വൈക്കം മാളവികയുടെ സംവിധായകനും മുഖ്യ നടനുമായിരുന്ന ടി.കെ. ജോൺ സംവിധാനം ചെയ്ത നാടകത്തിലാണ് മമ്മൂട്ടി ആദ്യമായി ഒരു ശ്രദ്ധേയ വേഷം അഭിനയിച്ചത്.
ജനപ്രിയ നോവലിസ്റ്റായ ചെമ്പിൽ ജോൺ മമ്മൂട്ടിയിലെ നടന് വലിയ പ്രോത്സാഹനം നൽകിയിരുന്നു. ജന്മനാടായ ചെമ്പിൽനിന്ന് ചെന്നൈയിലും പിന്നീട് കൊച്ചിയിലും താമസമാക്കിയെങ്കിലും 55 വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വൈക്കംകായലും വൈക്കത്തെ സുഹൃത്തുക്കളും ചെലുത്തിയ സ്വാധീനം മമ്മൂട്ടി വിസ്മരിച്ചിട്ടില്ല.
സ്വന്തമായി ഉണ്ടാക്കിയ ഗായത്രി വീണ വാദനത്തിലൂടെ വേദികൾ കീഴടക്കിയ വൈക്കം വിജയലക്ഷ്മി ഭക്തിഗാനാലാപനത്തിലൂടെയും ആസ്വാദക മനസ് കീഴടക്കി.
2013ൽ സെല്ലുലോയിഡ് എന്ന സിനിമയിൽ എം. ജയചന്ദ്രന്റെ സംഗീതത്തിൽ കാറ്റേ കാറ്റേ... എന്ന ഗാനം പാടിയാണ് വിജയലക്ഷ്മി മലയാള ചലച്ചിത്ര രംഗത്തേക്ക് പദമൂന്നിയത്. മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലും ഇന്ന് വിജയലക്ഷ്മി ഗായികയെന്ന നിലയിൽ വെന്നിക്കൊടി പാറിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കൻ പതാക പുതച്ച ശവപ്പെട്ടികൾക്ക് മുകളിൽ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡിലൂടെയാണ് വെല്ലുവിളി.
വൈറ്റ് ഹൗസ് പശ്ചാത്തലമായ ചിത്രത്തിൽ ചോരയ്ക്ക് പകരം ചോര എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട്. ഡോണൾഡ് ട്രംപ്, പങ്കാളി മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡോണൾഡ് ട്രംപ് ജൂണിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ശവപ്പെട്ടികൾക്ക് മുകളിലായി നൽകിയിരിക്കുന്നത്. ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമനെയിയുടെയും അദ്ദേഹത്തിന്റെ മകൾ, മരുമക്കൾ, പേരക്കുട്ടി എന്നിവരുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് ഈ ബോർഡ് വിലയിരുത്തപ്പെടുന്നത്.
ടെഹ്റാനിലെ എംഗലാബ് സ്ക്വയറിൽ സ്ഥാപിച്ച മറ്റൊരു ബോർഡിൽ കണ്ണുകൾ അടച്ച്, മുടി അലങ്കോലമായി ശവപ്പെട്ടിയിൽ കിടക്കുന്ന ട്രംപിന്റെ ചിത്രമുണ്ട്. ഇതിന് താഴെ "ഞങ്ങൾ ട്രംപിനെ കൊല്ലും" എന്ന് പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിന് താഴെ "അടുത്തത് ആര്?’ എന്ന ചോദ്യവുമുണ്ട്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ അമേരിക്കയിൽനിന്ന് അതിശക്തവും വിനാശകരവുമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
കോട്ടയം: ക്രിസ്തുവിന്റെ സന്ദേശവും ദര്‍ശനവും പ്രവൃത്തിപഥത്തിലെത്തിച്ച മെത്രാപ്പോലീത്തയായിരുന്നു മാർ കുര്യാക്കോസ് കുന്നശേരിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം, മികച്ച പൊതുജന സേവനത്തിനുള്ള ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി അവാര്‍ഡ്-2026 ചലച്ചിത്ര സംവിധായകന് സിബി മലയിലിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം എല്ലാവര്ക്കും മാതൃകയായ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്നതാണ് ആര്‍ച്ച്ബിഷപ് കുന്നശേരിയെ വ്യത്യസ്തനാക്കിയത്.
ഗവേര്ണസ് വിത്ത് എംപതിയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ മുദ്രാവാക്യം. ഇത് ക്രിസ്തുവില്‍നിന്നാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച വണ്‍ കേരള കരുതല്‍ മിഷനിലൂടെ കാരൂണ്യപ്രവര്ത്തനങ്ങളെ ഒരു കൂടക്കീഴിലാക്കി ലോകത്തിനു മാതൃകയായി ചാരിറ്റി മിഷനാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ചങ്ങനാശേരി: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ചാണ് ജോഹാന്‍ ജോബ് നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിൽ 69-ാം റാങ്ക് നേടിയത്. ബംഗളൂരു സ്വദേശിയായ ജോഹാന്‍ ജോബ് മൂന്നുവര്‍ഷമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലാണ് പരിശീലനം നേടിയത്.
ബംഗളൂരു പ്രസിഡന്‍സി സ്കൂളാണ് പ്ലസ് ടൂവരെ പഠനം നടത്തിയത്. ക്ലാസുകളെല്ലാം ഓണ്‍ലൈനിലൂടെയാണ് അറ്റൻഡ് ചെയ്തത്. പരീക്ഷകള്‍ ബംഗളൂരിലെ ഓഫ്ലൈന് സെന്ററിലെത്തി എഴുതുകയായിരുന്നു. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 98.4 ശതമാനം മാര്‍ക്ക് വാങ്ങി സ്കൂള്‍ ടോപ്പറായാണ് വിജയം നേടിയത്.
ബംഗളൂരു വിപ്രോയില്‍ സെയില്‍സ് മാനേജരായ ചങ്ങനാശേരി വാഴപ്പള്ളി മതുമൂല തോട്ടാശേരി ജോബ് കെ. ജോസ്-ആന്‍ നീതു ദമ്പതിമാരുടെ മകനാണ് ജോഹാന്‍ ജോബ്. ബംഗളൂരു പ്രസിഡന്‍സി സ്കൂള്‍ അധ്യാപികയാണ് ആന്‍ നീതു. ഏകസഹോദരന് റയാന് ഇതേ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
Leader Page
ആഗോളതാപനത്തിന്റെ വലിയ തോതിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും അവ പിന്നീട് നിർവീര്യമാക്കാൻ കഴിയില്ലെന്നുമുള്ള മുന്നറിയിപ്പുകളുമാണ് ജൈവ ഇന്ധനങ്ങളിലേക്ക് വഴിതുറന്നത്. കാർബൺ നിർഗമനം കുറയ്ക്കാൻ ഒരളവു വരെ ജൈവ ഇന്ധനങ്ങൾ സഹായിക്കുമെന്ന തിരിച്ചറിവും വികസിത രാജ്യങ്ങളിൽ പ്രബലമായി. അങ്ങനെയാണ് സസ്യ എണ്ണകളിൽനിന്ന് തയാറാക്കാവുന്ന ജൈവ ഡീസൽ പ്രധാന പരിഗണനയായത്.
ഡീസലിന്റെ കഥ
‘റൂഡോൾഫ് ഡീസൽ’ എന്ന ജർമൻ ശാസ്ത്രജ്ഞൻ ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ പുതിയ എൻജിൻ പാരീസിൽ പ്രദർശിപ്പിച്ചപ്പോൾ (1900) നിലക്കടലയെണ്ണയാണ് ഇന്ധനമായി ഉപയോഗിച്ചത്. ഖനികളിൽനിന്ന് കുഴിച്ചെടുക്കുന്ന ‘പെട്രോളിയം’ എന്ന അത്ഭുത ഇന്ധനം പ്രചാരത്തിലായപ്പോൾ അതിൽനിന്നു വേര്‍തിരിച്ചതും ഡീസലിന്റെ പുതിയ എൻജിനു ചേർന്നതുമായ ഘടകത്തിന് പിന്നീട് അദ്ദേഹത്തിന്റെ പേര് ലഭിച്ചു.
ഡീസൽ എൻജിന്റെ സിലിണ്ടറിനുള്ളിൽ വായു പെട്ടെന്ന് മർദിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന താപംകൊണ്ട് ഇന്ധനത്തിന് സ്വയം തീപിടിക്കുകയാണ്. അതിനാലാണ് ഈ എൻജിനുകളെ സാങ്കേതികമായി ‘കംപ്രഷൻ ഇഗ്നീഷൻ എൻജിൻ’ എന്നു വിളിക്കുന്നത്.
റൂഡോൾഫ് ഡീസൽ ഉപയോഗിച്ചതുപോലെ സസ്യഎണ്ണകൾ ആധുനിക ഡീസൽ എൻജിനുകളിൽ ഉപയോഗിക്കാനാകില്ല. പ്രധാന കാരണം ഡീസലിനെ അപേക്ഷിച്ച് മിക്ക സസ്യഎണ്ണകൾക്കും കട്ടി കൂടുതലാണ് (ഉയർന്ന വിസ്കോസിറ്റി). ഡീസൽ എൻജിനുകളുടെ സിലിണ്ടറിനുള്ളിലേക്ക് വളരെ ഉയർന്ന മർദത്തിൽ ഇന്ധനം നിശ്ചിത സമയത്ത് സ്പ്രേ ചെയ്യപ്പെടുമ്പോൾ, അവ വളരെ ചെറിയ കണികകളായി മാറുകയും ക്രമമായ ജ്വലനം സാധ്യമാകുകയും ചെയ്യും. സസ്യ എണ്ണകൾ ഭാരം കൂടിയ തന്മാത്രകളുടെ മിശ്രിതമായതിനാൽ ജ്വലനം ക്രമരഹിതമാവും.
മേൽപ്പറഞ്ഞ പ്രശ്നം പരിഹരിക്കാൻ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ എൻജിനുകൾ സസ്യ എണ്ണകൾ നേരിട്ടുപയോഗിക്കാൻ കഴിയും വിധം പരിഷ്കരിക്കണം. അല്ലെങ്കിൽ സസ്യ എണ്ണകൾ പെട്രോ ഡീസലിനു സമാനമായ രീതിയിലേക്ക് മാറ്റിയെടുക്കണം. സ്വാഭാവികമായും രണ്ടാമത്തെ മാർഗമാണ് കൂടുതൽ സ്വീകാര്യമായത്.
ജൈവ ഡീസലിന്റെ രസതന്ത്രം
സസ്യ എണ്ണകൾ പൊതുവെ രസതന്ത്ര വിശകലനത്തിൽ ‘ട്രൈഗ്ലിസറൈഡ് എസ്റ്ററുകൾ’ അടങ്ങുന്നവയാണ്. പൊതുവിൽ ഇവ സങ്കീർണമായ മൂന്നു ശാഖകളുള്ള രാസഘടനയോടു കൂടിയ വലിയ തന്മാത്രകളാണ്. ഈ മൂന്നു ശാഖകളും ഒരു ഗ്ലിസറിൻ തന്മാത്രയുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. രാസപ്രവർത്തനം വഴി ഈ ഗ്ലിസറിൻ തന്മാത്രയെ വേർപെടുത്തിയാൽ ഈ മൂന്നു ശാഖകൾ താരതമ്യേന ചെറിയ മൂന്നു തന്മാത്രകളായി (എസ്റ്ററുകൾ) വേർപെട്ടു കിട്ടും. ഈ വിദ്യയാണ് ‘ട്രാൻസ് എസ്റ്ററിഫിക്കേഷൻ’ എന്നറിയപ്പെടുന്നത്. മെഥനോൾ പോലുള്ള ലളിതമായ ഒരു ആൽക്കഹോൾ ഉപയോഗിച്ച് സസ്യ എണ്ണകളിലെ ട്രൈഗ്ലിസറൈഡുകൾ വിഘടിപ്പിക്കുമ്പോൾ കിട്ടുന്ന ലളിതമായ എസ്റ്ററുകളുടെ മിശ്രിതമാണ് ‘ജൈവ ഡീസൽ’ എന്നറിയപ്പെടുന്നത്.
ഈ രാസപ്രവർത്തനത്തിന്റെ ഉപോത്പന്നം ഗ്ലിസറിനാണ്. വളരെ ലളിതമായ ഈ രാസപ്രവർത്തനത്തിന് ഒരു രാസത്വരകമായി ഉപയോഗിക്കുന്നത് വിലക്കുറവുള്ള സോഡിയം ഹൈഡ്രോക്സൈഡ് എന്ന ആൽക്കലിയാണ്.
ഡീസലിന്റെ ഇന്ധന സ്വഭാവങ്ങളോട് വളരെ ചേർന്നു പോകുന്നതും എന്നാൽ സസ്യ എണ്ണകളിൽനിന്ന് അനായാസം നിർമിക്കാവുന്നതുമായ ജൈവ ഇന്ധനം എന്ന നിലയിൽ ജൈവഡീസൽ തൊണ്ണൂറുകളിൽ ആഗോളതലത്തിൽ വലിയ പ്രചാരം നേടി. എഥനോളും പെട്രോളും തമ്മിലുള്ള താരതമ്യത്തോടു സമാനമായ ഊർജ സാന്ദ്രതയിലുള്ള കുറവ് ജൈവ ഡീസലിനുമുണ്ട്. പെട്രോ ഡീസലിനേക്കാൾ ഏകദേശം എട്ടൊൻപത് ശതമാനം ഊർജം ജൈവ ഡീസലിന് കുറയും.
എന്നാല്‍ അഞ്ച് ശതമാനം മാത്രം ജൈവ ഡീസൽ കലർത്തിയ B5 ഇന്ധനം ഡീസൽ എൻജിനുകളിൽ ഉപയോഗിക്കുമ്പോൾ ലഭ്യമാകുന്ന ശക്തിയിൽ പ്രകടമായ വ്യത്യാസമൊന്നും ഉണ്ടാകില്ല. സാധാരണ ഉപയോഗിക്കുന്ന B10 മുതൽ B20 വരെയുള്ള മിശ്രിതങ്ങൾ വാഹന എൻജിനുകളിൽ കാര്യമായ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.
എഥനോളുമായി താരതമ്യം ചെയ്യുമ്പോൾ ജൈവ ഡീസൽ മിശ്രിതം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ അനുകൂലമാണ്. വളരെ പഴയ വാഹനങ്ങളുടെ ഇന്ധനവ്യവസ്ഥയിലുള്ള ചില റബർ ഘടകങ്ങൾ കാലാന്തരത്തിൽ ദ്രവിക്കാൻ സാധ്യതയുണ്ടെന്നതാണ് ഒരപാകത. ദീർഘകാലം ശേഖരിച്ചുവയ്ക്കുമ്പോൾ ചെറിയ തോതിൽ മട്ട് അടിയാനും സാധ്യതയുണ്ട്.
ആഗോള ചിത്രം
1980ൽതന്നെ ജർമനി, ഓസ്ട്രിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ജൈവ ഡീസൽ ഉത്പാദന ഗവേഷണങ്ങൾ ഗൗരവമായി തുടങ്ങിയിരുന്നു. നിലവിൽ ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ജൈവ ഡീസൽ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
യൂറോപ്പിനു പുറത്ത് ബ്രസീൽ, അമേരിക്ക, അർജന്റീന എന്നീ രാജ്യങ്ങളെ കൂടാതെ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യയും മലേഷ്യയും ജൈവ ഡീസൽ ഉത്പാദിപ്പിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ മിക്കവയും റേപ്പ് സീഡ് എണ്ണയിൽനിന്നുമാണ് ജൈവ ഡീസൽ ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവർ ഉപയോഗിച്ച പാചക എണ്ണ തുടങ്ങി മൃഗക്കൊഴുപ്പുവരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കക്കാർ സോയാബീൻ എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ, ഇന്തോനേഷ്യയും മലേഷ്യയും പനയെണ്ണ ഉപയോഗിക്കുന്നു.
ഇന്ത്യൻ അനുഭവങ്ങൾ
2003ൽ ഇന്ത്യയിൽ ദേശീയ ജൈവ ഡീസൽ മിഷൻ പ്രഖ്യാപിച്ചു. പെട്രോഡീസലുമായി മിശ്രണം നടത്തി ഉപയോഗിക്കുന്നതുവഴി വിദേശനാണ്യം ലാഭിക്കുക എന്നതായിരുന്നു ലക്ഷ്യം. കൃഷിക്കുപയോഗിക്കാത്ത പാഴ്നിലങ്ങളിൽ ജട്രോഫ (കാട്ടാവണക്ക്) കൃഷി ചെയ്ത് ജൈവ ഡീസൽ ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. തുടർന്ന് ഏഴു വർഷം പാഴ്ഭൂമി ലഭ്യമായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വലിയ തോതിൽ ജട്രോഫ കൃഷി പ്രോത്സാഹിപ്പിച്ചു.
2009ൽ ദേശീയ ജൈവ ഇന്ധന നയം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പെട്രോളിയം ഇന്ധനങ്ങളിൽ 20% വീതം എഥനോളും ജൈവ ഡീസലും കലർത്താനുള്ള നിർദേശം ഉൾപ്പെട്ടിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണക്കുരുക്കൾക്ക് താങ്ങുവില, എണ്ണക്കമ്പനികൾ സംരംഭകരിൽനിന്ന് ജൈവഡീസൽ വാങ്ങുമെന്ന ഉറപ്പ്, ജൈവ ഡീസൽ ഗവേഷണത്തിനുള്ള സർക്കാർ പിന്തുണ എന്നതെല്ലാം നയരേഖയിൽ ഉണ്ടായിരുന്നു.
പക്ഷേ, ജട്രോഫ കൃഷി പ്രതീക്ഷിച്ചതുപോലെ വിജയകരമായില്ല. നല്ല പരിപാലനം കൊടുത്താലല്ലാതെ പാഴ്ഭൂമിയിൽ ജട്രോഫയ്ക്ക് കാര്യമായ വിളവ് ലഭിക്കില്ലെന്നും, ശരിയായ ഫലം കിട്ടാൻ നാലഞ്ചു വർഷം സമയമെടുക്കുമെന്നും മനസിലായപ്പോൾ വ്യാപകമായി കൃഷി തുടങ്ങിയവർ നിരാശരായി. ജട്രോഫക്കുരു ശേഖരിക്കുന്നതും കൂലിച്ചെലവേറിയ ജോലിയായിരുന്നു. ഉങ്ങ്, മഹുവ, വേപ്പ് തുടങ്ങിയ വൃക്ഷവിളകളിൽനിന്നുള്ള എണ്ണ ഉത്പാദനവും നാമമാത്രമായിരുന്നു.
ജൈവ ഡീസൽ വ്യവസായം നിലനിൽക്കണമെങ്കിൽ ആവശ്യത്തിന് ഭക്ഷ്യേതര സസ്യഎണ്ണകൾ ലഭ്യമാക്കണം. അത് ഇന്ത്യൻ സാഹചര്യത്തിൽ സാധ്യമായില്ല. ഇന്ത്യയിലെ ജൈവ ഡീസൽ പദ്ധതി പരാജയപ്പെടാൻ അക്കാലത്തെ പെട്രോഡീസലിന്റെ കുറഞ്ഞ വിപണി വിലയും കാരണമായി. സസ്യ എണ്ണകളിൽനിന്നുണ്ടാക്കുന്ന മിക്കവാറും ജൈവ ഡീസലുകൾക്ക് പെട്രോഡീസലിന്റെ വിലയേക്കാൾ ഉത്പാദനച്ചെലവ് കൂടുതലായിരുന്നു. തത്ഫലമായി സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ജൈവഡീസൽ വിപണനം ചെയ്താൽ ഉത്പാദനച്ചെലവുപോലും കിട്ടാത്ത സാഹചര്യമാണുണ്ടായത്.
Leader Page
അതിരാവിലെ വർക്കിച്ചൻ ബെഡ്കോഫി കുടിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഫോൺസന്ദേശം പറന്നുവന്നത്. കൂട്ടുകാരനും അയൽക്കാരനുമായ അവറാച്ചന്റെ ഭാര്യ റോസമ്മയാണ് വിളിക്കുന്നത്. അവറാച്ചൻ രാവിലെ കുളിമുറിയിൽ ബോധംകെട്ടു വീണെന്നും ആശുപത്രിയിലക്ക് കൊണ്ടുപോയെന്നുമാണ് ന്യൂസ്. ആ വീട്ടിൽ അവറാച്ചനും ഭാര്യയുമല്ലാതെ മറ്റാരുമില്ല. എകമകൾ ബംഗളൂരുവിൽ പഠിക്കുകയാണ്. നല്ല അയൽക്കാരനായ വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും നേരം കളയാതെ ആശുപത്രിയിലേക്ക് ചെന്നു. അവറാച്ചൻ അത്യാസന്നനിലയിലാണ്. അദ്ദേഹം പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ ഏതൊക്കെയാണെന്ന് ഡോക്ടർ റോസമ്മയോടു ചോദിച്ചു.
മുറിയുടെ താക്കോലെവിടെ?
അവറാച്ചന്റെ മരുന്നുകളെക്കുറിച്ചുള്ള ഡോക്ടറുടെ ചോദ്യത്തിനു മുമ്പിൽ റോസമ്മ ഒന്നും പറയാനാവാതെ അമ്പരന്നു നിന്നു. ഭർത്താവിന്റെ മരുന്നുകളുടെ പേരോ, മറ്റു വിവരങ്ങളോ അവർക്ക് പിടിയില്ല! എന്തിന്, ഭർത്താവിന്റെ ഫോൺ പോലും എവിടെയെന്ന് അറിയില്ല! “അങ്ങേർക്ക് വീട്ടിൽ ഒരു പ്രത്യേക മുറിയുണ്ട്. അവിടെ എന്നെയും മകളെയും കയറ്റാറില്ല. വല്ലാത്ത സ്വഭാവമാണ്. ഒരു കാര്യവും കൃത്യമായി പറയില്ല. വീട്ടുചെലവിനുള്ള പണം ദിവസവും എന്നെ ഏല്പിക്കും. അതിനും കൃത്യമായ കണക്കു കൊടുക്കണം. എനിക്കുള്ള തുണിപോലും വർഷത്തിലൊരിക്കലാണ് വാങ്ങുന്നത്”- റോസമ്മ തേങ്ങിക്കരഞ്ഞു.
വർക്കിച്ചനും മേരിക്കുട്ടിയും മുഖത്തോടു മുഖം നോക്കി തരിച്ചുനിന്നു. “റോസമ്മേ, അവറാച്ചന്റെ മുറിയുടെ താക്കോലിങ്ങു തന്നാൽ ഞങ്ങൾ മുറി തുറന്ന് അങ്ങേരുടെ ഗുളികയും മറ്റും എടുത്തുകൊണ്ടു വരാം”- വർക്കിച്ചൻ പറഞ്ഞു.
അതു കേട്ട് റോസമ്മ പിന്നെയും കണ്ണുമിഴിച്ചു. രഹസ്യങ്ങളുറങ്ങുന്ന അവറാച്ചന്റെ മുറി പൂട്ടിക്കിടക്കുകയാണ്. അതിന്റെ താക്കോൽ എവിടെയാണെന്ന് ആർക്കുമറിഞ്ഞുകൂടാ!
മരുന്നുകൾ മാത്രല്ലേ, പേഴ്സും ഡയറിയും ബാങ്കിന്റെ പാസ്ബുക്കും പറമ്പിന്റെ ആധാരവുമൊക്കെ ആ മുറിയിൽ വച്ച് പൂട്ടി താക്കോൽ എവിടെയോ വച്ചിരിക്കുകയാണ്. “എന്റെ വർക്കിച്ചാ! അങ്ങേരുടെ രോഗങ്ങൾ, വരുമാനം, കടം, സമ്പാദ്യം എന്നിവയെക്കുറിച്ചൊന്നും എനിക്കും മകൾക്കും ഒരു കുന്തവുമറിയില്ല. എന്തെങ്കിലും ചോദിച്ചാൽ കടിച്ചുകീറാൻ വരും. ആരെയും പേടിയില്ലാതെ തന്നിഷ്ടം പോലെ ജീവിക്കുന്ന മനുഷ്യനാണ്. വീട്ടിലുള്ള പെണ്ണുങ്ങൾ എന്തു ചെയ്യാനാണ്?’’- റോസമ്മ പിന്നെയും കണ്ണീർ പൊഴിച്ചു.
തുറക്കാത്ത വാതിൽ
റോസമ്മയുടെ സങ്കടം കണ്ടപ്പോൾ വർക്കിച്ചന് ഒന്നും മിണ്ടാൻ സാധിച്ചില്ല. അവരെപ്പോലൊരു പാവം ഭാര്യ എന്തു ചെയ്യാനാണ്? കുളിമുറിയിൽ വീണു ബോധംകെട്ടുപോയ അവറാച്ചന് എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ചികിത്സാരേഖകളും ആധാർ കാർഡുമൊക്കെ പോലീസിനും മറ്റ് അധികാരികൾക്കും പരിശോധനയ്ക്ക് നൽകേണ്ടിവരും. അവയൊക്കെ കണ്ടെടുക്കാൻ എന്താണൊരു മാർഗം? അവറാച്ചന്റെ നിലവറമുറിയുടെ താക്കോൽ കിട്ടിയില്ലെങ്കിൽ കതക് പൊളിച്ച് അകത്തു കയറിയാലോ? അതു നാണക്കേടാണ്. പക്ഷേ, ഇങ്ങനെയുള്ള തന്നിഷ്ടക്കാരായ ഭർത്താക്കന്മാരുള്ള വീടുകളിൽ വേറെ മാർഗമില്ല. ഇത്തരം ആൺസിംഹങ്ങൾക്ക് വയ്യാതാകുമ്പോഴാണ് വീട്ടുകാർ കുഴങ്ങിപ്പോകുന്നത് - വർക്കിച്ചൻ ചിന്തിച്ചു.
അവറാച്ചന്റെ ‘ബി’ നിലവറ
ഒടുവിൽ, അവറാച്ചന്റെ മുറി ബലം പ്രയോഗിച്ചു തുറക്കാൻ റോസമ്മ അനുവാദം നൽകി. വർക്കിച്ചൻ അയൽക്കാരായ രണ്ടു പേർക്കൊപ്പം അവറാച്ചന്റെ വീട്ടിലെത്തി പ്രധാന മുറിയുടെ കതകിന്റെ പൂട്ടു പൊളിക്കാൻ തുടങ്ങി. “അനന്തപുരിയിലെ ‘ബി’ നിലവറ പോലെ ഇവിടെയും നിധി വല്ലതും കാണുമോ?”- വർക്കിച്ചന്റെ ഒപ്പമുണ്ടായിരുന്ന ഒരുവൻ പ്രത്യാശയോടെ ചോദിച്ചു. അവരുടെ തെല്ലുനേരത്തെ പ്രയത്നഫലമായി കതകിന്റെ പൂട്ടു തകർന്നു.
അവാച്ചന്റെ മുറി ഒരത്ഭുത നിലവറയായിരുന്നു. ഒരു ഓഫീസ് ടേബിൾ, ബുക്ക് ഷെൽഫ്, വലിയൊരു ഷോക്കേസ്- ഇത്രയുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഓഫീസ് മേശയുടെ ഒരു ഭാഗത്ത് ഭരണിയിൽ പത്തുരൂപയുടെ പഴയ നാണയങ്ങൾ നിറച്ചുവച്ചിരിക്കുകയാണ്. മേശയുടെ മറ്റൊരു ഭാഗത്ത് വൈദ്യുതി, വാട്ടർബില്ലുകളുടെ രസീതുകൾ വൃത്തിയായി പിൻചെയ്തു വച്ചിരിക്കുന്നു. പഴയ പത്രങ്ങൾ അടുക്കിക്കെട്ടി മറ്റൊരിടത്ത് ഭിത്തിയോടു ചേർത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു ചെറിയ ബുക്ക്ഷെൽഫിൽ കുറെ പഴയ ഡയറികള്‍ കണ്ടു. ഡയറികളെല്ലാ റബറിന്റെ വെട്ടുകണക്കും വരുമാനവും കൃത്യമായി എഴുതിവച്ചിരിക്കുന്നു!
ഓഫീസ് ടേബിളിന്റെ ഡ്രോകളുടെ പൂട്ടുകൾ തകർത്ത് അവ തുറന്നപ്പോൾ, അതാ- അതിനുള്ളിൽ അനേകം ഗുളികകൾ, മരുന്നുകുപ്പികൾ, സിഗരറ്റ് പായ്ക്കറ്റുകൾ! ഗുളികകളുടെ കവറുകൾ പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഒരു വർഷത്തോളം പഴക്കമുള്ളവയാണെന്ന് മനസിലായത്. അവറാച്ചൻ ഗുളികകൾ കഴിക്കുന്നത് നിർത്തിയിട്ട് ഒരു വർഷമായെന്നർഥം. എന്തായാലും പുതിയ മരുന്നുകൾ, ബാങ്ക് രേഖകൾ, പാസ്ബുക്ക്, എടിഎം കാർഡ്, പണം എന്നിവയൊന്നും എങ്ങുമില്ലെന്ന് മനസിലായി.
വീട്ടുകാരന്റെ പണം എവിടെ?
നിരാശയോടെ വർക്കിച്ചൻ ആശുപത്രിയിൽ തിരിച്ചെത്തിയപ്പോർ അവറാച്ചന്റെ ഭാര്യ പരിഭ്രമിച്ചു നിൽക്കുന്നതാണു കണ്ടത്. അവറാച്ചന് ഒരു മേജർ ഓപ്പറേഷൻ വേണം. അമ്പതിനായരം രൂപ ഉടനെ ആശുപത്രിയിൽ കൊടുക്കണം. പക്ഷേ, പൈസ എവിടുന്ന്, എങ്ങനെയെടുക്കും? അവറാച്ചന്റെ ബാങ്കിടപാടുകൾ എവിടെയാണ്? സേവിംഗ്സിൽ എത്ര പണമുണ്ട്? ഫിക്സഡ് ഡെപ്പോസിറ്റ് എത്രയുണ്ട്? എടിഎം കാർഡ് എവിടെയാണ്? അതിന്റെ നമ്പർ എന്താണ്? മെഡിക്കൽ ഇൻഷ്വറൻസ് വല്ലതുമുണ്ടോ? ഒരു നിശ്ചയവുമില്ല. അവറാച്ചന്റെ ആധാർ കാർഡ് പോലും എവിടെയാണെന്നറിയാത്ത ഭാര്യ റോസമ്മ എന്തു പറയാനാണ്?
സമയം കളയാനില്ലാത്തതിനാൽ വർക്കിച്ചൻതന്നെ ആശുപത്രിയിലെ പൈസയടച്ചു.
“ഇതുകൊണ്ടായില്ല. പണം ഇനിയും വേണ്ടിവരും. നിങ്ങൾ ഇവിടെയടുത്തുള്ള സഹകരണബാങ്കുകളിലും മറ്റും പോയി അവറാച്ചന് അവിടെയെവിടെയെങ്കിലും അക്കൗണ്ടോ, ഡെപ്പോസിറ്റോയുണ്ടോയെന്ന് അന്വേഷിച്ചു നോക്ക്!’’- വർക്കിച്ചന്റെ ഉചിതജ്ഞയായ ഭാര്യ മേരിക്കുട്ടി പറഞ്ഞു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയവർ മടങ്ങിയെത്തിയാൽ ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവയ്ക്കാൻ തയാറാണെന്ന് അഭിഷേക് ബാനർജി പറഞ്ഞു.
വിമത നേതാക്കൾ മമതയുടെ അടുത്തേക്ക് തിരികെ വരില്ലെന്നും അഭിഷേക് ബാനർജി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബിജെപിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഇതോടകം വിമത നേതാക്കൾ ബിജെപിയുമായി ധാരണയിലെത്തി. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയിൽ നിന്നും സിബിഐയിൽ നിന്നും സംരക്ഷണം നേടാനായി വിമത ക്യാമ്പിലോ ബിജെപിയിലോ ചേർന്നിട്ട് തന്നെ കുറ്റപ്പെടുത്തുകയാണെന്നും അഭിഷേക് ബാനർജി പരിഹസിച്ചു.
താൻ ഡൽഹിയിലെ അധികാരികൾക്ക് മുന്നിൽ തല കുനിക്കില്ലെന്നും ജനങ്ങൾക്ക് മുന്നിൽ മാത്രമേ തലകുനിക്കൂ എന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി. എം. സുധീരൻ.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലായിരുന്നു സുധീരന്റെ വിമർശനം. ആർജവത്തോടെ നിലപാടുകൾ പറയുന്ന പാരമ്പര്യം ആണ് കെഎസ്യുവിനുള്ളത്. ഈ നിലപാടുമായി കെഎസ്യു മുന്നോട്ട് പോകണം.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അടുത്ത് വിളിച്ചു അഭിനന്ദിച്ചു കൊണ്ടായിരുന്നു സുധീരന്റെ വാക്കുകൾ. നിലപാടുകൾ ആർജവത്തോടെ തുറന്നു പറയണം. താത്കാലികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും സുധീരൻ വ്യക്തമാക്കി.
Kerala
കണ്ണൂർ: കോൺഗ്രസിൽ എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കെഎസ്യു നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച് കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിലെന്ത് തർക്കമാണുള്ളത്. ഇപ്പോൾ ഏറ്റവുമധികം തർക്കങ്ങൾ ഇടതുമുന്നണിയിലാണ്. ഇടതുമുന്നണിയിലെ പ്രശ്നങ്ങൾ കാരണം മുന്നണി യോഗംപോലും കൂടാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇത്തരം പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല. കെഎസ്യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ തീർച്ചയായും പരിശോധിച്ച് പരിഹരിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് വിശ്വാസം.
ചില സിപിഎം നേതാക്കൾക്ക് ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Kerala
തൊടുപുഴ: ഗവ.പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ജിയോണ ജെയിംസിനെ ശിപാര്‍ശ ചെയ്തിരുന്നതായി ഡീന്‍ കുര്യാക്കോസ് എംപി. ജിയോണയെ പരിചയമുണ്ട്.
എംപി എന്ന നിലയില്‍ 100 ശതമാനം ബോധ്യമുള്ളതിനാലാണ് ശിപാര്‍ശ ചെയ്തത്. ലോയേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഇവര്‍.
കെഎസ്യു വിഷയത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കേണ്ട കാര്യം തനിക്കില്ല. അലോഷ്യസ് സേവ്യറിനെക്കുറിച്ച് ഒന്നുംപറയാനില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡർ നിയമനത്തെത്തുടർന്നുണ്ടായ മുഖ്യമന്ത്രി-കെഎസ്യു തർക്കത്തിൽ കെപിസിസിയും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെടുന്നതോടെ പ്രശ്നത്തിൽ മഞ്ഞുരുകൽ ഉണ്ടാകുമെന്ന പ്രതീക്ഷ. മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറും തമ്മിൽ ഇന്നോ നാളെയോ കൂടിക്കാഴ്ചയോ സംസാരമോ ഉണ്ടാകും.
പൊതുസമൂഹത്തിലും പാർട്ടിക്കുള്ളിലും സംഭവം ചർച്ചയായതോടെയാണ് മുതിർന്ന നേതാക്കൾ രംഗത്തിറങ്ങിയത്. ഒരു സംസാരത്തിൽ തീരാവുന്നപ്രശ്നത്തെ വിഴുപ്പലാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. എഐസിസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് വി.എം. സുധീരൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ രംഗത്തു വന്നതോടെ പ്രശ്നപരിഹാരം എളുപ്പം സാധ്യമാകുമെന്നറിയുന്നു.
പ്രശ്നത്തിൽ ഇടപെടണമെന്ന് കെഎസ്യു കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഒരു കൂടിക്കാഴ്ചയിൽ തീരാവുന്ന പ്രശ്നമേയുള്ളൂ വെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചി തേവരയിലെ ചടങ്ങിൽ കാണാത്തതുകൊണ്ടാണ് സംസാരിക്കാതെ പോയതെന്നു സംഭവത്തിൽ ഇടപെട്ട കെപിസിസി പ്രസിഡന്റ് പറയുന്നു. തിരക്കിനിടയിൽ ആലോഷ്യസിനെ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇതേസമയം അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാൻ അവസരം നിഷേധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതു മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ചയാണ്. പിറ്റേന്ന് മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും പക്ഷേ കന്യാകുമാരിയിൽ പോകുകയാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
International
ടെഹ്റാൻ: ജോർദാനിലെ സൈനിക താവളത്തിന് നേരെ വെള്ളിയാഴ്ച രാത്രി ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
മേഖലയിൽ യുഎസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്നാണ് വിവരം. ജോർദാനിലെ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ യുഎസ് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടെങ്കിലും യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിൽ പരിക്കേറ്റ നാല് യുഎസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസാര പരിക്കേറ്റ മറ്റ് ചില സൈനികർക്കും സൈനിക താവളത്തിൽതന്നെ ചികിത്സ നൽകി. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂ എന്ന് യുഎസ് സൈന്യം വ്യക്തമാക്കി.
ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
National
ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെയുടെ ശിവേസനയില്‍ (യുബിടി) നിന്ന് കൂറുമാറി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്ന ആറ് എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ അനുമതി നല്കി.
താക്കറെയുടെ ശിവസേനയിലുണ്ടായിരുന്ന ഒമ്പതില്‍ ആറു പേരുടെ ലയനം സ്പീക്കര്‍ അംഗീകരിച്ചതോടെ ലോക്സഭയില്‍ എഴ് എംപിമാരുണ്ടായിരുന്ന ഷിന്‍ഡെ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയര്‍ന്നു. താക്കറെ പക്ഷത്ത് ഇനി മൂന്ന് എംപിമാര്‍ മാത്രം. സ്പീക്കറുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണെന്ന പരാതിയുമായി താക്കറെ പക്ഷം കോടതിയെ സമീപിക്കും.
2022ല്‍ ശിവസേന പിളര്‍ന്നതുമുതല്‍ നേതൃത്വം, സംഘടനാപരമായ നിയന്ത്രണം, തെരഞ്ഞെടുപ്പു ചിഹ്നം എന്നിവയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയവും നിയമപരവുമായ തര്‍ക്കങ്ങളില്‍ ബിജെപിയോടൊപ്പമുള്ള ഷിന്‍ഡെ പക്ഷത്തിന് അനുകൂലമാണു തീരുമാനങ്ങള്‍. വിമത എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചതോടെ താക്കറെയുടെ ശിവസേന യുബിടി കൂടുതല്‍ പ്രതിസന്ധിയിലാകും.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) ചേര്‍ന്ന 20 എംപിമാര്‍ക്ക് നാളെ മുതല്‍ ലോക്സഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിച്ചു. ത്രിപുരയില്‍ രജിസ്റ്റര്‍ ചെയ്ത എന്‍സിപിഐ പാര്‍ട്ടിയുടെ പേരിലാണു ബിജെപിയുടെ സഹായത്തോടെ ഭൂരിപക്ഷം എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്.
ലോക്സഭയില്‍ എന്‍ഡിഎ പക്ഷത്ത് ഇപ്പോള്‍ 318 എംപിമാരുണ്ട്. ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 363 എംപിമാരുടെ പിന്തുണ വേണം. 45 എംപിമാരുടെ കുറവ്.
ലോക്സഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 240 എംപിമാരാണുള്ളത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് നൂറും സമാജ്വാദി പാര്‍ട്ടിക്ക് 37 എംപിമാരുമുണ്ട്.
National
ന്യൂഡൽഹി: ഒന്നര വർഷമായി ഒഴിഞ്ഞുകിടന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം നികത്തി കേന്ദ്രസർക്കാർ. പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു.
ആറു വർഷമായി ക്രൈസ്തവ പ്രതിനിധി ഇല്ലാതിരുന്ന കമ്മീഷനിൽ ഗോവയിലെ മുൻ ബിജെപി എംഎൽഎ ഗ്ലെൻ ഇ സൂസ ടിക്ലൊയെയും നിയമിച്ചു. നിലവിൽ കമ്മീഷനിലെ അംഗമായ ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്മാന് ഡോ. മുനവാരി ബീഗത്തെ കമ്മീഷന്റെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.
പുതിയ നിയമനങ്ങളോടെ കമ്മീഷനിൽ അധ്യക്ഷനുൾപ്പെടെ നാല് അംഗങ്ങളായി. 2020ൽ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാനം ഒഴിഞ്ഞശേഷം കമ്മീഷനിലെ ക്രിസ്ത്യൻ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. കമ്മീഷനിൽ ഇനിയും മൂന്ന് അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്.
സിക്ക് സമുദായത്തിൽനിന്നുള്ള ഇക്ബാൽ സിംഗ് ലാൽപുര 2025 ഏപ്രിലിലാണ് കമ്മീഷന്റെ അധ്യക്ഷപദവി ഒഴിഞ്ഞത്. ഇതിനുശേഷം ആകെയുള്ള ഏഴ് ഒഴിവുകളിലേയ്ക്കും നിയമനം നടത്തിയിരുന്നില്ല. തുടർന്ന് ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെ മുസ്ലിം, പാഴ്സി വിഭാഗത്തിൽനിന്നുള്ള രണ്ടു പ്രതിനിധികളെ കഴിഞ്ഞ മാർച്ചിൽ നിയമിച്ചിരുന്നു. സിക്ക് വിഭാഗത്തിൽനിന്നുള്ള ഒരാളെ തുടർച്ചയായി രണ്ടാം തവണയാണ് അധ്യക്ഷസ്ഥാനത്തേക്കു നിയമിക്കുന്നത്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി പി.എസ്. ശാന്തകുമാറിനെ നിയമിച്ചു.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെയാണ് നിയമനം. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു.
National
ബംഗളുരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു. ശ്വാസതടസം മൂലം ബുധനാഴ്ച ബംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
ദേവഗൗഡ, മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
1954 ലായിരുന്നു ദേവഗൗഡയുമായുള്ള വിവാഹം. 2001ൽ ബന്ധുവായ ലോകേഷ് നടത്തിയ ആസിഡ് ആക്രമണത്തിൽ ചെന്നമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭർത്താവും മക്കളും ഉൾപ്പെടെ കുടുംബം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നുവെങ്കിലും പൊതുവേദികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതമായിരുന്നു ചെന്നമ്മയുടേത്. എച്ച്.ഡി. രേവണ്ണ (എംഎല്‍എ), എച്ച്.ഡി. ബാലകൃഷ്ണഗൗഡ, എച്ച്.ഡി. രമേശ്, അനസൂയ, ശൈലജ എന്നിവരാണ് മറ്റു മക്കള്‍.
Kerala
കോഴിക്കോട്: വടകരയിൽ വയോധികൻ സൈബര്‍ തട്ടിപ്പിനിരയായി. 1.37 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇരയായ വയോധികൻ സൈബര്‍ പോലീസില്‍ പരാതി നല്കി. സോഷ്യൽ മീഡിയയിൽ കണ്ട എഐ വീഡിയോയുടെ താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വയോധികന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലാവുകയായിരുന്നു.
പിന്നീട് ഫോൺ ഹാക്ക് ചെയ്ത തട്ടിപ്പുകാര്‍ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് ഇദ്ദേഹം ഒരു വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്ലിക്കേഷനും ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്തു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത വ്യാജ ആപ്പിലൂടെ പല തവണകളായി ഇദ്ദേഹം നിക്ഷേപിച്ച 1.37 കോടി രൂപയാണ് തട്ടിപ്പുകാർ കവർന്നത്. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് വയോധികൻ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി.
National
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സ്വയംപ്രഖ്യാപിത ആൾദൈവം അശോക് ഖാരത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റംപത്രം സമർപ്പിച്ചു.
താൻ ഭഗവാൻ ശിവന്റെ മനുഷ്യാവതാരമാണെന്ന് അനുയായികളെ വിശ്വസിപ്പിക്കുകയും രണ്ടു കോ-ഓപ്പറേറ്റീവ് വായ്പാ സംഘങ്ങൾ വഴി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.
ഇയാളുടെ ഭാര്യ കൽപ്പന, മറ്റു നാലു പേർ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയെത്തുടർന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ സാന്പത്തിക ക്രമക്കേടിന് ഇഡിയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
തൊടുപുഴ: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില്‍ വെള്ളിയാഴ്ച ഉത്പാദനം വര്‍ധിപ്പിച്ചു. പീക്ക്ലോഡ് സമയത്ത് അധിക വെദ്യുതി ആവശ്യമായി വരുന്നതിനാലാണ് മൂലമറ്റത്ത് ഉത്പാദനം കൂട്ടിയത്.
സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇന്നലെ രാവിലെ ഏഴിന് പുറത്തുവിട്ട കണക്കനുസരിച്ച് 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 24 മണിക്കൂറിനിടെ ഉത്പാദിപ്പിച്ചത്. ഇവിടത്തെ ആറു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചു. മണ്‍സൂണ്‍ സീസണില്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ച് വേനലിലേക്ക് കരുതിവയ്ക്കുകയാണ് പതിവ്.
സംസ്ഥാനത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള് 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി. 91.480 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉപഭോഗം.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചിരുന്നതിനാലാണ് ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായത്. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്നു നടക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിമാത്രമാണ്. സംഭരണശേഷിയുടെ 28 ശതമാനമാണിത്.
Kerala
തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറി. പ്രത്യേക ദൂതന് മുഖേനയാണ് രേഖകള്‍ കൈമാറിയത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട സുപ്രധാന പരീക്ഷാ രേഖകളില്‍ ചിലതാണ് പിഎസ്സി അധികൃതര്‍ കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്ന ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക, ഓണ്‍സ്ക്രീന്‍ മാര്‍ക്കിംഗിന്റെ രേഖകള്‍ തുടങ്ങിയവയാണ് കൈമാറിയത്.
പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകരുടെ വിശദാംശങ്ങള്‍ പോലുള്ള അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും പിഎസ്സി. അതേസമയം, കഴിഞ്ഞ ദിവസം കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗം പിഎസ്സി ആസ്ഥാനത്തെത്തി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആസൂത്രണ ബോര്‍ഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷ എഴുതിയ നാല് ഉദ്യോഗാര്‍ഥികളുടെ വിശദമായ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയത്.
National
ന്യൂഡൽഹി: പാർലമന്റിന്റെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കം. രാഷ്ട്രീയസംഖ്യങ്ങളിലെ മാറ്റങ്ങൾ, വിവാദ ബില്ലുകൾ, രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധം ഉൾപ്പടെ വിഷയങ്ങൾ സഭയിൽ പ്രതിഫലിച്ചേക്കും.
അടുത്തമാസം 21 വരെ നീളുന്ന സമ്മേളനത്തിൽ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഉൾപ്പടെ സുപ്രധാന നിയമനിർമാണങ്ങൾ ഉണ്ടാകും.
ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്നതും തടസപെടുത്തുന്നതും ക്രമിനൽ കുറ്റമാക്കുന്ന ബില്ലും ഈ സമ്മേളനത്തിൽ ഒട്ടേറെ ചർച്ചകൾക്കു വഴിതെളിക്കും.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ, സർക്കാർ ബോണ്ടുകളിലെ വിദേശനിക്ഷേപകർക്കുള്ള നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളും സഭയുടെ പരിഗണനയ്ക്കു വരും.
ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, രാഷ്ട്രീയകക്ഷികളെ പിളർത്താനുള്ള നീക്കങ്ങൾ, നീറ്റ് പരീക്ഷക്രമക്കേട്, വിലക്കയറ്റം, വിദേശനയങ്ങളിലെ പരാജയം, എഥനോൾ വിഷയം തുടങ്ങിയവ പ്രതിപക്ഷം ശക്തമായി ഉയർത്താനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിപക്ഷ നിരയിലെ അസ്വാരസ്യങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും. തമിഴ്നാട്ടിൽ നിയമസഭാതെരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് സാധ്യത. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരും ഇതേ നിലപാടു സ്വീകരിച്ചേക്കും.
Kerala
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയിലെ മികച്ച ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സംസ്ഥാന തലത്തില്‍ അവാര്‍ഡ് നല്‍കും. ഓരോ മാസവും മൂന്നു പേര്‍ക്ക് വീതമാണ് അവാര്‍ഡ്.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമായ സേവനം ജീവനക്കാരില്‍ നിന്നുണ്ടാകാനും മത്സരാധിഷ്ഠിത സേവനത്തിലൂടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഓരോ യൂണിറ്റില്‍നിന്നും മൂന്നു വീതം കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് യൂണിറ്റ് അധികാരി അധ്യക്ഷനായ ഓരോ സെക്ഷനുകളുടെയും മേധാവികള്‍ അംഗങ്ങളായുമുളള കമ്മിറ്റി രൂപീകരിക്കും.
ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാര്‍ജറ്റിന്റെ എത്ര ശതമാനം ടിക്കറ്റ് വരുമാനം നേടുന്നു, പ്രതിദിന ഹാജരും സമയ കൃത്യതയും, യാത്രക്കാരോടുള്ള സമീപനവും പെരുമാറ്റവും, കൃത്യമായ ഡ്യൂട്ടി നിര്‍വഹിക്കല്‍ എന്നീ നാല് പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് മികച്ച കണ്ടക്ടര്‍മാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
ഡ്രൈവര്‍മാര്‍ക്ക് ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചു നല്‍കിയിട്ടുള്ള ഇന്ധന ക്ഷമതയാണ് പ്രധാനം. ഒരു ലിറ്റര്‍ ഡീസലില്‍ എത്ര കിലോമീറ്റര്‍ നേടി എന്നതാണ് പ്രധാന മാനദണ്ഡം.